ഏയ് ചൊക്ര തൂ കായ്കു ഇതർ ആയാ, ചൽ ബാഹർ
#DharaviMemories
‘സാക്കിനാക്ക’ ചതുപ്പ് പ്രദേശമായിരുന്നു. മണ്ണിട്ട് നികത്തിയെടുത്ത ‘ചാൽ’ മുറികളുടെ ലോകം. മുണ്ടുടുത്ത് നടക്കുന്ന മലയാളി ഗ്രാമംപോലെ. ഞങ്ങളുടെ നാട്ടുകാരൻ കൂടിയായ ലോഹിയേട്ടന്‍റെ കമ്പനിയിലാണ് ജോലിക്ക് കയറിയത്. കുർളയിൽ നിന്ന് അന്തേരി ബസ്സിലാണ് യാത്ര. വളരെയേറെ തിരക്കുള്ള റൂട്ടാണ്. ആ ബസ്സ് യാത്രയിൽ രസകരമായകാര്യം വിമാനത്താവളത്തിന്‍റെ അരികുവശത്തുകൂടെയാണ് റോഡ്. ബസ്സിലിരുന്ന് വിമാനത്തിൽ തൊടാൻ കഴിയുന്നതുപോല തോന്നും. കുറച്ചുനാൾ കഴിഞ്ഞപ്പോൾ കമ്പനി വക മുറിയിൽ ആളൊഴിഞ്ഞു. ഞങ്ങൾ താമസവും സാക്കിനാക്കയിലേയ്ക്ക് മാറ്റി. ആ മറാത്തി കുടുംബത്തിൽ നിന്നും അവരുടെ സ്നേഹം മാത്രം പകുത്തെടുത്ത് ഞങ്ങളുടെ കിച്ചൻ സാമാഗ്രികളും പലവ്യഞ്ജനങ്ങളും അവർക്ക് നൽകി ഞങ്ങൾ വേദനയോടെ പടിയിറങ്ങി.
സാക്കിനാക്ക ചതുപ്പ് നിലങ്ങൾ മണ്ണിട്ട് നികത്തി, തോട്ടം തൊഴിലാളികളുടെ പാടിമുറികൾ പോലെ അതുമല്ലെങ്കിൽ വിയ്യൂർ സെൻട്രൽ ജയിലിലെ ബി ബ്ലോക്ക് പോലെ വരിവരിയായി കെട്ടിയുയർത്തിയ ചാൽ മുറികളായിരുന്നു. ഞങ്ങളുടെ വാസം മക്കായ് ചാലിൽ 13 നമ്പർ മുറിയിലായിരുന്നു. തൊട്ടടുത്ത് ജോസ് നഗർ. കമ്പനി ഹൗസിംഗ് സൊസൈറ്റിയും. മണ്ണിട്ട് നികത്തി കെട്ടിയുയർത്തിയ ചാൽമുറികൾ ഭൂരിഭാഗവും ചോട്ടാ ദാദാക്കളുടെ കൈവശമാണ്. കമ്പനി വകമുറിയിൽ ഏകദേശം പത്തു പേരുണ്ടായിരുന്നു. ഞങ്ങൾക്ക് ഭക്ഷണം പാചകം ചെയ്തുതരാൻ ഒരാളുമുണ്ട്. ഞങ്ങളെല്ലാവരും അദ്ദേഹത്തെ അളിയൻ എന്നാണ് വിളിക്കാറ്.
സാക്കിനാക്കയിലെ ഏറ്റവും വലിയ വൈരക്കൽ കമ്പനി ലോഹിയേട്ടന്‍റെ ആയിരുന്നു. അറുപതിലധികം തൊഴിലാളികൾ പണിയെടുത്തിരുന്ന സ്ഥാപനം. എല്ലാവരും മലയാളികൾ. കമ്പനിയുടെ മെസ്സ് മുറിയായിരുന്നു ഞങ്ങളുടേത്. കമ്പനിയിലെ മറ്റു തൊഴിലാളികൾക്കും ഭക്ഷണം ഞങ്ങളുടെ മുറിയിലായിരുന്നു. താമസത്തിന് വാടകയില്ല. വെപ്പുകാരന്‍റെ ശമ്പളമടക്കം ഭക്ഷണത്തിന് മാസം 120 രൂപയാണ് ഫീസ്. സാക്കിനാക്ക മലയാളികളുടെ ഒരുഗ്രാമം പോലെയാണ്. മുണ്ടുടുത്ത് നടക്കുന്നവരുടെ ലോകം.
