ഭീമാ കോറേഗാവിന് സമാനമായി കേരളത്തില്‍ ആക്ടിവിസ്റ്റുകളെ അടിച്ചമര്‍ത്താന്‍ ശ്രമം; ജനകീയമനുഷ്യാവകാശ പ്രസ്ഥാനം

മെയ് ദിനത്തില്‍ കേരളത്തില്‍ നടന്ന അറസ്റ്റുകളും റെയ്ഡുകളും ഭീമാ കോറേഗാവ് കേസിന് സമാനമായി രാഷ്ട്രീയ വിമർശകരെയും മനുഷ്യാവകാശ പ്രവർത്തകരെയും അടിച്ചമർത്താനുള്ള ഒരു തുറന്ന ഭരണകൂട ഗൂഡലോചനയാണെന്ന് ജനകീയമനുഷ്യാവകാശ പ്രസ്ഥാനം.

രാഷ്ട്രീയ ലാഭത്തിനായി കെട്ടി ചമച്ച പന്തീരങ്കാവ് കേസിൽ മുഖം നഷ്ടമായ ഭരണകൂടം ഭീമാ കോരേഗാവ് കേസിലേതിന് സമാനമായി കേരളത്തിൽ രാഷ്ട്രീയ വിമർശകരെയും മനുഷ്യാവകാശ പ്രവർത്തകരെയും അടിച്ചമർത്താനുള്ള ഒരു തുറന്ന ഭരണകൂട ഗൂഡലോചനയായി പന്തീരാങ്കാവ് കേസ് മാറ്റി തീർക്കാനുള്ള ശ്രമങ്ങളിലാണ്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ അറസ്റ്റുകളും റെയ്ഡുകളും എന്ന് ജനകീയമനുഷ്യാവകാശ പ്രസ്ഥാനത്തിന്‍റെ പ്രസ്താവനയില്‍ പറയുന്നു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ മറയാക്കി രാഷ്ട്രീയ വിമതരേയും വിമർശകരേയും അടിച്ചമർത്താനുള്ള സർക്കാർ നീക്കം തീർത്തും അപലപനീയമാണ്. ഒരേസമയം കോഴിക്കോടും മലപ്പുറത്തുമായി നാലിടങ്ങളിൽ എൻ.ഐ.എ യും കേരളാപോലീസും റെയ്ഡ് നടത്തിയതായും വിജിത്ത് വിജയൻ, എൽദോസ് വിൽ‌സൺ എന്നീ രണ്ടു പാരലൽ കോളേജ് അധ്യാപകരെ അറസ്റ്റ് ചെയ്തതായും, മാധ്യമപ്രവർത്തകൻ അഭിലാഷ് പടച്ചേരിയെ കസ്റ്റഡിയിൽ എടുത്തതായും വാർത്തകൾ വന്നിരിക്കുന്നു. വൈത്തിരി വ്യാജ ഏറ്റുമുട്ടലിൽ പോലീസ് കൊലപ്പെടുത്തിയ സി പി ജലീലിന്റെ ഉമ്മയും സഹോദരനും താമസിക്കുന്ന വാടക വീട്ടിലും അവരുടെ പാണ്ടിക്കാട് വളരാട്‌ ഉള്ള തറവാട് വീട്ടിലും പരിശോധന നടത്തിയ പോലീസ് സംഘം വീട്ടിൽ ഉള്ളവരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പും മറ്റു ഇലക്ട്രോണിക് ഗാഡ്ജെറ്റ്സുകളും എടുത്തുകൊണ്ടു പോവുകയും ചെയ്തു. 2016ലെ ഏതോ ക്രൈമിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് പോലീസ് ജലീലിന്റെ സഹോദരൻ സി പി ഇസ്മായിലിനെ അറിയിച്ചതെങ്കിലും മാധ്യമങ്ങളിൽ വന്ന പോലീസിന്റെ വിശദീകരണം മറ്റൊന്നാണ്. അതുപ്രകാരം ജില്ലക്ക് പുറത്തുള്ള ആളുകൾ വീടുകളിൽ തങ്ങുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയതെന്നാണ് പറയുന്നത്. ഇത് പോലീസ് നടപടികളെ കൂടുതൽ ദുരൂഹമാക്കുന്നുണ്ട്.

