ഫാസിസത്തിന്റെ അന്ത്യം
“1945 ഏപ്രിൽ 28ന് വാൾട്ടർ ഒഡീസിയോ എന്ന മാർക്സിസ്റ്റുകാരനാണ് മുസോളിനിയെയും ക്ലാരയെയും വെടിവച്ചു കൊലപ്പെടുത്തിയത്…”
_ ബൗദ്ധേയൻ
തലകീഴായ് കെട്ടിത്തൂക്കിയ ഈ രണ്ട് മൃതദേഹങ്ങൾ കണ്ടാലറിയില്ലെങ്കിലും പറഞ്ഞാലറിയുന്നവരാണ് നമ്മളിലേറെയും. ഇറ്റലിയെ കയ്യിലെടുത്തമ്മാനമാടിയ, യൂറോപ്പിനെ ഭീകരതയുടെ ശവപ്പറമ്പാക്കിയ, ദൈവം നമുക്കായി അയച്ച വിമോചന നായകനെന്ന് മാർപാപ്പ പോലും പറഞ്ഞ, ഫാസിസം എന്ന മനുഷ്യത്വ വിരുദ്ധ മഹാവിപത്തിനെ സൃഷ്ടിച്ച, ഇരുപതാം നൂറ്റാണ്ട് കണ്ട എക്കാലത്തെയും വലിയ ക്രൂരനായ ഭരണാധികാരി ബെനിറ്റോ മുസോളിനിയുടെയും പ്രിയതമ ക്ലാരയുടെയും ശവശരീരങ്ങളാണിത്.
1945 ഏപ്രിൽ 28ന് വാൾട്ടർ ഒഡീസിയോ എന്ന മാർക്സിസ്റ്റുകാരനാണ് മുസോളിനിയെയും ക്ലാരയെയും വെടിവച്ചു കൊലപ്പെടുത്തിയത്. തുടർന്ന് തെക്കൻ മിലാനിലെ തെരുവിൽ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ അവരുടെ മൃതദേഹങ്ങൾ തലകീഴായി കെട്ടി തൂക്കുകയും ചെയ്തു.
1940ലാണ് ഇറ്റലി ലോകമഹായുദ്ധത്തിൽ പങ്കുചേരുന്നത്. തുടർന്ന് ഹിറ്റ്ലർ ഹിരോഹിതൊ കൂട്ടുകെട്ടിൽ മുസോളിനി കൂടി അംഗമായതോടെ ലോക ഭൂപടം തന്നെ തിരുത്തിയെഴുതപ്പെടുമെന്ന് ഉറപ്പായി. അച്ചുതണ്ട് ശക്തികളുടെ മുന്നേറ്റം കണ്ട ആദ്യ വർഷങ്ങളിൽ ഇറ്റാലിയൻ കരിങ്കുപ്പായക്കാരുടെ തേർവാഴ്ച തന്നെ അരങ്ങേറി. എതിർത്തവരും സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയവരുമെല്ലാം വധിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റുകാരെ തിരഞ്ഞു പിടിച്ച് വേട്ടയാടുന്ന ഫാസിസ്റ്റ് അജണ്ട നടപ്പാക്കപ്പെട്ടു.