മുറിയിൽ കമ്മ്യൂണിസം പറയുന്ന തങ്കപ്പേട്ടൻ(ഞങ്ങളുടെ നാട്ടുകാരനായ അകാലത്തിൽ പൊലിഞ്ഞുപോയി)എന്നും പത്രം വാങ്ങിക്കും. പൈപ്പ് ലൈനില്‍ കൈരളി എന്ന മലയാളികടയിൽ പത്രവും കേരളശബ്ദവും മലയാളി വിഭവങ്ങളും ലഭിക്കും.ബോംബെ മലയാളികളുടെ അന്നത്തെ ഗൗരവപ്പെട്ട സമകാലിക വാരിക കേരളശബ്ദമായിരുന്നു. ഞങ്ങളുടെ വായന അപ്പോഴും മനോരാജ്യം വിട്ടിരുന്നില്ല. ചില ചേട്ടന്മാരുടെ തലയണക്കടിയിൽ ഇടിയും,കുത്തും,ചവിട്ടും അതിരുവിട്ട് കൂട്ടം തെറ്റികിടക്കുന്നതും കാണാം.
തങ്കപ്പേട്ടന്റെ വർത്തമാനങ്ങൾ കേൾക്കാൻ ഇഷ്ടമായിരുന്നു.അതിനൊരു കാരണമുണ്ട്. ബോംബെയിലേയ്ക്ക് വണ്ടികയറുന്നതിനുമുമ്പ് 1974ലാണ് ഞങ്ങളുടെ നാട്ടിലെ ആദ്യ തൊഴിൽ സമരം.അതും വൈരക്കൽ തൊഴിലാളികളുടെ. ഞങ്ങളുടെ വിദ്യാലയത്തിനു തൊട്ടടുത്ത് തന്നെയായിരുന്നു തൊഴിൽശാലയും ഉടമയുടെ വീടും. ഉടമയുടെ വീട്ടുപടിക്കൽ സമരപന്തൽ ഉയർന്നു. വിദ്യാലയത്തിലേയ്ക്ക് നേരത്തെ ഇറങ്ങും. അപ്പോഴേയ്ക്കും തൊഴിലാളികളായ ചേച്ചിമാരും,ചേട്ടന്മാരും സമരപന്തലിൽ എത്തിയിട്ടുണ്ടാകും. ആദ്യ മണി അടിക്കുന്നതുവരെ അവരോടൊപ്പം സമരപന്തലിലെ ഒരംഗമായി ഞാനും. കപ്പ പുഴുങ്ങിയതും കട്ടൻ കാപ്പിയും സമരപന്തലാണെങ്കിലും എന്റെ ഉന്നം അതിലാണ്. അത്രമേൽ ഭീകരമായിരുന്നു അക്കാലത്തെ പട്ടിണി. ഉഷേച്ചി, മോഹനേട്ടൻ, ശാന്തേച്ചി…..അങ്ങനെ ഒരുപാട് പോരാളികൾ. അവരുടെ പാട്ടുകൾ താളാത്മകമായ മുദ്രാവാക്യങ്ങൾ….പ്രണയം…..പോലീസിന്റെ വരവ് അറസ്റ്റുകൾ….മുതലാളിയുടെ വീടിന്റെ മതിലിലും കമ്പനി മതിലിലുമുള്ള കരുണാകരന്റേയും പോലീസിന്റേയും കോൺഗ്രസുകാരുടേയും കാരിക്കേച്ചർ ചിത്രങ്ങൾ. പണിമുടക്ക് സമരം 42 ദിവസം നീണ്ടുനിന്നു. വിജയമാണോ പരാജയമാണോയെന്നറിയാതെ സമരം അവസാനിപ്പിച്ചു.
