ഹിച്ച്കോക്കിനെതിരെ കമ്മ്യൂണിസ്റ്റുകാരനെഴുതിയ പാട്ട് സമീര്‍ ബിന്‍സി പാടുന്നു

“അന്നിരുപത്തൊന്നിൽ നമ്മളിമ്മലയാളത്തില്
ഒന്നുചേർന്നു വെള്ളയോടെതിർത്തു നല്ല മട്ടില്

ഏറനാട്ടിൻ ധീര മക്കള് ചോരചിന്തിയ നാട്ടില്
ചീറിടും പീരങ്കികൾക്ക് മാറുകാട്ടിയ നാട്ടില്”

1921ലെ മനുഷ്യക്കുരുതികൾക്ക് നേതൃത്വം നൽകിയ ഹിച്ച്കോക്കിന്‍റെ ഒരു പ്രതിമ, മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രം മോങ്ങത്ത് ഉണ്ടായിരുന്നു. 1944ൽ ആ പ്രതിമക്കെതിരെയുള്ള സമരത്തിന് കമ്പളത്ത് ഗോവിന്ദൻ നായർ എഴുതിയ പാട്ടാണിത്. കമ്മ്യൂണിസ്റ്റുകാരനായ അദ്ദേഹത്തിന് ബ്രിട്ടിഷ് വിരുദ്ധവും ജന്മി വിരുദ്ധവുമായ എഴുത്തുകൾ കാരണത്താൽ ജോലി നഷ്ടപ്പെട്ടു. അധികാരികൾ പല തവണ മർദ്ദിക്കുകയും കൈവിരലുകൾ തല്ലിച്ചതക്കുകയും ചെയ്തു. ഈ പാട്ട് പ്രസിദ്ധീകരിച്ച ‘ദേശാഭിമാനി’ കണ്ടു കെട്ടി. മലബാര്‍ വിപ്ലവവും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ചരിത്രവും സിനിമയും വീണ്ടും ചര്‍ച്ചാ വിഷയമായ കാലത്ത് ‘കണ്ടുക്കെട്ടിയ’ കമ്പളത്തിന്‍റെ പാട്ട് സൂഫി ഗായകന്‍ സമീര്‍ ബിന്‍സി പാടുന്നു…

വരികൾ:
അന്നിരുപത്തൊന്നിൽ നമ്മളിമ്മലയാളത്തില്
ഒന്നുചേർന്നു വെള്ളയോടെതിർത്തു നല്ല മട്ടില്

ഏറനാട്ടിൻ ധീര മക്കള് ചോരചിന്തിയ നാട്ടില്
ചീറിടും പീരങ്കികൾക്ക് മാറുകാട്ടിയ നാട്ടില്

വാരിയൻകുന്നത്ത് വീര കുഞ്ഞഹമ്മദാജിയും
വാശിമൂത്ത മൂപ്പരുടെ കൂടെ കൂട്ടമായിയും
കോഴികൊത്തും പോലെയന്ന് ബാപ്പമാർ എളാപ്പമാർ
കോഴിക്കോട്ടിന്നപ്പുറം പൊരുതിയ മൂത്താപ്പമാർ
ഞമ്മളെത്തറ ബാപ്പമാരെ കേറ്റിയന്ന് തൂക്കിന്
ഞമ്മളുമ്മപെങ്ങമ്മാരെ കാട്ടിയ ഹലാക്കിന്
ഉപ്പാപ്പമാരെ താടി നുള്ളി സൂചി കേറ്റി കാലില്
അപ്പുറം കടൽക്ക് കൊണ്ടോയാക്കി അന്തമാനില്

പോലചിപ്പം പോലെ അട്ടിക്കിട്ട് തീവണ്ടിയില്
ആലയത്തിന്നുള്ളിലിട്ട് കരിച്ചവർ പല നാട്ടില്

മക്കളെ നിരത്തിനിർത്തി ബാപ്പമാരുടെ നെഞ്ചില്
തോക്കിനാൽ നിറയൊഴിച്ച് രസിച്ചവർ കേമത്തില്
നമ്മളുണ്ടാക്കുന്ന നെല്ല് ജന്മിമാരെ തീറ്റുവാൻ
സമ്മതിക്കില്ലെന്നതാണ് ഹേതു ഏറ്റുമുട്ടുവാൻ
നമ്മളുടെ കാശ് വാങ്ങിംഗ്ലണ്ടിലേക്കയക്കുവാൻ
സമ്മതിക്കില്ലെന്നതാണ് ഹേതു ഏറ്റുമുട്ടുവാൻ

കണ്ടപോൽ തീയുണ്ട പെയ്തുപെയ്തു പൂക്കോട്ടൂരിനെ
കണ്ടമാനം ചോരക്കളമായ് മാറ്റിയ സർക്കാരിനെ

എത്ര ധീര മാപ്പിളസ്ത്രീകൾക്കെഴും പരിശുദ്ധിയെ
ഉത്തമഭൂവായിടും മലനാടിതിന്നഭിവൃദ്ധിയെ
തോക്കിനാൽ കയ്യൂക്കിനാൽ കവർച്ചചെയ്ത കൂട്ടരേ
നീക്കുപോക്കില്ലാതെ കൂട്ടക്കൊല നടത്തിയ ദുഷ്ടരേ
ഏറിടുന്ന വീറോടെ എതിർത്ത് നിങ്ങള് ധീരരേ
മാറ്കാട്ടി നാട്ടിൻമാനം കാത്ത് നിങ്ങള് വീരരേ

മഞ്ചേരി നിന്നഞ്ചാറ് മൈല് ദൂരവേ മോങ്ങത്തില്
സഞ്ചരിക്കുന്നോർക്ക് കാണാറാകുമാ നിരത്തില്
ചത്ത്പോയ ഹിച്ച്കോക്ക് സായിപ്പിൻ്റെ സ്മാരകം
ചാത്തനെ കുടിവെച്ചപോലെ ആ ബലാലിൻ സ്മാരകം

നമ്മളുടെ നെഞ്ചിലാണാ കല്ല് നാട്ടിവെച്ചത്
നമ്മളുടെ കൂട്ടരെയാണാ സുവറ് കൊന്നത്
രാജ്യസ്നേഹം വീറുകൊണ്ട ധീരരുണ്ടീ നാട്ടില്
രക്ഷവേണമെങ്കിൽ മണ്ടിക്കാട്ടവർ ഇംഗ്ലണ്ടില്.

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail