കർഷകർക്കെതിരായ യുദ്ധസന്നാഹങ്ങൾ അവസാനിപ്പിക്കുക

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദർശിച്ച പശ്ചാത്തലത്തിൽ, കർഷക സമരത്തിൻ്റെ അഖിലേന്ത്യാ കാമ്പയിൻ്റെ ഭാഗമായി രാഷ്ട്രീയ- സാമൂഹിക-സാംസ്കാരിക-മനുഷ്യാവകാശ -മാധ്യമ പ്രവർത്തകർ പുറത്തിറക്കിയ സംയുക്ത പ്രസ്ഥാവന. മുഖ്യധാരാ മാധ്യമങ്ങൾ ഈ പ്രസ്താവന തിരസ്കരിക്കുകയായിരുന്നു…

* കൃഷിയുടെയും പൊതുവിതരണത്തിന്റെയും നട്ടെല്ലൊടിക്കുന്ന പുതിയ നിയമങ്ങൾ പിൻവലിക്കുക!

* പോരാടുന്ന കർഷകർക്കെതിരായ എല്ലാ കള്ളക്കേസുകളും പിൻവലിക്കുക!

* അവർക്കെതിരായ എല്ലാ യുദ്ധസന്നാഹങ്ങളും അവസാനിപ്പിക്കുക!

* കർഷക സമരത്തേയും അതിനുള്ള പിന്തുണയെയും ഗൂഢാലോചനകളായി മുദ്രകുത്തരുത്!

* സന്ധി സംഭാഷണം സുഗമവും അർത്ഥവത്തുമാക്കുക!

“വിളിപ്പാടകലെ ഞാനുണ്ട്”, പ്രതിപക്ഷപാർട്ടി നേതാക്കളോടുള്ള ബഹു. പ്രധാനമന്ത്രിയുടെ ഈ വാക്ക് ചെറിയൊരാശ്വാസവും പ്രതീക്ഷയുമാണ് താഴെ ഒപ്പിട്ടിട്ടുള്ള ഞങ്ങളിൽ ഉണ്ടാക്കിയത്. കേരളത്തിൽ പള്ളികളുടെ സ്വത്ത് തർക്കത്തിൽ ഇടപെടാൻ സമയം കണ്ടെത്തിയ അതേ മഹാമനസ്കത, വൈകിയാണെങ്കിലും കർഷകരുടെ സമരം ഉന്നയിക്കുന്ന പ്രശ്നങ്ങളിലും ഞങ്ങൾ പ്രതീക്ഷിച്ചു.

എന്നാൽ, “വിളിപ്പാടകലെ തന്നെ ഉണ്ടാ”യിരുന്നിട്ടും സമാധാനപരമായി തന്നെ തുടർന്നു വരുന്ന കർഷകരുടെ സമരത്തോട്, താങ്കൾ നയിക്കുന്ന കേന്ദ്ര സർക്കാരും യു.പിയിലെ ആദിത്യനാഥ് സർക്കാരും ഒരു ശത്രുരാജ്യത്തോടെന്ന പോലയാണ് പെരുമാറുന്നത് എന്ന വസ്തുത അത്യന്തം ഖേദകരവും അസ്വസ്ഥതാജനകവുമാണ്.
സമരമേഖലകളിലെ വൈദ്യുതി, ഇന്റർനെറ്റ് ബന്ധങ്ങൾ വിച്ഛേദിച്ചും കുടിവെള്ള വിതരണം തടഞ്ഞുമാണ് സമരത്തെ നേരിടുന്നത്. വിസർജ്യ വസ്തുക്കൾ നീക്കം ചെയ്യുന്നതിനെ പോലും തടഞ്ഞിരിക്കുന്നു. ലക്ഷക്കണക്കിന് കർഷകർ, കുടുംബസമേതം, 2 മാസത്തിലധികകാലമായി സമരം ചെയ്യുന്നിടത്ത് നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാതെയും കുടിവെള്ളമില്ലാതേയും ഇരുന്നാൽ ഉണ്ടാകാവുന്ന ദുരവസ്ഥ സമാന്യബുദ്ധിക്ക് ഊഹിക്കാവുന്നതേയുള്ളു. മാത്രമല്ല, ഗ്രാമങ്ങളിൽ നിന്നും സമരഭൂമിയിലേക്കെത്താവുന്ന മാർഗ്ഗങ്ങളത്രയും ആണികൾ തറച്ചും അള്ളുകൾ വിന്യസിച്ചും റോഡുകൾ മുറിച്ച് കിടങ്ങുകൾ കീറിയും മുള്ളുകമ്പികൾ കൊണ്ട് വഴിക്കോട്ടകൾ തീർത്തും മാർഗ്ഗതടസ്സങ്ങൾ സൃഷ്ടച്ചിരിക്കുകയുമാണ്. ഇതിനും പുറമെയാണ് ആയിരക്കണക്കിന് പോലീസിന്റെയും അർദ്ധസൈനികരുടേയും വിന്യാസങ്ങൾ!

പുറത്തുനിന്നുമെത്തുന്ന സമരക്കാരെ അകത്തുള്ളവരുമായി ചേരുന്നതിനെ തടുക്കുക മാത്രമല്ല, അകത്തുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ പരിമിതമാക്കുകയും മനസ്സിൽ ഭീതി ജനിപ്പിക്കകയുമാണ് ലക്ഷ്യം എന്ന് വ്യക്തം. തികച്ചും പ്രാകൃതവും നിന്ദ്യവും ആയ നടപടികൾ! “വിളിപ്പാടകലെയുള്ള” ബഹു: പ്രധാനമന്ത്രിയും ബന്ധപ്പെട്ട സർക്കാരുകളും ഇതൊന്നും കാണുകയൊ അറിയുകയൊ ചെയ്യുന്നില്ലെ?

ഇന്ത്യക്കകത്തും പുറത്തും ഒരുപോലെ അപകീർത്തിയുണ്ടാക്കുന്ന ഈവിധ നടപടികളിൽ ഞങ്ങൾ അങ്ങേയറ്റം വേദനിക്കുന്നവരും ഉത്കണ്ഠാകുലരുമാണ്. പുറത്തുള്ള സമാനമനസ്കരായ ജനലക്ഷങ്ങൾ ഈ വികാരങ്ങൾ പങ്കുവെക്കുന്നുമുണ്ട്.
ജനവരി 26ലെ കർഷകരുടെ ട്രാക്ടർ പരേഡുമായി ബന്ധപ്പെടുത്തി ചെങ്കോട്ടയിൽ അരങ്ങേറിയ കൊടികയററൽ പരിപാടിയുടെ പശ്ചാത്തലത്തിൽ, ഭാവിയിലുണ്ടാകാവുന്ന അനിഷ്ട സംഭവങ്ങളെ തടുക്കാനാണ് മേൽപറഞ്ഞ കരുതൽ നടപടികൾ എന്ന ലളിത വിശദീകരണമാണ് പോലീസിനും ആർ.എസ്.എസ്-ബിജെപി നേതൃത്വങ്ങൾക്കുമുള്ളത്. എന്നാൽ മേൽപറഞ്ഞ ചെങ്കോട്ട സംഭവത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് സമര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അത് പോലീസിന്റെയും മറ്റും അടകോലിൽ രൂപംകൊണ്ട ആവിഷ്ക്കാരമാണെന്നു തെളിഞ്ഞിരിക്കെ മേൽപറഞ്ഞ ന്യായീകരണത്തിന് നിലനിൽപ്പില്ലാതാവുകയും ചെയ്തു.

