ഹോമോഫോബിക്ക് സമൂഹത്തിൽ അഭിമാനിയായ മുസ്‌ലിം ഗേ ആയി ജീവിക്കാൻ അല്ലാഹു കരുത്ത് തന്നു
ഗേ ആയി എന്നെ സൃഷ്ടിച്ച അല്ലാഹു, എന്നെ മോശമായി കരുതുന്ന ഒരു ഹോമോഫോബിക്ക് സമൂഹത്തിനു മുന്നിൽ യാതൊരു ക്ഷമാപണവും കൂടാതെ സ്വയം തുറന്ന് പറഞ്ഞു ഒരേ സമയം അഭിമാനിയായ മുസ്‌ലിമായും ഗേ ആയും ജീവിക്കാനും എന്‍റെ സ്വത്വത്തെ തുറന്നു പറയാനും കരുത്തു തന്നു…
_ മുഹമ്മദ് ഉനൈസ്
അല്ലാഹുവിന്‍റെ സൃഷ്ടികളിൽ ധാരാളം രഹസ്യങ്ങളും അറിവുകളും വെച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സൃഷ്ടികളിൽ എന്നെ എന്തുകൊണ്ട് മുസ്‌ലിം ഗേയായി സൃഷ്ടിച്ചുവെന്നതിന്‍റെ ഉത്തരം തേടുന്നയാളാണ് ഞാൻ. ഒരു മുസ്‌ലിം ഗേ എന്നു ഞാൻ പറയുമ്പോൾ ഒരു സൃഷ്ടിയുടെ അപൂർവത എന്നിലുണ്ട്. ഗേ ആയി സൃഷ്ടിക്കാൻ അല്ലാഹു തിരഞ്ഞെടുത്ത വളരെ കുറഞ്ഞ മനുഷ്യരിൽ ഒരാൾ ആണ് ഞാൻ. അവനു അത്രമേൽ പ്രിയപ്പെട്ട ന്യൂനപക്ഷ മനുഷ്യരിൽ ഒരാൾ ആവാൻ കഴിഞ്ഞതിൽ എങ്ങനെ അഭിമാനിക്കാതെ ഇരിക്കണം എന്നാണ് എന്‍റെ ചോദ്യം.
ഗേ ആയി എന്നെ സൃഷ്ടിച്ച അല്ലാഹു, എന്നെ മോശമായി കരുതുന്ന ഒരു ഹോമോഫോബിക്ക് സമൂഹത്തിനു മുന്നിൽ യാതൊരു ക്ഷമാപണവും കൂടാതെ സ്വയം തുറന്ന് പറഞ്ഞു ഒരേ സമയം അഭിമാനിയായ മുസ്‌ലിമായും ഗേ ആയും ജീവിക്കാനും എന്‍റെ സ്വത്വത്തെ തുറന്നു പറയാനും കരുത്തു തന്നു, ആത്മ വിശ്വസം തന്നു. അല്ലാഹു തിരഞ്ഞെടുത്തു സൃഷ്‌ടിച്ച വളരെ കുറഞ്ഞ ക്വിയർ വ്യക്തികളിൽ എന്‍റെ ജീവിതം തുറന്നു പറഞ്ഞു അന്തസോടെ ജീവിക്കാൻ ശ്രമിക്കുന്ന വളരെ കുറഞ്ഞ എണ്ണം ആളുകളിൽ ഒരാളാകുന്നു ഞാൻ. ആ ഞാൻ എങ്ങനെ അഭിമാനിക്കാതെ ഇരിക്കണം എന്നാണ് നിങ്ങൾ പറയുന്നത് ?
മതവിശ്വാസ പശ്ചാത്തലം ഉള്ള കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. എന്‍റെ വാപ്പ ഉൾപ്പെടെ കുടുംബത്തിൽ പലരും മത പണ്ഡിതർ ആണ്. അദ്ദേഹം ഒരു സമയത്ത് ഹോമോഫോബിയ മറ്റു പലരെയും പോലെ പ്രസംഗിച്ചു നടന്നയാളാണ്. എന്നാൽ എന്‍റെ തുറന്ന് പറച്ചിൽ അവരെയൊക്കെ ചിന്തിപ്പിക്കുകയും മുൻ നിലപാടുകളിൽ നിന്ന് പിന്തിരിപിക്കുകയും ചെയ്തു. ഇന്നവർ ഇസ്‌ലാമിന്‍റെ പേരിൽ ക്വിയർ മനുഷ്യരെ മാറ്റി നിർത്തുന്നില്ല എന്ന് പറയുകയും ചെയ്യുന്നു. ആ മാറ്റത്തിനു കാരണക്കാരൻ ആയ വ്യക്തി എന്ന നിലക്ക് എനിക്കു അഭിമാനിക്കാൻ പാടില്ലന്നാണോ നിങ്ങൾ പറയുന്നത് ?
സെക്കുലർ ആധുനിക വിദ്യാഭ്യാസം നേടി എന്ന് പറയുന്നവർ തങ്ങളുടെ ചുറ്റുപാടിലും കുടുംബത്തിലുമുള്ള ക്വിയർ വ്യക്തികളോടും എന്തിനധികം സ്വന്തം മക്കളോടു പോലും വിവേചനവും ബഹിഷ്‌കരണവും പ്രകടിപിക്കുമ്പോൾ എന്‍റെ അനുഭവം വളരെ വ്യത്യസ്തമാണ്. ഇത്ര മതപരിസരം ഉള്ള വീട്ടിൽ നിന്ന് ഈ ചെറുപ്രായത്തിൽ തന്നെ കമിംഗ് ഔട്ട് (Coming out ) നടത്തിയിട്ടും വീട്ടുകാരുടെ സ്നേഹം ലഭിച്ചു തുടർന്നും ജീവിക്കാൻ പടച്ചോന്‍റെ അനുഗ്രഹം ലഭിച്ച വ്യക്തി എന്ന നിലയിൽ ഞാൻ സന്തോഷിക്കാനും അഭിമാനിക്കാനും പാടില്ലെന്നാണോ നിങ്ങൾ പറയുന്നത് ?
