എന്തിനാണീ നീച ആൺകൂട്ടങ്ങൾ പെൺകുട്ടികളെ ഇങ്ങനെ ദ്രോഹിക്കുന്നത്

കാസർഗോഡ് മദ്രസ അധ്യാപകനായ പിതാവ് പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ചു എന്ന വാർത്തയുടെ നിജ സ്ഥിതി അറിയാനാണ്‌ നീലേശ്വരം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയെ ഫോണിൽ വിളിച്ചത്. മദ്രസ അധ്യാപകനായ സ്വന്തം പിതാവും മറ്റു മൂന്നുപേരും നടത്തിയ പീഡനത്തെ തുടർന്ന് പതിനഞ്ചു വയസുള്ള പെൺകുട്ടി അമ്മാവനോടൊപ്പം എത്തി പരാതി നൽകി മൊഴിയും കൊടുത്തിരിക്കുന്നത് ഈ കേരളത്തിലാണ്. കാസർകോട്ടെ നീലേശ്വരം തൈക്കടപ്പുറത്ത്. ഇതിനിടെ കുട്ടി ഗർഭിണി ആകുകയും തുടർന്ന് അബോർഷൻ നടത്തുകയും ചെയ്‌തിരിക്കുന്നു. പ്രതികളെ പോലീസ് പിടികൂടിയിട്ടുമുണ്ട്.

രണ്ടു വർഷമായി കുട്ടിയെ പിതാവും മറ്റു മൂന്നു പേരും ചേർന്ന് പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ആ പോലീസ് ഓഫീസർ പറയുമ്പോൾ കൂടുതൽ കേൾക്കാനുള്ള ശക്തി ഇല്ലാതെ ഞാൻ ഫോൺ കട്ട് ചെയ്യുകയാണുണ്ടായത്. സ്വന്തം മകളുടെ നേർക്ക് സ്ഖലിച്ച ലിംഗവുമായി സമീപിച്ച ആ കാമഭ്രാന്തനെ ജാമ്യത്തിലിറക്കാനും ആളുണ്ടാകും എന്നതാണ് ഈ നാടിന്റെ ദുർഗതി. എന്തൊരു ക്രൂരത നിറഞ്ഞ നാടാണിത്.

പോക്സോ കോടതികളുടെ എണ്ണം വർദ്ധിപ്പിച്ചിട്ട് കാര്യമില്ല ഇവറ്റകളെ മാതൃകാപരമായി, സമയബന്ധിതമായി ശിക്ഷിക്കാനുള്ള ഊർജ്ജിതമായ നടപടി ക്രമങ്ങൾ ഉണ്ടാകണം. പോക്സോ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടാൽ 24 മണിക്കൂറിനകം കോടതിക്ക് മുന്നിൽ ഇരയെക്കൊണ്ട് മൊഴി കൊടുപ്പിക്കേണ്ട സാഹചര്യം നിയമപാലകർ ഉണ്ടാക്കണം ഒരു വർഷത്തിനുള്ളിൽ കേസ് പൂർത്തിയാക്കണം. പക്ഷേ സംഭവിക്കുന്നതോ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുള്ള കേസ് അട്ടിമറികളാണ് മിക്ക കേസുകളിലും കാണുന്നത്. ഫലമോ പെൺകുട്ടികളുടെ ജീവിതം ദുരിതക്കയത്തിലേക്ക് വീഴുന്നു.

എത്ര പിതാക്കന്മാർ മക്കൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയിരിക്കുന്നു എത്ര അധ്യാപകർ സ്വന്തം വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയിരിക്കുന്നു. മദ്രസ അധ്യാപകരുടെ കാര്യം പിന്നെ പറയുകയും വേണ്ട. ഈ കേസുകൾ ഒക്കെ പരിശോധിച്ചു നോക്കൂ മറ്റൊരു വേട്ടക്കാരന് ഇര തേടുന്നതിനുള്ള ശുഭാപ്തി വിശ്വാസം പകർന്നു കൊടുക്കുന്ന റിസൾട്ട് ആണീ കേസുകളിലൊക്കെയും സംഭവിക്കുന്നത്.

ഏറെ സങ്കടം ഈ വിഷയത്തിലെ ചില ദുഷ്‌ടക്കൂട്ടങ്ങളുടെ പ്രതികരണമാണ് കണ്ടില്ലേ മദ്രസ അധ്യാപകൻ പീഡിപ്പിച്ചില്ലേ എന്തേ മിണ്ടുന്നില്ല എന്ന ചോദ്യങ്ങളാണെവിടെയും. അഥവാ പീഡനത്തെ പോലും രാഷ്ട്രീയ ആയുധമാക്കുന്നവർ ഇവർക്കൊന്നും ആ കുട്ടി പീഡിപ്പിക്കപ്പെട്ടതിലല്ല അസ്വസ്ഥത എന്ന് ആർക്കാണറിഞ്ഞു കൂടാത്തത്.

ദുഷ്‌ട മനുഷ്യരേ ഒരു പെൺകുഞ്ഞും ഒരു സ്ത്രീയും കാമഭ്രാന്തന്മാരാൽ പീഡിപ്പിക്കപ്പെടരുത്. പെണ്ണിന്റെ അനുവാദമില്ലാതെ ഒരുത്തനും അവളുടെ മേൽ കൈ വയ്ക്കരുത്. കുഞ്ഞുങ്ങളുടെ ശരീരത്തെ കാമദാഹം ശമിപ്പിക്കുന്നതിനായി ഉപയോഗിക്കരുത്. മദ്രസ അധ്യാപകൻ ആയാലും പള്ളീലച്ഛനായാലും ക്ഷേത്ര പൂജാരിയാണേലും നിലപാട് ഇത് തന്നെയാണ്.

ഒരു പീഡനത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ മറ്റൊരു പീഡനം ചൂണ്ടിക്കാണിച്ച് ന്യായീകരിക്കുക. ഒരു കൊലപാതകത്തെ കുറിച്ച് സംസാരിക്കുമ്പോൾ മറ്റൊരു കൊലപാതകം ചൂണ്ടിക്കാണിച്ച് ന്യായീകരിക്കുക. എന്തോരം രാഷ്ട്രീയ അശ്ലീലമാണ് ഈ പ്രവൃത്തി എന്ന് ഇത് ചെയ്യുന്നവർക്ക് വല്ല ബോധ്യവുമുണ്ടോ.

ക്ഷമിക്കുക, ഈ നിലപാട് സ്വീകരിക്കുന്ന നീച മനുഷ്യരെ അഭിസംബോധന ചെയ്യാൻ ഭാഷയ്ക്ക് പരിമിതിയുണ്ട്…

_ ശ്രീജ നെയ്യാറ്റിന്‍കര
20 ജൂലൈ 2020

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail