പുകസയുടെയും സിപിഎമ്മിന്‍റെയും പ്രതിലോമ ദൗത്യം


ജെയ്സണ്‍ സി കൂപ്പര്‍

നിർഭയ സംഭവം രാജ്യമാകെ ചർച്ചയായ സമയത്ത് സ്ത്രീ സുരക്ഷയ്ക്കായി കൂടുതൽ കർശന നിയമങ്ങൾ നിർമ്മിക്കണം എന്ന ആവശ്യം ശക്തമായപ്പോൾ അരുന്ധതി റോയ് എഴുതിയ വളരെ ശ്രദ്ധേയമായ ഒരു ലേഖനത്തിൽ അത്തരം നിയമ നിർമ്മാണങ്ങൾ ഭരണകൂടാധികാരത്തെ ശക്തമാക്കാനല്ലാതെ മറ്റൊന്നിനും ഉപകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി. നിയമങ്ങളുടെ അപര്യാപ്തതയല്ല അത്തരം സംഭവങ്ങൾക്ക് കാരണമെന്ന് അവർ പറഞ്ഞു.

കേരളത്തിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിജയ് നായരെന്ന സ്ത്രീ വിരുദ്ധനെ ഭാഗ്യലക്ഷ്മിയും മറ്റും ചേർന്ന് കൈകാര്യം ചെയ്യുകയും അത് സമൂഹത്തിൽ ചർച്ചയാവുകയും ചെയ്തപ്പോൾ പുകസ പതിവുപോലെ ദാസ്യവേലയുമായി രംഗത്തെത്തി. വിജയ് നായർക്കെതിരെ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നൽകിയ പരാതിയിൽ ഒരു മാസമായിട്ടും നടപടിയാകാതിരുന്നതിനെത്തുടർന്നാണ് അവർ അത്തരമൊരു ആക്ഷന് നിർബന്ധിതമായതെന്ന വസ്തുത മറച്ചുവെച്ച് പോലീസിനെയും തങ്ങളുടെ പാർട്ടിയെയും സംരക്ഷിക്കുകയെന്ന ദൗത്യം ഏറ്റെടുത്ത് പുകസ ആവശ്യപ്പെട്ടത് കൂടുതൽ കർക്കശമായ നിയമങ്ങൾ നിർമ്മിക്കണമെന്നാണ്. വാസ്തവത്തിൽ പോലീസിന് നൽകിയ പരാതിയിൽ നടപടിയെടുക്കാൻ യാതൊരുവിധ തടസ്സവും ഉണ്ടായിരുന്നില്ല എന്നത് പിന്നീട് കേരളം കണ്ടതാണ്. ഭാഗ്യലക്ഷ്മിയും സംഘവും നിയമം കൈയിലെടുത്തതോടെ പോലീസ് വിജയ് നായർക്കെതിരെ നടപടിയെടുത്തു. അതായത് നിയമങ്ങളുടെ അപര്യാപ്തതയായിരുന്നില്ല അവിടെ പ്രശ്നം. പക്ഷെ സ്വന്തം പാർട്ടിക്ക് ക്ഷീണം സംഭവിക്കാതിരിക്കാൻ പുകസ ആവശ്യപ്പെട്ടത് കൂടുതൽ കർക്കശമായ നിയമങ്ങളാണ്.

പുകസയുടെ ആവശ്യം വൈകാതെ തന്നെ സർക്കാർ നടപ്പാക്കി. കേരള പോലീസ് ആക്ട് ഭേദഗതി, അതും ഭരണഘടനാ വിരുദ്ധമായി തന്നെ ചെയ്തുകൊണ്ട് സർക്കാർ ഭരണകൂടാധികാരത്തെ ഒന്നുകൂടി ശക്തമാക്കിയിയിരിക്കുന്നു. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി എന്നവകാശപ്പെടുന്ന സിപിഎമ്മും അതിന്‍റെ പോഷക സംഘടനയായ പുകസയുമെല്ലാം ഈ സമൂഹത്തിൽ നിർവഹിച്ചു കൊണ്ടിരിക്കുന്ന പ്രതിലോമ ദൗത്യങ്ങളുടെ പട്ടികയിൽ ഏറ്റവും ഒടുവിലത്തേതാണ് പോലീസ് ആക്ട് ഭേദഗതി.

ഓർക്കണം, നാട്ടിൽ നിലനിൽക്കുന്നത് തൊഴിലാളി വർഗ്ഗ ഭരണകൂടമല്ല, ഒരു ചൂഷക ഭരണകൂടമാണ്. അതിന്‍റെ പോലീസ് അധികാരമാണ് സിപിഎം ശക്തിപ്പെടുത്തുന്നത്. അധികാരത്തെ തന്നെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് രൂപീകരിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളെ സംബന്ധിച്ചിടത്തോളം സോഷ്യലിസ്റ്റ് ഭരണകൂടം അതിന്‍റെ ലക്ഷ്യത്തിലേക്കുള്ള പാതയിൽ വളരെ ചെറിയൊരു ഇടക്കാലത്തേക്ക് മാത്രമായി വർഗശത്രുക്കളെ അടിച്ചമർത്താൻ പ്രയോഗിക്കുന്ന അധികാരമെവിടെ, സിപിഎമ്മിനെപ്പോലുള്ള പിന്തിരിപ്പൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ശക്തിപ്പെടുത്തുന്ന ചൂഷക ഭരണകൂടാധികാരമെവിടെ.

നാളെ ഇത് സിപിഎമ്മിന് നേരെ തന്നെയും പ്രയോഗിക്കപ്പെട്ടേക്കാമെന്നത് പോലും ഇക്കൂട്ടർ മറന്നു പോകുന്നു. എന്തായാലും പുകസയുടെ ഒത്താശയോടെ കമ്മ്യൂണിസ്റ്റ് എന്നവകാശപ്പെടുന്ന സിപിഎം കൊണ്ടുവന്ന പോലീസ് ആക്ട് ഭേദഗതി റദ്ദാക്കാൻ കമ്മ്യൂണിസ്റ്റുകളല്ലാത്തവർ നിർമിച്ച ഭരണഘടനയെ ആശ്രയിക്കേണ്ടി വരുന്ന ഗതികേട് ഒരു ഗതികേട് തന്നെ.

Like This Page Click Here

Telegram
Twitter