പ്രവാചകൻ മുഹമ്മദ് എന്നെ പോലെ ഉള്ള മനുഷ്യരോട് സ്നേഹത്തിലും കാരുണ്യത്തിലുമായിരുന്നു വർത്തിച്ചത്. മറ്റു മനുഷ്യർക്ക് ഇല്ലാത്ത ഇളവുകളും വിട്ടുവീഴ്ചയും തന്നിട്ടുണ്ട് . പ്രവാചകന്‍റെ ജീവിതത്തിൽ വിവിധ തരത്തിലുള്ള ലിംഗ – ലൈംഗിക വൈവിധ്യങ്ങളോടു ഏറ്റവും നീതിപൂർവവും സൗന്ദര്യാത്മകവുമായി ഇടപെട്ടുവെന്നാണ് മനസ്സിലാവുന്നത്. ഒരാളെ വിധിക്കാനല്ല മറിച്ച് അറിയാനും കേൾക്കാനും ഉള്ള സന്നദ്ധതയാണ് പ്രവാചകൻ പ്രകടിപ്പിച്ചത്. അതു നിങ്ങളിൽ പലർക്കും കൈമോശം വന്നില്ലേ ? അങ്ങനെയുള്ള റസൂൽ കൊണ്ടുവന്ന അല്ലാഹുവിന്‍റെ ദീനിൽ എനിക്കു സ്ഥാനം ഇല്ലാ എന്നാണോ നിങ്ങൾ പറയുന്നത്?
അതിനുള്ള അവകാശം ആരാണ് നിങ്ങൾക്ക് തന്നത് ? മനുഷ്യർ അവരുടെ പരിമിതമായ അളവുകോൽ വെച്ചുണ്ടാക്കുന്ന നീതി സങ്കൽപങ്ങളേക്കാൾ എത്രയോ വിശാലമല്ലേ അല്ലാഹുവിന്‍റെ കാരുണ്യവും ഉൾകൊള്ളലും ? ആരാണിവിടെ പൂര്‍ണ്ണ മുസ്‌ലിം ? എല്ലാവരും ഒരു അർഥത്തിൽ അല്ലെങ്കിൽ മറ്റൊരർഥത്തിൽ അപൂർണ മുസ്‌ലിങ്ങൾ തന്നെയല്ലേ ? നിയമത്തിന്‍റെ കണ്ണിലൂടെ മാത്രം നോക്കിയാൽ ഇവിടെ യഥാർഥ മുസ്‌ലിം ഉണ്ടോ ? മനുഷ്യാവസ്ഥയുടെ ഭാഗമായി പലതരം ആത്മസംഘർഷങ്ങൾ സാധ്യമായ ഒരു അന്വേഷണ യാത്രയല്ലേ മുസ്‌ലിം ജീവിതം ?
കുടുംബത്തിൽ മാത്രം അല്ല, കുടുംബത്തിന് പുറത്തും എന്‍റെ ഗേ മുസ്‌ലിം സ്വത്വം മറ്റു മുസ്‌ലിങ്ങൾക്ക് ചിന്തിക്കാനും പുനർവിചിന്തനം നടത്താനും സഹായിച്ചുവെന്നു നിങ്ങൾ അറിയണം. എന്‍റെ തുറന്നു പറച്ചിൽ അനവധി രഹസ്യ ക്വിയർ മനുഷ്യർക്ക് ഈ ലോകത്ത് ജീവിക്കാൻ കരുത്തു നൽകുന്നു. ചിലപ്പോൾ അവർ നിങ്ങളുടെ മകനോ, മകളോ, സഹോദരനോ സഹോദരിയോ ഉറ്റ ചങ്ങാതിയോ ആവാം. എന്‍റെ അനുഭവം അവർക്ക് ജീവിക്കാൻ പ്രചോദനം നൽകുന്നു. അതിനു നിമിത്തമായ ആളെന്ന നിലക്ക് എനിക്കു അഭിമാനിക്കാൻ പാടില്ലെന്നാണോ നിങ്ങൾ പറയുന്നത് ?
ഇസ്‌ലാമിന്‍റെ പേര് പറഞ്ഞു ഇസ്‌ലാമോഫോബിയയും അപര വിദ്വേഷവും പ്രചരിപ്പിക്കുന്നതിന് മുൻപ് സ്വയം മനസിലാക്കാനും തിരുത്താനും ശ്രമിക്കുക. ഇന്ത്യയിൽ ഇത്ര അധികം അപരവൽക്കരണം നേരിടുന്ന ഒരേ ഒരു മത വിഭാഗം മാത്രമേ ഒള്ളൂ, അത് മുസ്‌ലിങ്ങൾ ആണ്. ഒരു വശത്തു നിങ്ങൾ ഇര ആവുമ്പോൾ, മറു വശത്തു വേട്ടക്കാരൻ ആവാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം ഇസ്‌ലാം മുന്നോട്ട് വെക്കുന്ന നീതി ബോധത്തിനും അപരത്വത്തെക്കുറിച്ചുള്ള നൈതിക സങ്കൽപങ്ങൾക്കും എതിരാണത്.