അതെ, ഒരു യുദ്ധാവസ്ഥ തന്നെ ഇന്ന് നിലവിലുണ്ട്

“ഇന്ത്യൻ തൊഴിലാളികളും ജനങ്ങളും, പ്രത്യേകിച്ച് ആദിവാസികളും അവരനുഭവിക്കുന്ന ചൂഷണത്തിൽ നിന്നോ കൊള്ളയിൽ നിന്നോ സ്വാതന്ത്ര്യം നേടിയിട്ടില്ല…”
_ ഹിമാൻശു കുമാർ, ഗാന്ധിയൻ

2022 ഓഗസ്റ്റ് 26-ന് ഗാന്ധിയനും മനുഷ്യാവകാശ പ്രവർത്തകനുമായ ഹിമാൻശു കുമാറുമായി, എറണാകുളത്ത് വെച്ച് ‘ഏഷ്യൻ സ്പീക്‌സ്’, ‘അറോറ ഓൺലൈൻ’ എന്നീ ഓൺലൈൻ മാധ്യമങ്ങൾക്ക് വേണ്ടി, റിജാസ് എം സിദ്ധിഖ് ഒരു അഭിമുഖം നടത്തുകയുണ്ടായി. യുഎ(പി)എയ്‌ക്കെതിരായ മനുഷ്യാവകാശ കൺവെൻഷനിൽ പ്രസംഗിക്കാനായ് കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം. ഒരു മണിക്കൂർ നീണ്ട സംഭാഷണത്തിനിടയിൽ, അദ്ദേഹത്തിൽ ഭഗത് സിങ്ങിന്റെ വാക്കുകൾ പ്രതിധ്വനിച്ചു, “ഇന്ത്യയിൽ ഒരു യുദ്ധാവസ്ഥ നിലനിൽക്കുന്നുണ്ട്, അധ്വാനിക്കുന്ന ജനസമൂഹവും പ്രകൃതി വിഭവങ്ങളും ഒരുപിടി പരാന്നഭോജികൾ ചൂഷണം ചെയ്യുന്നിടത്തോളം കാലം അത് നിലനിൽക്കും. അവർ പൂർണ്ണമായും ബ്രിട്ടീഷ് മുതലാളിമാരോ ബ്രിട്ടീഷുകാരും ഇന്ത്യക്കാരും കൂടിച്ചേർന്നവരോ അല്ലെങ്കിൽ പൂർണ്ണമായും ഇന്ത്യക്കാരോ ആകാം”.

റിജാസ്: ഗോമ്പാഡ് കൂട്ടക്കൊലയിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടതിന്, സുപ്രീം കോടതി നിങ്ങൾക്ക് പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെയാണ് മലയാളി നിങ്ങളെ കുറിച്ച് അറിഞ്ഞു തുടങ്ങുന്നത്, നിങ്ങളുടെ ജീവിതത്തെക്കുറിച്ച്?

ഹിമാൻശു: ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് ഞാൻ ജനിച്ചത്. 57 വയസ്സായി. ഗാന്ധിയനായിരുന്ന എന്റെ അച്ഛൻ പ്രകാശ് ഭായ് 1946-ൽ ഗാന്ധിയോടൊപ്പം സേവാഗ്രാമിൽ ജോലി ചെയ്തിരുന്നു. എന്റെ ഭാര്യയും രണ്ട് പെൺമക്കളും ഹിമാചൽ പ്രദേശിലാണ് താമസിക്കുന്നത്. ഞാൻ കൊമേഴ്സിൽ ബിരുദവും ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. യുഗാംഗ് എന്ന പത്രത്തിന്റെ എഡിറ്ററായി ഡൽഹിയിൽ സേവനമനുഷ്ഠിച്ചതിന് ശേഷം ഗുജറാത്തിലെ ആദിവാസികൾക്കൊപ്പം മൂന്ന് വർഷം പ്രവർത്തിച്ചു. വിവാഹം കഴിഞ്ഞ് 20 ദിവസങ്ങൾക്ക് ശേഷം ആദിവാസികൾക്കൊപ്പം താമസിക്കാനും ജോലി ചെയ്യാനും വേണ്ടി ഞാൻ ഭാര്യയോടൊപ്പം ഛത്തീസ്ഗഢിലെ ദന്തേവാഡയിലേക്ക് താമസം മാറി.

