ഗോണ്ടാനാമോകൾ കേരളത്തിൽ വേണ്ട; ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം
“ഒരാൾ തടവുകാരനാകുന്നതോടെ അയാൾക്കു മനുഷ്യാവകാശങ്ങൾ ഇല്ലാതാകുന്നില്ല, ജയിലിന്റെ പരിമിത വൃത്തത്തിനകത്തേക്കു അയാളുടെ അവകാശങ്ങൾ ചുരുക്കപ്പെടുന്നേയുള്ളു എന്ന് സുപ്രീം കോടതി തന്നെ ചൂണ്ടികാണിച്ചിട്ടുള്ളതാണ്…” മാവോയിസ്റ്റ് നേതാവ് രൂപേഷിന്‍റെ നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസ്താവനയില്‍ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പറയുന്നു…
മാവോയിസ്റ്റ് കേസ്സുകളിൽ കുറ്റാരോപിതനായി തടവിൽ കഴിയുന്ന രൂപേഷ് അതീവ സുരക്ഷാ ജയിലിൽ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നിരാഹാര സമരത്തിലാണ്. സുരക്ഷയുടെ പേരിൽ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ചു കൊണ്ട് രൂപേഷ് നടത്തുന്ന നിരാഹാര സമരത്തിനോട് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
8-7-19നാണു രൂപേഷ് ഉൾപ്പടെയുള്ള തടവുകാരെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും പുതുതായി നിർമ്മിച്ച അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയത്. ഈ 26 തടവുകാരിൽ രൂപേഷ് ഉൾപ്പടെയുള്ള 22 തടവുകാർ വിചാരണ തടവുകാരാണ്. 4 പേര് മാത്രമാണ് ശിക്ഷാ പ്രതികളായുള്ളത്. വിചാരണ കോടതി കുറ്റക്കാരനെന്നു കണ്ടെത്തുന്നത് വരെ നിരപരാധിയായി പരിഗണിക്കപ്പെടാൻ വിചാരണത്തടവുകാർക്കു അവകാശമുണ്ട്. എന്നാൽ ആ അവകാശം അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല അന്യായമായ പീഡനങ്ങൾക്കു തടവുകാരെ വിധേയമാക്കുകയും ചെയ്യുന്നു .
കേരളത്തിന്റെ സാമൂഹ്യ സാംസ്ക്കാരിക ജീവിതം ആർജിച്ചതെന്നു അവകാശപ്പെടുന്ന മൂല്യങ്ങൾക്ക് ഒട്ടും തന്നെ നിരക്കാത്ത നടപടികളാണ് അതീവ സുരക്ഷാ ജയിലിൽ നടക്കുന്നത്. സുപ്രീം കോടതി തന്നെ ഭരണഘടനാ വിരുദ്ധമാണെന്നു വിധിച്ച ഏകാന്ത തടവിലാണ് തടവുകാരെ പാർപ്പിച്ചിരിക്കുന്നത്. തടവുകാർക്ക് പരസ്പരം കാണാൻ പോലും പറ്റാത്ത വിധമാണ് അതീവ സുരക്ഷാ ജയിലിൽ സെല്ലുകൾ നിർമ്മിച്ചിരിക്കുന്നത് എന്ന് പത്ര മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നു.
പുറം കാഴ്ചകൾ പൂർണ്ണമായും തടയും വിധം സെല്ലിന്റെ ഗ്രില്ലുകൾ പോലും പോലും പൂർണ്ണമായും അടക്കുന്നതായിട്ടാണ് അറിയാൻ കഴിയുന്നത്. കൂടാതെ സെല്ലിനകത്തു പോലും സി സി ടി.വി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു. തടവുകാരൻ സെല്ലിനകത്തുള്ള ക്യാമറയിലൂടെ 24 മണിക്കൂറും നിരീക്ഷണത്തിനു വിധേയമാക്കപ്പെടുന്നു. സെല്ലിനകത്തു തന്നെയാണ് ശൗച്യാലയവും കുളിമുറിയും എന്നതിനാൽ പ്രാഥമിക കൃത്യങ്ങൾ പോലും നിരീക്ഷണത്തിനു വിധേയനായി നിർവഹിക്കേണ്ടി വരുന്നതായി രൂപേഷ് പറയുന്നു.
