അതീവ സുരക്ഷാ ജയിലിലെ തടവുകാരന്റെ മരണവും ദുരൂഹതകളും
അതീവ സുരക്ഷാ ജയിലിലെ തടവുകാരന്റെ അസ്വാഭാവിക മരണത്തിൽ ദുരൂഹതകളേറെയുണ്ടെന്നും, മരണത്തിൽ ജയിലധികൃതരുടെ പങ്കിനെ കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പത്രപ്രസ്താവന:
അതീവ സുരക്ഷാ ജയിലിൽ പാർപ്പിച്ചിരുന്ന ശിക്ഷാ പ്രതി അഭിജിത്ത് തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ വച്ച് അസ്വാഭാവിക സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ അതീവ സുരക്ഷാ ജയിലിലെ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെട്ടു. ഈ സംഭവത്തിൽ ഔദ്യോഗിക വിശദീകരണവും വസ്തുതകളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ട്.
ജനുവരി 27 മുതൽ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ ഫെബ്രുവരി 5 നു അഭിജിത്തിന് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് മാനസികാരോഗ്യ കേന്ദ്രത്തിലെ കോവിഡ് ബ്ലോക്കിൽ റെഡ് സോണിലാണ് അഭിജിത്ത് കഴിഞ്ഞിരുന്നത്. മറ്റു രണ്ടു പ്രതികൾ കൂടി ഇവിടെ ഉണ്ടായിരുന്നതായി പറയുന്നു. 12 .2 .2022നു രാവിലെ 11.20 മണിക്ക് അഭിജിത്തിനെ പാർപ്പിച്ചിരുന്ന സെല്ലിന്റെ എക്സ്ഹോസ്റ്റ് ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു എന്നും 11.50 നു മരണം സ്ഥിരീകരിച്ചെന്നുമാണ് ഔദ്യോഗിക ഭാഷ്യം.
മരണപ്പെട്ട അഭിജിത്ത് കൊല്ലം സ്വദേശിയാണ്. കൊല്ലം സെഷൻസ് കോടതി SC 1487/ 2019 കേസിൽ അഭിജിത്തിനെ മൂന്നു വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരുന്ന അഭിജിത്തിനെ അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് തൃശൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയത് എന്നാണു പറയപ്പെടുന്നത്. പൂജപ്പുര ജയിലിൽ അഭിജിത്തിന്റെ സെല്ലിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അച്ചടക്ക നടപടിയെടുത്തത്. അത് പ്രകാരം 2022 ജനുവരി 19 നാണു അഭിജിത്ത് അതീവ സുരക്ഷാ ജയിലിൽ എത്തിയത്. ജനുവരി 27 നു ഉറക്കമില്ലായ്മയും ശാരീരിക ബുദ്ധിമുട്ടും പറഞ്ഞതിനെ തുടർന്ന് തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് അയച്ചെന്നും അവിടെ നിന്നും അവർ റഫർ ചെയ്തത് പ്രകാരമാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതെന്നുമാണ് അതീവ സുരക്ഷാ ജയിലിൽ അന്വേഷിച്ചതിൽ നിന്നും അറിയിച്ചത്.
എന്നാൽ മുൻപ് മാനസിക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്ന ആളല്ല അഭിജിത്തെന്നാണ് അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്. പൂജപ്പുര ജയിൽ കഴിഞ്ഞിരിന്നപ്പോൾ മാനസികാശുപത്രിയിൽ ചികിത്സ തേടിയിരുന്നില്ല എന്നാണു പൂജപ്പുര ജയിലിൽ അന്വേഷിച്ചതിൽ നിന്നും അറിയുന്നത്. ഉറക്കമില്ലായ്മയും ശാരീരിക ബുദ്ധിമുട്ടും അനുഭവിക്കുന്ന ആളെ, അതും, മുൻപ് മാനസിക അസുഖങ്ങൾ ഒന്നും ഇല്ലാത്ത ഒരാളെ, മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് റഫർ ചെയ്തതിൽ ദുരൂഹതകൾ ഉണ്ട്.
അതീവ സുരക്ഷാ ജയിലിൽ തടവുകാരെ അതിക്രൂരമായി മർദ്ധിക്കുകയും അവർക്ക് മനുഷ്യാവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇത്തരം സംഭവങ്ങൾ പുറത്തറിയാതിരിക്കാൻ ജയിൽ അധികൃതരും പോലീസും ആശുപത്രി അധികൃതരും ഒത്തു ചേർന്ന് പ്രവർത്തിക്കുന്നതായി കേരളത്തിൽ മുൻപ് നടന്ന കസ്റ്റഡി കൊലപാതക-അതിക്രമ സംഭവങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളതാണ്. അതീവ സുരക്ഷാ ജയിലിൽ തടവുകാർക്ക് നേരെ നടക്കുന്ന മനുഷ്യത്വ വിരുദ്ധമായ നടപടികളെ കുറിച്ച് നിരവധി പരാതികൾ ഉണ്ടായിട്ടും തക്കതായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.
അഭിജിത്തിൻ്റെ അസ്വാഭാവിക മരണത്തിനു അതീവ സുരക്ഷാ ജയിൽ അധികൃതരുടെ മനുഷ്യത്വ വിരുദ്ധമായ പെരുമാറ്റവും അതിക്രമങ്ങളും കാരണമായിരിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. ഏതു സാഹചര്യത്തിലാണ് അഭിജിത്തിനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. മുൻപൊരിക്കലും മാനസിക പ്രശ്നങ്ങൾ ഇല്ലാത്ത അഭിജിത്തിനെ എന്ത് സാഹചര്യത്തിലാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് റഫർ ചെയ്തത്. അതീവ സുരക്ഷാ ജയിലിൽ അഭിജിത്തിന് ഏതു സാഹചര്യത്തിലാണ് കഴിയേണ്ടി വന്നത് തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം ആവശ്യമാണ്. ഈ കാര്യത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു കൊണ്ട് പഴുതടച്ച അന്വേഷണത്തിന് കേരളം സർക്കാർ തയ്യാറാകണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെടുന്നു.
പ്രസിഡൻറ് ഹരി 9496916906
സെക്രട്ടറി സി പി റഷീദ് 8547263302
ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം