സിദ്ദിഖ് കാപ്പൻ കേസ്; കോടതിയിൽ നടന്നത്
ഏറെക്കാലമായി ജയിലിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ഗുരുതര രോഗം കണക്കിലെടുത്ത് യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയിൽ നിന്നും ദൽഹിയിലേക്ക് ചികിത്സാവശ്യത്തിനായി മാറ്റാൻ കോടതി ഉത്തരവായി. യുപി സർക്കാറിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹർജിക്കാരായ കേരള പത്രപ്രവർത്തക യൂണിയനുവേണ്ടി അഡ്വ. വിൽസ് മാത്യുവുമാണ് കോടതിയിൽ ഹാജരായത്. മാധ്യമ സ്വാതന്ത്ര്യവും മനുഷ്യാവകാശവും ഉയർത്തിപ്പിടിക്കുന്നതായിരുന്നു കോടതിയുടെ ഉജ്വലമായ ഇടപെടൽ. നിയമ പോർട്ടലായ Livelaw പ്രസിദ്ധീകരിച്ച വിശദമായ റിപ്പോർട്ട് കോടതിയിൽ നടന്ന വിസ്താരത്തിന്റെ വിശദമായ ചിത്രമാണ് നൽകുന്നത്. ആ റിപ്പോർട്ടിന്റെ പ്രസക്ത ഭാഗത്തിന്റെ പരിഭാഷയാണിത്. നിയമഭാഷാ പരിജ്ഞാനക്കുറവിന്റെ പരിമിതിക്കുള്ളിൽ നിന്നു കൊണ്ടാണ് ഇത് വിവർത്തനം ചെയ്തത്. തെറ്റുകൾ ക്ഷമിക്കുക.
ഹരിത സാവിത്രി
സിദ്ദിഖ് കാപ്പൻ കേസ്: കോടതിയിൽ നടന്നത്
സിദ്ദിഖ് കാപ്പനെ ഉത്തർപ്രദേശിലെ മഥുര ജയിലിൽ നിന്ന് ഡൽഹിയിലെ ഏതെങ്കിലും സർക്കാർ ആശുപത്രിയിലേക്ക് വിദഗ്ധ ചികിൽസയ്ക്കായി മാറ്റണമെന്ന് സുപ്രീം കോടതി ബുധനാഴ്ച നിർദേശം നൽകി.
രാം മനോഹർ ലോഹ്യ, എയിംസ് എന്നീ ആശുപത്രികളിലോ അതല്ലെങ്കിൽ ഡൽഹിയിലെ മറ്റേതെങ്കിലും സർക്കാർ ആശുപത്രിയിലോ ചികിത്സ നൽകണം. സുഖം പ്രാപിച്ചതിനു ശേഷം ഹത്രാസ് സംഭവത്തോട് അനുബന്ധിച്ച് യുപിയിൽ സാമുദായിക അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിന് വിധേയനായി കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന മഥുര ജയിലിലേക്ക് അദ്ദേഹത്തെ തിരിച്ചയക്കേണ്ടതുണ്ട്.
കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, എ എസ് ബോപണ്ണ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ച ബെഞ്ച് ജാമ്യത്തിന് ആവശ്യമായ നിയമ നടപടികൾ തേടാൻ കാപ്പന് അനുവാദം നൽകി.
യുപി സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, കാപ്പനെ ഡൽഹിയിലേക്ക് മാറ്റുന്നതിനെ ശക്തമായി എതിർത്തു.
അനേകം അസുഖങ്ങളുള്ള, കോവിഡ് പോസിറ്റീവായ ആയിരക്കണക്കിന് മനുഷ്യർ ആശുപത്രിയിൽ പ്രവേശനം ലഭിക്കാതെ കഷ്ടപ്പെടുമ്പോൾ, 42 വയസുള്ള കോവിഡ് നെഗറ്റീവ് വ്യക്തിയായ കാപ്പന് ആശുപത്രി കിടക്ക നൽകുന്നത് ന്യായമല്ലെന്ന് അദ്ദേഹം വാദിച്ചു. ജയിൽ അധികൃതർ അദ്ദേഹത്തിന് ആവശ്യമായ വൈദ്യസഹായം നൽകുമെന്നും തുഷാർ മേത്ത പറഞ്ഞു.