ഗ്രാമങ്ങളിൽ പോകാനും ഗ്രാമങ്ങളിൽ ജോലി ചെയ്യാനും യുവാക്കളോടുള്ള ഗാന്ധിയുടെ ഉപദേശം ഗാന്ധിസത്തെ തിരഞ്ഞെടുക്കാൻ എനിക്ക് പ്രചോദനമായി. ഗ്രാമവാസികൾ ഞങ്ങൾക്കായി ഒരു കോട്ടേജ് നിർമ്മിച്ചു തന്നു. 1,000ത്തോളം തൊഴിലാളികളോടു കൂടിയ ഒരു ആശ്രമം ദന്തേവാഡയിലെ നേന്ദ്ര ഗ്രാമത്തിൽ ഞങ്ങൾ ആരംഭിച്ചു. പല ജില്ലകളിലായി ജോലി ചെയ്തു. എന്നിരുന്നാലും, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം, ഉദാരവൽക്കരണം തുടങ്ങിയ പുതിയ സാമ്പത്തിക നയങ്ങൾ ഉയർന്നുവന്നപ്പോൾ, ഞങ്ങൾ മനുഷ്യാവകാശ പ്രശ്നങ്ങൾ കോടതികളിൽ കൊണ്ടുവരികയും ആദിവാസികൾക്കെതിരായ സൽവാ ജുദൂമിന്റെ അക്രമങ്ങൾ തുറന്നുകാട്ടുകയും ചെയ്തു. ഇത് ഞങ്ങളും സർക്കാരും തമ്മിൽ സംഘർഷത്തിന് കാരണമായി. അധികാരികൾക്ക് പ്രശ്‌നമാവാൻ തുടങ്ങിയപ്പോൾ ഛത്തീസ്ഗഢിൽ പ്രവേശിക്കുന്നതിൽ നിന്ന് എന്നെ വർഷങ്ങളോളം വിലക്കി.

റിജാസ്: 2009 ഒക്ടോബർ 1-ന് ഛത്തീസ്ഗഡിലെ ഗോമ്പാഡിൽ എന്താണ് സംഭവിച്ചത്?

ഹിമാൻശു: അന്നവിടെ 16 ആദിവാസികൾ കൊല്ലപ്പെട്ടു. രണ്ടു വയസ്സുള്ള ഒരു കുഞ്ഞിന്റെ വിരലുകൾ സുരക്ഷാ സേനയും സൽവാ ജുദും (ഇന്ത്യൻ ഭരണകൂടം നിയമവിരുദ്ധമായി, ആദിവാസികളേയും ഉൾപ്പെടുത്തി കൊണ്ടുണ്ടാക്കിയ സന്നദ്ധ സേന) ഛേദിച്ചു. ആദിവാസികൾ ഞങ്ങളെ ബന്ധപ്പെട്ടതിനെത്തുടർന്ന് അവരെ ഞങ്ങൾ ഡൽഹിയിലേക്ക് കൊണ്ടുപോയി ഒരു പത്രസമ്മേളനം സംഘടിപ്പിച്ചു. ഹർജിയും നൽകി. 13 വർഷത്തിന് ശേഷം ഒരു അന്വേഷണവുമില്ലാതെ കേസ് വ്യാജമാണെന്ന് സുപ്രീം കോടതി പറഞ്ഞു. അതിനാൽ, സുപ്രീം കോടതിയുടെ തീരുമാനം പുനഃപരിശോധിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടു. കാരണം, ഒരു അന്വേഷണവുമില്ലാതെ, അത് വ്യാജമാണെന്ന് അവർക്ക് എങ്ങനെ പറയാൻ കഴിയും?

