കൊറോണയും ഹിന്ദുത്വ മാധ്യമങ്ങളുടെ വംശീയവാദങ്ങളും
ആര്‍.എസ്.എസ് മാഗസിന്‍ ഓർഗനൈസറിന്‍റെ കവർ സ്റ്റോറി “The Markaz of Super Spreaders” കാണുന്ന ആര്‍ക്കും മനസിലാകും, മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ആസൂത്രിതമായി പ്രചരിപ്പിക്കുന്ന കൊറോണ ജിഹാദ്, തബ്‌ലീഗ് കോവിഡ്, പ്രഭവകേന്ദ്രം തുടങ്ങിയ പ്രയോഗങ്ങളുടെ ഉൽഭവം എവിടെ നിന്നായിരുന്നുവെന്ന്. ആര്‍.എസ്.എസ് പ്രചരണമേറ്റെടുത്ത മനോരമ, ദേശാഭിമാനി, 24 ന്യൂസ് തുടങ്ങിയ മുഴുവന്‍ ദൃശ്യ മാധ്യമങ്ങളെയും ഈ അവസരത്തിൽ സ്മരിക്കുന്നു.
മാര്‍ച്ച് 10നും 11നും ആയിരക്കണക്കിന് ഹിന്ദുവിശ്വാസികള്‍ ഹോളി തിമിർത്താടിയ ഡൽഹിയിൽ, തബ്‌ലീഗികൾ പാരച്യൂട്ടിലൊന്നുമല്ല വന്നിറങ്ങിയത്. താരതമ്യേന ഇൻറ്റെലിജൻസിന്റെ എണ്ണം കൂടിയ ഇടങ്ങളാണ് ഡൽഹിയിലെ മുസ്‌ലിം കേന്ദ്രങ്ങൾ. ഡൽഹി – കേന്ദ്ര സർക്കാരുകളുടെ ഭാഗത്തു നിന്നും വന്നിട്ടുള്ള പാളിച്ചകൾ മുസ്‌ലിങ്ങളുടെ തലയിൽ കെട്ടിവെക്കാൻ ആര്‍.എസ്.എസ് ആസൂത്രിതമായി നീക്കമാരഭിച്ചിട്ടുണ്ട്. അതിന് വീണുകിട്ടിയ അനുഗ്രഹമായി തബ്‌ലീഗിനുമേല്‍ കൊറോണയുടെ ബാധ്യത മുഴുവന്‍ ചുമത്തുന്നു.
“തബ്‌ലീഗ് വൈറസ്” എന്നാണ് കൊറോണയെ ഓർഗനൈസർ വിളിക്കുന്നത്. സന്തോഷ് എ എസ് എഴുതിയിരിക്കുന്ന ലേഖനത്തിൽ തബ്‌ലീഗിനെ പ്രതിസ്ഥാനത്ത് നിർത്തുന്നു. മുസ്‌ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളിലാണ് അതിന് കാരണമായ യോഗങ്ങൾ നടന്നത് എന്ന് പറയുന്നു.
തബ്‌ലീഗ് ജമാഅത്ത് മർക്കസ് ഫെബ്രുവരിയിൽ മലേഷ്യയിൽ സംഘടിപ്പിച്ച യോഗത്തിൽ 16,000 പേർ പങ്കെടുത്തിരുന്നുവെന്നും അതിൽ കനേഡിയൻമാർ, നൈജീരിയക്കാർ, ഇന്ത്യക്കാർ, ഓസ്‌ട്രേലിയക്കാർ ഉൾപ്പെടെ 1500 പേർ വിദേശികൾ ആയിരുന്നുവെന്നും ലേഖനം പറയുന്നു. ഇക്കാര്യങ്ങൾ ഉദ്ധരിച്ചു കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങളിൽ കൂടുതലും ഈ യോഗത്തിൽ പങ്കെടുത്തവർ ആയിരുന്നുവെന്നു പച്ചക്കളളം ഓർഗനൈസർ പറഞ്ഞുവെക്കുന്നു.
പാക്കിസ്ഥാനിലെ ലാഹോറിലും തബ്‌ലീഗ് യോഗം സംഘടിപ്പിച്ചുവെന്നും ഗാസ, ജോർദാൻ സ്വദേശികൾ പങ്കെടുത്തിരുന്നുവെന്നും ഇതോടെ കൊറോണ വൈറസിന്റെ ഹബ് ആയി മാറിയെന്നും ലേഖകൻ ആരോപിക്കുന്നു. ഇങ്ങനെ ഇന്തോനേഷ്യ, പാകിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ്, തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ രോഗം പരത്തുന്ന കണ്ണിയായി തബ്‌ലീഗ് മാറിയെന്നും പറയുന്നു. അതിനാൽ സംഘടനയുടെ നേതാവ് ആസിഫ് അഷ്‌റഫ് ജലാലിയെ തൂക്കിക്കൊല്ലണമെന്നും ആര്‍.എസ്.എസ് നാവ് ആഹ്വാനം ചെയ്യുന്നു.
ഇസ്‌ലാമിക പ്രവർത്തനങ്ങൾ എല്ലായ്പ്പോഴും മസ്ജിദുകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നും ഹിന്ദു ഭൂരിപക്ഷ മേഖലയിൽ ഇസ്‌ലാം പ്രചരിപ്പിക്കുകയാണ് തബ്‌ലീഗ് ജമാഅത്ത് അംഗത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നും പറയുന്നു. തബ്‌ലീഗ് ജമാഅത്ത് ഹിന്ദു മേഖലകൾ കൈവശപ്പെടുത്താനുള്ള ഉപകരണം ആണെന്നും മതപരിവർത്തനം നടത്തി മുസ്‌ലിം മേഖലകളാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും ലേഖനം പറയുന്നു. നിസാമുദ്ദീൻ മർകസിലെ ഒത്തുചേരലുകൾ അതിനുളള ചവിട്ടുപടിയാണെന്നും ലേഖകൻ പറയുന്നു. സ്വയം രക്ഷിക്കാന്‍ പൗരന്മാര്‍ മസ്ജിദുകളെ ജാഗ്രതയോടെ കാണണമെന്ന വിദ്വേഷ സന്ദേശം നൽകിക്കൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്.
കൊറോണ വ്യാപനത്തിനിടയിലും ആയിരക്കണക്കിന് പേർ പങ്കെടുത്ത ഹോളിയും രാമാനവമി ആഘോഷങ്ങളും നൂറുക്കണക്കിന് എംപിമാരും മന്ത്രിമാരും പങ്കെടുത്ത സെലിബ്രിറ്റി പാർട്ടികളും
ലോക്ഡൗണിലും പ്രധാനമന്ത്രി പ്രഖ്യാപിച്ച പ്ളേറ്റ് മുട്ട്, ദീപം കത്തിക്കൽ ടാസ്ക്കുകൾ ആഘോഷിക്കാൻ പുറത്തിറങ്ങിയ ആയിരക്കണക്കിന് ആൾക്കൂട്ടവും കൊറോണ പരത്തുന്നുവെന്ന മാധ്യമവേട്ടയിൽ പെട്ടില്ല. അവർ തക്കം നോക്കിയിരിക്കുകയായിരുന്നു കൊറോണ ആർക്കു നേരെ തിരിച്ചുവിടണമെന്ന്. അത് മുസ്‌ലിങ്ങൾക്ക് നേരെയായിരുന്നു. വാസ്തവം എന്തെന്ന് മർക്കസ് നിസാമുദ്ദിന്റെ പ്രസ്താവനകൾ വന്നിട്ടും കൊറോണയുടെ ഉറവിടം മുസ്‌ലിങ്ങൾ അല്ലെന്നു യു.എസ് തന്നെ വ്യക്തമാക്കിയിട്ടും ഓരോ ദിവസവും മാധ്യമങ്ങൾ മുസ്‌ലിം വിരുദ്ധ വാർത്തകൾ പടച്ചുവിടുകയും അതെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണമുണ്ടാവുകയും ചെയ്യുന്നു. ആർ.എസ്.സും ഓർഗനൈസറും മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും കൂടുതൽ എരിവ് പകരുന്നു.
മുസ്‌ലിങ്ങൾക്ക് എതിരെയുള്ള ഈ ഭരണകൂട- മാധ്യമ വേട്ടയും അവർക്കു മാത്രം ബാധകമാവുന്ന നിയമങ്ങളും പുതിയ സംഭവമൊന്നുമല്ല. അതിനെ വേണ്ട രീതിയിൽ കമ്മ്യൂണിറ്റിക്കെതിരെ ഉപയോഗിക്കാൻ ആന്റി മുസ്‌ലിം റേസിസ്റ്റുകളെ പ്രാപ്തരാക്കുക എന്നുള്ളതാണ് അൾട്രാ നാഷണൽ മീഡിയകളുടെ എക്കാലത്തെയും ദൗത്യം. അത് ആര്‍.എസ്.എസ് നേരിട്ട് ഫണ്ട് ചെയ്യുന്ന പത്ര -മാഗസിനുകൾക്കും മാധ്യമപ്രവർത്തകരും ആകുമ്പോൾ പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഹാറൂൻ കാവനൂർ