രാവിലെ കോടതി കൂടിയപ്പോൾ കാപ്പനെ ഡൽഹിയിലേക്ക് മാറ്റണം എന്ന വാദത്തോട് ചായ്‌വ് പ്രകടിപ്പിച്ച ബഞ്ച് സർക്കാരിന്റെ നിർദേശങ്ങൾ സ്വീകരിച്ച ശേഷം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതികരിക്കാൻ സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെടുകയാണ് ഉണ്ടായത്.
ഒരു മണിയായപ്പോൾ തുഷാർ മേത്ത തന്റെ നിലപാട് ആവർത്തിച്ചു: “42 വയസ് പ്രായമുള്ള ഒരു കോവിഡ് നെഗറ്റീവ് രോഗിയെപ്പറ്റിയാണ് നമ്മൾ സംസാരിക്കുന്നത്. മഥുര ജയിലിൽ മറ്റസുഖങ്ങളുള്ള അൻപതോളം കോവിഡ് രോഗികളുണ്ട്. അവരെയെല്ലാം മഥുരയിലെ ആശുപത്രിയിലാണ് ചികിൽസിക്കുന്നത്. മഥുരയിൽ കിടക്കകൾ ലഭിക്കാത്ത, മറ്റു രോഗങ്ങൾക്ക് അടിമകളായ നിരവധി കോവിഡ് പോസിറ്റീവ് മനുഷ്യരുണ്ട്. ഉത്തർപ്രദേശിൽ കോവിഡ് പൂർവ്വാധികം ശക്തിയോടെ പടരുകയാണ്. രോഗികൾക്ക് കിടക്കകൾ ലഭിക്കുന്നില്ല. ഡൽഹിയിലും ഇത് തന്നെയാണ് അവസ്ഥ. കോവിഡ് മൂലം മരണത്തോട് മല്ലിടുന്ന നിരവധി സത്യസന്ധരായ മുഖ്യധാരാ മാധ്യമപ്രവർത്തകരെയും എനിക്കറിയാം. വളരെയധികം ശ്രമിച്ചിട്ടും അവർക്ക് കിടക്കകൾ കണ്ടെത്താൻ കഴിഞ്ഞില്ല.
ഈ മനുഷ്യൻ അപ്പീൽ കോടതിയിൽ പോയി ജാമ്യത്തിന് അപേക്ഷിക്കണമെന്ന് ഞാൻ ആദ്യ ദിവസം മുതൽ വാദിക്കുന്നു. അത് ചെയ്യുന്നതിനുപകരം, അദ്ദേഹം ഇവിടെ ഒരു സംഘടനയുടെ സഹായത്തോടെ കേസ് നടത്തുകയാണ്.
മഥുരയെ കേരളവുമായി ബന്ധിപ്പിക്കുന്ന ഏഴു ട്രെയിനുകൾ ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. കേരളത്തിലുള്ളവർക്ക് മഥുരയുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയല്ല ഇപ്പോഴുള്ളത്. അതിനാൽ, കുടുംബത്തിന് കൂടുതൽ സൗകര്യപ്രദമാകുന്നതിനായി കാപ്പനെ ഡൽഹിയിലേക്ക് മാറ്റുന്നത് ലക്ഷക്കണക്കിന് വരുന്ന മറ്റുള്ളവരോടുള്ള അനീതിയാണ്.
ഒരു കോവിഡ് പോസിറ്റീവ് രോഗിയുടെ ചെലവിൽ അദ്ദേഹത്തിന് ഒരു കിടക്ക നൽകണമെന്നത് ബുദ്ധിമുട്ടാണ്. എന്തെങ്കിലും മെഡിക്കൽ എമർജൻസി ഉണ്ടെങ്കിൽ മഥുര ആശുപത്രിയിൽ ഉടൻ തന്നെ വേണ്ട പരിശോധനകൾ നടത്തുമെന്ന് സംസ്ഥാനം വാക്ക് നൽകുന്നു.” തുഷാർ മേത്ത പറഞ്ഞു.