റിജാസ്: ഗോമ്പാഡിൽ ഇന്ത്യൻ സുരക്ഷാസൈന്യം കൂട്ടക്കൊല ചെയ്ത ആദിവാസികൾക്ക് വേണ്ടി പോരാടിയതിന് താങ്കൾക്കെതിരെ സുപ്രീം കോടതി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. പിഴയടച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയുമുണ്ട്. ഈ ഭീഷണികളെ എങ്ങനെ കാണുന്നു?

ഹിമാൻശു: ഈ ഭീഷണികൾ എല്ലാം തന്നെ മനുഷ്യാവകാശങ്ങൾക്കും ആദിവാസികളുടെ അവകാശങ്ങൾക്കും നേരെയുള്ള ഭീഷണിയായാണ് ഞാൻ കാണുന്നത്. കോടതിയിൽ ആദിവാസികളെ പ്രതിനിധീകരിക്കുന്ന ഏതൊരു വ്യക്തിയും ശിക്ഷയെ അഭിമുഖീകരിക്കുന്നുണ്ട്. അത് ആദിവാസികളുടെ മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ മോശം സ്വാധീനം ചെലുത്തും. ഈ ഭീഷണികൾ ആദിവാസികൾക്ക് നേരെയുള്ള ഭീഷണിയായാണ് ഞാൻ കാണുന്നത്.

റിജാസ്: ആദിവാസികൾക്കിടയിൽ അവർക്കുവേണ്ടി പ്രവർത്തിച്ചവർ ഭീമ- കൊറേഗാവ് കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടു. പ്രത്യേകിച്ച് ഫാ. സ്റ്റാൻ സ്വാമി. നിങ്ങളെയും തടവിലാക്കാനാണോ ഫാസിസ്റ്റുകൾ പദ്ധതിയിടുന്നത്?

ഹിമാൻശു: അതെ, ഗോമ്പാട് കേസിലെ ഈ വിധി വന്നതു മുതൽ എപ്പോൾ വേണമെങ്കിലും എന്നെ അറസ്റ്റ് ചെയ്യാവുന്ന തരത്തിൽ സുപ്രീം കോടതി എനിക്കെതിരെ എഫ്ഐആർ അനുവദിച്ചിട്ടുണ്ട്.

റിജാസ്: ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചതിന് നിങ്ങളെപ്പോലുള്ള ഒരു ഗാന്ധിയനെ മാവോയിസ്റ്റ് എന്ന് വിളിക്കുമ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു?

ഹിമാൻശു: മാവോയിസ്റ്റ് എന്ന് മുദ്രകുത്തപ്പെട്ടത് ഞാൻ മാത്രമല്ല. ഭരണകൂടത്തെ എതിർക്കുന്ന എല്ലാവരെയും മാവോയിസ്റ്റുകളായി മുദ്രകുത്തുന്നതിൽ സർക്കാർ മിടുക്കനാണ്. അതുകൊണ്ട് തന്നെ എന്നെ അവർ മാവോയിസ്റ്റ് എന്ന് മുദ്രകുത്തുന്നതിൽ അതിശയിക്കാനില്ല. എന്നെ മാവോയിസ്റ്റ് എന്ന് വിളിച്ചിട്ടും അതൊരു മോശം പരാമർശമായി ഞാൻ കരുതുന്നില്ല. കാരണം മാവോയിസ്റ്റുകൾ മോശക്കാരാണെന്നും ജനവിരുദ്ധരാണെന്നും ഞാൻ വിശ്വസിക്കുന്നില്ല. പക്ഷെ, അവർ എന്നെ ആർ.എസ്.എസ് എന്നോ സംഘിയെന്നോ വിളിച്ചിരുന്നെങ്കിൽ എനിക്ക് വിഷമം തോന്നും.

