രാജ്യത്ത് കർഷകരുടെ രോക്ഷം ആളിപ്പടരട്ടെ…


എം എൻ രാവുണ്ണി

നമ്മുടെ രാജ്യത്തെ എന്നെയും നിങ്ങളെയും പോലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന മൂന്ന് നിയമനിര്‍മാണങ്ങള്‍ നടപ്പിലാക്കാന്‍ പോകുകയാണ്. വയര്‍ നിറഞ്ഞില്ലെങ്കിലും വിശക്കാതിരിക്കാന്‍ നമ്മുടെ പൂര്‍വികര്‍ എല്ലാ ജനങ്ങള്‍ക്കുമായി ഉണ്ടാക്കിയ നിയമങ്ങളെ ഇല്ലാതാക്കുന്ന മൂന്ന് ഓര്‍ഡിനന്‍സുകള്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിട്ടുണ്ട്. കോവിഡിന്‍റെ മറവില്‍ ഒളിച്ചു കടത്തിയ മൂന്ന് ഓര്‍ഡിനന്‍സുകളാണ് ബില്ലുകളായി വരുന്നത്. കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ഉല്‍പാദനം ഉറപ്പാക്കുകയും ചെയ്യും. കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ക്ക് നല്ല വില ലഭിക്കും, വന്‍കിട നിക്ഷേപങ്ങള്‍ കാര്‍ഷിക മേഖലയില്‍ ഉണ്ടാവും. വായിച്ചാല്‍ രോമകൂപങ്ങള്‍ എഴുന്നേല്‍ക്കുന്ന ആമുഖങ്ങളാണിവയ്ക്ക്.

അരിയടക്കമുള്ള ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍, ഉള്ളി മുതല്‍ ഉരുളക്കിഴങ്ങ് വരെയുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഒക്കെ ഒരു നിശ്ചിത അളവില്‍ സംഭരിക്കാനുള്ള അവകാശം സര്‍ക്കാരിനും അവരുടെ ഏജന്‍സികളിലുമായി നിശ്ചയിക്കപ്പെട്ട വകുപ്പുകള്‍ ഇല്ലാതാകുന്നു. ആര്‍ക്കും അവശ്യ വസ്തുക്കള്‍ സംഭരിച്ച് സൂക്ഷിച്ച് വിതരണം ചെയ്യാം. ഫാം കൃഷിയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് മുതലിറക്കാം. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനെന്ന വ്യാജേന വിതയ്ക്കുമ്പോള്‍ തന്നെ വില നിശ്ചയിച്ച് കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ മുതല്‍ മുടക്കുന്ന കമ്പിനിയ്ക്ക് വില്‍ക്കാം. അവര്‍ വേണ്ട സാങ്കേതിക, സാമ്പത്തിക പിന്തുണ നല്‍കും, വിപണിക്കായി കര്‍ഷകര്‍ കാത്തു നില്‍ക്കേണ്ട, കൃഷിയിടത്തില്‍ നിന്നു തന്നെ കമ്പിനി ഉല്‍പന്നങ്ങള്‍ വാങ്ങും, നല്ല ഉദാത്തമായ ആശയം. ഈ കോര്‍പ്പറേറ്റ് കര്‍ഷക കൂട്ടായ്മ മിക്ക വികസിത രാജ്യങ്ങളും പരീക്ഷിച്ച് ജനകോപം കൊണ്ട് പിന്‍വലിച്ചതാണ്. ഇത് സംബന്ധിച്ച് നേരത്തേ എഴുതിയിട്ടുണ്ട്, രണ്ടു വര്‍ഷം മുമ്പേ. 1991ല്‍ ആണ് അമേരിക്കയിലും തെക്കേ അമേരിക്കയിലും സമാന കാര്‍ഷിക വിപ്ലവം മാതൃകയായി അരങ്ങേറിയത്. അതിന്‍റെ പരിണിത ഫലം ഒരു ചെറു സംഭവത്തിലൂടെ മുമ്പ് എഴുതിയത് ആവര്‍ത്തിക്കട്ടേ. ചിലവ നൂറ്റാണ്ട് ആവര്‍ത്തി ചെയ്താലേ ഫലമുണ്ടാവൂ.

എൺപതുകളുടെ തുടക്കം. അമേരിക്കൻ പന്നി കർഷകരുടെ ഇടയിലേക്ക് ഒരു വലിയ ഓഫർ വന്നു. ചെറിയ ഫാമുകളിലും കൃഷിയിടങ്ങളിലും പന്നി വളർത്തൽ ആദായകരമായി നടത്തിയിരുന്ന കാലം. ഫാമിൽ തന്നെ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ വളർത്തി വലുതാകുമ്പോൾ തൊട്ടടുത്തുള്ള സംഭരണ കേന്ദ്രത്തിലേക്കോ ഏറ്റവും അടുത്തുള്ള ടൗണിലോ അവയെ വിൽക്കും. വേണ്ട സാധനങ്ങൾ വാങ്ങി തിരികെപ്പോരും. ഇതിനിടയിലേക്കാണ് വലിയൊരു ഓഫറുമായി ഒരു കമ്പനി എത്തിയത്. നിങ്ങളുടെ ഫാമിൽ വന്ന് പന്നികളെ ഞങ്ങൾ നേരിട്ടെടുത്തോളാം. മാർക്കറ്റിലെ വില തരാം. അടുത്ത വർഷം ഓഫർ കുറച്ചുകൂടി നല്ലതായിരുന്നു. പെട്ടെന്ന് വളരുന്ന പന്നിക്കുഞ്ഞുങ്ങളെ ഞങ്ങൾ തരാം. വേണ്ട തീറ്റയും മരുന്നും തരും. രോഗപ്രതിരോധ കുത്തിവയ്പ്പുകളും എടുത്തു തരും. നിങ്ങൾ ഫാമിൽ അവയെ പരിപാലിച്ച് വളർത്തിയാൽ മതി. ഇറച്ചി ഞങ്ങൾ എടുത്തോളാം, ഇപ്പോഴുള്ള വിലയിൽ. നെട്ടോട്ടമോടേണ്ട കാര്യമില്ല. കർഷകരെ സംബന്ധിച്ചിടത്തോളം എത്ര നല്ല ഓഫർ. നാട്ടിലെ ഇടത്തരം കടക്കാരുമായി വിലപേശേണ്ടതില്ല. തീറ്റയ്ക്കും ഡോക്ടർക്കുമായി പരക്കം പായേണ്ട. ആ വർഷവും നല്ല ലാഭം കർഷകർക്കുണ്ടായി. മൂന്നാം വർഷം കളിമാറി. മുൻപുണ്ടായിരുന്നതിന്‍റെ പാതി വിലയേ നൽകിയുള്ളൂ. ചെറിയ പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും പൊതു മാർക്കറ്റിലും വില കുറഞ്ഞിരുന്നതിനാൽ കർഷകർ സഹിച്ചു.

നാലാം വർഷം തുക വീണ്ടും കുറഞ്ഞു. കർഷകർ പ്രതിഷേധിച്ചു. ഞങ്ങൾ നൽകുന്നില്ല, പുറത്ത് കൊടുത്തുകൊള്ളാം എന്ന് കർഷകർ. ശരിയെന്ന് കമ്പനിയും. തങ്ങളുടെ പഴയ ഫാം ട്രക്കറുകളിൽ പഴയ ചെറുകിട വ്യാപാരികളെത്തേടി കർഷകർ ഇറങ്ങി. പക്ഷേ പഴയ ചില്ലറ കടകളെല്ലാം പൂട്ടിപ്പോയിരുന്നു. ടൗണിലെ കടക്കാരും മറ്റു കച്ചവടത്തിലേക്ക് തിരിഞ്ഞു. സമാന്തരമായുണ്ടായിരുന്ന എല്ലാ ഇറച്ചി വിൽപ്പന ശാലകളും പൂട്ടിപ്പോയി. കർഷകർക്ക് എല്ലാ നഷ്ടവും സഹിച്ച് ഇറച്ചി കമ്പനിക്ക് വിൽക്കേണ്ടി വന്നു. സങ്കര ഇനത്തിൽപ്പെട്ട ഈ പന്നിക്കുഞ്ഞുങ്ങളെ കമ്പനിയുമായി ധാരണയില്ലാതെ വളർത്തിയവർക്കെതിരെ കേസുകൾ വന്നു. ബൗദ്ധിക സ്വത്തവകാശ നിയമം ലംഘിച്ചതിന്.

