കൊവിഡ് കാലത്തെ തടവുശിക്ഷ മരണശിക്ഷയാണ്; അത് സായ്ബാബക്ക് മേൽ എൻകൗണ്ടറും


_ അജിത് പച്ചനാടൻ

രാജ്യത്തെ തുറുങ്കുകൾ അതിൻ്റെ ‘സംഭരണശേഷിക്കും’ ഇരട്ടിയിലധികം തടവുകാരുമായി മഹാമാരിയുടെ സാഹചര്യത്തിൽ അതീവ ഗുരുതരമായ ഇടമായി നമുക്കു മുന്നിലുണ്ട്. ഇതിനോടകം രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ നിന്നു തടവുകാരുടെ ആരോഗ്യത്തെ സംബന്ധിക്കുന്ന ഉത്കണ്ഠകളും അവരുടെ പരോളിനായുള്ള സമ്മർദ്ദം സർക്കാരിനു മേലും ഉയർന്നുവന്നു കഴിഞ്ഞു. ഭരണകൂടമാകട്ടെ പ്രതികാര ബുദ്ധിയോടെയാണതിനെ നേരിടുന്നത്.

മാവോയിസ്റ്റ് സൈദ്ധാന്തികനെന്നു ആരോപിച്ച് 2014 മെയ് 9നു ഡൽഹി സർവ്വകലാശാല കാംപസിൽ നിന്നു ഡൽഹി പൊലീസിന്‍റെ സഹായത്തോടെ മഹാരാഷ്ട്ര പൊലീസ് ഇംഗ്ലീഷ് പ്രൊഫസർ ജി എൻ സായ്ബാബയെ അറസ്റ്റു ചെയ്യുന്നത്. നട്ടെല്ലിനു രോഗം ബാധിച്ച് 90 ശതമാനം തളർന്നു ഗുരുതരമായ ആരോഗ്യ പ്രശ്നം നേരിടുന്ന, പരസഹായം കൂടാതെ പ്രാഥമികാവശ്യങ്ങൾ പോലും നിർവ്വഹിക്കാൻ കഴിയാത്ത വ്യക്തിയാണു ജി എൻ സായ്ബാബ.

ജയിലധികൃതരുടെ അനുമതിയോടെ ഭാര്യ എ വസന്തകുമാരിയുമായി നടത്തിയ സംഭാഷണത്തിലാണ് നാഗ്പൂർ ജയിലിലെ കൊവിഡ്-19 വ്യാപനത്തിന്‍റെ ഭീതിദമായ സാഹചര്യം സായ്ബാബ വെളിപ്പെടുത്തിയത്. ജയിലധികൃതർ, വിചാരണത്തടവുകാർ തുടങ്ങി നൂറിൽപ്പരം ആളുകളിൽ രോഗം ബാധിച്ചിട്ടുണ്ട്. ജയിൽ വാർഡന്മാർ രോഗികളായത് വൻഭീഷണിയാണ്. ജൂലൈ 8നു അണ്ഡാ സെല്ലിലെ ഇരുപതോളം പേരിൽ നടത്തിയ പരിശോധനയിൽ ഒരാൾക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മൂന്ന് വർഷം ജയിൽവാസം അനുഭവിച്ചാൽ പരോൾ ലഭിക്കുകയെന്നത് തടവുകാരന്‍റെ അവകാശമാണ്. സായ്ബാബ തടവിൽ മൂന്നുവർഷം പിന്നിട്ടിട്ടും ജയിൽ അതോറിറ്റി അദ്ദേഹത്തിന്‍റെ ജാമ്യം നിഷേധിച്ചു. 90 ശതമാനം ശാരീരിക വൈഷമ്യമുള്ള വ്യക്തിക്കു നിയമപരമായ പരോൾ നല്‍കാതെ ഗുരുതരമായ പാൻക്രിയാറ്റിസ്, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, രക്തസമ്മർദ്ദം, പിത്തസഞ്ചിയിലെ കല്ലുകൾ, ബോധക്ഷയം ഉൾപ്പെടെ ജീവനു അപകടകരമായ അസുഖങ്ങളുള്ള സായിബാബയോടു പ്രതികാര സമാനമായ അവഗണന കൊവിഡ്-19 മഹാമാരിയുടെ സാഹചര്യത്തിൽ സർക്കാർ പുലർത്തുമ്പോൾ അദ്ദേഹത്തിനതു ഫലത്തിൽ വധശിക്ഷയായി തീരുന്നു.

അരുന്ധതി റോയ് സായ്ബാബയോടു പ്രത്യാശയും ഭീതിയും പങ്കിടുന്നു;
“കൊവിഡ്-19 നിങ്ങൾ ഉൾപ്പെട്ടവരുടെ ജയിലുകളും കീഴടക്കിക്കൊണ്ടിരിക്കുമ്പോൾ ജീവപര്യന്തമെന്നത് മരണശിക്ഷ തന്നെയാകാമെന്ന് അവർക്കറിയാം. ക്രൂരവും എത്രമാത്രം ഇടുങ്ങിയ മനസുള്ളവരും ബൗദ്ധികമായി ദുർബലരായവരാണു (അല്ലെങ്കിൽ അപകടകരമാം വിധം വിഡ്ഢികളെന്നു അവരെ വിളിക്കാം) നമ്മെ ഭരിക്കുന്നത്. സ്വന്തം രാജ്യത്തെ അക്കാദമിക് പണ്ഡിതരേയും എഴുത്തുകാരേയും ഭയക്കുന്ന ഒരു ഭരണ സംവിധാനം എത്രമാത്രം പരിതാപകരമാണ്. നിങ്ങളെ സുപ്രീം കോടതി വിട്ടയയ്ക്കുമെന്ന കാര്യം എനിക്കുറപ്പാണ്. പക്ഷേ അപ്പോഴേയ്ക്കും എന്തൊക്കെയായിരിക്കും നിനക്കും നിന്‍റെ വേണ്ടപ്പെട്ടവർക്കും നഷ്ടമായിട്ടുണ്ടാവുക… ”

Follow us on | Facebook | Instagram Telegram | Twitter