റിജാസ്: കൂട്ടക്കൊല നടക്കുമ്പോൾ കേന്ദ്രത്തിൽ കോൺഗ്രസ് നയിക്കുന്ന സർക്കാരും ഛത്തീസ്ഗഢിൽ ബി.ജെ.പി.യുമായിരുന്നു ഭരണം. രാഷ്ട്രീയ അധികാരം മാറിയിട്ടും ആദിവാസികൾക്കെതിരായ അടിച്ചമർത്തൽ തുടരുകയാണ്. നിങ്ങൾ അതിനെ എങ്ങനെ കാണുന്നു?

ഹിമാൻശു: അടിസ്ഥാന അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല. ആദിവാസികളുടെ സ്ഥിതിയും ഇതുതന്നെയാണ്. കൂടുതൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കുകയും, പുതിയ ക്യാമ്പുകൾ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. ക്യാമ്പുകൾ സ്ഥാപിക്കുന്നതിനെ ആദിവാസികൾ എതിർക്കുന്നുണ്ട്. ബസ്തർ മേഖലയിൽ 12 സ്ഥലങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. ആദിവാസി യുവാക്കളും സ്ത്രീകളും സമുദായ അംഗങ്ങളും ഈ ക്യാമ്പുകൾ സ്ഥാപിക്കുന്നതിനെ എതിർക്കുന്നുണ്ട്. വ്യാജ ഏറ്റുമുട്ടലുകളും സ്ത്രീപീഢനങ്ങളും ഇപ്പോഴും നടക്കുന്നുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ മാറി മാറി വന്നിട്ടും ആദിവാസികളുടെ അവസ്ഥയിൽ ഒരു മാറ്റവുമില്ല.

റിജാസ്: ഗാന്ധിസത്തിന്റെയും അഹിംസയുടെയും സംരക്ഷകരെന്ന് അവകാശപ്പെടുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ എങ്ങനെ കാണുന്നു?

ഹിമാൻശു: ഗോമ്പാട് കേസുപോലെ സുപ്രീം കോടതിയിൽ മറ്റു പല കേസുകൾ വന്നപ്പോൾ കോൺഗ്രസ് നയിച്ച കേന്ദ്ര സർക്കാർ എനിക്കെതിരെ അഭിഭാഷകരെ നിയമിച്ചു. ബിജെപി ഭരണകാലത്ത് ഛത്തീസ്ഗഢിലെ കോൺഗ്രസ് വ്യാജ ഏറ്റുമുട്ടലുകളെ പിന്തുണച്ചിരുന്നു. സൽവാ ജുദും സൃഷ്ടിച്ചത് കോൺഗ്രസ് സർക്കാരാണ്.

റിജാസ്: ഇന്ത്യൻ സായുധ സേനയ്ക്കും മാവോയിസ്റ്റുകൾക്കുമിടയിൽ ആദിവാസികൾ അകപ്പെട്ടു എന്ന പരക്കെ പ്രചാരത്തിലുള്ള “സാൻഡ്‌വിച്ച് സിദ്ധാന്തം” നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?

ഹിമാൻശു: ആദിവാസികളോട് സംസാരിച്ചപ്പോൾ അവർ ഈ സിദ്ധാന്തത്തെ അംഗീകരിക്കുന്നില്ലെന്ന് ഞങ്ങൾക്ക് മനസ്സിലായി. ഈ സിദ്ധാന്തം സർക്കാർ പക്ഷത്തുള്ള ആളുകളും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നതാണ്. ജനങ്ങളോട് സംസാരിക്കുമ്പോൾ ഭരണകൂടം മാത്രമാണ് തങ്ങളെ ആക്രമിക്കുന്നതെന്നാണ് അവർ പറയുന്നത്. ” നിങ്ങളെ ആക്രമിച്ചവർ മാവോയിസ്റ്റുകളാണോ?” എന്ന് ഗോമ്പാഡിലെ ആദിവാസികളോട് മാധ്യമപ്രവർത്തകർ ചോദിക്കുകയുണ്ടായി. അവർ അത് നിഷേധിച്ചു. “മാവോയിസ്റ്റുകൾ എന്തിനാ ഞങ്ങളെ കൊല്ലുന്നത്?” എന്നാണ് അവർ തിരിച്ച് ചോദിച്ചത്. അതിനാൽ, ഈ സിദ്ധാന്തത്തിൽ ഒരു കഴമ്പും ഉള്ളതായി എനിക്ക് കണ്ടെത്താൻ കഴിയുന്നില്ല.

