അശാന്തിയുടെ പുസ്തകം | ഫെർണാണ്ടോ പെസൊവ
“ഒന്നും എന്നെ സ്പർശിക്കുന്നില്ല; ഞാൻ സ്നേഹിക്കുന്ന ഒരാളുടെ മരണം പോലും എന്നിൽ നിന്നത്രയകലെ, ഒരു വിദേശഭാഷയിൽ സംഭവിച്ചപോലെയാണ് എനിക്കു തോന്നുക. എനിക്കൊന്നും ചെയ്യാൻ കഴിയില്ല; ഞാൻ ഉറക്കത്തിലാണെന്നപോലെ…”
അശാന്തിയുടെ പുസ്തകം, ഫെർണാണ്ടോ പെസൊവ
വിവർത്തനം: വി രവികുമാർ
കടുത്ത നിഷ്ക്രിയതയുടെ കാലങ്ങളിലൂടെ ഞാൻ കടന്നുപോകാറുണ്ട്. ഇതുകൊണ്ട് ഞാൻ അർത്ഥമാക്കുന്നത്, മിക്കവരുടേയും കാര്യത്തിലെന്നപോലെ, ഒരാൾ അടിയന്തിരമായ ഒരു കത്തെഴുതിയതിന് ഒരു പോസ്റ്റ്കാർഡിൽ മറുപടിയെഴുതാൻ ഞാൻ ദിവസങ്ങൾ എടുക്കുമെന്നല്ല. ഞാൻ അർത്ഥമാക്കുന്നത്, മിക്കവരേയും പോലെ, എനിക്കുപയോഗപ്രദമെന്നു വരാവുന്നതോ എനിക്കു സന്തോഷപ്രദമാകാവുന്നതോ ആയ, അനായാസം ചെയ്യാവുന്നതുമായ, എന്തെങ്കിലും ചെയ്യുന്നത് ഞാൻ അനന്തകാലം നീട്ടിക്കൊണ്ടുപോകുന്നു എന്നുമല്ല. എനിക്കെന്നോടുതന്നെയുള്ള തെറ്റിദ്ധാരണ അതിലും സൂക്ഷ്മമാണ്. സ്വന്തം ആത്മാവുതന്നെ കെട്ടിക്കിടക്കുന്ന അവസ്ഥയാണെന്റേത്. ഇച്ഛയുടെ, വികാരത്തിന്റെ, ചിന്തയുടെ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഒരു നിശ്ചലാവസ്ഥ ഞാനനുഭവിക്കുന്നു. എന്റെ മനസ്സിലുള്ളത് എനിക്കന്യരോടേ പറയാൻ കഴിയൂ; അവരിലൂടെയാണ് ഞാൻ എന്നെ മനസ്സിലാക്കുന്നതും; വാക്കുകളിലും ചേഷ്ടകളിലും ശീലങ്ങളിലും നിർജ്ജീവമായ അവസ്ഥയിലാണ് എന്റെയാത്മാവ്.
നിഴലടഞ്ഞ ഇങ്ങനെയുള്ള നേരങ്ങളിൽ ചിന്തിക്കാനോ വികാരങ്ങളറിയാനോ ആഗ്രഹിക്കാനോ എനിക്കു കഴിയാതാവുന്നു. എനിക്കാകെക്കൂടി എഴുതാൻ കഴിയുന്നത് അക്കങ്ങളാണ്, അല്ലെങ്കിൽ വെറും കുത്തും വരയും മാത്രമാണ്. ഒന്നും എന്നെ സ്പർശിക്കുന്നില്ല; ഞാൻ സ്നേഹിക്കുന്ന ഒരാളുടെ മരണം പോലും എന്നിൽ നിന്നത്രയകലെ, ഒരു വിദേശഭാഷയിൽ സംഭവിച്ചപോലെയാണ് എനിക്കു തോന്നുക. എനിക്കൊന്നും ചെയ്യാൻ കഴിയില്ല; ഞാൻ ഉറക്കത്തിലാണെന്നപോലെ, എന്റെ ചേഷ്ടകളും വാക്കുകളും ചെയ്തികളും ബാഹ്യമായ ഒരു ശ്വാസോച്ഛ്വാസം പോലെ, ഏതോ ജീവിയുടെ താളാത്മകമായ ചോദന പോലെ.
അങ്ങനെ ദിവസങ്ങൾ കടന്നുപോകുന്നു; ആ ദിവസങ്ങളുടെ കണക്കെടുത്താൽ എന്റെ ജീവിതത്തിന്റെ എത്ര ഭാഗം വരുമെന്നു പറയാൻ എനിക്കു കഴിയില്ല. ചിലപ്പോൾ ഞാൻ ചിന്തിക്കാറുണ്ട്, നിശ്ചേഷ്ടമായ ആ ഉടയാടകൾ ഒടുവിൽ ഞാൻ ഉരിഞ്ഞുകളഞ്ഞുവെന്നിരിക്കട്ടെ, ഞാൻ സങ്കൽപ്പിക്കുന്നപോലെ അത്ര നഗ്നനായിട്ടാവില്ല ഞാൻ നിൽക്കുക; എന്റെ യഥാർത്ഥമായ ആത്മാവിന്റെ നിത്യാഭാവത്തെ മറയ്ക്കുവാൻ അദൃശ്യമായ ചില ചമയങ്ങൾ എനിക്കുണ്ടായെന്നു വന്നേക്കാം. എനിക്കു തോന്നാറുണ്ട്, കൂടുതൽ വ്യക്തിപരമായ ഒരു ചിന്താപ്രക്രിയയുടെ, ഞാൻ യഥാർത്ഥത്തിൽ എന്താണോ ആ രാവണൻ കോട്ടയിലെവിടെയോ വഴി തുലഞ്ഞുപോയ ഒരിച്ഛയുടെ നിശ്ചേഷ്ടരൂപങ്ങളാണ് ചിന്തിക്കുക, വികാരമറിയുക, ആഗ്രഹിക്കുക എന്നതൊക്കെയെന്ന്.
സത്യമെന്തായാലും അതങ്ങനെതന്നെയാവട്ടെ. ദേവന്മാരും ദേവിമാരുമായി ആരൊക്കെയുണ്ടോ, അവർക്കു ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു; മറന്നുപോയ ഏതോ വാഗ്ദാനത്തിനനുസരിച്ച് വിധി എന്തയച്ചാലും ഭാഗ്യം എന്തു തന്നാലും അതിനു ഞാൻ വിധേയനാവുകയും ചെയ്യാം.
_ അശാന്തിയുടെ പുസ്തകം, ഫെർണാണ്ടോ പെസൊവ
വിവർത്തനം: വി രവികുമാർ
Buy Bow – The Book of Disquiet by Fernando Pessoa
Follow us on | Facebook | Instagram | Telegram | Twitter | Threads