ജയിലിൽ വീഴുകയും വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുകയും ചെയ്യുന്ന കാപ്പന്റെ വൈദ്യചികിത്സയുടെ വിഷയം മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നതെന്നും കസ്റ്റഡിയിലിരിക്കെ അദ്ദേഹത്തെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും ബെഞ്ച് പറഞ്ഞു.
“പരാതിക്കാരന്റെ ആശങ്കാജനകമായ ആരോഗ്യസ്ഥിതിയുടെയും സംസ്ഥാനത്തിന്റെ ആത്യന്തികമായ ഉത്തരവാദിത്തത്തിന്റെയും പശ്ചാത്തലത്തിലാണ് നിങ്ങൾ കോടതിയുടെ ഈ നിർദ്ദേശം പരിഗണിക്കേണ്ടത്. അദ്ദേഹത്തിന് പ്രമേഹവും രക്തസമ്മർദ്ദവുമുണ്ട്. കസ്റ്റഡിയിലായിരിക്കുമ്പോൾ അദ്ദേഹത്തിന് പരിക്കേറ്റു. ഈ സാഹചര്യത്തിൽ മതിയായ വൈദ്യസഹായം നേടാൻ അദ്ദേഹത്തിന് ജയിലിൽ കഴിയുമോ?” ബെഞ്ച് സോളിസിറ്റർ ജനറലിനോട് ചോദിച്ചു.
മഥുര ആശുപത്രിയിൽ ആവശ്യത്തിനുള്ള സൗകര്യങ്ങൾ ഉണ്ടെന്ന് തുഷാർ മേത്ത പറഞ്ഞു.
“ആയിരക്കണക്കിന് സത്യസന്ധരായ നികുതിദായകർ മഥുര ആശുപത്രിയിൽ ചികിത്സ തേടുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ഉത്തർപ്രദേശിൽ മതിയായ ചികിത്സ ലഭിക്കുന്നുണ്ട്. മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ എന്ന് വിളിക്കപ്പെടുന്നവർ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത് കൊണ്ട് പ്രതിയ്ക്കു എന്തിന് പ്രത്യേക ചികിത്സ നൽകണം? നിരോധിത സംഘടനയുമായി ബന്ധമുള്ള ഒരു ആരോപണ വിധേയന് സത്യസന്ധമായ നികുതിദായകരെക്കാൾ മുൻഗണന എന്തിന് നല്കണം?” സോളിസിറ്റർ ജനറൽ ചോദിച്ചു.
“ആ ജയിലിൽ തന്നെ മറ്റസുഖങ്ങളുള്ള നൂറിൽ കുറയാത്ത ആളുകളുണ്ട്.” അദ്ദേഹം തുടർന്നു.
“പക്ഷേ അവരാരും ഞങ്ങളുടെ മുന്നിലില്ല. ഈ റിട്ട് പെറ്റീഷൻ വളരെ നാളുകളായി ഒരു തീരുമാനം കാത്തു കിടക്കുകയായിരുന്നു”, ചീഫ് ജസ്റ്റിസ് എൻവി രമണ പറഞ്ഞു.
“കാപ്പൻ ജയിലിൽ ബോധരഹിതനായി എന്ന് ഇന്നലെ നിങ്ങൾ സത്യവാങ്മൂലം നൽകി. ഓരോ വ്യക്തിയുടെയും ജീവിതം വിലപ്പെട്ടതാണ്. ജയിലിൽ ചികിൽസാ സൗകര്യങ്ങൾ ലഭിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഞങ്ങൾക്കറിയാം”, അദ്ദേഹം കൂട്ടിച്ചേർത്തു.