എന്നാൽ 1943ലെ ശരത് കാലം മുതൽ ഇറ്റാലിയൻ സേന പരാജയം മണത്തു തുടങ്ങി. ഇറ്റലിയുടെ വടക്കേയറ്റത്തേക്ക് മുസോളിനിയും അയാളുടെ സൈന്യവും പിന്തള്ളപ്പെട്ടു. ഒടുവിൽ രാത്രിക്ക് രാത്രി സ്വിസ് അതിർത്തി കടന്ന് ഒളിച്ചോടാൻ ശ്രമിച്ച മുസോളിനിയെയും കാമുകിയെയും ഡോങ്കോ എന്ന സ്ഥലത്ത് വച്ച് കമ്മ്യൂണിസ്റ്റുകാർ പിടികൂടി. ഇതറിഞ്ഞ് ഇറ്റാലിയുടെ നാനാതുറകളിൽ നിന്നുമുള്ള ജനം അവിടേക്ക് ഇരമ്പിയെത്തി. അവരുടെയെല്ലാം ആക്രോശങ്ങളും കല്ലേറുകളുമെല്ലാം മുസോളിനിക്ക് നിരായുധനായി സ്വീകരിക്കേണ്ടി വന്നു. ഒടുവിൽ ഒഡീസിയോയുടെ വെടിയുണ്ടകൾ നെഞ്ചിലേറ്റു വാങ്ങി അയാളും കൂട്ടരും അന്ത്യശ്വാസം വലിച്ചു. തുടർന്ന് അവരുടെ മൃതദേഹങ്ങൾ കെട്ടി തൂക്കി പൊതുപ്രദർശനം നടത്തുകയും സംസ്കരിക്കുകയും ചെയ്തു.
“ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ” എന്ന ചങ്ങമ്പുഴയുടെ കവിതാ ശകലം ഇറ്റലിയിലും അർത്ഥവത്താവുന്ന കാഴ്ച. 1937ൽ ഗ്രാംഷിയെ തടവിലിട്ട് പീഡിപ്പിച്ചു കൊന്ന മുസ്സോളിനിയ്ക്കുളള ശിക്ഷ കമ്മ്യൂണിസ്റ്റുകാർ അന്നേ കരുതി വച്ചിരുന്നു. ഗ്രാംഷി മരിച്ചതിന്റെ 8ാം വാർഷികത്തിൽ തന്നെ അവരത് നിറവേറ്റി.
ആഗോള സാമ്രാജ്യത്വ സഭയിലേക്ക് ഫാസിസത്തെ അവരോധിച്ച നരാധമരുടെ വിശുദ്ധനെ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ ജനം കൊന്ന് കെട്ടിത്തൂക്കി. ഹിറ്റ്ലർ ആത്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പാണിത് സംഭവിക്കുന്നത്. ഫാസിസത്തിന്റെ പ്രയോക്താക്കൾക്ക് കാലം നൽകിയ ഏറ്റവും മികച്ച താക്കീത്.
എന്നാൽ ഇന്ന് മുസോളിനിയുടെ ശവകുടീരം നവനാസികളുടെ തീർഥാടന കേന്ദ്രമാണ്. എല്ലാവർഷവും അയാളുടെ ഓർമദിനം ആചരിക്കുന്നതും അനുസ്മരണ റാലികൾ നടത്തുന്നതും ഇന്ന് യൂറോപ്പിൽ സ്വാഭാവികമായി മാറിയിരിക്കുന്നു.
ഈ അവസരത്തിൽ, ഏകാധിപതികളെ വേരോടെ തുടച്ചു നീക്കിയ ചരിത്രമാണ് തൊഴിലാളി വർഗ്ഗത്തിനുള്ളതെന്ന ഓർമ്മപ്പെടുത്തലുകളാണ് നമുക്ക് സമ്മാനിക്കാനുളളത്. ഫാസിസത്തിന് അന്ത്യം കുറിക്കാൻ സോഷ്യലിസത്തിനല്ലാതെ മറ്റൊന്നിനും സാധിക്കില്ല എന്ന വസ്തുത ഇവിടെ അടിവരയിട്ടു തെളിയിക്കപ്പെടുകയാണ്. നവനാസികളെയും സാമ്രാജ്യത്വ പ്രേമികളെയും തുടച്ചു നീക്കുക തന്നെ വേണം. ദിമിത്രോവിന്റെ ‘ഫാസിസ്റ്റ് വിരുദ്ധ ഐക്യമുന്നണി’യെന്ന ആശയം ഇന്നും പ്രാധാന്യമർഹിക്കുന്നത് അതുകൊണ്ട് തന്നെയാണ്.
Photos Courtesy_ Various Media