ഇന്ത്യ-ചൈന സംഘര്‍ഷം; “പോരാട്ടം” ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുന്നു
അതിർത്തി പ്രശ്നം: സൈനിക വ്യാമോഹങ്ങളോ, വ്യാപനവാദ സ്വപ്‌നങ്ങളൊ, ദേശീയ സങ്കുചിതവാദമോ അല്ല; നയപരമായ രാഷ്ടീയ ചർച്ചകളാണ് പരിഹാരം
_ പോരാട്ടം
കൊളോണിയൽ ശക്തികൾ അവശേഷിപ്പിച്ചതാണ് ഇന്ത്യയുടെ അതിർത്തി പ്രശ്നങ്ങൾ. ചൈനക്കും അതിന്റെ ചുറ്റുമുള്ള എല്ലാ നാടുകളുമായി അതിർത്തി തർക്കങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യയും റഷ്യയും ഒഴികെയുള്ള എല്ലാ നാടുകളുമായും അതിർത്തി തർക്കങ്ങൾ പഞ്ചശീല തത്വങ്ങളുടെ അടിസ്ഥാനത്തിൽ രമ്യമായി പരിഹരിക്കാൻ മാവോയിസ്റ്റ് ചൈനക്ക് കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയുമായുള്ള തർക്ക പരിഹാരത്തിന്ന് തടസ്സമായിരുന്നത് ഇന്ത്യൻ ഭരണവർഗ്ഗങ്ങളുടേയും ഭരണാധികാരികളുടേയും ദേശീയ സങ്കുചിതവാദ നിലപാടുകളും വ്യാപനവാദ സ്വപ്നങ്ങളും സാമ്രാജ്യത്വ ചരടുവലികളുമായിരുന്നു. അതിർത്തി പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ അന്നത്തെ ചൈന പ്രധാനമന്ത്രി മൂന്ന് തവണ ഇന്ത്യയിൽ വന്നതായിരുന്നു. ഇന്ത്യക്കകത്തെ അമേരിക്കൻ സാമ്രാജ്യത്വ ലോബികളുടെ ചരടുവലികളും അതിൽ ഉൾച്ചേർന്നിരുന്ന അവരുടെ രാഷ്ടീയ ലക്ഷ്യങ്ങളും പ്രശ്നപരിഹാര ശ്രമങ്ങളെ പരാജയപ്പെടുത്തുക മാത്രമല്ല, അവസാനം അപമാനകരമായ ഒരു വമ്പൻ പരാജയത്തിലേക്കെത്തിച്ച 1962ലെ വിനാശകരമായ ഇന്ത്യാ-ചൈന യുദ്ധത്തിലേക്കെത്തിക്കുകയും ചെയ്തു.
ബ്രിട്ടീഷ് കൊളോണിയൽ ശക്തികൾ അവരുടെ സാമ്രാജ്യത്വ താൽപര്യങ്ങൾക്കനുസരിച്ച് ഉണ്ടാക്കിയതാണ് ‘മക് മോഹൻ രേഖ’ എന്ന സങ്കല്‍പിക അതിർത്തി. സ്വാഭിമാനമുള്ള ജനകീയ ജനാധിപത്യ ചൈന റിപ്പബ്ലിക്ക് അത് ഒരിക്കലും അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം സമഭാവനയോടെ സ്വന്തം കാലിൽ നിന്നുകൊണ്ട് ചർച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കണമെന്ന നിലപാട് ഈ നാട്ടിലെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും ജനാധിപത്യവാദികളും അന്ന് സ്വീകരിച്ചത്. ഇന്നും അവർ അതിൽ ഉറച്ചു നിൽക്കുന്നതും മറ്റൊന്നും കൊണ്ടല്ല.