“മേത്ത, തൽക്കാലം നമ്മൾ സംഘടനയുടെ ലേബൽ അവഗണിക്കേണ്ടതുണ്ട്, കാരണം പ്രതിയുടെ ഭാര്യയും അപേക്ഷ നൽകിയിട്ടുണ്ട്,” ജസ്റ്റിസ് സൂര്യ കാന്ത് ചൂണ്ടിക്കാട്ടി.
സിജെ രമണ കൂട്ടിച്ചേർത്തു, “മിസ്റ്റർ മേത്ത, ഇത് സംസ്ഥാനത്തിന്റെ താല്പര്യത്തിന് വേണ്ടിക്കൂടിയാണ്, നിങ്ങളുടെ കസ്റ്റഡിയിൽ ആയിരിക്കുമ്പോൾ നിങ്ങൾ അദ്ദേഹത്തെ സംരക്ഷിക്കണം. കാപ്പന് മെച്ചപ്പെട്ട ചികിൽസ ലഭിക്കട്ടെ. ചികിൽസയുടെ പ്രശ്നം മാത്രമാണ് ഇപ്പോൾ ഞങ്ങൾ പരിഗണിക്കുന്നത്.”
തടവുകാരന്റെ ആരോഗ്യത്തെപ്പറ്റി മാനുഷികമായി ചിന്തിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം നിലച്ചവർക്കും യുപിയിൽ ചികിത്സ ലഭിക്കുന്നുണ്ട്”, തുഷാർ മേത്ത മറുപടി നൽകി.
ഈ ഉത്തരവ് സംസ്ഥാന സർക്കാരിനെതിരല്ല എന്ന് വ്യക്തമാക്കാനും ബഞ്ച് ശ്രമിച്ചു.
“ദയവായി തെറ്റിദ്ധരിക്കരുത്. ഞങ്ങൾക്ക് ആശങ്കയുണ്ട്. കേരളത്തിൽ താമസിക്കുന്ന ഒരാൾക്ക് ഡൽഹിയിലുള്ള ആശുപത്രിയിലേക്കു പോകുന്നതാണ് ഉത്തർ പ്രദേശിലേക്ക് പോകുന്നതിനെക്കാൾ സൗകര്യം”, ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി.
ബഞ്ചിന്റെ ഈ നിർദ്ദേശം കേട്ടപ്പോൾ, “ഇത് എന്നെ അമ്പരപ്പിക്കുന്നു” എന്ന് പറഞ്ഞ സോളിസിറ്റർ ജനറൽ ഇക്കാര്യം നാളെ വരെ മാറ്റിവയ്ക്കണമെന്ന് അഭ്യർത്ഥിച്ചു.
നാളെ വരെ നീട്ടിവെക്കണമെന്ന് അദ്ദേഹം ആവർത്തിച്ച് അപേക്ഷിച്ചുവെങ്കിലും ബെഞ്ച് ഇക്കാര്യം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പരിഗണിക്കുമെന്ന് അറിയിച്ചു.
കാപ്പനെ നിയമവിരുദ്ധമായാണ് അറസ്റ്റു ചെയ്തതെന്നും എഫ്.ഐ.ആറിലെയും കുറ്റപത്രത്തിലെയും ആരോപണങ്ങൾ കുറ്റകരമല്ലെന്നും കെ.യു.ഡബ്ല്യു.ജെക്ക് വേണ്ടി വാദിച്ച അഭിഭാഷകൻ വിൽസ് മാത്യുവിന്റെ വാദങ്ങൾ നേരത്തെ ബെഞ്ച് കേട്ടിരുന്നു.
കാപ്പന്റെ ആർ.ടി-പി.സി.ആർ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നുവെന്നും അതോടെ മഥുര ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് ഡിസ്ചാർജ് ചെയ്തതായും സംസ്ഥാനത്തിന്റെ അഭിഭാഷകൻ ഇന്ന് രാവിലെ സത്യവാങ്മൂലം നൽകി.
