കൊലപാതകത്തിന് ഗാന്ധിയെ കൂട്ടുപിടിക്കുന്നവർ
ചൂഷണമുക്തമായ ഒരു ലോകം നിർമ്മിക്കപ്പെടുന്നത് വരെ ജലീൽ ആ സത്യം വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കും…
അഡ്വ. തുഷാർ നിർമ്മൽ സാരഥി
‘ന്യായമായ ഒരു കാരണത്തിനു സത്യം ഒരിക്കലും ഹാനി വരുത്തുകയില്ല’ എന്ന ഗാന്ധിയുടെ വാചകം ഉദ്ധരിച്ചാണ് വയനാട് ജില്ലാ കളക്ടർ ജലീലിന്റെ കൊലപാതകം സംബന്ധിച്ച മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് ആരംഭിക്കുന്നത്. അത് ഒരു കുറ്റസമ്മതം ആയിരുന്നു. ജലീലിൻ്റെ കൊല്ലുക എന്നത് ന്യായമായ ഒരു കാര്യമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിൽ ആണെന്ന സത്യം ആ ന്യായമായ കാര്യത്തിന് ഹാനി വരുത്തുന്നില്ല എന്നതാണ് ആ കുറ്റസമ്മതം. ജലീൽ കൊല്ലപ്പെടാൻ അർഹനാകുന്നത് എങ്ങനെയാണ്?
ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹം നിരോധിത മാവോയിസ്റ്റ് പാർട്ടി അംഗമായിരുന്നു എന്ന ഒറ്റ കാരണം തന്നെ ധാരാളമാണ് . ഈ ഭരണകൂടയുക്തിക്കു നീതീകരണം ചമയ്ക്കാൻ സാക്ഷാൽ ഗാന്ധിയെ തന്നെ അവതരിപ്പിച്ചു വയനാട് ജില്ലാ കളക്ടർ. ജലീലിന് ശേഷം വീണ്ടും അഞ്ചുപേരെ കൂടി അരുംകൊല ചെയ്തു ഭരണകൂടം. ഇതേ രാഷ്ട്രീയ യുക്തിയുടെ തനിയാവർത്തനം ഈ സംഭവങ്ങളിൽ ഒക്കെ കാണാം. യാതൊരു വിചാരണയും കൂടാതെ കൊല്ലാനും കൊല്ലപ്പെടാനും അർഹതയുള്ളവർ എന്ന വേർതിരിവിനു മാവോയിസ്റ്റ് എന്ന മുദ്രണം മതിയാകുന്ന അവസ്ഥയിലേക്ക് കഴിഞ്ഞ അഞ്ചു വർഷത്തിനിടക്കു കേരളവും എത്തിയിരിക്കുന്നു. നിയമവാഴ്ചയും, ഭരണഘടനയും മൗലികാവകാശങ്ങളും ഇവിടെ എത്തുമ്പോൾ വെറും നോക്കുകുത്തികളാകുന്നു.
പക്ഷെ ചരിത്രത്തിന്റെ വൈരുധ്യാത്മകമായ വികാസപ്രക്രിയയിൽ വയനാട് കളക്ടറുടെ രാഷ്ട്രീയ യുക്തി കീഴ്മേൽ മറിയുന്നത് കാണാം. അനീതിക്കെതിരെ കലാപം ചെയ്യുക എന്ന ന്യായത്തിനു ആയുധമേന്തി എന്ന സത്യം കോട്ടം വരുത്തുകയില്ല എന്ന വസ്തുത തെളിഞ്ഞു വരുന്നത് അവിടെ കാണാം. ചൂഷണമുക്തമായ ഒരു ലോകം നിർമ്മിക്കപ്പെടുന്നത് വരെ ജലീൽ ആ സത്യം വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കും.