1962ലെ ഇന്ത്യ-ചൈന യുദ്ധത്തിന്‍റെ യഥാർത്ഥ കാരണങ്ങളെ ഇന്ത്യയുടെ തന്നെ അന്നത്തെ സൈനിക മേധാവികൾ പുസ്തകങ്ങളിലൂടേയും ലേഖനങ്ങളിലൂടേയും പിന്നീട് തുറന്നു സമ്മതിക്കുകയുണ്ടായി. അതിർത്തിയായി സ്വയം ധരിക്കുന്ന അക്ഷാംശരേഖക്കും വടക്കു കടന്നു ഇന്ത്യൻ സൈനിക പോസ്റ്റുകൾ നിലനിന്നിരുന്ന കാര്യം മുൻ സൈനിക മേധാവി സുന്ദർജിയും തന്‍റെ ഒരു ലേഖനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രശ്നങ്ങളെ യുദ്ധത്തിലേക്കെത്തിച്ച നെഹ്രു ഭരണ നേതൃത്വത്തിന്റെ പങ്കിനെ ലോക പ്രശസ്ത തത്വശാസ്ത്രജ്ഞൻ ബട്രാണ്ട് റസ്സലിനെ പോലെയുള്ളവരും അന്നു തന്നെ തുറന്നു കാണിക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു. തർക്കത്തിലില്ലാത്ത ഒരു ഭൂപ്രദേശവും തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കികൊണ്ട് 1962ൽ അസമ്മിലും അരുണാചൽപ്രദേശത്തും പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടൊഴിഞ്ഞു ഏകപക്ഷീയമായ യുദ്ധവിരാമം പ്രഖ്യാപിച്ച സോഷ്യലിസ്റ്റ് ചൈന പിൻവാങ്ങി. അതിനുശേഷം, വല്ലപ്പോഴുമുള്ള ഉരസലുകൾ ഒഴിച്ചാൽ, ഇന്ത്യാ-ചൈന അതിർത്തി പല ദശകങ്ങളായി ശാന്തമായിരുന്നു. അതിർത്തി പ്രശ്നം പരിഹരിക്കാനുള്ള ചർച്ചകൾ തുടർച്ചയായി നടന്നു വന്നിരുന്നു.
പുതിയ നൂറ്റാണ്ടിന്‍റെ ആരംഭത്തോടെ ഇതിൽ മാറ്റം വന്നുതുടങ്ങി. മുതലാളിത്തം പുനർസ്ഥാപിക്കപ്പെട്ട ചൈന ഒരു സാമ്രാജ്യത്വ രാജ്യമായി രൂപാന്തരപ്പെട്ടു. അമേരിക്കൻ സാമ്രാജ്യത്വവുമായി മത്സരത്തിൽ ഏർപ്പെടാൻ തുടങ്ങി. ഇതേസമയം ഇന്ത്യൻ ഭരണവർഗങ്ങൾ കൂടുതൽ പ്രത്യക്ഷമായി തന്നെ അമേരിക്കൻ ശാക്തിക ചേരിയിലേക്ക് നീങ്ങാനും തുടങ്ങി. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയുടെ കാലത്ത് ആരംഭിച്ച ആ നീക്കത്തിന് മോദിക്കു കീഴിൽ ആക്കം കൂടി. ഇന്ത്യൻ വ്യാപനവാദത്തെ കവച്ചുവെച്ച് ദക്ഷിണേഷ്യയിൽ ആധിപത്യമുറപ്പിക്കാൻ ചൈനീസ് സാമ്രാജ്യത്വവും, പഴയ നില സംരക്ഷിക്കാൻ ഇന്ത്യൻ ഭരണവർഗങ്ങളും തമ്മിലുള്ള മത്സരത്തിന് ഇത് വേദിയൊരുക്കി. ശാന്തമായിരുന്ന അതിർത്തി അസ്വസ്ഥമാക്കുന്ന രാഷ്ട്രീയ, സൈനിക കരുനീക്കങ്ങൾ ഇരുപക്ഷത്തുനിന്നും ഉണ്ടായി തുടങ്ങി.
