I Am Going From The World എന്നെഴുതിവെച്ച് ഈ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തിട്ട് 15 വർഷമാകുന്നു

“I Am Going From The World” എന്ന്‌ നോട്ടുബുക്കില്‍ കുറിച്ചിട്ട്‌ കേരള പ്രവേശന കമ്മീഷണര്‍ ഓഫീസിന്‍റെ ആറാം നിലയില്‍ നിന്നും ചാടി രജനി എസ്‌ ആനന്ദ്‌ എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിട്ട് 15 വർഷമാകുന്നു.

എസ്‌. എസ്‌. എല്‍. സിക്കും പ്ലസ്‌ടുവിനും ഉയര്‍ന്ന മാര്‍ക്കുണ്ടായിട്ടും ദരിദ്രയായതുകൊണ്ട്‌ ഫീസ് കൊടുക്കാന്‍ നിവൃത്തിയില്ലാത്ത കാരണത്താല്‍ രജനിക്ക് പഠനം നിഷേധിച്ചു. സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജിലെ പഠനം തുടരാന്‍ ആഗ്രഹിച്ച അവള്‍, വിദ്യാഭ്യാസ വായ്പ നിഷേധിക്കപ്പെട്ടതിന്‍റെ വേദനയും അമര്‍ഷവും പ്രതിഷേധവും കൊണ്ടു 2004 ജൂലൈ 22നു ആത്മഹത്യ ചെയ്തു.

രജനിയുടെ മരണത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും, ഇന്നും രാജ്യമൊട്ടാകെയുള്ള ആദിവാസി, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ അവസ്ഥയില്‍ വലിയ മാറ്റമൊന്നുമില്ല. രജനിക്കു ശേഷം ഇന്നും അതേ കാരണങ്ങളാല്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ തുടരുന്നു, കേരളത്തിലും രാജ്യമൊട്ടാകെയും അനവധി പേരുകള്‍ നമ്മള്‍ ഇതിനിടയില്‍ കേട്ടു, പ്രക്ഷോഭങ്ങളുണ്ടായി.

രജനിയുടെ മരണം നടന്ന കേരളത്തിലാകട്ടെ, എല്‍.ഡി.എഫ്-യു.ഡി.എഫ് സര്‍ക്കാരുകളും കോടതി -നിയമ സംവിധാനങ്ങളും വിദ്യാഭ്യാസ കച്ചവടം കൊഴുപ്പിച്ചു. വിദ്യാഭ്യാസ വായ്പയെടുത്ത് ജപ്തി ഭീഷണി നേരിടുന്ന അനേകം വിദ്യാര്‍ത്ഥികളുണ്ട്. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കുകള്‍ തുടരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതീയതയും വംശീയതയും രൂക്ഷമായി. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത കനിയായി ഇന്ത്യയിലെ വിദ്യാഭ്യാസ മേഖല മാറുന്നു.

രജനി എസ് ആനന്ദിനെ വിദ്യാര്‍ത്ഥി സംഘടനകളും മറന്നു കഴിഞ്ഞിരിക്കുന്നു. ആഘോഷിക്കപ്പെടുന്ന കേരള മാതൃകയിലെ Institutional Murder, അതെ രജനി എസ് ആനന്ദിന്‍റെത് ഒരു കൊലപാതകമാണ്. സര്‍ക്കാരിനും ഭരണവര്‍ഗ പാര്‍ട്ടികള്‍ക്കും വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കും ഈ പെണ്‍കുട്ടിയുടെ രക്തത്തില്‍ പങ്കുണ്ട്.

Leave a Reply