ആ കാണുന്നത് ബ്രസീലിലെ കൂട്ടകുഴിമാടങ്ങള്‍!

ബ്രസീലില്‍ അര ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിക്കുകയും 3670 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ശ്മശാനങ്ങളില്‍ കൂട്ടകുഴിമാടങ്ങള്‍ ഒരുങ്ങുകയാണ്.

മനാസ് നഗരത്തിലെ ഏറ്റവും വലിയ സെമിത്തേരിയില്‍ ദിവസവും 100 മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി കൂട്ടകുഴിമാടങ്ങള്‍ ഒരുക്കുന്നു. സാധാരണ മരണ നിരക്കിന്‍റെ മൂന്നിരട്ടിയിലധികം വരും മരണങ്ങള്‍. നഗരത്തിലെ ഔദ്യോഗിക മരണ നിരക്കിനെക്കാള്‍ കൂടുതല്‍ മരണം സംഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നഗരത്തിലെ പ്രതിദിന മരണ നിരക്ക് 20-30ല്‍ നിന്നും 100 കവിഞ്ഞു.

ശീതീകരിച്ച ട്രക്കുകളിൽ മൃതദേഹങ്ങൾ കൊണ്ടുവരികയും ശ്മശാനങ്ങളിൽ ബുൾഡോസറുകൾ കൂട്ടക്കുഴിമാടങ്ങൾ കുഴിക്കുകയും ചെയ്യുന്നു. മനാസിലെ നൂറുകണക്കിന് കൊറോണ വൈറസ് മരണങ്ങളെ ‘ഒരു ഹൊറർ സിനിമയുടെ രംഗം’ എന്നാണ് മേയർ വിശേഷിപ്പിച്ചത്.

ബ്രസീലിലെ മറ്റേതൊരു മേഖലയേക്കളും ഇവിടെ മരണ നിരക്ക് ഉയര്‍ന്നിരിക്കുന്നു. കൂടുതലും മറഞ്ഞിരിക്കുന്ന മരണങ്ങളായിരിക്കുമെന്ന് മേയർ ഭയപ്പെടുന്നു, കാരണം ആളുകൾ വൈദ്യസഹായം കൂടാതെ വീട്ടിൽ മരിക്കുന്നു.

ഗ്രാമ നഗര ഭേദമില്ലാതെ കൊറോണ വ്യാപകമാകുമ്പോള്‍ ആമസോണ്‍ കാടുകളിലെ ഗോത്ര വിഭാഗങ്ങളിലും കോവിഡ്-19 സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബാഹ്യസമ്പര്‍ക്കമില്ലാത്ത യനോമാമി, കൊകാമ വിഭാഗങ്ങള്‍ക്കിടയിലാണ് കോവിഡ് ബാധിച്ചിരിക്കുന്നത്.

പ്രസിഡന്‍റ് ബോല്‍സൊനാരോയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ഏറ്റവും നിരുത്തരവാദപരമായാണ് കോവിഡിനെ നേരിടുന്നത്. കോവിഡ്-19നെ ഒരു ‘ലിറ്റില്‍ ഫ്ളൂ’ എന്നാണ് ബോല്‍സൊനാരോ പറയുന്നത്. ലോക്ക്ഡൗണ്‍ പോലുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ ബോല്‍സൊനാരോക്ക് വിയോജിപ്പാണുള്ളത്.

പ്രസിഡന്‍റിന്റെ സമീപനത്തിന് തെളിവാണ് പരാജയപ്പെട്ട ആരോഗ്യസംവിധാനം. ഹോസ്പിറ്റലുകളില്‍ കിടക്കകളും സുരക്ഷാ ഉപകരണങ്ങളും വെന്‍റിലേറ്ററുകളും കുറവാണ്. രോഗവ്യാപനം തടയുന്നതിന് കര്‍ശന ഐസൊലേഷന്‍ നടപടികള്‍ കര്‍ശനമാക്കിയ ആരോഗ്യമന്ത്രി ലൂയിസ് ഹെന്റിക് മന്‍ഡെറ്റയെ ബോല്‍സൊനാരോ പുറത്താക്കുകയായിരുന്നു.
Photos_ Various Media

Click Here