ഏംഗൽസ്; ശാസ്ത്രീയ വിപ്ലവചിന്താപദ്ധതിയുടെ എക്കാലത്തെയും വലിയ വിപ്ലവകാരി


പ്രമോദ് പുഴങ്കര

സിദ്ധാന്തവും പ്രയോഗവും വെള്ളവും മത്സ്യവും പോലെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് തൊഴിലാളി വർഗ രാഷ്ട്രീയത്തോട് പറഞ്ഞവരിൽ കാൾ മാർക്‌സും ഫ്രഡറിക് ഏംഗൽസും ഉണ്ടാകുന്നത് ഒരു അസ്വാഭാവികതയല്ല. ഏംഗൽസിന്റെ ഇരുന്നൂറാം ജന്മശതാബ്ദിയിൽ മുതലാളിത്ത വ്യവസ്ഥയുടെ ഏറ്റവും ശാസ്ത്രീയവും നിശിതവുമായ വിശകലനത്തിനും അദ്ധ്വാനിക്കുന്ന അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ വിമോചനത്തിനും നൽകിയ ഐതിഹാസികമായ നേതൃത്വത്തിന് മാർക്സിനൊപ്പം ചേർത്തുവെക്കാവുന്ന പേര് ഏംഗൽസിന്റേതാണ്. വൈരുദ്ധ്യാത്മക ബഹുതികവാട തത്വചിന്തക്കും Poltical -economyയിലും ശാസ്ത്രീയ സോഷ്യലിസത്തിനും മാർക്സിനൊപ്പവും സ്വന്തം നിലയിലും ഏംഗൽസ് നൽകിയ സംഭാവനകൾ അനന്യമാണ്. “മാർക്സിസത്തെ പൂർണമായി മനസിലാക്കാനും അതിനെ ഉയർത്തിപ്പിടിക്കാനും ഏംഗൽസിന്റെ എല്ലാ കൃതികളും മനസിലാക്കാതെ സാധ്യമല്ല” (ലെനിൻ).

പ്രകൃതിയുടെ വൈരുദ്ധ്യാത്മകതയും സാമൂഹ്യ ബന്ധങ്ങളും ഉത്പാദന ബന്ധങ്ങളും രൂപപ്പെടുന്നതിലെ സ്വത്തുടമാ സമ്പ്രദായത്തിന്റെ സ്വാധീനവും അദ്ധ്വാനത്തിന്റെ പങ്കും എല്ലാമടക്കമുള്ള സാമൂഹ്യ ഘടനയുടെ ഓരോ ഘടനയെയും ശാസ്ത്രീയ സോഷ്യലിസത്തിന്റെ വെളിച്ചത്തിൽ വ്യാഖ്യാനിക്കാനും പുതിയ സങ്കൽപ്പമാണ് ഉണ്ടാക്കാനും ഏംഗൽസ് തന്റെ വിശ്രമമില്ലാത്ത വിപ്ലവ ജീവിത ഉപയോഗിച്ചു. മാർക്സിന്റെ ഇളയ മകളായ എലനോർ എഴുതുന്നു, “മാർക്സിന്റേയും ഏംഗൽസിന്റെയും ജീവചരിത്രം എഴുതാൻ… “ഉട്ടോപ്പിയയിൽ നിന്നും ശാസ്ത്രീയതയിലേക്കുള്ള” സോഷ്യലിസത്തിന്റെ വികാസചരിത്രത്തെക്കുറിച്ചു മാത്രമെഴുതിയാൽ പോര; ഏതാണ്ട് അരനൂറ്റാണ്ടിലേറെക്കാലത്തെ തൊഴിലാളിവർഗ മുന്നേറ്റത്തിന്റെ ചരിത്രം മുഴുവനായും എഴുതേണ്ടിവരും.”

മാർക്സുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പുതന്നെ ഏംഗൽസ് കമ്മ്യൂണിസ്റ്റ് ലോകത്തിനായുള്ള ദർശനാന്വേഷണങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. മാർക്സിന്റെ കൂടി മുൻകൈയിൽ പ്രസിദ്ധീകരിച്ചിരുന്ന Deutsh-Franzosische Jahrbucher എന്ന journal-ൽ “Outlines of a Critique of Political Economy”, “The Conditions of England Past and Present by Thomas Carlyl” എന്നീ രണ്ടു ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ആഗസ്റ്റ് 1844-ൽ Barmenലെ വീട്ടിലേക്കുള്ള മടക്കത്തിലാണ് ഏംഗൽസ് മാർക്സിനെ സന്ദർശിക്കുന്നത്. അവർ തമ്മിൽ കണ്ടില്ലായിരുന്നെങ്കിലും ലോകം മാറിമറിയുമായിരുന്നു. പക്ഷെ അതിന്റെ ഗതിയെ നിർണ്ണയിച്ചതിൽ ആ സൗഹൃദത്തിനുള്ള പങ്ക് അവിസ്മരണീയമാണ്.