അക്കാലത്ത് തന്നെയാണ് അടിയന്തിരാവസ്ഥയും വിദ്യാർത്ഥി രാജന്റെ കൊലപാതകവും. അന്ന് പറപ്പൂർ നാഗത്തൻകാവ്(RF മുൻ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്ന മ്മ്ടെ സഖാവ് എം.ശിവശങ്കരന്റെ കുടുംബ) ക്ഷേത്രത്തിൽ പാമ്പ് പൂജ വലിയ ഉത്സവമാണ്. അമ്മയുടെ വകയിലുള്ള ഒരു മുത്തശ്ശന്റെ കൂടെ ഞാനും ഉത്സവത്തിന് പോയി. ഉത്സവപറമ്പിലെ പുസ്തകശാലയിൽ രാജനെ കുറിച്ചുള്ള പാട്ടുകളുമായി ഒരു പുസ്തകം. വടക്കൻ പാട്ട് ശീലിൽ പാടാവുന്ന വരികൾ.
“പാടാം പാടാം രാജന്റെ കഥകൾ…
മർദ്ദനകഥകൾ പാടാം”…..
ഈ ഓർമ്മകൾ തങ്കപ്പേട്ടന്റെ വർത്തമാനങ്ങളിലേയ്ക്ക് ശ്രദ്ധചെലുത്താൻ കാരണമായിട്ടുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് ഞങ്ങളുടെ താമസം തൊട്ടടുത്ത മുറിയിലേയ്ക്ക് വീണ്ടും മാറുന്നത്. അക്കാലത്ത് ടെലിവിഷൻ അപൂർവ്വമാണ്. തൊട്ടടുത്ത് ഗോവ ചേച്ചിയുടെ വീട്ടിലാണ് ‘ഛായഗീത്’അതുപോലെ ആഴ്ചയിലെ മലയാളചിത്രങ്ങൾ കാണാറുള്ളത്.
തൊട്ടടുത്ത മലയാളി കുടുംബത്തിൽ ഉണ്ടായ ഒരു ചേച്ചിയുടെ ദാരുണമായ മരണം. അതിരാവിലെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടാണ് ഞങ്ങളുണരുന്നത്.അയൽവക്ക മുറിയിലെ കൃഷ്ണേട്ടന്റേയും,ഗോപിയേട്ടന്റേയും, പാർവ്വതി ചേച്ചിയുടേയും അയ്യോ അയ്യോ എന്നുള്ള നിലവിളിയും. ഞങ്ങൾ ഓടിയെത്തുമ്പോൾ ബാത്റൂമിൽ ഒരു മിടിപ്പുമാത്രമായി കത്തികരിഞ്ഞ ഒരു പെൺ ശരീരം. അവരുടെ ഭർത്താവ് വിദേശത്തായിരുന്നു. ഭർത്താവിന്റെ ജേഷ്ഠ സഹോദരനും കുടംബവും തൊട്ടടുത്തതാമസക്കാരായിരുന്നു. അവരായിരുന്നു സംരക്ഷണം. എന്തോ അയാൾ ശരിയായിരുന്നില്ലെന്ന് പലരും സ്വകാര്യമായി പറയുന്നത് കേൾക്കാമായിരുന്നു. വളരെ പെട്ടെന്ന് അവർ അവിടം വിട്ടുപോയി.
ഗൾഫുകാരുടെ കാര്യം പറഞ്ഞപ്പോൾ ഒരുകാര്യം കൂടെ ഓർമ്മയിലെത്തി.ഇനി എന്തായാലും അതുകൂടെ ഇവിടെ കുറിക്കാം. മലയാളികൾ വിദേശയാത്രയ്ക്കായ് പലപ്പോഴും അക്കാലത്ത് ബോംബെ വഴിയാണ് ആശ്രയിക്കാറ്. അങ്ങനെ ഒരു നാൾ ഞങ്ങളുടെ മുറിയിലേയ്ക്ക് കൂടെ താമസക്കാരനായ ഒരാളുടെ അളിയൻ വിദേശയാത്രയക്കായ് വന്നു. ആദ്യമായിട്ടാണ് അദ്ദേഹം ബോംബെ നഗരത്തിൽ വരുന്നത്. കൂടെ താമസിച്ചിരുന്ന ആളും ബോംബെയിലെത്തിയിട്ട് അധികാലമായിരുന്നില്ല. ഇനി എത്രകാലമായാലും നേരെ സാക്കിനാക്കയിലായതുകൊണ്ട് മലയാളി ഗ്രാമം പോലയാണ്. എല്ലാം അവിടെതന്നെ. അതുകൊണ്ട് അളിയന്റെ യാത്രയ്ക്കാവശ്യമായ കാര്യങ്ങൾ അന്വേഷിക്കാൻ എന്റെ പരിമിതമായ മുൻപരിചയം അവർക്കാവശ്യമായിവന്നു. ഞങ്ങൾ മൂന്നു പേരും കൂടെ ‘ബൈക്കുള’യിലേയ്ക്ക് യാത്രയായി. അളിയന്റെ സുഹൃത്തിനെകാണാൻ.അവിടെ ഗൾഫ് സ്വപ്നങ്ങളുമായി നൂറുകണക്കിന് മലയാളികൾ ഡോർമേറ്ററിയിൽ കഴിയുന്ന കാഴ്ചകൾ. അവിടെ സുഹൃത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഞങ്ങളവിടന്നിറങ്ങി. അപ്പോൾ അവർ മറ്റൊരു ഇടം വരെ പോകേണ്ടതുണ്ടെന്ന് പറഞ്ഞു. ബോംബെ സെന്റർ വരെ. അതിനടുത്താണ് ഗ്രാന്റ് റോഡ് എന്നസ്ഥലം.