റിജാസ്: മാവോയിസ്റ്റുകളിൽ നിന്ന് നിങ്ങൾക്ക് എന്തെങ്കിലും മോശം അനുഭവം നേരിടേണ്ടിവന്നിട്ടുണ്ടോ?

ഹിമാൻശു: ഇല്ല, എനിക്ക് അവരിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല. ഞങ്ങൾ അവരുമായി പല കാര്യങ്ങളും ചർച്ച ചെയ്തിട്ടുണ്ട്. ചർച്ച ചെയ്യുന്നതെന്തും അധികാരികളെ അറിയിക്കും. ആദിവാസികൾക്കായി റോഡുകൾ, വൈദ്യുതത്തൂണുകൾ, ആദിവാസി ഊരുകൾക്കായി റേഷൻ കടകൾ എന്നിവ നിർമിക്കുക, തുടങ്ങി നിരവധി നല്ല നിർദേശങ്ങൾ ഞങ്ങൾ മാവോയിസ്റ്റുകളിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട്.

റിജാസ്: ഇന്ത്യയുടെ ഏറ്റവും വലിയ ആഭ്യന്തര ഭീഷണി മാവോയിസമാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറയുകയുണ്ടായി. 2022-ഓടെ മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞിട്ടുണ്ട്. അതേസമയം, വൻതോതിൽ വനഭൂമി കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കുകയും ആദിവാസികളുടെ ചെറുത്തുനിൽപ്പ് അടിച്ചമർത്തുകയും ചെയ്യുന്നു. ഭരിക്കുന്ന സർക്കാരിനും പ്രതിപക്ഷത്തിനും അന്നും ഇന്നും ഒരേ നയമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

ഹിമാൻശു: അതെ, കോൺഗ്രസും ബിജെപിയും ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും, സിപിഐ(എം) പോലുള്ള മറ്റ് പാർട്ടികൾക്കും, സമാനമായ സാമ്പത്തിക നയങ്ങളാണെന്ന് ഞങ്ങൾക്കറിയാം. ഈ പാർട്ടികളുടെ സാമ്പത്തിക നയങ്ങൾ ഒന്നുതന്നെയാകുമ്പോൾ, അവരുടെ ഭരണവും ഭരണഘടന, നിയമപരമായ അവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ എന്നിവയോടുള്ള സമീപനവും ഒന്നുതന്നെയാകും. ഇതാണ് നമ്മൾ അടിസ്ഥാനപരമായി കാണുന്നത്. ഭരിക്കുന്ന പാർട്ടി മാറിയാലും ആദിവാസികളുടെ ലോകത്ത് ഒന്നും മാറില്ല.

റിജാസ്: ആദിവാസി മേഖലകളിൽ ആദിവാസികളും സർക്കാരും തമ്മിലുള്ള സംഘർഷം യുദ്ധമാണെന്ന് മനുഷ്യാവകാശ സമ്മേളനത്തിനിടെ താങ്കൾ പറഞ്ഞു. ആ യുദ്ധം ഇന്ന് നയിക്കുന്നത് ബിജെപി-മോദി സർക്കാരാണ്. എന്തുകൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾ ഈ യുദ്ധത്തെക്കുറിച്ച് മൗനം പാലിക്കുന്നത്?

