ശൂദ്രർക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടം ഓര്‍മ്മവരുന്നു


_ ടി എസ് അനില്‍കുമാര്‍

ബ്രാഹ്മണാധിപത്യ കാലഘട്ടത്തിൽ ഗുരുകുല വിദ്യാഭ്യാസ രീതിയായിരുന്നു. പാഠ്യപദ്ധതി തയ്യാറാക്കിയിരുന്നത് ചാതുർവർണ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഓരോ ജാതി വിഭാഗങ്ങൾക്കും നൽകിയിരുന്ന വിദ്യാഭ്യാസം അവരുടെ തൊഴിലുകളുമായി ബന്ധപ്പെടുത്തിയായിരുന്നു. “ശൂദ്രർക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം നിഷേധിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.

ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിനു ശേഷം 1835ലാണ് മെക്കാളെ പ്രഭു ഒരു വിദ്യാഭ്യാസ രേഖ തയ്യാറാക്കുന്നത്. “നിറത്തിലും രക്തത്തിലും ഇന്ത്യക്കാരനായിരിക്കുക”, അതേസമയം അഭിപ്രായങ്ങളിലും അഭിരുചികളിലും സദാചാരം, ബുദ്ധി എന്നിവയിൽ ഇംഗ്ലീഷുകാരനായിരിക്കുകയും ചെയ്യുന്ന ഇന്ത്യക്കാരെ സൃഷ്ടിച്ചെടുക്കുന്ന മെക്കാളെ വിദ്യാഭ്യാസ രീതിയാണ് ഇന്നും നമ്മൾ പിന്തുടരുന്നത്. ഈ രീതിയെ വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്നുള്ളതിൽ സംശയമില്ല. വിദ്യാർത്ഥികളെ ‘കരിയറിസ്റ്റുക”ളായി രൂപപ്പെടുത്തുന്ന, ആഗോള വിപണിക്ക് ആവശ്യമായ ” പ്രൊഫഷണലുകളെ “ഉൽപ്പാദിപ്പിക്കുകയാണ് പുത്തൻ നവ കൊളോണിയൽ കാലത്തെ വിദ്യാഭ്യാസം. അതുകൊണ്ടാണ് ദരിദ്ര – ദലിത്, ആദിവാസി വിദ്യാർത്ഥികൾ പുത്തൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നും പുറത്താക്കപ്പെടുന്നത്.

നിലനിൽക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെ പൊളിച്ചെഴുതുകയും “ശാസ്ത്രീയവും ജനകീയവുമായ” വിദ്യാഭ്യാസ രീതി അവലംബിക്കുന്നതിലൂടെ മാത്രമേ ഏറ്റവും പിന്നോക്കം നിൽക്കുന്ന ദരിദ്രർക്ക്, ആദിവാസികൾക്ക്, ദലിതർക്ക് വിദ്യ സ്വായത്തമാക്കാൻ കഴിയൂ.

Click Here