ഓർക്കുക, യോഗിയുടെ യുപിയാണ്!

“സിദ്ധീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് പറയുന്നത്, സിദ്ധീഖ് കാപ്പൻ ഹൃദയ സംബന്ധമായ അസുഖവും കടുത്ത പ്രമേഹവുമുള്ള ആളാണ് എന്നാണ്. കോവിഡ്‌ ബാധിച്ചാൽ ഏറ്റവും അപകടം ചെയ്യുന്ന അവസ്ഥയിലുള്ള വ്യക്തിയാണ് സിദ്ധീഖ് കാപ്പൻ. ചികിത്സ നൽകുന്നതിലെ നേരിയ പിഴവ് പോലും മതി കാര്യങ്ങൾ കൈവിട്ട് പോവാൻ. യോഗിയുടെ പൊലീസ് മനുഷ്യത്വമെന്നത് തൊട്ടുതീണ്ടാത്ത വർഗ്ഗമാണ്…”
_ നാസർ മാലിക്

ഇല്ലാത്ത ഭീകരവാദ കുറ്റം ആരോപിച്ചുകൊണ്ട് ഭോപ്പാൽ സെൻട്രൽ ജയിലിലടച്ച ഒൻപത് മുസ്‌ലിം യുവാക്കൾ വർഷങ്ങൾ നീണ്ട നിയമപോരാട്ടം നടത്തി അനുകൂല വിധി വരാനിരിക്കെയാണ് ജയിൽ ചാടാൻ നോക്കി എന്ന പച്ചക്കള്ളം പറഞ്ഞു കൊണ്ട് ഒൻപത് മുസ്‌ലിം യുവാക്കളെ പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊന്നുകളഞ്ഞത്. ഹിന്ദുത്വ ബ്യുറോക്രസിയും ഡീപ്പ്‌ സ്റ്റേറ്റും നടത്തിയ മുസ്‌ലിം വംശഹത്യകളിലെ ഒരു പ്രതികളും ഇന്ത്യയിൽ ശിക്ഷിക്കപ്പെടില്ല എന്നതുകൊണ്ട് തന്നെ ഭോപ്പാൽ വ്യാജ ഏറ്റുമുട്ടലിൽ പൊലീസ് ഭാഷ്യം ഇവിടെത്തെ പൊതുബോധം അപ്പാടെ വിഴുങ്ങുകയാണുണ്ടായത്.

ഒറ്റപ്പെട്ട നീതിക്കുവേണ്ടിയുള്ള ചില ശബ്ദങ്ങൾ മാറ്റി നിർത്തിയാൽ മുസ്‌ലിം സംഘടനകൾ പോലും ഭോപ്പാൽ അടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധത്തിന് മുതിർന്നില്ല. ഭൂരിപക്ഷ വികാരം മാനിക്കണം എന്ന പേരിൽ മുഖ്യധാരാ മതേതര പാർട്ടികൾ എന്നവകാശപ്പെടുന്നവരും വാ തുറന്നില്ല. പ്രതിഷേധിച്ച മുസ്‌ലിം സംഘടനകളെ തീവ്രവദികളും മുസ്‌ലിങ്ങൾ അല്ലാത്തവരെ അർബൻ നക്സൽവാദികളുമാക്കി രാജ്യരക്ഷയുടെ മറവിൽ ഹിന്ദുത്വ സ്റ്റേറ്റ് ഭോപ്പാൽ കേസ് ഒതുക്കി.

ഇവിടെയാണ് സിദ്ധീഖ് കാപ്പന്റെ കാര്യത്തിൽ കടുത്ത ആകുലത ഉടലെടുക്കുന്നത്. സിദ്ധീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് പറയുന്നത്, സിദ്ധീഖ് കാപ്പൻ ഹൃദയ സംബന്ധമായ അസുഖവും കടുത്ത പ്രമേഹവുമുള്ള ആളാണ് എന്നാണ്. കോവിഡ്‌ ബാധിച്ചാൽ ഏറ്റവും അപകടം ചെയ്യുന്ന അവസ്ഥയിലുള്ള വ്യക്തിയാണ് സിദ്ധീഖ് കാപ്പൻ. ചികിത്സ നൽകുന്നതിലെ നേരിയ പിഴവ് പോലും മതി കാര്യങ്ങൾ കൈവിട്ട് പോവാൻ. യോഗിയുടെ പൊലീസ് മനുഷ്യത്വമെന്നത് തൊട്ടുതീണ്ടാത്ത വർഗ്ഗമാണ്, പാർശ്വവൽകൃതരായ വിഭാഗങ്ങൾ തെരുവിൽ ഓക്സിജൻ സിലിണ്ടർ വലിച്ചു കിടക്കുന്ന ദയനീയ കാഴ്ച്ചയും നാം യോഗിയുടെ യുപിയിൽ നിന്ന് കണ്ടതാണ്.

വ്യാജ ഏറ്റുമുട്ടൽ കൊലകൾ നടത്തി മുസ്‌ലിങ്ങളെ കൊന്ന് തള്ളിയാൽ ചോദ്യങ്ങൾ ഉയരാത്ത നാട്ടിൽ ഒരു കോവിഡ്‌ രോഗിയെ വേണ്ട ചികിത്സ നൽകാതെ അപകടപ്പെടുത്താൻ ഹിന്ദുത്വ സ്റ്റേറ്റിന് ഒരു പ്രയാസവും കാണില്ല. സിദ്ധീഖ് കാപ്പന് വേണ്ടി സംസ്ഥാന സർക്കാരും കേരളത്തിലെ എല്ലാം എംപിമാരും മുസ്‌ലിം സംഘടനകളും മാധ്യമ യൂണിയനും ഒരുപോലെ ഇടപെടേണ്ട ഘട്ടമാണ് ഇത്. ശക്തവും സംയുക്തവുമായ പ്രതിഷേധം ഉയർന്നില്ലെങ്കിൽ അത് ഹിന്ദുത്വ സ്റ്റേറ്റിന് എന്തും ചെയ്യാനുള്ള അനുവാദം ആയിരിക്കും. എല്ലാം കഴിഞ്ഞിട്ട് ഇരകൾക്ക് വേണ്ടിയും അവരുടെ കുടുംബത്തിന് വേണ്ടിയും സമാധാനം നേരുന്നതിന് പകരം ഇടപെടേണ്ട സമയത്ത് ഇടപെടുകയാണ് വേണ്ടത്. ഓർക്കുക യോഗിയുടെ യുപിയാണ്!

Like This Page Click Here

Telegram
Twitter