മഹാമാരിക്കാലവും ഭക്ഷണശീലങ്ങളും

വിശപ്പടയ്ക്കാനായി ഭക്ഷണം കഴിക്കുക എന്നതിലുപരി ശരീരത്തിന്‍റെ ആരോഗ്യാവസ്ഥ നിലനിര്‍ത്തുവാന്‍ ഭക്ഷണം കഴിക്കുക എന്ന ബോധം ഇന്ന് ഏറെക്കുറെ മനുഷ്യന്‍ മനസ്സിലാക്കി കഴിഞ്ഞു. Food Serviceലും Nutritionലും ഉള്ള പഠനങ്ങള്‍ക്ക് ഇന്ന് പ്രാധാന്യം ഏറിവരുന്നതും അതിനാലാണ്…
_ തമീമ തസ്നീം എം ടി, ക്ലിനിക്കല്‍ നൂട്രിഷനിസ്റ്റ്

ആരോഗ്യത്തിന് ലോകാരോഗ്യ സംഘടന നല്‍കിയ നിര്‍വചനം മനുഷ്യാസ്തിത്വത്തിന്‍റെ ശാരീരികവും മാനസികവും സാമൂഹികവുമായ സൗഖ്യം എന്നാണ്. പക്വമതികളായ പല ചിന്തകരും ആരോഗ്യത്തിന്‍റെ ഈ മൂന്ന് മാനങ്ങള്‍ക്ക് പുറമെ ആത്മീയസൗഖ്യം എന്ന നാലാമതൊരു മാനവും കൂടെ പരിഗണിച്ചിട്ടുണ്ട്. ഈ വീക്ഷണപ്രകാരം ആരോഗ്യം ഒരു ചതുര്‍മാന പ്രതിഭാസമാകുന്നു.

ഈ Covid-19 കാലവും മനുഷ്യനെ മരിക്കാൻ പഠിപ്പിക്കുന്ന ഒന്നായി തീരുകയാണ്. പ്രപഞ്ചവാസിയായ മനുഷ്യനെ സംബന്ധിച്ച പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്‌. Covid-19 മനുഷ്യനെ കേവലമായ ജീവശാസ്ത്ര ശരീര അസ്തിത്വമായി തീർത്തുകളയുന്നു എന്നതാണ് ഏറെ അത്ഭുതമുളവാക്കുന്ന കാര്യം. അത്തരം ബാധകളെ തടയാൻ ആവശ്യമായ അറിവും ഉപകരണങ്ങളും മനുഷ്യരാശിക്കുണ്ടെന്ന് നമ്മൾ അനുമാനിക്കുന്നു, എന്നിരുന്നാലും ഒരു പകർച്ചവ്യാധി നിയന്ത്രണാതീതമായാൽ അത് ശാസ്ത്രത്തിന്‍റെ നേട്ടമായും ആത്മീയ ലോകത്തിന്‍റെ പരാജയമായും വ്യാഖ്യാനിക്കപ്പെടാനുള്ള വ്യഗ്രത ആധുനികലോകം തുടങ്ങികഴിഞ്ഞു എന്ന് വേണം കരുതാൻ.

കോവിഡിന്‍റെ വ്യാപനത്തെ തടയാനും രോഗികളെ സുഖപ്പെടുത്താനും രോഗം വരാതിരിക്കുവാനുള്ള വാക്‌സിനുകൾ കണ്ടെത്തുവാനുമെല്ലാം ശ്രമിക്കേണ്ടത് ശാസ്ത്രം തന്നെയാണ്. ശാസ്ത്രത്തിന്‍റെ പണിയതാണ്. രോഗങ്ങൾക്കുള്ള കാരണങ്ങൾ കണ്ടെത്തി അവയ്ക്കുള്ള മരുന്നുണ്ടാക്കാൻ ശ്രമിക്കുക തന്നെയാണ് സൂക്ഷ്മാണു ശാസ്ത്രത്തിന്‍റെ(Microbiology) പ്രധാന ദൗത്യം. അതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്നു വരുന്നുമുണ്ട്.

എന്തായാലും സാമൂഹിക സമ്പർക്കം എന്ന മനുഷ്യ ഇടപെടലിന്‍റെ സജീവ സാന്നിധ്യത്തിന്‍റെ മേൽ വന്ന് പെട്ടിരിക്കുന്ന ഈ പുതിയ Covid-19 നിയന്ത്രണങ്ങള്‍ മനുഷ്യനെ സംബന്ധിച്ച പല ധാരണകളും തച്ചുടക്കുന്നുണ്ട്. അതിൽ മുഖ്യം കഴിക്കുന്ന ഭക്ഷണം തിരഞ്ഞെടുക്കുന്നതിലാണ്. ആന്തരികമായും ബാഹികമായും നമ്മുടെ സൃഷ്ടിപ്പിൽ നിലനിൽക്കുന്ന അനുഗ്രഹങ്ങൾ അനവധിയാണ്. കാഴ്ചയിൽപ്പെടുന്നതും അനുഭവഭേദ്യമായതും അല്ലാത്തതുമായ ജീവൽ ജൈവഘടനകൾ സംവിധാനിച്ചിരിക്കുന്ന സൃഷ്ടിയാണ് മനുഷ്യൻ എന്നിരിക്കെ ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം ഇന്ന് 69 ശതമാനം ആണ്. 2025 ആകുമ്പോള്‍ അത് 75 ശതമാനമായി ഉയരും എന്നാണ് പഠനങ്ങള്‍ പറയുന്നത്. ആരോഗ്യ രംഗത്ത് വളരെ ആശാവഹമായ ഒരു ദീര്‍ഘദര്‍ശനമാണ് അത്. എന്നാല്‍ മനുഷ്യന്‍റെ ആയുസ് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ആരോഗ്യവും. കണക്കനുസരിച്ച് ഏകദേശം 75 വയസ് വരെ ജീവിക്കുന്ന ഒരാള്‍ അത്രയുംകാലം ആരോഗ്യവാനായിട്ടാണോ ജീവിക്കുന്നത് എന്നതാണ്, വിലയിരുത്തേണ്ടത്.

വിശപ്പടയ്ക്കാനായി ഭക്ഷണം കഴിക്കുക എന്നതിലുപരി ശരീരത്തിന്‍റെ ആരോഗ്യാവസ്ഥ നിലനിര്‍ത്തുവാന്‍ ഭക്ഷണം കഴിക്കുക എന്ന ബോധം ഇന്ന് ഏറെക്കുറെ മനുഷ്യന്‍ മനസ്സിലാക്കി കഴിഞ്ഞു. Food Serviceലും Nutritionലും ഉള്ള പഠനങ്ങള്‍ക്ക് ഇന്ന് പ്രാധാന്യം ഏറിവരുന്നതും അതിനാലാണ്. ഈ മേഖലയില്‍ മനുഷ്യനു അടിസ്ഥാനപരമായിട്ടുള്ള അറിവെങ്കിലും അനിവാര്യമാണ്. ഇന്ന് യുവത്വം അവസാനിക്കും മുമ്പ് തന്നെ ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടു തുടങ്ങുന്നു. പ്രത്യേകിച്ച് ജീവിതശൈലി രോഗങ്ങള്‍ മാറി വരുന്ന ജീവിതരീതികളും ഭക്ഷണരീതികളൂം ഈ തലമുറയുടെ അനാരോഗ്യത്തിനു ആക്കം കൂട്ടുന്നു.

നിത്യജീവിതത്തില്‍ ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധ ചെലുത്തിയാല്‍ ആരോഗ്യപരമായ ആഹാര രീതി പിന്തുടരാന്‍ കഴിയും. കഴിക്കുന്ന ഭക്ഷണത്തില്‍ കൊണ്ടുവരുന്ന ചെറിയ മാറ്റങ്ങള്‍ പോലും നമ്മുടെ ശരീരത്തില്‍ പ്രതിഫലിക്കും. ശരീരത്തിനു ആവശ്യമുള്ള പോഷകങ്ങള്‍ആവശ്യമുള്ള അളവില്‍ ആവശ്യമുള്ള രീതിയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. ഒരുനേരം ഭക്ഷണം കഴിക്കുമ്പോല്‍ അതില്‍ RDA അനുസരിച്ച് എനര്‍ജി, പ്രോട്ടിന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റ്,വിറ്റമിന്‍സ്, മിനറല്‍സ്, തുടങ്ങിയവ അടങ്ങിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. അതുപോലെ ഒരു ദിവസം നാം കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്നവയും കണക്കിലെടുക്കണം. ഈ രീതിയില്‍ നാം കഴിക്കുന്ന ഭക്ഷണത്തെ രോഗ കാരണമാക്കുന്നതിനുപരി ശാരീരികാരോഗ്യം വളര്‍ത്താനുള്ളതാക്കാം.

ഓരോ പ്രദേശങ്ങളിലെയും പ്രാദേശിക ഭക്ഷണരീതി ഒരു പരിധി വരെ അവിടുത്തെ മനുഷ്യന്‍റെ ശരീരത്തിന്‍റെ ഘടനക്കനുസൃതമാണ്. കേരളത്തിന്‍റെ നാടന്‍ സംയുക്ത ഭക്ഷണങ്ങള്‍ അതിനുദാഹരണമാണ്. എന്നാല്‍ ഇവയില്‍ വരുത്തുന്ന മാറ്റങ്ങളും വളര്‍ന്നു വരുന്ന ജങ്ക് ഫുഡിന്‍റെ ഭ്രമവും ഭക്ഷണത്തിന്‍റെ പോഷകഘടനയെ സാരമായി ബാധിക്കുന്നു. ഇത്തരത്തിലുള്ള ഭക്ഷണരീതി ശരീരത്തിനു സംയുക്ത പോഷണം നല്‍കുന്നതിനു പകരം അമിതമായ അളവില്‍ പഞ്ചസാരയും കൊഴുപ്പും അടിഞ്ഞുകൂടാന്‍ കാരണമാകുന്നു. മാര്‍ക്കറ്റില്‍ ഇന്ന് ലഭ്യമാകുന്ന റെഡിമെയ്ഡ് ആഹാരങ്ങളില്‍ വിരലിലെണ്ണാവുന്നത് ഒഴിച്ചാല്‍ എല്ലാം തന്നെ വലിയ അളവില്‍ ഉപ്പോ കൊഴുപ്പോ പഞ്ചസാരയോ അടങ്ങിയതാണ്. ഇതുകൂടാതെ സ്വാദിനായും നിറത്തിനും മണത്തിനുമായും പലതരം രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തിരിക്കുന്നു. NO SUGAR ADDED എന്ന വാണിജ്യവാക്യത്തോടേ പുറത്തിറങ്ങുന്ന പഴച്ചാറുകളിലും മറ്റും അളവില്‍ കൂടുതല്‍ പഞ്ചസാര അടങ്ങിയിരിക്കുന്നതായി ഉല്‍പ്പന്നന്നത്തിന്‍റെ ചേരുവകള്‍ ഒന്നു ശ്രദ്ധിച്ചാല്‍ മനസ്സിലാകുന്നതാണ്.