ടിബറ്റിലൂടെ അതിർത്തിയിലേക്ക് പുതിയ പാതകൾ പണിയാനും വിമാന താവളങ്ങൾ സ്ഥാപിക്കാനും നേപ്പാളി രാഷ്ട്രീയത്തിൽ തുറന്നിടപെട്ട് ഇന്ത്യൻ മേധാവിത്തം അവസാനിപ്പിക്കാനും ചൈന നീക്കം നടത്തി. പർവ്വത യുദ്ധസജ്ജമായ പുതിയ സൈനിക വിഭാഗങ്ങൾ (മൗണ്ടൻ കോർ) രൂപീകരിക്കാനും, അതിർത്തി റോഡുകൾ പണിയാനും, ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ പിടിമുറുക്കാനും ഇന്ത്യൻ ഭരണാധികാരികളും പണിപ്പെട്ടു. ഇന്ത്യൻ ദല്ലാൾ ഭരണകൂടത്തെ കരുവാക്കി ചൈനയെ വളഞ്ഞുവെക്കാൻ ആഗ്രഹിക്കുന്ന യു.എസ് സാമ്രാജ്യത്വ നീക്കങ്ങൾ ട്രംപിന് കീഴെ ശക്തമായത് സാഹചര്യത്തെ ഒന്നുകൂടി തീക്ഷ്ണമാക്കിയിട്ടുണ്ട്.
ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ വേണം ഇന്നത്തെ ദൗർഭാഗ്യകരമായ അതിർത്തിയിലെ ഗാൾവൻ താഴ്വര സംഘട്ടനവും ജീവഹാനിയും വിലയിരുത്താൻ. ഈ സംഘട്ടനം വ്യാപിക്കാതിരിക്കാനുള്ള ശക്തമായ നടപടികൾ ഉടനടി സ്വീകരിക്കണമെന്നും, പ്രശ്നം നയതന്ത്ര-രാഷ്ട്രീയ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും മുൻ പട്ടാള മേധാവികളും നയതന്ത്രജ്ഞരും അടക്കമുള്ള പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. മാത്രമല്ല, ഈ പ്രസ്താവന തയ്യാറാക്കുന്ന നിമിഷം വരെ അതിർത്തിയിൽ നടന്ന സംഭവ വികാസങ്ങളെ കുറിച്ച് സത്യസന്ധമായ ഒരു പ്രസ്താവന പോലും കേന്ദ്ര സർക്കാരിൽ നിന്ന് ഉണ്ടാകാത്തതിലെ ദുരൂഹതയും ഉൽക്കണ്ഠയും പലരും ഉയർത്തുകയും ചെയ്തിരിക്കുന്നു.
കോവിഡ് പേമാരിയും അത് ഒന്നുകൂടി തീവ്രമാക്കിയ ഇന്ത്യയിലെ സാമ്പത്തിക-സാമൂഹ്യ പ്രതിസന്ധിയും കൈകാര്യം ചെയ്യുന്നതിൽ കാണുന്ന മോദി സർക്കാരിന്റെ കെടുകാര്യസ്ഥതക്കെതിരെ ഉയരുന്ന ജനരോഷം തിരിച്ചുവിട്ട്, വരാനിരിക്കുന്ന പശ്ചിമ ബംഗാൾ, ബിഹാർ തിരഞ്ഞെടുപ്പുകൾ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള തന്ത്രം കൂടിയാണ് അതിർത്തി പ്രശ്നങ്ങളെ ഇന്നത്തെ നിലയിൽ സജീവമാക്കിയതിന്ന് പുറകിലെന്ന് തീർച്ചയായും കരുതാം.
ആഭ്യന്തരമായി തീക്ഷ്ണമായ ഏറെ പ്രശ്നങ്ങൾ സാമ്രാജ്യത്വ ചൈനയും അഭിമുഖീകരിക്കുന്നുണ്ട്. സോഷ്യലിസത്തിന്റെ രുചി അറിഞ്ഞ ചൈനീസ് സമൂഹത്തിൽ മുതലാളിത്ത സാമ്പത്തിക രാഷ്ട്രീയ നയങ്ങൾ ഉണ്ടാക്കിയിട്ടുള്ള ശക്തമായ ഏറ്റത്താഴ്ച്ചകൾ, രൂക്ഷമാകുന്ന ജോലിയില്ലായ്മ, ഇവയൊക്കെ ചൈനീസ് ജനതയിൽ ഉണ്ടാക്കിയുള്ള തീവ്രമായ അതൃപ്തിയും പകയും ചൈനീസ് ഫാക്ടറികളേയും ഗ്രാമങ്ങളേയും സംഘർഷ മേഖലകളാക്കാൻ തുടങ്ങിയിട്ട് ഏറെയായി. ചൈനീസ് സമൂഹം ഒരു പുതിയ മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജൻമം കൊടുത്തിരിക്കുകയുമാണ്. ഇന്നത്തെ സാമ്രാജ്യത്വ ചൈനീസ് ഭരണകൂടത്തെ അലോസരപ്പെടുത്തുന്ന വെല്ലുവിളികളാണ് ഇതെല്ലാം. അതിർത്തി പ്രശ്നം അതുകൊണ്ടു തന്നെ സാമ്രാജ്യത്വ ചൈനക്കും ഒരു തുരുപ്പുചീട്ടാണ്. സാമ്രാജ്യത്വ ചൈനയുടെ ആധിനായകത്വ മോഹങ്ങൾ ദക്ഷിണേഷ്യയിലെ എല്ലാ ജനതകൾക്കും ഭീഷണിയാണ്. സ്വന്തം നിലക്ക്, പരസ്പരം ഐക്യദാർഢ്യപ്പെട്ട്, മറ്റേതെങ്കിലും സാമ്രാജ്യത്വത്തിന്റെ കരുവാകാതെയാണ് അത് നേരിടേണ്ടത്.