ബോംബെ നഗരത്തിലെ അല്ല, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചുവന്ന തെരുവ്. ഞങ്ങൾ ബസ്സിറങ്ങി തെരുവിലൂടെ നടക്കുമ്പോൾ റോഡിനിരുവശവുമായ് അല്പവസ്ത്രധാരിണികൾ മാടിവിളിക്കുന്നത് കാണാം. ഭഗവാൻ കൃഷ്ണന്റെ നാമധേയത്തിലുള്ള ഒരുകെട്ടിടത്തിലേയ്ക്കാണ് ഞങ്ങൾ കയറിയത്.വഴിയിലൂടെ നടക്കുമ്പോഴും,കെട്ടിടത്തിനകത്തേയ്ക്ക് കയറുമ്പോഴും അസുഖകരമായ പന്തികേടുകൾ അനുഭവപ്പെട്ടു. “ചേട്ടന്മാരെ നമ്മളെങ്ക്ടാപോണെ”എന്നു ഞാൻ ചോദിച്ചപ്പോൾ “കുഴപ്പമില്ല കുഴപ്പമില്ല”എന്ന് അവരും.രണ്ടാം നിലയിലെത്തുമ്പോൾ ഓരോ മുറികൾക്കു മുന്നിലും ഊഴം കാത്തു നിൽക്കുന്ന മനുഷ്യർ. ഡോക്ടറെ കാണാൻ കാത്തു നിൽക്കുന്നതുപോലെ. മുറികളുടെ വാതിലുകൾ പലതും തുറന്നുതന്നെ കിടക്കുന്നു.
വിവിധ വർണ്ണങ്ങളിലുള്ള കർട്ടനുകൾകൊണ്ട് മറച്ച കട്ടിലുകൾ.പെട്ടെന്ന് ഒരു പെണ്ണ് എന്റെ കയ്യിൽ കയറിപ്പിടിച്ചു”ഏയ് ചൊക്ര തൂ കായ്കു ഇതർ ആയാ, ചൽ ബാഹർ”എന്ന അട്ടഹാസം. അതിനേക്കാൾ ഉച്ചത്തിൽ എന്നോടൊപ്പമുള്ളവരോട് ഞാൻ ശബ്ദമുയർത്തി, ഞങ്ങൾ അവിടം വിട്ടിറങ്ങി. എന്തൊക്കയാണെങ്കിലും അവിടത്തെ സഹോദരിമാർ നീതിബോധമുള്ളവരാണ്.
