വിദ്യാഭ്യാസം; വിധേയത്വവും വൈദഗ്ധ്യവുമുള്ള തൊഴിൽസേനയെ മാത്രം വാര്‍ത്തെടുത്താല്‍ മതിയോ?
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യ ശാസ്ത്ര വിഷയങ്ങൾക്ക്, പ്രധാന്യം കുറച്ചു തൊഴിലധിഷ്ഠിതമാകുന്നതും, മൾട്ടി ഡിസിപ്ലിനറിയാകുന്നതും വിമര്‍ശനാത്മകവും, സാമൂഹ്യവുമായി ചിന്തിക്കുന്ന പൗരരെയല്ല , മറിച്ചു വിധേയത്വവും, വൈദഗ്ധ്യവുമുള്ള തൊഴിൽസേനയെ മാത്രമാണ് സൃഷ്ടിക്കുക…
_ ഡെമോക്രാറ്റിക് സ്റ്റുഡന്റസ് അസോസിയേഷൻ_DSA
സംസ്ഥാന പുനഃസംഘടന കമ്മിറ്റി
ജൂലൈ 30ന്, സാമ്രാജ്യത്വത്തിന്‍റെ ഏറ്റവും നല്ല ദാസനും ഇന്ത്യൻ ഭരണവർഗ്ഗങ്ങളുടെ പ്രിയ തോഴനുമായ കെ കസ്തൂരിരംഗന്‍ അധ്യക്ഷനായുള്ള സമിതി സമർപ്പിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ കരടിനു വലിയ ഭേദഗതികളൊന്നും കൂടാതെ തന്നെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നു. സാമ്രാജ്യത്വ ശക്തികളുടെയും അവരുടെ പിണിയാളുകളുകളായ ബ്രാഹ്മണിക്കൽ-ഹിന്ദു ഫാസിസിസ്റ്റ് ഭരണവർഗ്ഗങ്ങളുടെയും നയമായ വിദ്യാഭ്യാസത്തിന്‍റെ ഹിന്ദുത്വവൽക്കരണ-കച്ചവടപ്രക്രിയകൾക്കു വേഗതയും തീവ്രതയും വർധിപ്പിക്കാൻ മാത്രമാണ് ദേശീയ വിദ്യാഭ്യാസ നയം(2020) രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ ജലവും, കാടുകളും, ഭൂമിയും, പ്രകൃതിവിഭവങ്ങൾ ആകെത്തന്നെയും സ്വദേശി-വിദേശി കുത്തകകൾക്ക് കൊള്ളയടിക്കാൻ തീറെഴുതിക്കൊടുക്കുന്ന ഇന്ത്യൻ ഭരണവർഗ്ഗങ്ങളുടെ ആശയങ്ങളെ കസ്തൂരിരംഗൻ വിശ്വസ്ത ദാസനായി നിലകൊണ്ടു സംരക്ഷിച്ചതും, പശ്ചിമഘട്ടത്തെ പറ്റിയുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ വെള്ളം ചേർത്തതും ആരും മറന്നിട്ടുണ്ടാവില്ല. പുത്തൻ വിദ്യാഭ്യാസ നയം 2014ൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട ആയിരുന്നു. 2016ൽ സുബ്രമണ്യന്‍റെ നേതൃത്വത്തിലുള്ള ഒന്നാം ദേശീയ വിദ്യാഭ്യാസ നയരൂപീകരണ കമ്മിറ്റി അവരുടെ കരട് നയരേഖ സമർപ്പിച്ചുവെങ്കിലും അത് MHRD പ്രസിദ്ധീകരിക്കുകപോലും ചെയ്തില്ല. പകരം കസ്തൂരിരംഗന്‍റെ നേതൃത്വത്തിൽ വീണ്ടും കരട് നയരേഖ തയ്യാറാക്കാൻ പുതിയൊരു കമ്മിറ്റിയെ നിയമിക്കുമാകയായിരുന്നു. കസ്തൂരിരംഗാനെ തന്നെ ഈ കമ്മിറ്റിയുടെ ചെയർമാൻ ആയി നിയമിച്ചതിനു പിന്നിലുള്ളത് കൃത്യമായും ഭരണവർഗങ്ങളുടെ രാഷ്ട്രീയ താല്‍പര്യം ആണെന്നത് വ്യക്തമാണ്.