നാവിലെ രസമുകുളങ്ങളെ തൃപ്തിപ്പെടുത്തുന്നവയാണ് ഉദാത്ത ഭക്ഷണമെന്ന തെറ്റായ ധാരണ നമുക്കിടയില്‍ വളര്‍ത്തുന്നതില്‍ പരസ്യങ്ങള്‍ക്ക് നല്ല പങ്കുണ്ട്. ഇത്തരം പരസ്യങ്ങളുടെ അടിമകളായി, കുട്ടികളുടെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കളും തെറ്റുകാരാണ്. മനുഷ്യന്‍റെ ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും പോഷക ഗുണവും ഔഷധവീര്യവുമുള്ള ആഹാരം അത്യന്താപേക്ഷിതമാണ്. ശുദ്ധമായ ഭക്ഷണവും ആരോഗ്യവും നമ്മുടെ മൗലികാവകാശവുമാണ്. അതുകൊണ്ടുതന്നെ ഭക്ഷ്യവസ്തുക്കളില്‍ കീടനാശിനിയും മായവും ചേര്‍ക്കുന്ന ദുഷ്പ്രവണതയ്ക്കും അനാരോഗ്യകരമായ ഭക്ഷണ സംസ്കാരത്തിനുമെതിരെ നമ്മള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. നല്ല ഭക്ഷണം എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത് ശരീരത്തിന് ആവശ്യമായ എല്ലാ ധാതുക്കളും ശരിയായ അളവില്‍ അടങ്ങിയിരിക്കുന്ന മനുഷ്യന്‍റെ സ്വാദിനെ തൃപ്തിപ്പെടുത്തുന്ന ഭക്ഷണമാണ്. അത്തരത്തില്‍ ഭക്ഷണം തിരഞ്ഞെടുത്താല്‍ മാത്രമേ ഭക്ഷണം ആരോഗ്യപ്രദമാകൂ.

ഒരുപാട് പണം മുടക്കി നാം വാങ്ങുന്ന ഭക്ഷണങ്ങള്‍ പലതും ശരീരത്തിനു ഹാനികരമായാണു ഭവിക്കാറ്. അതിനാല്‍ നല്ലത് തിരഞ്ഞെടുത്ത് കഴിക്കേണ്ടത് പ്രാധാന്യമാണ്. ദിവസേനയുള്ള ആഹാരത്തില്‍ പച്ചക്കറികളും, പഴവര്‍ഗങ്ങളും ധാരാളമായി ഉള്‍പ്പെടുത്തുക. പാലും തൈരും തുടങ്ങിയ നല്ല പ്രോട്ടീന്‍ സ്രോതസ്സുകളും ശരിയായ രീതിയില്‍ ഭക്ഷണത്തില്‍ ചേര്‍ക്കുക. ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും ശരിയായ അനുപാതത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ തന്നെ ശരാശരി മനുഷ്യനു കുറഞ്ഞത് വേണ്ട അളവില്‍ പ്രോട്ടീന്‍ ലഭ്യമാകും. പഞ്ചസാര ചേര്‍ക്കാതെ പഴച്ചാറുകള്‍ കഴിക്കുവാന്‍ ശ്രമിക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ അമിതമാക്കാതിരിക്കുക. പൊരിക്കാന്‍ ഉപയോഗിക്കുന്ന എണ്ണ വീണ്ടും വീണ്ടും ഉപയോഗിച്ചാല്‍ അതില്‍ രൂപപ്പെടുന്ന ട്രാന്‍സ്ഫാറ്റ് ക്യാന്‍സറിനു കാരണമായേക്കാം. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന റെഡി പാക്ക്ഡ് ഭക്ഷണങ്ങള്‍ക്ക് പിറകെ പോകാതെ വീട്ടില്‍ തന്നെ നമ്മുടെ ശരീരത്തിന്നു ആവശ്യമായ ഭക്ഷണം നമ്മുടെ തനതായ രീതിയില്‍ പാകം ചെയ്ത് കഴിക്കാന്‍ കഴിവതും ശ്രമിക്കുക. ശരീരത്തിന്‍റെ സ്വാഭാവിക ആരോഗ്യവസ്ഥ മേൽകാര്യങ്ങളുടെ മേലുള്ള ശ്രദ്ധയിൽ കൂടി കൈവരിക്കാനാകും. ശരീരത്തിൽ അനിവാര്യമായ ആരോഗ്യവസ്ഥ സാധാരണ അളവില്‍ നിലനിര്‍ത്താന്‍ ഭക്ഷണത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍കൊണ്ട് വരിക. ഇത്തരത്തില്‍ നല്ല ജീവിതശൈലി നിലനിര്‍ത്തി യുവത്വത്തില്‍ തന്നെ രോഗങ്ങള്‍ക്കടിമപ്പെടാതെ മരുന്നിനടിമപ്പെടാതെ ആരോഗ്യപ്രഥമായ ജീവിതം നയിക്കാം. ആരോഗ്യകരമായ ഭക്ഷണം കഴിച്ച് നമ്മുടെ സമൂഹം വളരട്ടെ, രോഗാതുരമല്ലാത്ത ഒരു ജീവിതത്തിലേക്ക്.