ഹിമാൻശു: യുപിഎ സർക്കാരിന്റെ മുൻ ആഭ്യന്തരമന്ത്രി ചിദംബരവും പ്രധാനമന്ത്രി മൻമോഹൻ സിങ്ങും ചേർന്ന കോൺഗ്രസ് സർക്കാറാണ് ഈ യുദ്ധത്തിന് തുടക്കമിട്ടത്. ഇന്നത്തെ അധികാരികൾ അത് തുടരുമ്പോൾ പിന്നെ എങ്ങനെ കോൺഗ്രസ് അത് എതിർക്കും?

റിജാസ്: ജാർഖണ്ഡിലെയും ഛത്തീസ്ഗഡിലെയും ഏക്കർകണക്കിന് വനഭൂമി അദാനി, വേദാന്ത, ടാറ്റ തുടങ്ങിയ സാമ്രാജ്യത്വ, ദല്ലാൾ ബൂർഷ്വാസികൾക്ക് ഖനനത്തിനായി നൽകുകയും ആദിവാസികൾ ഇതിനെതിരെ പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്. ഈ ചൂഷണത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും ചരിത്ര പശ്ചാത്തലം എന്താണ്?

ഹിമാൻശു: 2005ൽ ഛത്തീസ്ഗഡിലാണ് ഈ ചൂഷണം ആരംഭിച്ചത്. 1991-92ൽ, ആഗോളവൽക്കരണം-ഉദാരവൽക്കരണം-സ്വകാര്യവൽക്കരണം എന്ന പേരിൽ പുതിയ സാമ്പത്തിക നയം നടപ്പാക്കാൻ ആരംഭിച്ചതിന് ശേഷം, ലാറ്റിനമേരിക്ക, ദക്ഷിണേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളെ വികസിപ്പിക്കാൻ ബഹുരാഷ്ട്ര കമ്പനികൾ ഇടപ്പെടാൻ തുടങ്ങി. ദക്ഷിണേഷ്യയിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ, അന്താരാഷ്ട്ര മുതലാളിമാർ ഖനന സമ്പന്നമായ പ്രദേശങ്ങളിലേക്ക്, പ്രത്യേകിച്ച് മധ്യ ഇന്ത്യയിലെ ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ഒറീസ്സ, ബംഗാളിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് വരാൻ തുടങ്ങി. അന്താരാഷ്‌ട്ര മൂലധനം ഈ പ്രദേശങ്ങളിൽ വന്നതിനു ശേഷം അവർ ഛത്തീസ്ഗഡ് പോലുള്ള പ്രകൃതിദത്ത ധാതുസമ്പന്നമായ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ തുടങ്ങി.

സ്വർണ്ണം, വജ്രം, ഇരുമ്പയിര്, ടിൻ തുടങ്ങിയ അമൂല്യ ധാതുക്കൾ ഛത്തീസ്ഗഢിലുണ്ട്. അങ്ങനെ ഈ കമ്പനികൾ 2005ൽ ഛത്തീസ്ഗഢ് സർക്കാരുമായി ധാരണാപത്രങ്ങൾ ഒപ്പുവച്ചു. നിയമപരമായ വഴികൾ സ്വീകരിക്കുന്നതിനുപകരം, 2005ൽ അവർ സൽവാ ജുദും പോലുള്ള നിയമവിരുദ്ധ സന്നദ്ധ സേനകൾക്ക് രൂപം നൽകാൻ ആരംഭിച്ചു. അങ്ങനെ അവർ 5000 ഗുണ്ടകളെ സംഘടിപ്പിച്ച് അവർക്ക് റൈഫിളുകൾ നൽകി പ്രത്യേക പോലീസ് ഓഫീസർമാരായി നിയമിച്ചു. ഈ പ്രത്യേക പോലീസ് ഉദ്യോഗസ്ഥർ ആദിവാസി ഗ്രാമങ്ങൾ ആക്രമിക്കാൻ തുടങ്ങി. ഏകദേശം 644 ഗ്രാമങ്ങൾ അഗ്നിക്കിരയാക്കപ്പെട്ടു, ആയിരക്കണക്കിന് ആദിവാസികൾ കൊല്ലപ്പെടുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. ആയിരക്കണക്കിന് ആദിവാസി സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു. സൽവാ ജുദൂം ഭരണഘടനാ വിരുദ്ധമാണെന്ന് 2011ൽ സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു.