ഈ സംഭാഷണം കഴിഞ്ഞ് പത്തുവർഷം കഴിഞ്ഞാണ് അർജന്‍റീനയിലെ കർഷകർ കോഴികളേയും പന്നികളേയും ബ്യുനോസ് അയേഴ്സിലെ തെരുവുകളിൽ ഉപേക്ഷിച്ച് പ്രതിഷേധിച്ചത്. കേരളത്തിൽ കൊക്കോയുടെ തുടർച്ചയായി പല ഉല്‍പന്നങ്ങൾ വന്നു. അതിലൊന്നായിരുന്നു വാനില. വാനില കൃഷി ചെയ്ത് പണം വാരിയവർ തമ്പലക്കാട് കാഞ്ഞിരപ്പള്ളി പ്രദേശത്തുണ്ട്. അക്കാലത്ത് പോലീസ് സ്‌റ്റേഷനിൽ വാനിലത്തണ്ട് കൈക്കൂലിയായി വാങ്ങിയിരുന്നെന്ന് അടക്കം പറച്ചിലുണ്ടായിരുന്നു.

വികസിത രാജ്യങ്ങളെ വിട്ട് നമ്മുടെ നാട്ടിലേയ്ക്ക് വന്നാല്‍, ഭൂമി മുഴുവന്‍ പത്തോ ഇരുപതോ ശതമാനം ആളുകളുടെ കൈവശമാണ്. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന രീതിയാണ് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ഒഴികെയുള്ളയിടങ്ങളില്‍ നിലവിലുള്ളതും. ഭൂമിയൊരാളുടെ പാടത്ത് കൃഷിയിറക്കുന്നവര്‍ മറ്റൊരാള്‍ പണിയെടുക്കുന്നത് മൂന്നാമതൊരാള്‍. ഈ ഇടത്തിലാണ് ഭൂവുടമയും കോര്‍പ്പറേറ്റ് മുതലാളിയും തമ്മില്‍ കരാറുണ്ടാക്കുക, ആ കരാറില്‍ ആദ്യകാലങ്ങളില്‍ മൂന്നു കൂട്ടരുടേയും താല്‍പര്യം സംരക്ഷിക്കും. കോര്‍പ്പറേറ്റ് രീതിയതാണ്. രണ്ടു മൂന്ന് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഈ വ്യവസ്ഥിയെ സമൂഹം അംഗീകരിക്കും എന്ന നില വരുമ്പോള്‍ അവര്‍ തനി സ്വരൂപം കാണിക്കും. ലോകത്തെല്ലായിടത്തും ഇത് നമ്മള്‍ കണ്ടിട്ടുള്ളതാണ്. അവിടൊക്കെ ഭൂവുടമകളുടെ താല്‍പര്യം ഒരു പരിധിവരെ സംരക്ഷിക്കപ്പെടാം. പക്ഷെ കൃഷിയിറക്കുന്നവനും, ചേറില്‍ പണിയെടുക്കുന്നവനും പഴയ കോരന്‍റെ കുമ്പിള്‍ കൂട്ടാന്‍ പഠിക്കേണ്ടി വരും. ഇതില്‍ ഏറ്റവും ഗുരുതരമായ ഭവിഷത്ത് നേരിടേണ്ടി വരുന്നത് കര്‍ഷ തൊഴിലാളികള്‍ക്കാണ്, കൂലിക്ക് പണിയെടുക്കുന്നവര്‍ക്ക്. ഹരിയാനക്കാര്‍ക്ക് ഇത് കൃത്യമായി മനസിലായി, പഞ്ചാബികള്‍ക്കും.

