ഇന്ത്യൻ നാസികൾ കൂടുതൽ അക്രമസക്തമാവുന്നതിന്റെ നേർകാഴ്ച; ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

ഇന്ത്യൻ നാസികൾ കൂടുതൽ അക്രമസക്തമാവുന്നതിന്റെ നേർകാഴ്ചയാണ് ജെ.എൻ.യുവിൽ നടക്കുന്നതെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം. എ‌ബി‌വി‌പിയും പോലീസും ഒരു കൂട്ടം അദ്ധ്യാപകരും ജീവനക്കാരും കൂടി ചേർന്ന് ആസൂത്രിതമായി അഴിച്ചുവിട്ട ആക്രമണമായിരുന്നു ജെ.എൻ.യു.വിൽ നടന്നത്. ഇത് അത്യന്തം ഹീനവും ജനാധിപത്യ സമൂഹത്തോട് നടത്തിയ ഫാസിസ്റ്റ് യുദ്ധപ്രഖ്യാപനവുമാണ്. ഇതിനെതിരെ ജനാധിപത്യ ശക്തികൾ ശക്തമായ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും ഉയർത്തികൊണ്ട് വരണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്റ് തുഷാർ നിർമ്മൽ സാരഥിയും സെക്രട്ടറി സി.പി റഷീദും ആഹ്വാനം ചെയ്യുന്നു.

പ്രസ്താവനയുടെ പൂർണ്ണരൂപം;
മുഖം മറച്ച് ലാത്തിയും വടികളുമടക്കം സായുധരായെത്തിയ എ‌ബി‌വി‌പി പ്രവർത്തകരും പോലീസും ഒരു കൂട്ടം അദ്ധ്യാപകരും ജീവനക്കാരും കൂടി ചേർന്ന് ആസൂത്രിതമായി അഴിച്ചുവിട്ട ആക്രമണമായിരുന്നു ജെ.എൻ.യു.വിൽ നടന്നത്. ഇത് അത്യന്തം ഹീനവും ജനാധിപത്യ സമൂഹത്തോട് നടത്തിയ ഫാസിസ്റ്റ് യുദ്ധപ്രഖ്യാപനവുമാണ്. ജെ‌എൻ‌യുവിലെ സബർമതി ധാബയിൽ‌ ഫീസ് വർദ്ധനവിനും വർഗീയ വിഭജന നീക്കങ്ങൾക്കുമെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ ആക്രമിച്ച ഈ നടപടി വെറും എ.ബി വി. പി വിദ്യാർത്ഥികൾ നടത്തിയ അക്രമമായി ചുരുക്കി കാണാനാവില്ല.

പോലീസ് കാവലിൽ ഒരു കൂട്ടം അദ്ധ്യാപകരുടേയും സർവ്വകലാശാലാ ജീവനക്കാരുടേയും സഹായത്തോടെ ABVP സംഘപരിവാർ ഫാസിസ്റ്റുകൾ നടത്തിയ ഈ ആക്രമണം ആസൂത്രിതവും ലക്ഷ്യങ്ങൾ മുൻകൂട്ടി നിശ്ചയിച്ചതുമായിരുന്നു. ക്യാമ്പസിന് പുറത്ത് നിന്ന് വലിയ സംഘങ്ങൾ ഈ ആക്രമണത്തിൽ പങ്കാളികളാണ്. മാത്രമല്ല എന്ത് വന്നാലും പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്ട്രറും നടപ്പിലാക്കും എന്ന അമിത് ഷായുടെ പ്രഖ്യാപനത്തിന് തൊട്ടടുത്ത ദിവസം തന്നെ ആയിരുന്നു ഈ ആക്രമണങ്ങൾ. അത് കൊണ്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുസാഫർബാദിലടക്കം നാം കണ്ട ആക്രമണത്തിന്റെ മറ്റൊരു തുടർച്ചയും വ്യാപനവുമാണിത്. മോഡി വാഴ്ചയുടെ മൊത്തം താല്പര്യങ്ങളുടെ ഭാഗമായി അരങ്ങേറിയതാണ് ഈ ആക്രമണം.

സാമൂഹത്തെ ഫാസിസ്റ്റ് വൽക്കരിക്കാനുള്ള നീക്കങ്ങളിലെ ഏറ്റവും ഭീകരമായ കാൽവെപ്പാണിത്. വാഹനങ്ങളും ഹോസ്റ്റൽ റൂമുകളുമൊക്കെ അടിച്ചു തകർത്ത ഫാസിസ്റ്റ് സംഘത്തിന്റെ അഴിഞ്ഞാട്ടത്തിൽ ജെഎൻ‌യു‌ വിദ്യാർത്ഥി യുണിയൻ പ്രസിഡന്റ് ഐഷി, ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര യാദവ് എന്നിവരുൾപ്പെടെ നിരവധി വിദ്യാർത്ഥികൾക്ക് ഗുരുതരമായ പരിക്കേറ്റു.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ജെ.എൻ.യു. അടക്കമുള്ള സർവ്വകലാശാലകൾക്കെതിരെംബ്രാഹ്മണ്യഹിന്ദുത്വ ഫാസിസ്റ്റ് ഗുണ്ടകൾ നടത്തുന്ന ആക്രമണം ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കുന്ന ജനാധിപത്യ മതേതര ചിന്തയുടെ ശക്തമായ ഇടങ്ങളെ തകർക്കാൻ വേണ്ടിയായിരുന്നു. ഈ ലക്ഷ്യം നേടാനായില്ലെന്ന് മാത്രമല്ല
ഇന്ത്യൻ നാസികളുടെ ഹിന്ദു രാഷ്ട്ര നിർമ്മിതിക്കെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഭൂതപൂർവ്വമായ പോരാട്ടങ്ങൾ കാമ്പസുകളിൽ നിന്ന് ഇന്ത്യൻ തെരുവിലേക്ക് പടർന്നു. അമിത്ഷായടക്കം ഗോബാക്ക് വിളികളെ നേരിട്ട സാഹചര്യത്തിൽ ഭീരുത്വം പൂണ്ട ഇന്ത്യൻ നാസികൾ കൂടുതൽ അക്രമസക്തമാവുന്നതിന്റെ നേർകാഴ്ചയാണ് യഥാർത്ഥത്തിൽ ജെ.എൻ.യു. ഇത് ഇന്ത്യൻ തെരുവിലേക്ക് ഇനി പടരും എന്ന വസ്തുത നാം തിരിച്ചറിയണം. ഇന്ത്യയാകെ മുസാഫർബാദായി മാറാൻ പോവുന്നു. ശക്തമായ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും ഐക്യത്തോടെ ഉയർത്തികൊണ്ട് വരാൻ ഈയവസരത്തിൽ ജനാധിപത്യ ശക്തികൾ തയ്യാറാവണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആഹ്വാനം ചെയ്യുന്നു.

Leave a Reply