കാപ്പൻ ഒരു ഓൺലൈൻ ന്യൂസ് പോർട്ടലിനായി ചെറിയ ശമ്പളത്തിനായി പാർട്ട് ടൈം റിപ്പോർട്ടിംഗ് നടത്തുന്ന പത്രപ്രവർത്തകനാണെന്ന് അഭിഭാഷകൻ വിൽസ് മാത്യു പറഞ്ഞു. പ്രതിമാസം 20,000 മുതൽ 25,000 രൂപ വരെ മാത്രമാണ് അദ്ദേഹത്തിന് ശമ്പളം ലഭിച്ചിരുന്നത്. ഒരു പത്രപ്രവർത്തകനെന്ന നിലയിൽ, കാപ്പന് ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുമായി സമ്പർക്കം പുലർത്തേണ്ടിവരും, മാത്രമല്ല അയാളുടെ കൂട്ടുകെട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റവാളിയായി ചിത്രീകരിക്കാനാവില്ലെന്നും മാത്യു പറഞ്ഞു. ഈ യു.എ.പി.എ കേസ് ഊഹങ്ങളുടെയും അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ കെട്ടിച്ചമച്ചതാണ് എന്ന് അദ്ദേഹം വാദിച്ചു.
മൂന്ന് വർഷം മുമ്പ് അടച്ചുപൂട്ടിയ ‘തേജസ്’ എന്ന പത്രത്തിന്റെ കാലഹരണപ്പെട്ട പ്രസ് കാർഡ് കാപ്പൻ ഉപയോഗിച്ചിരുന്നു എന്ന് പറഞ്ഞ് സോളിസിറ്റർ ജനറൽ അദ്ദേഹത്തിന്റെ പത്രപ്രവർത്തന യോഗ്യതയെക്കുറിച്ച് തർക്കമുന്നയിച്ചു. നിരോധിത സംഘടനയായ സിമിയിലെ മുൻ അംഗങ്ങൾ നടത്തിയിരുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുഖപത്രമാണ് തേജസ് എന്ന് മേത്ത ഊന്നിപ്പറഞ്ഞു.
ഈ സമയത്ത്, ബെഞ്ച് അദ്ദേഹത്തോട് പി.എഫ്.ഐ ഒരു നിരോധിത സംഘടനയാണോയെന്ന് ചോദിച്ചു. കുറച്ച് സംസ്ഥാനങ്ങൾ ഇത് നിരോധിച്ചിട്ടുണ്ടെന്നും കേന്ദ്രം ഇത് വിഷയം പരിഗണിക്കുകയാണെന്നും മേത്ത മറുപടി പറഞ്ഞു.
ഹത്രാസ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ വർഗീയ കലാപങ്ങളും സാമൂഹിക പ്രശ്നങ്ങളും ഉണ്ടാക്കാനായി കാപ്പനും പി.എഫ്.ഐയുമായി ബന്ധമുള്ള മൂന്ന് അംഗങ്ങളും യുപിയിലേക്ക് യാത്ര ചെയ്യുകയായിരുന്നുവെന്ന് മേത്ത ആരോപിച്ചു. പി.എഫ്.ഐക്ക് ഐസിസുമായി ബന്ധമുണ്ടെന്നും തീവ്രവാദ പ്രവർത്തനങ്ങളിൽ സാമുദായിക പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നുമുള്ള വാദങ്ങളാണ് അദ്ദേഹം ഉയർത്തിക്കാട്ടിയത്.
ഈ അവസരത്തിൽ, സി.ജെ.ഐ മേത്തയോട് ചോദിച്ചു “അദ്ദേഹം ഇത്തരം സംഭവങ്ങളിൽ പ്രതിയായിട്ടുണ്ടോ?”.
ഇല്ലെന്ന് മേത്ത മറുപടി നൽകി.
കാപ്പന്റെ ബാങ്ക് അക്കൗണ്ടിൽ സംശയാസ്പദമായ പണമിടപാട് നടന്നിട്ടുണ്ടെന്ന് മേത്ത പറഞ്ഞപ്പോൾ ജസ്റ്റിസ് സൂര്യ കാന്ത് ചോദിച്ചു “ആ നിക്ഷേപങ്ങൾ ആയിരത്തിലായിരുന്നോ അതോ ലക്ഷത്തിലോ? ഇത് പ്രസക്തമാണ്, കാരണം മിസ്റ്റർ മാത്യൂസ് അദ്ദേഹത്തിന്റെ ശമ്പളത്തെക്കുറിച്ച് സംസാരിച്ചിരുന്നു”.