നിയോ-ലിബറൽ ആശയങ്ങളിൽ അധിഷ്ടിതമാണ് NEP 2020. 21-ാം നൂറ്റാണ്ടിലെ 4-ാം വ്യാവസായിക വിപ്ലവം സൃഷ്ടിച്ചതും, ഭാവിയിൽ സാങ്കേതിക രംഗങ്ങളിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾക്കനുസൃതമായി പുതിയ സ്കില്ലുകൾ സ്വയം പഠിച്ചെടുക്കാൻ ശേഷിയുള്ള, ബഹുമുഖ വൈദഗ്ധ്യമുള്ള തൊഴിൽസേനയെ സൃഷ്ടിച്ചെടുക്കുക എന്നതാണ് NEP 2020ന്‍റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്ന്. സാമ്രാജ്യത്വത്തിന്‍റെ ലാഭതാല്‍പര്യങ്ങൾക്കനുസരിച്ചു വ്യത്യസ്ത മേഖലകളിൽ നിക്ഷേപിക്കുന്ന മൂലധനങ്ങളുടെ ഏറ്റക്കുറവുകൾക്കനുസരിച്ചു തൊഴിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിനാണ് ഇത്. ഈ ലക്ഷ്യം നടപ്പിലാക്കുന്നതിനായി പൊതുവിദ്യാഭ്യാസ മേഖലയിലെയും ഉന്നത വിദ്യാഭ്യാസ മേഖലയിലെയും ഘടനയിലും ഉള്ളടക്കത്തിലും സമൂലമായ അഴിച്ചു പണികളും മാറ്റങ്ങളും നയരേഖ നിർദ്ദേശിക്കുന്നു. സാമൂഹ്യ-അടിസ്ഥാന ശാസ്ത്ര വിഷയങ്ങൾക്ക് നിലവിൽ നൽകി വരുന്ന പ്രാധാന്യത്തെ വെട്ടിക്കുറച്ചുകൊണ്ടു, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ പൊതു വിദ്യാഭ്യാസത്തിൽ ലയിപ്പിച്ചു ചേർത്ത് മുഖ്യധാരവൽക്കരിക്കുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ലിബറൽ ആർട്സ്-സയൻസ് വിദ്യാഭ്യാസ സങ്കൽപ്പത്തെ അപ്പാടെ അട്ടിമറിച്ചു കൊണ്ട് മൾട്ടിഡിസിപ്ലിനറി യൂണിവേഴ്സിറ്റികൾ, തൊഴിലധിഷ്ഠിത ബിരുദത്തെ മുഖ്യധാരാ ബിരുദവുമായി ലയിപ്പിക്കൽ ,എപ്പോൾ വേണമെങ്കിലും കൊഴിഞ്ഞുപോകാൻ വിദ്യാർത്ഥികൾക്ക് അവസരം നല്‍കുന്ന 4 വർഷ ബിരുദം എന്നിവയും പ്രശ്നങ്ങൾ നിറഞ്ഞവയാണ്. ഇന്ത്യൻ സാഹചര്യത്തിൽ, സാമൂഹ്യമായും-സാമ്പത്തികമായും പ്രിവിലേജ് അനുഭവിക്കുന്നവർക്കു മാത്രം ഡിഗ്രി കമ്പ്ലീറ്റ് ചെയ്യാൻ പറ്റുകയും, സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവർ ഒന്നോ രണ്ടോ വര്‍ഷം മാത്രം പഠിച്ചു സ്‌കിൽ സര്‍ട്ടിഫിക്കറ്റോ, ഡിപ്ലോമ സർട്ടിഫിക്കറ്റോ മാത്രം നേടുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലേക്കാണ് ഇത് നയിക്കുക.