കോവിഡ്-19 പ്രതിരോധങ്ങളുടെ ഭാഗമായി ലോക രാഷ്ട്രങ്ങൾ ആകെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുകയും ക്രിമിനൽ നീതിന്യായ സംവിധാനത്തിന്റെ പ്രവർത്തന വേഗം കുറക്കുകയും ചെയ്യുക എന്ന നയം സ്വീകരിച്ചിരിക്കുകയാണ്. എന്നാൽ ഈ സമയത്തും തീർത്തും ജനാധിപത്യ വിരുദ്ധമായി രാഷ്ട്രീയ എതിരാളികൾക്കും വിമർശകർക്കും നേരെ ചാടിവീഴാനാണ് ഇന്ത്യൻ ഭരണകൂടം ശ്രമിക്കുന്നത്. 60 വയസ്സിനുമേൽ പ്രായമുള്ള ലോകാരാധ്യനായ മനുഷ്യാവകാശ പ്രവർത്തകനും ബുദ്ധിജീവിയുമായ ആനന്ദ് തെൽതുംബ്‌ദെയെയും എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയുടെ കൺസൽട്ടൻറ്റ് എഡിറ്ററായിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയെയും അറസ്റ്റ് ചെയ്തത് ഈ ലോക്ക് ഡൗൺ കാലത്താണ്. അവരെ അറസ്റ്റ് ചെയ്ത ഭീമാ കോരേഗാവ് കലാപവുമായി ബന്ധപ്പെട്ട കേസ് വ്യാജമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കെട്ടിച്ചമച്ചതാണെന്ന വസ്തുത ഇതിനകം വിവിധ മാധ്യമങ്ങൾ പുറത്തുകൊണ്ടു വന്നിട്ടുണ്ട്. എന്നിട്ടും കേസന്വേഷണം എന്ന പ്രഹസനവുമായി മുന്നോട്ടു പോവുകയാണ് ഭരണകൂടം. ആനന്ദിനും ഗൗതമിനും മുൻപ് ഇതേ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരും അധ്യാപകരും സാംസ്കാരിക പ്രവർത്തകരും ഇപ്പോഴും ജയിലിൽ തുടരുന്നു. പൗരത്വ ബില്ലിനെതിരെ നടന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാർത്ഥി നേതാക്കളായ മീരാൻ ഹൈദറിനെയും സഫൂറാ സർഗാറിനെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതും ഈ ലോക്ക്ഡൗൺ കാലത്താണ്.