ഇത് കുറിക്കുമ്പോൾ ഞങ്ങളുടെ മുന്നിലുള്ള കണക്കനുസരിച്ച് സമരം 75 ദിവസം പിന്നിട്ടിരിക്കുകയാണ് യാതൊരു പ്രകോപനവും കൂടാതെ. ഈ നാളുകൾക്കിടയിൽ 170 കർഷകരാണ് സമരബലിപീഠത്തിൽ ജീവൻ ബലിയർപ്പിച്ചിട്ടുള്ളത്. ചെങ്കോട്ട സംഭവത്തെ തുടർന്ന് 115 കർഷകർ വിവിധ കേസുകളിലായി ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുന്നു. 29 പേരെ കാണാതായിട്ടുണ്ടെന്നും സമര നേതൃത്വം അറിയിക്കുന്നു. യു.എ.പി.എ, ഐപിസി 124 എ, 120 ബി, 153 തുടങ്ങിയ വകുപ്പുകൾ ചുമത്തി സമര നേതൃത്വങ്ങൾക്കെതിരേയും സമരത്തെ പിന്തുണച്ചവർക്കെതിരേയും കേസുകൾ എടുത്തിട്ടുണ്ട്. മാധ്യമ പ്രവർത്തകർ, വക്കീലുമാർ, ശ്രീ. ശശി തരൂർ പോലുള്ള എംപി അടക്കമുള്ളവർക്കെതിരേയും കേസെടുത്തിട്ടുണ്ട്.

ഒരു അനുരഞ്ജന സംഭാഷണം നോക്കെത്തും ദൂരത്തുള്ളപ്പോഴത്തെ ഈ വക അടിച്ചമർത്തൽ നടപടികളിലെ വിവേകരാഹിത്യം നിർദ്ദിഷ്ട അനുരഞ്ജന സംഭാഷണത്തിന്റെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യംചെയ്യുന്നു. “ഒന്നുകിൽ ഞങ്ങളിവിടെ ജയിക്കും; അല്ലെങ്കിൽ ഞങ്ങളിവിടെ മരിക്കും” എന്ന ദൃഢപ്രഖ്യാപനം നടത്തിയിട്ടുള്ള കർഷകരെ ഈ വക നടപടികൾ കൊണ്ട് അനുരഞ്ജന സംഭാഷണത്തിൽ മെരുങ്ങിയവരാക്കി എടുക്കാമെന്നാണ് സർക്കാർ കാണുന്നതെങ്കിൽ, കാണാതെ പോകുന്നത് അവരുടെ പ്രഖ്യാപനത്തിലെ ധാർമ്മിക രോഷത്തെ ആയിരിക്കും.

സാമ്പത്തിക പ്രശ്നങ്ങൾ ആണ് സമരത്തിൽ മുഴച്ചു കാണുന്നത്. എങ്കിലും, വിവാദ കർഷക നിയമങ്ങൾ ആത്യന്തികമായി സാമ്രാജ്യത്വ, തദ്ദേശീയ കോർപ്പറേറ്റുകളുടെ താൽപര്യങ്ങളെ സേവിക്കാനുദ്ദേശിച്ചുള്ളതാണ് എന്ന തിരിച്ചറിവാണ് കർഷകരുടെ ധാർമ്മികതയുടേയും ദൃഢതയുടേയും ആധാരം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. തീർച്ചയായും ഈ നിയമങ്ങൾ മാത്രമല്ല ഇന്ത്യൻ കാർഷിക രംഗം നേരിടുന്ന പ്രശ്നം. മണ്ണിൽ പണിയെടുക്കുന്നവർക്ക്, ഭൂരിഭാഗവും ദലിതരായ കർഷകർക്ക്, ഇന്നും ഭൂമിയില്ലെന്ന അടിസ്ഥാന പ്രശ്നം പോലുള്ളവ പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നു. അപ്പോൾ തന്നെ “കാർഷിക നിയമങ്ങൾ പിൻവലിക്കുക” എന്ന ആവശ്യം ഇന്ന് വിശാല കാർഷിക ജനങ്ങളോടൊപ്പം രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനാധിപത്യവാദികളെയും ഒന്നിപ്പിച്ചിരിക്കുന്നു. കാരണം വ്യക്തമാണ്. വിദേശ, തദ്ദേശീയ കോർപ്പറേറ്റുകൾക്കും, ഈ രാജ്യത്തിന്റെ സർവ്വതും അവർക്ക് കാഴ്ചവയ്ക്കുന്നവർക്കുമെതിരെയുള്ള അതിപ്രധാന സമരരംഗമായി അത് മാറിയിരിക്കുന്നു.