സമൂഹത്തിലെ വരേണ്യ വിഭങ്ങളിൽ നിന്ന് മാനേജീരിയൽ ക്ലാസ്സിനെയും, പിന്നോക്ക വിഭാഗങ്ങളിൽ നിന്നും വർക്കിംഗ് ക്ലാസ്സിനെയും രൂപപെടുത്തിയെടുത്തു നിലനിൽക്കുന്ന സാമൂഹ്യ-സാമ്പത്തിക അസമത്വങ്ങളെ പുനഃസൃഷ്ടിക്കുക, കൂടുതൽ തീവ്രമാക്കുക എന്നീ ഭരണ വർഗ്ഗ ആശയങ്ങൾ നടപ്പിലാക്കാൻ മാത്രമാണിത് സഹായിക്കുക. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യ ശാസ്ത്ര വിഷയങ്ങൾക്ക്, പ്രധാന്യം കുറച്ചു തൊഴിലധിഷ്ഠിതമാകുന്നതും, മൾട്ടി ഡിസിപ്ലിനറിയാകുന്നതും വിമര്‍ശനാത്മകവും, സാമൂഹ്യവുമായി ചിന്തിക്കുന്ന പൗരരെയല്ല , മറിച്ചു വിധേയത്വവും, വൈദഗ്ധ്യവുമുള്ള തൊഴിൽസേനയെ മാത്രമാണ് സൃഷ്ടിക്കുക.
NEP 2020 പൊതു-ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്താനുദ്ദേശിക്കുന്ന വലിയ തോതിലുള്ള ഘടനാപരമായ അഴിച്ചുപണികൾക്കും, അതിന്റെ ഭാഗമായുണ്ടാവുന്ന പശ്ചാത്തല വികസനങ്ങൾക്കും എങ്ങനെ പണം കണ്ടെത്തുമെന്ന് നയരേഖയിൽ പറയുന്നില്ല. സർക്കാർ ഈ നിക്ഷേപങ്ങളൊന്നും തന്നെ നടത്താൻ പോകുന്നില്ലെന്നും കോർപറേറ്റ് ഫണ്ടിങ്ങും, സ്വകാര്യ, വിദേശ മൂലധന നിക്ഷേപങ്ങളും വഴിയാണ് ഇവയൊക്കെ നടപ്പിലാക്കാൻ പോകുന്നതെന്നും ഏത് ചെറിയ കുട്ടിക്കുമറിയാം. NEP 1986/1992 തുടങ്ങിവച്ച വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവൽക്കരണ-കച്ചവടവൽക്കരണ പ്രക്രിയകളെ പുതിയൊരു തലത്തിലേക്ക് ഉയർത്തുകയാണിവിടെ. വിദ്യാഭ്യാസത്തിന്റെ ‘ഇന്ത്യാവൽക്കരണം’ എന്ന RSS അജണ്ടയുമായി വൈരുധ്യത്തിലാവുന്നുണ്ടെങ്കിൽ പോലും നൂറോളം വിദേശ യൂണിവേഴ്സിറ്റികൾക്കു ഇന്ത്യയിലേക്ക് വാതിൽ തുറന്നു കൊടുക്കാനുള്ള നീക്കത്തെ ഇതോടൊപ്പം ചേർത്തുവച്ചു വേണം വായിക്കാൻ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണവൽക്കരണവും, അക്രെഡിറ്റേഷൻ സമ്പ്രദായം സൃഷ്ടിക്കാൻ പോകുന്ന ഗ്രാമ-നഗര അസമത്വങ്ങളും NEP 2020 ൻറെ ഉപോല്പന്നങ്ങൾ ആണ്.