കേന്ദ്ര സർക്കാരിന്റെ നവഉദാരവാദ നയങ്ങളോട് സന്ധിയില്ലാത്ത സമരം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന കേരളസർക്കാർ രാഷ്ട്രീയ വിമർശകരെ അടിച്ചമർത്തുന്നതിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിന്റെ അതെ നയങ്ങൾ തന്നെ പിന്തുടരുന്ന കാഴ്ചയാണ് കേരളം കണ്ടു വരുന്നത്. പാലക്കാട് നടന്ന വ്യാജ ഏറ്റുമുട്ടലിൽ 4 മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് വ്യാപകമായ പ്രതിഷേധം നമ്മുടെ സമൂഹത്തിൽ ഉയർന്നു വന്നിരുന്നു. പാലക്കാട് വ്യാജ ഏറ്റുമുട്ടൽ കൊലക്കു മുൻപ് നിലമ്പൂരും വൈത്തിരിയിലും നടന്ന ഏറ്റുമുട്ടലുകളിൽ മൂന്നു മാവോയിസ്റ്റുകളെയാണ് കേരള പോലീസ് വധിച്ചത്. ഈ സംഭവങ്ങളിൽ ഒന്നും തന്നെ ഏറ്റുമുട്ടൽ കൊലകൾ നടന്നാൽ സ്വീകരിക്കേണ്ട സുപ്രീം കോടതി നിർദ്ദേശങ്ങൾ പാലിക്കാൻ കേരളം സർക്കാർ തയ്യാറായില്ല. രാഷ്ട്രീയ വിമതർക്കും വിമർശകർക്കും എതിരെ ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ അടിച്ചമർത്തൽ നടപടികൾ സ്വീകരിക്കുക എന്നത് തങ്ങളുടെ കൂടി നയമാണെന്നു വിളിച്ചു പറയുക കൂടിയായിരുന്നു കേരള സർക്കാർ ഇതിലൂടെ. സി പി ജലീലിന്റെ കൊലപാതകത്തിൽ സുപ്രീം കോടതി നിർദ്ദേശങ്ങൾ അനുസരിച്ചുള്ള അന്വേഷണത്തിനായി അദ്ദേഹത്തിൻറെ സഹോദരൻ സി പി റഷീദ് വയനാട് സെഷൻസ് കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്ന് കോടതി ആ ഹർജിയിൽ പറയുന്ന കാര്യങ്ങൾ കൂടി അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവിയോട് നിർദ്ദേശിക്കുകയുണ്ടായി. എന്നാൽ ആ അന്വേഷണത്തിനോ വയനാട് ജില്ലാ കളക്ടർ നടത്തിയ മജിസ്റ്റീരിയൽ അന്വേഷണത്തിനോ എന്ത് സംഭവിച്ചു എന്ന് യാതൊരു വിവരവുമില്ലാതെയിരിക്കുമ്പോഴാണ് ജലീലിന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നതും അദ്ദേഹത്തിന്റെ സഹോദരിയുടെ പോലും മൊബൈൽ ഫോൺ പിടിച്ചെടുക്കുന്നതും.

രാഷ്ട്രീയാഭിരുചിയുടെയോ സ്വതന്ത്ര ചിന്തയുടെയോ പേരിലോ, വ്യത്യസ്തമായ രാഷ്ട്രീയാന്വേഷണങ്ങൾ നടത്തുന്നവർക്കെതിരെയോ യു.എ.പി.എ ചുമത്തുന്നത് തങ്ങളുടെ നയമല്ലെന്ന നിലപാട് പരസ്യമായി പ്രഖ്യാപിക്കുമ്പോഴും തങ്ങളുടെ തന്നെ പാർട്ടികാരായ ത്വാഹാ ഫസൽ -അലൻ ഷുഹൈബ് എന്നീ രണ്ടു ചെറുപ്പക്കാരെ ബലിയാടുകളാക്കി കൊണ്ടാണ് വ്യാജ ഏറ്റുമുട്ടൽ കൊലയെ തുടർന്ന് ഉയർന്ന പ്രതിഷേധത്തിന്റെ മുനയൊടിക്കാൻ സി.പി.എം ശ്രമിച്ചത്. ത്വാഹയും അലനും ഇപ്പോഴും ജയിലിൽ തുടരുകയാണ്. അവർക്കെതിരായ കുറ്റപത്രം കഴിഞ്ഞ ദിവസങ്ങളിലാണ് എൻ.ഐ.എ കോടതിയിൽ സമർപ്പിച്ചത്. ആ കേസിൽ ഉൾപ്പെട്ടവരായി ആരോപിക്കപ്പെടുന്ന മറ്റു പ്രതികൾക്കെതിരെ എൻ.ഐ.എ അന്വേഷണം തുടരുകയാണ്. ഈ അന്വേഷണത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തതാണ് ഇന്നത്തെ റെയ്ഡുകൾ എന്നാണ് മനസ്സിലാക്കാനാവുന്നത്. ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടവരായ വിജിത്ത് വിജയനും എൽദോസ് വിത്സണും കോഴിക്കോട് യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണ്. വീടിനടുത്ത് ബി.ടെക് ട്യൂഷൻ സെൻറ്റർ നടത്തി വരികയും ചെയ്യുന്നതായാണ് അറിയുന്നത്. കസ്റ്റഡിയിൽ എടുക്കപ്പെട്ട അഭിലാഷ് അറിയപ്പെടുന്ന ഒരു ഓൺലൈൻ മാധ്യമ പ്രവർത്തകനും ആക്ടീവിസ്റ്റും ആണ്. ഇവരെല്ലാം തന്നെ ഈ സമൂഹത്തിൽ പരസ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു തുറന്ന സാമൂഹ്യ ജീവിതം നയിച്ചു വരുന്നവരാണ്. എന്നിട്ടും ഈ ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ സമയത്ത് അതും റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട രണ്ടു ജില്ലകളിൽ ഇപ്രകാരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് റെയ്‌ഡും അറസ്റ്റും നടത്തിയത് ഭരണകൂടത്തിന്റെ സ്ഥാപിത താല്പര്യങ്ങളെയാണ് തുറന്നു കാണിക്കുന്നത്.

