ക്വിയർ വിരുദ്ധതയും ഹോമോഫോബിയയും ആഘോഷിക്കുന്ന കാതൽ
ചാന്ദിനി ലത
ഇന്ത്യൻ സിനിമയിൽ സ്വവർഗ്ഗാനുരാഗവും സ്വവർഗ്ഗ ലൈംഗികതയും മുഖ്യ പ്രമേയമായി വരുന്ന ഒട്ടനവധി സിനിമകൾ വന്നിട്ടുണ്ട്. മലയാളത്തിൽ തന്നെ മൂത്തോൻ പോലുള്ള സിനിമകൾ ഈ വിഷയം മുൻപ് തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ എന്ന സിനിമയുടേയും കാതൽ സ്വവർഗ്ഗ ലൈംഗികത തന്നെയാണ്. എന്നാൽ പുറമെ ക്വിയർ രാഷ്ട്രീയം സംസാരിക്കുന്നുവെന്ന് പറയുന്ന സിനിമ അടിമുടി ഹോമോഫോബിക് ആണ്. മലയാളി പൗരുഷത്തിന്റെ പ്രതീകമായ മമ്മൂട്ടി ഗേ (സ്വവർഗ്ഗാനുരാഗി) കഥാപാത്രമായി വരുന്ന കാതൽ സാമ്പ്രദായിക ആൺ-പെൺ കേന്ദ്രീകൃത കുടുംബ വ്യവസ്ഥയെ കൃത്യമായി സംരക്ഷിച്ച് കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന കാഴ്ചയാണ് കാണാനാകുക.
ഒരു പുരുഷൻ താൻ ഗേ ആണെന്ന് പ്രഖ്യാപിക്കുമ്പോൾ സമൂഹം അവനെ ആണത്തം/ പൗരുഷം ഇല്ലാത്തവനായി കണക്കാക്കുന്നു. സാമൂഹികമായി ഒറ്റപ്പെടുത്തുന്നു. എന്നാൽ മമ്മൂട്ടിയുടെ മാത്യു എന്ന കഥാപാത്രം കുടുംബസ്ഥനാണ്. പത്തൊമ്പത് വയസുള്ള പെൺകുട്ടിയുടെ അച്ഛനാണ്. സർവ്വസമ്മതനാണ്. ഒരു സിസ് ഹെറ്ററോ കുടുംബത്തിന്റെ എല്ലാ ആനുകൂല്യങ്ങളും കൈപറ്റുന്നവനാണ്. അതായത് ഗേ ആയിട്ടു കൂടി താൻ പൗരുഷമുള്ള ആണാണെന്ന് മമ്മൂട്ടി സിനിമയിലുടനീളം പറഞ്ഞുവയ്ക്കുന്നു.
മമ്മൂട്ടി എന്ന പൗരുഷം തുളുമ്പുന്ന മലയാളത്തിന്റെ മഹാനടൻ ഒരു ഗേ വേഷം ചെയ്യാൻ തയ്യാറായി എന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കുന്നിടത്തു തന്നെ സിനിമ ഹോമോഫോബിക് ആയി മാറുകയാണ്. കുടുംബം കോടതി തുടങ്ങിയ സ്ഥാപനങ്ങളുടെ സമ്മർദ്ദം കൊണ്ടു മാത്രം ഗേ ആണെന്ന് അംഗീകരിക്കേണ്ടിവരുന്ന അവസ്ഥയാണോ, പ്രേമ വിവാഹത്തെ പറ്റിയും കള്ളുകുടിക്കുന്ന പെൺ മക്കളെ പറ്റിയും വളരെ പുരോഗമനപരമായ കാഴ്ചപ്പാടുള്ള മാത്യുമാർക്ക് ഇവിടെ ഉണ്ടാകുന്നത്? അതിനർത്ഥം കാതൽ എന്ന സിനിമ കേരളത്തിലെ ക്വിയർ മനുഷ്യർ ഇത്രയും നാൾ നടത്തിവന്ന അധ്വാനത്തേയും ചെറുത്തുനിൽപ്പുകളെയും തള്ളിക്കളയുന്നു എന്നല്ലേ!