നേപ്പാളുമായുള്ള അതിർത്തി പ്രശ്നം ഇന്ത്യാ-ചൈനാ തർക്കവുമായി കൂട്ടികെട്ടി ഇന്ന് അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇത് വസ്തുതകൾക്ക് നിരക്കുന്നതല്ല. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ സൃഷ്ടിയാണ് ഈ പ്രശ്നവും. അന്നു മുതൽ തന്നെ നേപ്പാളി ദേശാഭിമാന ശക്തികൾ അത് ഉന്നയിച്ചു വന്നിട്ടുണ്ട്. 1996ലെ നേപ്പാൾ ജനകീയയുദ്ധം അതിന് ആക്കം കൂട്ടി. ഇന്ത്യൻ വ്യാപനവാദത്തിന് കീഴ്പ്പെട്ടു നിന്നിരുന്ന ഭരണവർഗ രാഷ്ട്രീയ കക്ഷികളും നിലപാടെടെടുക്കാൻ ഇതോടെ നിർബന്ധിതരായി. കാലാപാനി ഭൂഭാഗം നേപ്പാളിൽ ഉൾപ്പെടുത്തി പുതുക്കിയ ഭൂപടം പ്രസിദ്ധീകരിക്കാനുള്ള തീരുമാനത്തിനു പിന്നിൽ സകല രാഷ്ട്രീയ ധാരകളും മുഴുവൻ നേപ്പാളി ജനങ്ങളും ഒറ്റകെട്ടായി അണിനിരക്കുന്നത് ഒരു ചൈനീസ് കരുനീക്കമായി ധരിക്കുന്നത് ശുദ്ധ അബദ്ധമാണു. ഇന്ത്യൻ വ്യാപനവാദത്തെ നേപ്പാളി ജനങ്ങൾ വെറുക്കുന്നു. അത് ന്യായവുമാണ്. ഒരു അടിമ രാജ്യത്തോടെന്ന പോലെയാണ് ഇന്ത്യൻ ഭരണാധികാരികൾ നേപ്പാളിനോട് എന്നും പെരുമാറിയിട്ടുള്ളത്. മോദിയിലൂടെ ആര്‍.എസ്.എസിന്‍റെ സർക്കാർ വന്നതോടെ ധാർഷ്ട്യം നിറഞ്ഞ ആ ഇടപെടൽ തീക്ഷ്ണമായി. ദൽഹിയുടെ ആജ്ഞപ്രകാരം ഭരണഘടന മാറ്റി എഴുതാത്തതിന് നേപ്പാളി ജനജീവിതത്തെ താറുമാറാക്കിയ ഉപരോധം അടിച്ചേല്‍പ്പിച്ചു. ഇന്ത്യൻ വ്യാപനവാദത്തോടുള്ള വിദ്വേഷം ശക്തമാക്കാൻ അത് കാരണമായി.