അപ്പോൾ, “ആത്മനിർഭരത”യെ കുറിച്ച് എന്നും നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്ന ബഹു: പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സർക്കാരും സമരം ചെയ്യുന്ന കർഷകരേയും അവരെ പിന്തുണക്കുന്നവരേയും കിടങ്ങുകൾക്കും വഴിക്കോട്ടകൾക്കും അപ്പുറത്ത് നിറുത്തുന്നതെന്തിനാണ്? സമരം ചെയ്യുന്ന കർഷകരേയും അവരെ പിന്താങ്ങുന്നവരേയും “തീവ്രവാദി”കളായും “രാജ്യദ്രോഹികളാ”യും “ഗൂഢാലോചനക്കാ”രായും മുദ്രകത്തി ശത്രുപക്ഷത്ത് നിറുത്തുന്നതെന്തിനാണ്?

ഉദ്ദിഷ്ട സന്ധി സംഭാഷണം അർത്ഥവത്തും ഫലപ്രദവുമായി കാണാൻ ഉൽക്കടമായും ഞങ്ങൾ അഭിലാഷിക്കുന്നു. അതുകൊണ്ട്, വിളിപ്പാടകലെ തന്നെയുള്ള ബഹു: പ്രധാനമന്ത്രി വിഷയത്തിൽ ചടുലമായും നേരിട്ടിടപെടണമെന്നും, മുന്നപാധിയായി എല്ലാ കള്ളകേസുകളും പിൻവലിച്ച്, വെള്ളത്തിന്റെയും വൈദ്യുതിയുടേയും ഇന്റർനെറ്റിന്റെയും പുനർസ്ഥാപനം ഉറപ്പാക്കിയും വഴിക്കോട്ടകളും റോഡിൽ വ്യാപകമായി തറച്ചിട്ടുള്ള ആണികളും അള്ളുകളും എടുത്ത മാറ്റിയും ഗതാഗതം പുനർസ്ഥാപിക്കാൻ ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കണമെന്നും ഞങ്ങൾ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

എന്ന്

* കെ.സച്ചിദാനന്ദൻ (കവി)
* റിട്ട്. ജസ്. പി.കെ.ഷംസുദ്ദീൻ
* ബിനോയ് വിശ്വം (മെമ്പർ ഓഫ് പാർലിമെന്റ്)
* ഡോ.സെബാസ്റ്റ്യൻ പോൾ (മുൻ പാർലമെന്റ് മെമ്പർ)
* കെ.മുരളി (Ajith)
* ബി.ആർ.പി.ഭാസ്‌കർ (പത്രപ്രവർത്തകൻ)
* കൻചൻ കുമാർ(കവി,പശ്ചിമ ബംഗാൾ)
* എം.എൻ.രാവുണ്ണി (പോരാട്ടം)
* പ്രൊഫ A മാർക്സ് (NCHRO)
* ഡോ.ജെ.ദേവിക (സാമൂഹ്യപ്രവർത്തക എഴുത്തുകാരി)
* വരലക്ഷ്മി (വിരസം AP)
* ഡോ.ടി.ടി.ശ്രീകുമാർ (സാമൂഹ്യപ്രവർത്തകൻ, എഴുത്തുകാരൻ)
* ഡോ. കെ ടി റാംമോഹൻ (സാമൂഹ്യപ്രവർത്തകൻ,  എഴുത്തുകാരൻ)
* അഡ്വ.പി.എ. പൗരൻ(മനുഷ്യാവകാശ പ്രവർത്തകൻ)
* ഡോ.ആസാദ്
* കെ.പി.സേതുനാഥ് (പത്രപ്രവർത്തകൻ)
* ജോളി ചിറയത്ത് (ചലച്ചിത്ര പ്രവർത്തക)
* ശീതൾ (ട്രാൻസ് ആക്ടിവിസ്റ്റ്)
* ബി.രാജീവൻ,
* കെ.ഒ സുകുമാരൻ NCHRO പോണ്ടിച്ചേരി.

Like This Page Click Here

Telegram
Twitter