“അത് പരിശോധിക്കേണ്ടതുണ്ട്”, മേത്ത മറുപടി നൽകി.
ജസ്റ്റിസ് സൂര്യ കാന്ത് ചോദിച്ചു. “രണ്ട് വാദങ്ങളുണ്ട്. ഒന്ന് പാർട്ട് ടൈം റിപ്പോർട്ടറാണെന്നും നിസ്സാരമായ വരുമാനം നേടുന്നുവെന്നും അപേക്ഷകൻ. സത്യവാങ്മൂലത്തിൽ സംസ്ഥാനം നടത്തിയ വാദമാകട്ടെ, തന്ത്രപ്രധാനമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നും ധനപരമായ കാര്യങ്ങളിൽ പി.എഫ്.ഐയുമായി നേരിട്ട് ബന്ധമുണ്ടെന്നുമാണ്”.
“ഒരു തീവ്രവാദ സംഘടനയുടെ താഴെക്കിടയിലുള്ള പ്രവർത്തകർക്ക് ഉയർന്ന സാമ്പത്തിക പരിഗണന ലഭിക്കാനിടയില്ല. കോടിക്കണക്കിന് വിദേശ ധനസഹായം ലഭിക്കുന്ന മുൻ സിമി പ്രവർത്തകരുമായി അദ്ദേഹം ബന്ധപ്പെടുന്നു എന്നതാണ് വസ്തുത. ഞാൻ ഇത് അവിടെ നിറുത്താൻ ആഗ്രഹിക്കുന്നു”, മേത്ത ഈ വിഷയം അവസാനിപ്പിക്കാൻ ശ്രമിച്ചു.
കെ.യു.ഡബ്ല്യു.ജെ സമർപ്പിച്ച ഹേബിയസ് കോർപ്പസ് നിവേദനത്തിന്റെ നിലനിൽപ്പിനെയും മേത്ത വിമർശിച്ചു. മുഖ്യധാരയിലില്ലാത്ത ഒരു സംഘടനയാണ് നിവേദനം നൽകിയിട്ടുള്ളതെന്ന് മേത്ത പറഞ്ഞു. ജുഡീഷ്യൽ ഉത്തരവ് പ്രകാരം ഒരാളെ തടങ്കലിൽ വയ്ക്കുമ്പോൾ ഹേബിയസ് കോർപ്പസ് ഹർജിയിൽ ജാമ്യം അനുവദിക്കാൻ കഴിയില്ലെന്നും അപ്പീൽ കോടതിയിൽ സ്ഥിരമായി ജാമ്യം തേടുന്നതാണ് പരിഹാരമെന്നും മേത്ത അഭിപ്രായപ്പെട്ടു.
“ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുമ്പോൾ കോടതിക്ക് ജാമ്യം നൽകാൻ കഴിയില്ലെന്ന് ഏതെങ്കിലും തരത്തിലുള്ള നിയമപരമായ വിലക്കുണ്ടോ?”, ജസ്റ്റിസ് സൂര്യ കാന്ത് ചോദിച്ചു.
മുൻപുണ്ടായ അത്തരം സംഭവങ്ങൾ ഉദ്ധരിക്കാമെന്ന് മേത്ത പറഞ്ഞു. മാനുഷിക പരിഗണനയോടെ കാപ്പന് വൈദ്യചികിത്സ നൽകുന്ന പ്രശ്നം മാത്രമാണ് ഇവിടെ പരിഗണിക്കുന്നതെന്ന് പിന്നീട് ബെഞ്ച് വ്യക്തമാക്കി.
Courtesy_ Radhika Roy, LiveLaw
LiveLawയിലെ ലേഖനം;
Supreme Court Directs Shifting Of Siddique Kappan From Mathura Jail To Delhi For Treatment