അതീവ സുരക്ഷാ ജയിലിലെ തടവുകാർക്ക് ജയിലിൽ ജോലി നിഷേധിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഇത് കൂടാതെയാണ് അപമാനകാരവും മനുഷ്യാന്തസ്സിനെ ഇടിച്ചു താഴ്ത്തുന്നതുമായ വിധത്തിൽ തടവുകാരെ നഗ്നരാക്കി പരിശോധനക്ക് വിധേയമാക്കുന്ന നടപടി. ജയിലിന്റെ പ്രധാന കവാടത്തിൻറെ പാറാവു ജോലിയുടെ ഉത്തരവാദിത്തം ഇന്ത്യൻ റിസർവ് ബാറ്റാലിയനാണ് നൽകിയിരിക്കുന്നത്. തടവുകാരെ ഓരോ തവണ ജയിലിൽ നിന്നും പുറത്തു കൊണ്ടുപോയി വരുമ്പോഴും ഇന്ത്യൻ റിസർവ് ബറ്റാലിയൻ ഉദ്യോഗസ്ഥർ തടവുകാരെ നഗ്നരാക്കി പരിശോധനക്ക് വിധേയമാക്കുന്നതായിട്ടാണ് അറിയുന്നത്.
കനത്ത പോലീസ് ബന്തവസ്സിൽ കേസ്സാവശ്യത്തിനും മറ്റുമായി പുറത്തു കൊണ്ട് പോകുന്ന അതീവ സുരക്ഷാ തടവുകാർക്ക് മറ്റാരെങ്കിലുമായും ഇടപെടാൻ തന്നെ യാതൊരു നിവൃത്തിയുമില്ല എന്നതാണ് വാസ്തവം. അഭിഭാഷകരും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി സംസാരിക്കുന്നത് കോടതിയുടെ അനുമതിയോടെ പോലീസിന്റെ നിരീക്ഷണത്തിന് വിധേയമായിട്ടാണ്. കൂടാതെ അതീവ സുരക്ഷാ ജയിലിൽ സ്കാനർ പോലുള്ള സംവിധാനങ്ങൾ ഉണ്ട്.
ഈ സാഹചര്യത്തിൽ എന്തെങ്കിലും വസ്തുക്കൾ ജയിലിനകത്തേക്കു കടത്തുക എന്നത് അസംഭവ്യമാണ്. ഇതെല്ലം നഗ്നരാക്കി പരിശോധിക്കുക എന്ന നടപടിയുടെ അനാവശ്യകതയെ ആണ് കാണിക്കുന്നത്. തടവുകാരുടെ മാനുഷ്യാന്തസ്സിനേയും ആത്മാഭിമാനത്തെയും ഇടിച്ചു താഴ്ത്തുവാൻ വേണ്ടിയുള്ള മനപ്പൂർവ്വമായ നടപടിയാണ് തുണിയുരിഞ്ഞു പരിശോധന എന്നത് വ്യക്തമാണ്. തദ്ദേശീയമായ ഒരു ഗോണ്ടാനാമോയാണ് അതീവ സുരക്ഷാ ജയിലിലൂടെ നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഒരാൾ തടവുകാരനാകുന്നതോടെ അയാൾക്കു മനുഷ്യാവകാശങ്ങൾ ഇല്ലാതാകുന്നില്ല, ജയിലിന്റെ പരിമിത വൃത്തത്തിനകത്തേക്കു അയാളുടെ അവകാശങ്ങൾ ചുരുക്കപ്പെടുന്നേയുള്ളു എന്ന് സുപ്രീം കോടതി തന്നെ ചൂണ്ടികാണിച്ചിട്ടുള്ളതാണ്. ഭരണഘടനാധിഷ്ഠിതമായ നിയമവാഴ്ചക്കും ഇന്ത്യയിലെ ജയിലുകൾക്കുമിടയിൽ ഇരുമ്പുമറകളൊന്നുമില്ല എന്ന് കേരളം സർക്കാരിനെ ഈ അവസരത്തിൽ ഓർമിപ്പിക്കുകയാണ്. നിയമവാഴ്ചയുടെ തത്വങ്ങളും മൂല്യങ്ങളും ജയിലിനകത്തും ഉറപ്പിക്കാനും നടപ്പിൽ വരുത്താനും സർക്കാറിനു ഭരണഘടനാപരമായ ബാധ്യതയുണ്ട്. ആ ബാധ്യത നിറവേറ്റാൻ സർക്കാർ തയ്യാറാകണം.
അതീവ സുരക്ഷയുടെ പേര് പറഞ്ഞു കൊണ്ടുള്ള ഈ മനുഷ്യാവകാശലംഘനങ്ങൾ അവസാനിപ്പിക്കാൻ ഉടനടി തയ്യാറാകണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം കേരള സർക്കാരിനോട് ആവശ്യപ്പെടുന്നു.തടവുകാരോട് അപമര്യാദയായി പെരുമാറുകയും മനുഷ്യാവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ജയിലിനകത്ത് തടവുകാരുടെ സ്വകര്യതക്കുള്ള അവകാശം മാനിക്കുകയും സ്വകാര്യതയിലേക്കു കടന്നകയറുന്ന വിധം സെല്ലുകൾക്കകത്തു സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ നീക്കം ചെയ്യണമെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.