ഞങ്ങളുടെ മുറിയിലേക്ക് ഇരിഞ്ഞാലകുടയുള്ള അംബുജാക്ഷൻ ചേട്ടന്റെ വരവ് വലിയ തരത്തിലുള്ള സംവാദങ്ങൾക്ക് തുടക്കം കുറിച്ചു. അക്കാലത്താണ് നമ്പാടൻ മാഷ് ട്രാൻസ്‌പോർട്ട് വണ്ടിയുടെ ചക്രം ഊരിയെടുത്ത് മന്ത്രിസഭ മറിഞ്ഞുവീണത്. അംബുവേട്ടന്റെ വരവോടെ അദ്ദേഹത്തോടൊപ്പം ഞങ്ങളുടെ മുറിയിലേക്ക് മാതൃഭൂമി കലാകൗമുദി തുടങ്ങിയ വാരികകളും കുടിയേറി. മാതൃഭൂമിയും കലാകൗമുദിയും വന്നതോടെ അംബുവേട്ടന്റെ വർത്തമാനങ്ങൾ കൂടിയായപ്പോൾ മനോരാജ്യം,മാമാങ്കം തുടങ്ങിയവയോട് ഞങ്ങൾ വിടചൊല്ലി. കമ്മ്യൂണിസ്റ്റ് വിമർശനം ശക്തമായി. അംബുവേട്ടന്റെ ഇഷ്ടം ഗാന്ധിയോടായിരുന്നു.
സാക്കിനാക്ക ഭരിച്ചിരുന്നത് ലോറൻസ് സേഠ് എന്ന ദാദയായിരുന്നു.അയാളുടെ മക്കളും സൈമൺ അപ്പന്റെ ചുവടുപിടിച്ച് ദാദാക്കളായിരുന്നു. മലയാളിയായ ജോസ് നഗർ മുതലാളിയും ദാദയായിരുന്നു. അയാൾക്കൊപ്പം ഞങ്ങളുടെ നാട്ടുകാരായ വൈരക്കൽ തൊഴിലാളികളും ചോട്ടാ ദാദാക്കളായി. രണ്ട് കൂട്ടരും ശത്രുതാപരമല്ലാതെ അവരുടെ കാര്യങ്ങൾ നടത്തും. സൈമണും കൂട്ടരും വൈരക്കൽ തൊഴിലാളികളുടെ മുറിയിൽ വന്ന അപ്ത(പണപ്പിരിവ്)തുടങ്ങി. അത് വലിയ പ്രതിഷേധത്തിനിടയാക്കി. പ്രതിഷേധിച്ചവരെയെല്ലാം ദാദാക്കൾ കൈകാര്യം ചെയ്തു. പിന്നണിയിൽ ചോട്ടാ ദാദാക്കളുടെ സഹായമുണ്ടായിരുന്നു. അവരുടെ ആക്രമണം പെണ്ണുങ്ങൾക്ക് നേരെയുമുണ്ടായി.
അംബുവേട്ടന്റെയും തങ്കപ്പേട്ടന്റേയും വർത്തമാനങ്ങൾക്കിടയിലേയ്ക്ക് ‘ഗോരെഗാവ്’ൽ നിന്നും വന്നിരുന്ന ബാലേട്ടന്റെ വരവ് കുറെക്കൂടി തീഷ്ണമായ വർത്തമാനത്തിന് തുടക്കം കുറിച്ചു. ആ സമയത്താണ് നാട്ടിൽ യുക്തിവാദികൾ അയ്യപ്പമകരജോതി കത്തിക്കുന്നത്. നിരവധി മകരജോതി ജ്വാലകൾ പൊന്നമ്പലമേട്ടിൽ കാണാനിടയായി. ഇടതു സർക്കാരിന്റെ കാലത്തായിരുവെന്നാണോർമ്മ. ഈ കെ നായനാരായിരുന്നു മുഖ്യമന്ത്രി. കമ്മ്യൂണിസ്റ്റുകാർക്ക് അക്കാര്യത്തിൽ ചെറിയൊരു ഇടിവുപറ്റി.
ഞങ്ങളുടെ മുറിയിൽ ഭക്ഷണ സമയത്തു നടക്കുന്ന വർത്തമാനങ്ങൾക്കിടയിൽ സാക്കിനാക്കയിലെ ഗുണ്ടായിസം കടന്നു വരാറുണ്ട്. അത് ചില കൂടിയാലോചനയിലേയ്ക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചു. അതോടൊപ്പം തൊഴിൽ പ്രശ്നങ്ങളും. ആ വർഷം മൺസൂൺ ശക്തമായിരുന്നു. സാക്കിനാക്ക ആഴ്ചകളോളം വെള്ളത്തിനടിയിലായി. ഞങ്ങളുടെ കമ്പനിയിലെ മോട്ടോറുകൾ വെള്ളം കയറി പ്രവർത്തനരഹിതമായി. വെള്ളം ഇറങ്ങി കമ്പനി പ്രവർത്തനം തുടങ്ങിയപ്പോൾ ഞങ്ങൾ എട്ടു പേർ പണിയെടുക്കുന്ന മോട്ടോർ കത്തി. അത് റിപ്പയർ ചെയ്യാൻ ഉടമ തയ്യാറായില്ല. ആ വിഷയത്തിൽ ഞങ്ങളാദ്യം ബഹുമാനപൂർവ്വം ഉടമയെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ നിഷേധാത്മക നിലപാട് സമരത്തിലേയ്ക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചു.
