കള്ളിചിത്ര; ആദിവാസി നക്സൽ സമരം

എത്രയെത്ര കഥകൾ ‘കള്ളിചിത്ര’യ്ക്ക് പറയാനുണ്ടാകും. കാൽനൂറ്റാണ്ട് മുമ്പ് തൃശ്ശൂർ ജില്ലയിലെ ഏറ്റവും ദുരിതമനുഭവിക്കുന്ന ആദിവാസി കോളനികളിൽ ഒന്നായിരുന്നു കള്ളിചിത്ര ആദിവാസി കോളനി. വികസനത്തിന്റെ പേരിൽ തങ്ങളുടെ ആവാസ മേഖലയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട ജനത. ചിമ്മിനി ഡാം നിർമ്മാണവുമായി ബന്ധപ്പെട്ടായിരുന്നു കുടിയൊഴിപ്പിക്കൽ. പ്രഖ്യാപിത പുനരധിവാസ പദ്ധതി നടപ്പിലാക്കാൻ ഭരണവർഗ്ഗങ്ങൾക്ക് ഒട്ടും താൽപര്യമുള്ള കാര്യമായിരുന്നില്ല. അതുകൊണ്ട് തന്നെ ഇന്നീ കാണുന്ന കള്ളിചിത്ര ആദിവാസി കോളനി നേടിയെടുക്കാനവർക്ക് വിട്ടുവീഴ്ചയില്ലാതെ സമരം ചെയ്യേണ്ടി വന്നിട്ടുണ്ട്.

1975ൽ തുടങ്ങിയ പദ്ധതിയുടെ നടത്തിപ്പ് 1986 ആയിട്ടും പുനരധിവാസ പദ്ധതി പൂർത്തികരിക്കാൻ ഭരണവർഗ്ഗങ്ങൾക്കായില്ല. സഖാവ് കെ ആർ മാധവന്റെ നേതൃത്വത്തിലാണ് ആദ്യമായി സമരം ആരംഭിക്കുന്നത്. ആദിവാസി സഖാക്കളായ കുമാരേട്ടൻ(അകാലത്തിൽ പൊലിഞ്ഞു പോയി അദ്ദേഹം) ഗോപാലൻ, വേലായുധൻ, പുഷ്പൻ, ദേവു ചേച്ചി, പ്രേമ, പുഷ്പ, എല്ലാറ്റിനുമൊപ്പം രാധ ചേച്ചിയും അങ്ങനെ ആ കോളനി മുഴുവൻ സമര നേതൃത്വങ്ങളായിരുന്നു.

പദ്ധതി പ്രദേശത്ത് നിന്നും കുടിയൊഴിപ്പിക്കുന്നവർക്ക് ഒരേക്കർ ഭൂമിയും വീടും നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ കള്ളിചിത്രയിലെ ജനങ്ങൾക്ക് മുപ്പത്തിയഞ്ച് സെന്റ് ഭൂമി മാത്രമാണ് നൽകിയത്. മറ്റു കാര്യങ്ങളൊന്നും തന്നെ നടപ്പിലായില്ല.1975ൽ തുടങ്ങിയ പദ്ധതി 1996ൽ പൂർത്തിയായി ഉദ്ഘാടനം ചെയ്തപ്പോഴും ആദിവാസികൾക്ക് കിടക്കാൻ വൃത്തിയുള്ള ഒരു ഓലപുര പോലുമുണ്ടായില്ല എന്നതായിരുന്നു വാസ്തവം.

സമരങ്ങളെ അടിച്ചമർത്താൻ പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നടത്തിയിട്ടുള്ള അതിക്രമങ്ങളുടെ കഥകൾ കേട്ടുകൊണ്ടാണ് 1994ൽ ഞങ്ങളും കള്ളിചിത്ര കോളനിയിലെത്തുന്നത്. പോലീസ് അതിക്രമത്തിൽ നിന്നും രക്ഷപ്പെടാൻ ഉടുതുണി പോലും നഷ്ടപ്പെട്ട് കുമാരേട്ടനടക്കമുള്ള ആളുകൾ വെള്ളത്തിലൂടെ പാതിരായ്ക്ക് പുഴ നീന്തി കടന്ന കഥകൾ. ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനങ്ങൾ നൽകാൻ ചെല്ലുമ്പോൾ അവരുടെ അവഗണനയും പരിഹാസവും. അതിനെതിരെ നിവേദന സംഘങ്ങൾ അധികാരികളെ ഓഫീസിനുള്ളിൽ ബന്ദികളാക്കികൊണ്ടുള്ള സമര മുറകൾ അങ്ങനെ എത്രയോ സമരകഥകൾ.