ലിബറൽ ആർട്സ് ആന്‍ഡ് സയൻസ് വിദ്യാഭ്യാസത്തെ, അത് ഉത്പാദിപ്പിക്കുന്ന മൂല്യങ്ങളെ ഇന്ത്യയുടെ പാരമ്പര്യവുമായി കൂട്ടികെട്ടാൻ നടത്തുന്ന ശ്രമം ഇന്ത്യയുടെ പാരമ്പര്യം ബ്രാഹ്മണ്യം മാത്രമായിരുന്നു എന്നു സ്ഥാപിക്കുന്നു. ബ്രാഹ്മണ്യവും അതിന്‍റെ രാഷ്ട്രീയ പദ്ധതിയായ ഹിന്ദുത്വവും ആണ് NEP 2020 മുന്നോട്ടു വയ്ക്കുന്ന മൂല്യം എന്ന് ഇതിലൂടെ വ്യക്തമാക്കുന്നു. മതേതരത്വവും, സോഷ്യലിസവും പോലുള്ള ഭരണഘടനാ മൂല്യങ്ങളെപ്പറ്റി നയരേഖ പരാമർശിക്കുന്നു പോലുമില്ല. സിലബസ് പരിഷ്കരണങ്ങളിലൂടെയും, വെട്ടികുറക്കലുകളിലൂടെയും RSS തുടങ്ങിവച്ച വിദ്യാഭ്യാസത്തിന്‍റെ ഹിന്ദുത്വവൽക്കരണ പ്രക്രിയ NEP 2020-ലൂടെ സമഗ്രമായി നടപ്പിലാക്കാൻ പോകുന്നു. സംസ്കൃതവും, ഹിന്ദിയുമൊക്കെ അടിച്ചേൽപ്പിക്കുന്നത് ഇതിന്‍റെ ഭാഗമായാണ്.
നിലവിലുള്ള യു.ജി.സി, എ.ഐ.സി.ടി സംവിധാനങ്ങൾ ഇല്ലാതാക്കി പകരം പ്രധനമന്ത്രി അധ്യക്ഷനായുള്ള ഉന്നത വിദ്യാഭ്യാസ കമ്മീഷനിൽ, സാമ്പത്തികവും, അക്കാദമികവും, ഗുണനിലവാര. പരിശോധന അധികാരവും, ഭരണപരമായതുമായ സർവ്വ അധികാരങ്ങളും നിക്ഷിപ്‌തമാവുന്നതോടു കൂടി ഇന്ത്യൻ ഭരണവർഗ്ഗങ്ങൾക്കു അവരുടെ രാഷ്ട്രീയ താല്‍പര്യങ്ങൾ വിദ്യാഭ്യാസ മേഖലയിൽ സുഗമമായി നടപ്പിലാക്കൻ സാധിക്കും.
കോവിഡ്- -19 മഹാമാരിയുടെ സാഹചര്യങ്ങൾ ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസ്റ്റു ഭരണകൂടം അവരുടെ സ്വപ്ന പദ്ധതികൾ നടപ്പിലാക്കാനുള്ള സുവർണാവസരമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഓൺലൈൻ വിദ്യാഭ്യാസത്തിന്‍റെ അടിച്ചേൽപ്പിക്കലും, പല സംസ്ഥാനങ്ങളിലെയും തൊഴിൽ നിയമ ഭേദഗതികളും, പൊതുമേഖലാ സ്ഥാപനങ്ങൾ തുരുതുരാ വിറ്റഴിക്കുന്നതുമൊക്കെ ഇതിന്‍റെ ഭാഗമായാണ്. അതിന്‍റെ തുടർച്ചയെന്നോണമാണ് ഇത്ര തിടുക്കത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. ഈ ജനവിരുദ്ധ-വിദ്യാർത്ഥി വിരുദ്ധ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക. വിദ്യാഭ്യാസരംഗത്തെ ഹിന്ദുത്വവൽക്കരണവും കച്ചവടവൽക്കരണവും അവസാനിപ്പിക്കുക. ശാസ്ത്രീയ-സോഷ്യലിസ്റ്റ് വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികളും ബഹുജനങ്ങളും പോരാട്ടത്തിനിറങ്ങുക.
Photo Courtesy_ ARUN SANKAR,AFP
ടെലഗ്രാം: https://t.me/asianspeaks
ട്വിറ്റര്‍: https://twitter.com/asianspeaksmail