എട്ടു പേരിൽ അമ്മയുടെ മരണവുമായി തങ്കപ്പേട്ടൻ നാട്ടിലേയ്ക്ക് വണ്ടി കയറി. ഒരാൾ മുതലാളിയുടെ കൂടെ നിന്നു. ആന്റണി ചേട്ടൻ, പുഷ്പേട്ടൻ, ശശിയേട്ടൻ, രവിയേട്ടൻ, മറ്റൊരു രവിയേട്ടനും, ഞാനുമടക്കം ആറുപേർ സമരമാരംഭിച്ചു. ദിവസങ്ങൾക്കുള്ളിൽ കമ്പനിയിലെ 63 പേരിൽ 58 പേർ സമരത്തിൽ അണിനിരന്നു. ഉടമ ദാദാക്കളുടെ സഹായത്തോടെ സമരം പൊളിക്കാനും പദ്ധതിയിട്ടു. ഞങ്ങൾ താമസിക്കുന്ന മുറി ആക്രമിക്കുമെന്ന കിംവദന്തികൾ പരന്നു. സുരക്ഷയ്ക്കായി ഞങ്ങളും സജ്ജരായി. പതുക്കെ പതുക്കെ ആ അഞ്ചുപേരെ വച്ച് കമ്പനി തുറന്നുവെങ്കിലും ഞങ്ങളാരും സംഘടിതരല്ലാത്തതുകൊണ്ട് മറ്റൊരു ആലോചനയുമില്ലാതെ വേറെവേറെ ഇടങ്ങളിലേയ്ക്ക് കൂടുമാറി. അതാണ് സാക്കിനാക്കയിലെ ആദ്യ വൈരക്കൽ തൊഴിൽ സമരം.
സാക്കിനാക്ക ദാദാക്കളുടെ സംഘർഷങ്ങളുടെ ഭൂമിയായി. സൈമൺ ദാദയും മലയാളി ദാദാക്കളും, വൈരക്കൽ തൊഴിലാളികൾ രണ്ടുകൂട്ടരുടേയും ആക്രമണത്തെ പ്രതിരോധിച്ചു. സൈമണൊപ്പം നിന്ന പല മലയാളി വൈരക്കൽ ദാദാക്കളും കൂറുമാറി. അവർക്കൊപ്പം നിന്ന പലരും”ഇനി ഞങ്ങളെ മലയാളികളെ തൊട്ടാൽ ലോറസ് സേഠുവാണോ, സൈമണാണോയെന്നൊന്നും നോക്കില്ല, ഞങ്ങള് വീട് കയറി തന്തേനേം മക്കളേം കത്തിച്ചു ചാമ്പലാക്കും…” എന്റെ നാട്ടുകാരനായ ഒരു ചേട്ടനാണ് അങ്ങനെ പ്രഖ്യാപിച്ചത്.
ആ താക്കീത് അദ്ദേഹത്തിന്റെ കൂട്ടുകാർക്കുകൂടിയുള്ളതായിരുന്നു. ഗോരെഗാവിൽ നിന്ന് തുടങ്ങിയ ആലോചനകൾ ‘ഡൈമണ്ട് വർക്കേഴ്സ് അസോസിയേഷ’ന്റെ രൂപീകരണവും ബോംബേ നഗരത്തിലെ വൈരക്കൽ വ്യവസായത്തെ പിടിച്ചുലച്ച പതിനായിരങ്ങളെ അണിനിരത്തിയ സംഘടിതമായ സമരങ്ങളുടെ ചരിത്രത്തിലും സത്യത്തിൽ തൊഴിലാളികളുടെ ശക്തമായ ഇടപെടലിലും “അർബൻനക്സലു”കളുണ്ടായിരുന്നു.
_ സി എ അജിതൻ