ഏംഗൽസ് എഴുതിയ The Condition of the Working Class in England മുതലാളിത്ത ചൂഷണത്തിനെ അതിന്റെ എല്ലാ വ്യാജ പരിവേഷത്തിൽ നിന്നും വലിച്ചു പുറത്തിടുന്ന ആദ്യ രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രഖ്യാപനങ്ങളിലൊന്ന് കൂടിയായിരുന്നു. 1847-ലെ കമ്മ്യൂണിസ്റ്റ് ലീഗ് രണ്ടാം കോൺഗ്രസിന്റെ നിർദ്ദേശപ്രകാരം 1848-ൽ മാർക്‌സും ഏംഗൽസും കൂടി എഴുതി തയ്യാറാക്കിയ Manifesto of Communist Party എന്ന ഒരൊററ രാഷ്ട്രീയ പരിപാടി മാത്രം മതിയായിരുന്നു കടന്നുവന്ന കാലത്തെ തീപിടിപ്പിക്കാൻ.

മാർക്സിനൊത്തും മാർക്സിന്റെ മരണത്തിനു ശേഷവും കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളിൽ കടന്നുവന്ന വിവിധ തരത്തിലുള്ള വ്യതിയാനങ്ങളോടും അവസരവാദത്തോടും നിരന്തരം പോരാടിയ ഒരു വിപ്ലവകാരിയായിരുന്നു ഏംഗൽസ്. ഒരു വിപ്ലവ പാർടിയെക്കൂടാതെ തൊഴിലാളിവർഗത്തിന് ബൂർഷ്വാസിയും ഭരണകൂടവുമായുള്ള വിപ്ലവസമരം സാധ്യമാകില്ല എന്ന് അദ്ദേഹം നിരന്തരം ഓർമ്മിപ്പിച്ചു. തത്വചിന്തയും ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവയുമായുള്ള പരസ്പരബന്ധവും വൈരുദ്ധ്യാത്മക ഭൗതികവാദമാണ് രണ്ടിന്റെയും രീതിശാസ്ത്രമെന്നുമുള്ള കാഴ്ചപ്പാടും ഇവ രണ്ടിനെയും കുറിച്ചുള്ള വിശദമായ വീക്ഷണവും ഏംഗൽസിന്റെ തനത് സംഭാവന കൂടിയായിരുന്നു. തന്റെ പൂർത്തിയാകാത്ത Dialetics of Nature എന്ന പുസ്തകത്തിൽ അതദ്ദേഹം വിശദമാക്കാനുള്ള അടിത്തറയിടുന്നുണ്ട്.

മാർക്സിന്റെ മരണശേഷം Capital രണ്ടും മൂന്നും ഭാഗങ്ങൾ ഇറക്കുന്നത് ഏംഗൽസിന്റെ കൂടി എഴുത്തുകൾ ചേർത്താണ്. തനിക്കത് പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശങ്കയിൽ അദ്ദേഹം പറഞ്ഞത്, “ആ കയ്യെഴുത്തും ചുരുക്കിയെഴുതിയ വാക്കുകളും വാചകങ്ങളും മനസിലാക്കാൻ കഴിയുന്ന ജീവിച്ചിരിക്കുന്ന ഏക മനുഷ്യൻ ഞാനാണ്” എന്നത് തന്നെ തിടുക്കമുള്ള ആശങ്കയിലാക്കുന്നു എന്നാണ്.” Capital-ന്റെ ഈ രണ്ടു ഭാഗങ്ങൾ രണ്ടു മനുഷ്യരുടെ സൃഷ്ടിയാണ്; മാർക്സിന്റേയും ഏംഗൽസിന്റെയും” (ലെനിൻ).

ഇക്കാലയളവിൽ The Origin of the Family, Private Property and State എന്ന മാർക്സിസത്തെ പുതിയ തലത്തിലേക്കെത്തിച്ച ഒരു നിർണായക ഗ്രന്ഥം കൂടി ഏംഗൽസ് എഴുതി. 1885 ആഗസ്റ്റ് 5-നു ഫ്രഡറിക് ഏംഗൽസ് അന്തരിക്കുമ്പോൾ ലോകത്തെ കമ്മ്യുണിസ്റ്റ് മുന്നേറ്റങ്ങൾക്ക് ഒരു മനുഷ്യായുസ്സ് കൊണ്ട് നൽകാൻ കഴിയുന്നതൊക്കെയും അദ്ദേഹം നൽകിയിരുന്നു. പ്രായോഗിക പ്രശ്നങ്ങളിൽ നിന്നും ഒരിക്കലും ഒളിച്ചോടാതെ, അവസരവാദത്തോടും വലതുപക്ഷ വ്യതിയാനത്തോടും വിട്ടിവീഴ്ച്ചയില്ലാതെ പോരാടിയ, ആധുനിക നാഗരികതയുടെ ചരിത്രത്തെ നിരന്തരം നിർണ്ണയിച്ചുകൊണ്ടിരിക്കുന്ന ഒരു വിമോചന പോരാട്ടത്തിന്റെ, നിരന്തരം ഉരുത്തിരിയുകയും നവീകരിക്കുകയും ചെയ്യുന്ന ഒരു ശാസ്ത്രീയ വിപ്ലവ ചിന്താപദ്ധതിയുടെ എക്കാലത്തെയും വലിയ വിപ്ലവകാരിയാണ് ഫ്രഡറിക് ഏംഗൽസ്.
പോരാട്ടമാണ് അഭിവാദ്യം.

Photos_ 1. Salfordstar, 2. Mural Montevideo, Uruguay

Like This Page Click Here

Telegram
Twitter