സിപിഐ എം എൽ ജനശക്തിയുടെ സമ്മേളനങ്ങൾ, പ്ലീനങ്ങൾ എത്രയോ തവണ കള്ളിചിത്ര കോളനിയിൽ സംഘടിപ്പിക്കപ്പെട്ടു. ഒരു കുടുബം പോലെ സമ്മേളന നഗരി. വിശ്രമ സമയങ്ങളിൽ തെലുങ്കും, തമിഴും, പഞ്ചാബിയും, ഹിന്ദിയും വിപ്ലവ ഗാനങ്ങൾ. സഖാവ് ദുര്യോധനന്റെ നാടൻ പാട്ടുകൾ. കഞ്ഞി വെക്കുന്നതിനും ചപ്പാത്തി ചുട്ടെടുക്കുന്നതിനും സഖാക്കൾ ബാബുരാജും രൂപേഷും ഷൈനയും ഗോപാലകൃഷ്ണനും സ്റ്റീഫനും രാജേഷും. കരിന്തിരി കത്തി തീരുവോളമുള്ള സംഘർഭരിതമായ ആശയ സംവാദങ്ങൾ. അതിനിടയിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും ഗ്രൂപ്പ് തിരിയലും. എല്ലാം തണുപ്പിക്കാൻ രക്തസാക്ഷികളെ അനുസ്മരിച്ചു കൊണ്ടുള്ള ഗാനങ്ങൾ ഒരിക്കലും ആത്മബന്ധം തകരാതെയുള്ള സഖാക്കളുടെ ബന്ധങ്ങൾ.

കള്ളിചിത്രയ്ക്കുള്ള യാത്ര അന്നൊക്കെ ദുരിതപൂർണ്ണമായിരുന്നു. പാലപിള്ളി ബസിൽ കയറി നടാമ്പാടം ഗേറ്റിൽ ഇറങ്ങണം. അവിടന്ന് റബ്ബർ തോട്ടത്തിനുള്ളിലൂടെ കോളനിയിലേയ്ക്ക് നാലു കിലോമീറ്റർ നടക്കണം. വഴി തെറ്റിയാൽ ഒന്ന് ചോദിച്ചറിയാൻ പോലും ഒരാളില്ലാതെ, കോളനിയിലെത്തിയാൽ ഞങ്ങൾ വെളിക്കിരിക്കാൻ കാട് കയറും. കുളിയും തുണി അലക്കലും കോളനിയുടെ താഴെയുള്ള ചെറു അരുവിയിൽ. അവിടെ ഒരു ചെറിയ ചെക്ക് ഡാമുണ്ട്. അതിന്റെ മുകളിലിരുന്ന്.

1994 മുതൽ 2002 വരെ ജനശക്തിയുടെ സുവർണ്ണകാലം. ആശയ സംവാദങ്ങൾ തടഞ്ഞു നിർത്താൻ കഴിയാത്ത വിധം ചിന്നിച്ചിതറി. പല ഗ്രൂപ്പുകൾ പല നേതൃത്വങ്ങൾ ഫലത്തിൽ ജനങ്ങളും അസംഘടിതരായി. ഓരോ പിളർപ്പും ആത്യന്തികമായി ജനങ്ങളാണ് ഭിന്നിക്കുന്നത്. കള്ളിചിത്ര കോളനി ഇന്ന് ഒരുപക്ഷേ കേരളത്തിലെ ഏറ്റവും സൗന്ദര്യമുള്ള ഒരു കോളനിയായിരിക്കും. സുന്ദരമായ വീടുകൾ, വൈദ്യുതി, വെള്ളം, യാത്ര സൗകര്യം എല്ലാം എല്ലാം. കാൽനൂറ്റാണ്ടിന്റെ മാറ്റം. ഒരു കാര്യം ചോദിക്കാതെ വയ്യ, കള്ളിചിത്രയുടെ വർത്തമാനകാല രാഷ്ട്രീയത്തിന്റെ സൗന്ദര്യത്തിന് മങ്ങലേറ്റിട്ടുണ്ടോ?
_ സി എ അജിതൻ

Follow | Facebook | Instagram Telegram | Twitter