ബ്രിട്ടീഷുകാര്‍ നീലം കൃഷിയ്ക്കും തേയില കൃഷിയ്ക്കും ഉണ്ടാക്കിയതിന്‍റെ പുതുമുഖമാണ് കോര്‍പ്പറേറ്റ് ഫാമിങ്ങ്. ഇതിലൂടെ ആദ്യ വര്‍ഷങ്ങളില്‍ വില നിലവാരത്തില്‍ വലിയ മാറ്റമുണ്ടാവില്ല. പിന്നീടുള്ള വര്‍ഷങ്ങളില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കോര്‍പ്പറേറ്റുകള്‍ നിശ്ചയിക്കും. മൂന്നാം ലോക രാജ്യങ്ങളില്‍ പാവപ്പെട്ട സായ്പ്പുമാര്‍ ടൂറിസ്റ്റുകളായി വരുന്നതു തന്നെ നമ്മുടെ നാട്ടില്‍ ആഹാരത്തിന‍്‍ ഒട്ടും ചെലവില്ല എന്നതുകൊണ്ടാണ്. ഇന്ത്യ, ബംഗ്ലാദേശ്,ശ്രീലങ്ക, പാകിസ്താന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ 1950കളിലെ ഭക്ഷ്യദൗര്‍ലഭ്യത്തെ തുടര്‍ന്ന് അവശ്യസാധനങ്ങളുടെ വില പിടിച്ചു നിര്‍ത്താന്‍ കൊണ്ടുവന്ന നിയമങ്ങളാണ് നമ്മുടെ രാജ്യത്ത് അര്‍ത്ഥ രഹിതമാകുന്നത്.

കൃഷിയേയും കര്‍ഷകരേയും ഉദ്ധരിക്കുന്നതായി പറയുന്ന പുതിയ പാക്കേജ് മൂന്ന് നിയമങ്ങളിലൂടെയാണ് നടപ്പാക്കുക. ആദ്യം ഭക്ഷ്യ ഉല്‍പന്നങ്ങള്‍ സംഭരിക്കുന്നതിനുള്ള നിലവിലെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്ന നിയമം. രണ്ടാമത്തേത് കാര്‍ഷിക ഉല്‍പാദന മാര്‍ക്കറ്റ് കമ്മിറ്റികളുടെ (APMC) അധികാരമില്ലാതാക്കി. കാര്‍ഷികോല്‍പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും ആര്‍ക്കും അധികാരം നല്‍കുന്ന നിയമം (ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ നിയമം), മൂന്നാമതായി കൃഷിയിടങ്ങളില്‍ കരാര്‍ കൃഷി നിയമവിധേയമാക്കുന്നതിനായി വില ഉറപ്പാക്കാന്‍ നിയമം. ഇന്ത്യയിലെ ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ അവതരിപ്പിക്കുന്ന കാര്‍ഷിക വിപണനവുമായി ബന്ധപ്പെട്ട മൂന്നു നിയമങ്ങളും പലയാവര്‍ത്തി വായിക്കണം. സത്യസന്ധമായി ജനപക്ഷത്തുനിന്ന് പാര്‍ലമെന്‍റില്‍ അഭിപ്രായങ്ങള്‍ പറയണം. വേണ്ട തിരുത്തലുകള്‍ വരുത്തണം. ഇല്ലെങ്കില്‍ ഒരു നേരത്തെ ആഹാരത്തിനായി ഇന്ത്യയിലെ ബഹു ഭൂരിപക്ഷ ജനങ്ങളും നെട്ടോട്ടം ഓടും. അത് ഒടുക്കം അത് നടപ്പാക്കിയവരുടെ നെഞ്ചത്തേയ്ക്ക് ഇരച്ചു കയറും. അത് താങ്ങാവുന്നതിലും അധികമാണ്.

സാധാരണക്കാരുടെ ജീവനോപാധിയായ കാര്‍ഷിക വിപണന ശൃംഖല ഇല്ലാതാവും. പകരം സ്വന്തം പുരയിടത്തിലെ അടിമപ്പണിക്കാരും സ്വന്തം കടയിലെ കൂലിപ്പണിക്കാരുമായി പാവപ്പെട്ടവർ മാറാന്‍ പോകുകയാണ്. കർഷകരുടെ ഉശിരൻ പോരാട്ടങ്ങളിലൂടെയല്ലാതെ ഈ നിയമ നിർമ്മാണങ്ങളെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന തിരിച്ചറിവിൽ പണിനിലങ്ങൾ പടനിലങ്ങളാക്കി മാറ്റുക.
അഭിവാദ്യങ്ങളോടെ,
പോരാട്ടം സംസ്ഥാന കൗൺസിലിനു വേണ്ടി ചെയർപേഴ്സൺ
എം എൻ രാവുണ്ണി

Photo_ 1 പഞ്ചാബിലെ അമൃത്സറില്‍ കര്‍ഷകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നു, PTI
2. Ramandeep Singh Mann

Like This Page Click Here

Telegram
Twitter