ത്വാഹാ-അലൻമാരുടെ അന്യായമായ അറസ്റ്റിനെതിരെ, അവരെ നിരുപാധികം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആദരണീയരായ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകർ രംഗത്തു വന്നിരുന്നു. എന്നാൽ അവരുടെ അഭ്യർത്ഥന മാനിക്കാൻ ഭരണകൂടം തയ്യാറായിട്ടില്ല. രാഷ്ട്രീയ ലാഭത്തിനായി കെട്ടി ചമച്ച പന്തീരങ്കാവ് കേസിൽ മുഖം നഷ്ടമായ ഭരണകൂടം ഭീമാ കോരേഗാവ് കേസിലേതിന് സമാനമായി കേരളത്തിൽ രാഷ്ട്രീയ വിമർശകരെയും മനുഷ്യാവകാശ പ്രവർത്തകരെയും അടിച്ചമർത്താനുള്ള ഒരു തുറന്ന ഭരണകൂട ഗൂഡലോചനയായി പന്തീരാങ്കാവ് കേസ് മാറ്റി തീർക്കാനുള്ള ശ്രമങ്ങളിലാണ്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ അറസ്റ്റുകളും റെയ്ഡുകളും. സർക്കാരിന്റെ ഈ അടിച്ചമർത്തൽ നടപടികൾ ജനമധ്യത്തിൽ ചർച്ചയാകാതിരിക്കാനും പ്രതിഷേധങ്ങൾ ഉയർന്നു വരാതിരിക്കാനുമാണ് ഈ ലോക്ക്ഡൗൺ കാലത്തു തന്നെ അന്യായമായ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നത്. ഇത് തീർത്തും അപലപനീയമാണ്. കോടതികൾ പോലും സാധാരണഗതിയിൽ പ്രവർത്തനമാരംഭിച്ചിട്ടില്ലാത്ത ഒരു സമയത്ത് ഇത്തരം നടപടികൾ ഫലപ്രദമായി ചോദ്യം ചെയ്യാൻ കഴിയില്ല എന്നതും പോലീസ് നടപടികളുടെ അപലപനീയമായ സ്ഥാപിത താല്പര്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കേരള സമൂഹം നാളിതുവരെ അവകാശപ്പെട്ടിരുന്ന ഉന്നത ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമായ നടപടികളാണ് യു.എ.പി.എ, എൻ.ഐ.എ പോലുള്ള പ്രത്യേകാധികാര നിയമങ്ങളുടെ പ്രയോഗത്തിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരം നടപടികളെ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് പ്രതിരോധിച്ചില്ലെങ്കിൽ ഭരണകൂട ഭീകരതയുടെയും ഫാസിസത്തിന്റെയും ആധിപത്യത്തിലേക്കു കേരളം നീങ്ങുമെന്നത് തിരിച്ചറിയപ്പെടേണ്ടതുണ്ട്. രാഷ്ട്രീയ വിമർശകരായ സാമൂഹ്യ പ്രവർത്തകരെ യു.എ.പി.എ, എൻ.ഐ.എ പോലുള്ള പ്രത്യേകാധികാര നിയമങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താനുള്ള ഭരണകൂട നീക്കത്തിനെതിരെ എല്ലാ പുരോഗമന ജനാധിപത്യ ശക്തികളും നിയമവാഴ്ചയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് പ്രതിഷേധം ഉയർത്തണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെടുന്നു.

Click Here