ചൈനീസ് സാമ്രാജ്യത്വം അത് മുതലെടുക്കുന്നു. അഖണ്ഡഭാരത വ്യാമോഹങ്ങൾ ഉത്തേജിപ്പിച്ച വ്യാപനവാദ ധാർഷ്ട്യമാണ് മോദി സർക്കാരിന്റെ വിദേശനയത്തിന്റെ ഒരു മുഖമുദ്ര. അയൽ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ വഷളാകാൻ അത് കാരണമാകുന്നു. ഇതും ചൈനീസ് സാമ്രാജ്യത്വം ഉപയോഗിക്കുന്നുണ്ട്. ചുരുക്കത്തിൽ, “പുണ്യഭൂമിയായ ഭാരതത്തെ”യും അതിന്റെ സംരക്ഷണത്തെയും പറ്റി സംഘ്പരിവാരങ്ങൾ പുലമ്പുന്നുണ്ടെങ്കിലും അതിനെയെല്ലാം ദുർബലമാക്കുന്ന വിദേശ, ആഭ്യന്തര നയങ്ങളാണ് അതിന്റെ സർക്കാർ കാഴ്ചവെച്ചിട്ടുള്ളത്.
രാജ്യരക്ഷയുടെ അടിത്തറയായ ജനങ്ങളെ, ഭിന്നിപ്പിക്കുന്നു. അയൽരാജ്യങ്ങളെ അകറ്റുന്നു. പല അതിർത്തികളിലും ഒരേസമയം അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആഗോള കരുനീക്കങ്ങളിൽ ഇന്ത്യയെ കുടുക്കിയിടുന്നു. അതായത്, രൂപീകരണ കാലം മുതൽ ആര്‍.എസ്.എസ്, ഹിന്ദുവാദ ശക്തികൾ കാഴ്ചവെച്ച രാജ്യദ്രോഹം തുടർന്നുകൊണ്ടേയിരിക്കുന്നു.
1962ൽ പച്ചക്കള്ളങ്ങളുടെ ചിറകിൽ നെഹ്രു ഭരണം ഇന്ത്യൻ ജനങ്ങളെ ഒരു യുദ്ധത്തിലേക്ക് വലിച്ചിഴച്ചപോലെ, അമേരിക്കൻ സാമ്രാജ്യത്വ കൊടിക്കീഴിൽ ഇന്നും അതാവർത്തിക്കാൻ ആഗ്രഹിക്കുന്ന മോദി – ഷാ -ഭാഗവത് ദേശിയ സങ്കുചിതവാദത്തിന്റെ നീക്കങ്ങൾക്കെതിരെ നാം ജാഗരൂകരാകണം. അതിർത്തി പ്രശ്നങ്ങൾ സമാധാനപരമായി സംസാരിച്ചു തീർക്കാതെ വെച്ചുനിട്ടി മാന്തി ഒലിപ്പിച്ച് സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള തുരുപ്പ് ചീട്ടാക്കാനുളള ശ്രമം ഏത് ഭാഗത്ത് നിന്നുണ്ടായാലും അത് രാജ്യദ്രാഹമാണ്, ജനവിരുദ്ധമാണ്, നിന്ദ്യമാണ്. അപലപനീയമാണ്.
സമാധാനപരമായും സമഭാവനയോടേയും രാഷ്ട്രീയമായും യാഥാർത്ഥ്യ ബോധത്തോടെയും നേപ്പാളുമായുള്ളതടക്കമുള്ള എല്ലാ അതിർത്തി പ്രശ്നങ്ങളും സംസാരിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ഈ സാഹചര്യത്തിൽ ഞങ്ങൾ ആവശ്യപ്പെടുന്നു. ദേശീയ സങ്കുചിതവാദവും, വ്യാപനവാദ വ്യാമോഹങ്ങളും മനുഷ്യരാശിക്ക് വിനാശമെ ഉണ്ടാക്കിയിട്ടുള്ളു. അതിർത്തിയെ വിഗ്രഹവൽക്കരിക്കുന്നതല്ല ദേശസ്നേഹം. ജീവനും ജീവിതവും രക്ഷിക്കാൻ ഒന്നിക്കാം.
പോരാട്ടം പോരാട്ടം കൗൺസിലിനുവേണ്ടി,
ചെയർമാൻ: എം എൻ രാവുണ്ണി
ജനറല്‍ കൺവീനർ: ഷാന്‍റോ ലാൽ