റിജാസ്: ഛത്തീസ്ഗഡിലെ ഹസ്ദിയോ പ്രതിഷേധം എന്തിനെക്കുറിച്ചാണെന്ന് പറയാമോ?

ഹിമാൻശു: അത് അദാനിക്കെതിരായ പ്രതിഷേധമായിരുന്നു. കൽക്കരി ഖനനം വ്യാപിപ്പിക്കുന്നതിനായി കൂടുതൽ ഭൂമി പിടിച്ചെടുക്കാനും വനങ്ങൾ വെട്ടിമാറ്റാനുമാണ് അദാനി ശ്രമിച്ചിരുന്നത്. ആളുകൾ അതിനെ എതിർത്തിരുന്നു. ഞാൻ അവിടെ പോയിട്ടുണ്ട്. പ്രതിരോധവും പ്രതിഷേധവും ഇപ്പോഴും തുടരുകയാണ്. വിവിധയിടങ്ങളിൽ ജനങ്ങൾ ധർണ സംഘടിപ്പിക്കുന്നുണ്ട്. അദാനിക്ക് ഇനി ഭൂമി വിട്ടുനൽകില്ലെന്ന് മുദ്രാവാക്യം വിളിക്കുകയാണ് അവിടെ ജനങ്ങൾ.

റിജാസ്: സർക്കാരിന്റെയും പോലീസിന്റെയും സഹായത്തോടെ കോർപ്പറേറ്റുകൾ നടത്തുന്ന വന ചൂഷണം, ആദിവാസികൾക്കെതിരായ അർദ്ധസൈനിക ആക്രമണങ്ങൾ എന്നിവയോട്, ബഹുജൻ സംഘടനകളുടെയും ആദിവാസി പ്രതിനിധികളുടെയും സമീപനം എങ്ങനെയാണ്?

ഹിമാൻശു: ബഹുജൻ ഗ്രൂപ്പുകൾ ആദിവാസികൾക്കൊപ്പമാണ്. അവർ ആദിവാസികൾക്കെതിരായ അതിക്രമങ്ങളെ എതിർക്കുന്നുണ്ട്. കോർപ്പറേറ്റുകളുടെ വന നശീകരണത്തിനും ഭൂമി കൈയേറ്റത്തിനുമെതിരെയാണ് അവർ പോരാടുന്നത്.

റിജാസ്: ചൂഷകർക്കെതിരെ സാധാരണക്കാരും രാഷ്ട്രീയ പാർട്ടികളും നടത്തുന്ന സമാധാനപരവും സായുധവുമായ സമരങ്ങളെ നിങ്ങൾ എങ്ങനെ കാണുന്നു?

ഹിമാൻശു: സി.പി.ഐ (മാവോയിസ്റ്റ്), സി.പി.ഐ, സി.പി.ഐ.(എം), പി.യു.സി.എൽ (പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്), ഗാന്ധിയൻ, സർവ ആദിവാസി സമാജ് തുടങ്ങിയ ആദിവാസി സംഘടനകൾ നിരവധി തരത്തിലുള്ള സമരങ്ങൾ നടത്തുന്നുണ്ട്. ആദിവാസി മേഖലകളിൽ എല്ലാത്തരം ചെറുത്തുനിൽപ്പുകളും നടക്കുന്നുണ്ട്. ചൂഷകർക്കെതിരെയുള്ള ആദിവാസികളുടെ ചെറുത്തുനിൽപ്പ് വലിയതോതിൽ തന്നെ നടക്കുന്നുണ്ട്.

തുടരും…

Follow us on | Facebook | Instagram Telegram | Twitter