ക്വിയർ മനുഷ്യരെ അതിക്രൂരമായി പീഢിപ്പിക്കുകയും കൺവേർഷൻ തെറാപ്പിക്ക് വിധേയരാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന പള്ളിയും പള്ളിയിലച്ചന്മാരും ഒക്കെ മാത്യുവിന്റെ ഗേ സ്വത്വത്തെ വളരെ നിശബ്ദമായി അംഗീകരിക്കുന്നു എന്ന വിരോധാഭാസവും സിനിമയിൽ കാണാം.
മാത്യു എന്ന മമ്മൂട്ടി പണക്കാരനാണ്, രാഷ്ട്രീയക്കാരനാണ്. പള്ളിയിൽ പോയി കുർബ്ബാന കൈക്കൊള്ളുന്ന വിശ്വാസിയുമാണ് എന്നിങ്ങനെയുള്ള ഇതര സ്വത്വങ്ങളാണ് ഒരു ഗേ ആണെന്നതിനേക്കാൾ സിനിമയിൽ മുഴച്ചു നിൽക്കുന്നത്. മാത്യു തന്റെ സ്വത്വം വെളിപ്പെടുത്തിയതിനു ശേഷവും തന്റെ ആൺ സുഹൃത്തും ലൈംഗിക പങ്കാളിയുമായ വ്യക്തിയോട് ശാരീരികമായി വളരെ കൃത്യമായ അകലം പാലിക്കുന്നത് ക്വിയർ രാഷ്ട്രീയം പറയാൻ ശ്രമിക്കുന്ന സംവിധായകന്റെ തികഞ്ഞ കാപട്യമായി മനസിലാക്കാം. എന്നാൽ സിനിമയിൽ സ്വന്തം ഭാര്യയുമായി അഗാധമായ വൈകാരികബന്ധം സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കെട്ടുകാഴ്ചകൾ സാമ്പ്രദായിക മലയാളി കുടുംബ പ്രേക്ഷകരെ വളരെയധികം തൃപ്തിപ്പെടുത്തുന്നവയാണ്. ജിയോ ബേബി വളരെ സുരക്ഷിതമായ സ്ഥലത്തു നിന്നുകൊണ്ട് കപട സദാചാരത്തിൽ പൊതിഞ്ഞ ക്വിയർ രാഷ്ട്രീയം പറയാൻ ശ്രമിക്കുകയാണ് ചെയ്തിട്ടുള്ളത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ലൈംഗിക ന്യൂനപക്ഷ സ്വത്വങ്ങളെ കൃത്യമായും കച്ചവടവൽകരിക്കുകയാണ് ജിയോ ബേബി.
ഗേ ആയിട്ടുള്ള മനുഷ്യർ സ്വന്തം ലൈംഗികത തിരിച്ചറിയുന്ന സമയം തൊട്ട് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ സാമൂഹിക സമ്മർദ്ദങ്ങളെ എതിർലിംഗത്തിൽപ്പെട്ട വ്യക്തികളെ വിവാഹം കഴിക്കേണ്ടി വരുന്ന ദുരവസ്ഥകളെ ഉപരിപ്ലവമായി പറഞ്ഞു വയ്ക്കുന്ന സിനിമ, സ്വന്തം ലൈംഗികത പങ്കാളിയിൽ നിന്ന് മറച്ചുവെച്ച് അവരുടെ ജീവിതം പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതം നശിപ്പിച്ചുകളയുന്നുവെന്നുള്ള ക്വിയർ വിരുദ്ധ ക്ലീഷേകളും വാർപ്പു മാതൃകകളുമാണ് നിർമ്മിക്കുന്നത്. ഒരു തരത്തിൽ ഇത് ഒരു മമ്മൂട്ടി പടം മാത്രമാണ്. ക്വിയർ മനുഷ്യരുടെ സിനിമയല്ല എന്ന് മാത്രമല്ല പൂർണമായും ഒരു ക്വിയർ വിരുദ്ധ സിനിമ ആണ് താനും.
_ ചാന്ദിനി ലത
Follow us on | Facebook | Instagram | Telegram | Twitter | Threads