ഇന്ത്യയിലെ ജനസംഖ്യയിൽ തൊണ്ണൂറു ശതമാനം ആൾക്കാരും സമീകൃതാഹാരമല്ല കഴിക്കുന്നതെന്നാണ് കണക്കുക്കൾ സൂചിപ്പിക്കുന്നത്. മിക്കവരും ഇന്ന് ആവശ്യത്തിലുമധികം ആഹാരം കഴിക്കുന്നുണ്ട്. പക്ഷേ അത് സമീകൃതാഹാരമല്ല (Malnutrition) ശരീരത്തിനാവശ്യമുള്ള പല പോഷകങ്ങളും അവയിലില്ല. മാത്രവുമല്ല പലരും കഴിക്കുന്നത് കൂടുതൽ കൊഴുപ്പും മധുരവും ഉളളവയുമാണ്. ഇതും വിവിധ രോഗങ്ങൾക്ക് കാരണമാവുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ കൂടുതലും ആശ്രയിക്കുന്നത് അരി, കപ്പ തുടങ്ങിയ അന്നജം കൂടുതലുള്ളവയെ ആണ്. പോഷകങ്ങൾ ഉള്ള മറ്റ് ഭക്ഷ്യവസ്തുക്കൾ കൂടി ദിവസേനയുള്ള ഭക്ഷണത്തിൽ ഉള്‍പ്പെടുത്തിയില്ലെങ്കിൽ അവർക്കും സമീകൃതാഹാരം അന്യമാകുന്നു.

ഒരാളുടെ ആഹാരത്തിലെ തിരഞ്ഞെടുപ്പിൽ ആത്‌മീയ വിശ്വാസത്തിന്‍റെ ദൈവിക സാന്നിധ്യം കൂടി ഉൾച്ചേരുന്നുണ്ട്. അതാണ് മരുന്നില്ലാതെ വിപത്തായി നിൽക്കുന്ന covid-19 പോലും നേരിടാൻ മനുഷ്യനെ സജ്ജമാക്കുന്ന ശക്തിസൗന്ദര്യം. എന്തായാലും മനുഷ്യശരീരം സങ്കിർണ്ണമായ കാര്യമാണ്. ജീവിതം എങ്ങനെ പൂർണ്ണമായി ജീവിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിൽ നമ്മുക്ക് പല തിരിച്ചറിവുകളും നൽകുന്നുണ്ട്. Covid-19 മനുഷ്യന്‍റെ ജീവശാസ്ത്ര പ്രക്രിയയുടെ ഒരു പരിണാമ ബീജത്തെ ഏറ്റെടുക്കുന്നുണ്ട്. ഒലീഡ് പറഞ്ഞപോലെ “സ്ഥിരമായി ഒന്നും പ്രപഞ്ചത്തിലില്ല, എല്ലാറ്റിനുമുണ്ട് വേലിയേറ്റവും വേലിയിറക്കവും. പിറവിയെടുക്കുന്ന എല്ലാ രൂപങ്ങളും അവയുടെ ഗർഭപത്രങ്ങളിൽ പരിണാമത്തിന്‍റെ ബീജങ്ങൾ ഉൾകൊള്ളുന്നു.”

Click Here