ചൈനീസ് ബന്ധം: ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഢ്ഡയെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ട്?


കെ സഹദേവൻ

‘ന്യൂസ് ക്ലിക്ക് ‘ പോർട്ടൽ എഡിറ്ററെ അറസ്റ്റ് ചെയ്യാനും 46ഓളം പത്രപ്രവർത്തകരുടെ ഓഫീസും വീടും റെയ്ഡുചെയ്യാനും കാരണമായി മോദിയും സംഘവും ചൂണ്ടിക്കാട്ടുന്നത് ‘ന്യൂസ് ക്ലിക്കി’ൻ്റെ ചൈനീസ് ബന്ധമാണ്.

അത്തരത്തിൽ ആശാസ്യകരമല്ലാത്ത ഏതെങ്കിലും ബന്ധം ‘ന്യൂസ് ക്ലിക്കി’നുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടത് പ്രധാനം തന്നെയാണ്. അത് രാജ്യത്ത് നിലവിലുള്ള നിയമക്രമങ്ങൾ അനുസരിച്ചായിരിക്കണം എന്നത് സുപ്രധാനമായ കാര്യമാണ്.

ഇനി, ന്യൂസ് ക്ലിക്ക്’ന് ചൈനീസ് ബന്ധം ആരോപിക്കുന്ന മോദി സംഘത്തിന് ഇതിനുള്ള ധാർമ്മികത എന്താണെന്ന് കൂടി നാം നോക്കേണ്ടതുണ്ട്. 2019ലെ തെരഞ്ഞെടുപ്പിനായി ബിജെപി വാടകക്കെടുത്ത കമ്പനികളെക്കുറിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ സമർപ്പിച്ച കണക്കുകളിൽ സൂചിപ്പിക്കുന്നുണ്ട്, ഇതനുസരിച്ച്;

1. യുസി വെബ് ബ്രൗസർ എന്ന കമ്പനിയെ ബിജെപി ഉപയോഗപ്പെടുത്തിയതായി കാണാം.

2017ൽ, ചൈനയിലേക്ക് ഇന്ത്യൻ ഡാറ്റ അയച്ചതിന് യുസി വെബ് ബ്രൗസറിനെ മോദി സർക്കാർ ഫ്ലാഗ് ചെയ്തതായി കാണുന്നു. എന്നു മാത്രമല്ല; 2020ൽ ചൈനീസ് സൈന്യവുമായി ബന്ധമുള്ളതിനാൽ ഇത് നിരോധിക്കുകയും ചെയ്തു. എന്നിട്ടും, 2019ലെ പൊതുതിരഞ്ഞെടുപ്പിന് വേണ്ടി ബിജെപി യുസി വെബ് ബ്രൗസറിനെ നിയമിക്കുകയുണ്ടായി.

2. ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തിയ മറ്റൊരു കമ്പനി ഗാമ ഗാന ലിമിറ്റഡ് (Tencent of China) ആണ്. ഗാമാ ഗാന ലിമിറ്റഡിന്റെ ഡയറക്ടർമാരിൽ ഒരാൾ പോ ഷു യുങ് എന്ന ചൈനീസ് പൗരനാണ്. പോ ഷു യുവെങ് “10c ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ” ഡയറക്ടറാണ്. 10c എന്നാൽ “ടെൻസെന്റ്” – എന്ന ചൈനീസ് കമ്പനിയാണ്.

ചൈനീസ് കമ്പനികളായ ആലിബാബയ്ക്കും ടെൻസെന്റിനും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുമായി (പി.എൽ.എ) ആഴത്തിലുള്ള ബന്ധമുണ്ടെന്ന് കണ്ടെത്തിയത് മോദി സർക്കാരാണ്. എന്നിട്ടും – ഈ കമ്പനികൾ 2019ൽ ബി.ജെ.പിക്ക് വേണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തി. ഈ ചൈനീസ്-പി.എൽ.എ ബന്ധമുള്ള കമ്പനികൾക്ക് ബി.ജെ.പി 1.15 കോടി രൂപ നൽകിയതായി ഇലക്ഷൻ കമ്മീഷന് നൽകിയ കണക്കുകൾ സൂചിപ്പിക്കുന്നു.

ചോദ്യങ്ങൾ ഇവയാണ്:

* നിരോധിത കമ്പനികളെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ ആര് അനുവാദം നൽകി?

* ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കമ്പനികളെ രാജ്യത്തെ പൊതു തെരഞ്ഞെടുപ്പിൽ പ്രചരണ പ്രവർത്തനങ്ങൾക്കായി ബി.ജെ.പി ഉപയോഗപ്പെടുത്തിയതെന്തിന്?

* ഈ നിയമ വിരുദ്ധ / ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ പി നഢ്ഡയെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ട്?
…….

റഫറൻസ്:
2019ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷന് സമർപ്പിച്ച കണക്കുകൾ സംബന്ധിച്ച് വിശദാംശങ്ങൾ: Bharatiya Janata Party – Election Expenditure for Lok Sabha Elections-2019

Follow us on | Facebook | Instagram Telegram | Twitter | Threads