വിൻസന്‍റിന്‍റെ ചെവി

ചീവീടുകൾക്കില്ല,
ഗോതമ്പുപാടങ്ങളുടെ പൊള്ളുന്ന തുടകൾക്കില്ല,
ലില്ലിപ്പൂക്കളുടെ ധ്യാനസ്ഥവർണ്ണങ്ങൾക്കില്ല,
തെക്കൻനാടുകളുടെ കിരാതവെളിച്ചത്തിനു പോലുമില്ല,
ഇനിമേൽ നിന്റെ നെഞ്ചിലൊരിടം;
മുറിപ്പെട്ട പ്രാപ്പിടിയനെപ്പോലെ
കാതിന്റെ ചോരവാർച്ച നിലയ്ക്കുന്നേയില്ല;
അതൊലിപ്പിക്കുന്നു,
കറുത്ത, വിഭ്രാന്തമായ സ്നേഹം,
ലോകത്തെ മുക്കിത്താഴ്ത്തുന്ന സ്നേഹം,
താനറിയാതെ, എന്തിനെന്നറിയാതെ,
അവമാനിതമായും.
_ യൂജെനിയോ ദെ അന്ദ്രാദെ
പരിഭാഷ _ വി രവികുമാര്‍

ഇത് വാൻ ഗോഗിന്റെ “Self-portrait with Bandaged Ear ” എന്ന ചിത്രമാണ്‌. സമാനമനസ്കരായ ചിത്രകാരന്മാരുടെ ഒരു കോളനി സ്ഥാപിക്കണമെന്ന ആഗ്രഹത്തോടെ വാൻ ഗോഗ് പാരീസിൽ നിന്ന് ആർലേയിലേക്കു താമസം മാറ്റി. പാരീസിൽ വച്ചു പരിചയപ്പെട്ട പോൾ ഗോഗാങ്ങിനെ (Paul Gaugin) അദ്ദേഹം തന്നോടൊപ്പം താമസിക്കാൻ ക്ഷണിച്ചു. പക്ഷേ സഹവാസത്തിനു വേണ്ട ചേർച്ച ഇരുവർക്കുമിടയിൽ ഉണ്ടായില്ല. തർക്കങ്ങളും കലഹങ്ങളും പതിവായി.

1888 ഡിസംബർ 23ന്‌ ഇങ്ങനെയൊരു വഴക്കിനിടയിൽ വാൻ ഗോഗ് ഒരു കത്തിയെടുത്ത് ഗോഗാങ്ങിനെ ഭീഷണിപ്പെടുത്തി; എന്നിട്ടു പക്ഷേ, അദ്ദേഹം സ്വയം മുറിവേല്പിക്കുകയാണുണ്ടായത്. ഇടതു ചെവിയുടെ കീഴ്ഭാഗം അറ്റുവീണു. വാൻ ഗോഗ് അതും കൊണ്ട് അടുത്തുള്ള ഒരു വേശ്യാലയത്തിൽ ചെന്ന് റേച്ചൽ എന്നു പേരുള്ള ഒരു സ്ത്രീയ്ക്ക് അതു സമ്മാനിക്കുകയും ചെയ്തു.

അടുത്ത ദിവസം കാലത്ത് ഗോഗാങ്ങ് വരുമ്പോൾ മുറിയിൽ ചോര തളം കെട്ടിക്കിടന്നിരുന്നു. കഴുത്തിലെ ധമനി മുറിഞ്ഞ് വാൻ ഗോഗ് അർദ്ധപ്രാണനായി കിടക്കുകയായിരുന്നു. അദ്ദേഹത്തെ ഉടനേ തന്നെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. എന്തു നടന്നുവെന്ന് തനിക്ക് ഒരോർമ്മയുമില്ലെന്നാണ്‌ വാൻ ഗോഗ് പിന്നീടു പറഞ്ഞത്.

ഈ ചിത്രത്തെ ആധാരമാക്കി പോര്‍ച്ചുഗീസ് കവിയായ യൂജെനിയോ ദെ അന്ദ്രാദെ എഴുതിയ കവിതയാണ് വിൻസന്‍റിന്‍റെ ചെവി.

Follow us on | Facebook | Instagram Telegram | Twitter

Leave a Reply