ഒരു ഏകാന്ത തടവുകാരന്റെ ഐഡിയോളജി

UAPA ചുമത്തപ്പെട്ടു വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ സി എ അജിതൻ അവിടെവെച്ചു പരിചയപ്പെട്ട രാഷ്ട്രീയത്തടവുകാരനായിരുന്ന ജാർഖണ്ഡ് സ്വദേശി ജിതേന്ദ്ര ഒറോണുമായുള്ള സംഭാഷണം ഓർക്കുന്നു…

സി എ അജിതൻ

2016ൽ UAPA എന്ന ഭീകര നിയമത്താൽ ജയിലിൽ തടവിലായപ്പോൾ, എനിക്ക് മുൻപെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് ആലുവയിൽ നിന്നും അറസ്റ്റിലായ ജാർഖണ്ഡ് സ്വദേശി ജിതേന്ദ്ര ഒറോൺ ജയിലിൽ ഉണ്ടായിരുന്നു. തടവുകാലത്തെ ആദ്യ ദിവസങ്ങളിൽ ഒറ്റയ്ക്ക് ഒരു സെല്ലിലായിരുന്നു. ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ ചില്ലറ അയവു വന്നു. അങ്ങനെ രണ്ടു മാസം ഞാനും ഒറോണും ഒരുമിച്ച് ഒരു സെല്ലിന്റെ ഒൻപത് – പത്ത് ചതുരശ്ര അടിയിലൊരുമിച്ചായിരുന്നു. അദ്ദേഹത്തിന്റെ ഹിന്ദിയും എന്റെ ‘ബുര’ ഹിന്ദിയും തമ്മിലായിരുന്നു സംവാദം. ഇത് ഓർക്കാൻ കാരണം, കർഷക സമരകാലത്ത്, ചില അവതാരകർ കർഷകരോട് ചോദിച്ച ഒരു ചോദ്യമായിരുന്നു.

ഒരിക്കൽ വർത്തമാനത്തിനിടെ, ജിതേന്ദ്ര ഒറോണിനോടുള്ള ചോദ്യം സാമൂഹ്യ വൈരുദ്ധ്യങ്ങളെ കുറിച്ചും ഐക്യമുന്നണിയെ കുറിച്ചുമായിരുന്നു. അദ്ദേഹം അതിന് മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. ഞങ്ങളെഴുതുന്ന ഒരു ബോൾപെൻ എടുത്തുയർത്തികൊണ്ട് അതിന്റെ താഴെയുള്ള ഭാഗം ചൂണ്ടിക്കാണിച്ചു,

“ഇത് ആദിവാസികളും ദളിതുകളും തൊട്ടുമുകളിൽ കർഷകരും തൊഴിലാളികളും മറ്റു വിശാലമായ ജനതകളും. മുകളിൽ ഒരു ചെറു ന്യൂനപക്ഷം വരുന്ന മുതലാളി ഉദ്യോഗസ്ഥ ഭരണവർഗ്ഗങ്ങളും. സമ്പത്തും അധികാരവും സൈനീകശേഷിയും അവരുടെ കൈകളിലാണ്. ഈ പേനയുടെ ടോപ്പ് പോലെ അവർ എല്ലാറ്റിനും മുകളിൽ. അതിനെയാണ് നമുക്ക് ഇതു പോലെ (പേനയുടെ ടോപ്പ് തള്ള വിരൽത്തുമ്പുകൊണ്ട് എറ്റി) തെറിപ്പിച്ചു കളയേണ്ടത്. അതിന് താഴെ തലം മുതൽ നമുക്ക് ഐക്യപ്പെടാൻ കഴിയണം”, ഇതായിരുന്നു ജിതേന്ദ്ര ഒറോണിന്റെ വിശദീകരണം.

മധ്യവർഗ്ഗവും സാമ്പ്രദായിക വാദികളും പരിഷ്കരണവാദികളും വലിയ വലിയ വർത്തമാനങ്ങളിൽ അഭിരമിക്കും. പരിവർത്തനത്തെകുറിച്ച് അവർ നിശബ്ദത പാലിക്കും. കർഷകർ എല്ലാം തീരുമാനിച്ചുറപ്പിച്ചായിരുന്നു അന്ന് ദില്ലിയിലേയ്ക്ക് യാത്ര ആരംഭിച്ചത്. മണ്ണ് ഉഴുതുമറിച്ച് വിത്തെറിയുന്ന കർഷകർ, എല്ലാറ്റിനേയും സൗന്ദര്യപ്പെടുത്തുന്ന തൊഴിലാളികൾ, മറ്റു അടിസ്ഥാന ജനതകൾ അവരാണ് ഈ നാടിന്റെ ഉടമകളാവേണ്ടത്. അതിന്, രാഷ്ട്രീയത്തടവുകാരനായിരുന്ന ജിതേന്ദ്ര ഒറോൺ സ്വപ്നം കാണുന്നത് പോലെ, താഴെ തലം മുതൽ നമുക്ക് ഐക്യപ്പെടാൻ കഴിയണം.
_ സി എ അജിതൻ

Follow us on | Facebook | Instagram | Telegram | Twitter