ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലെ ദാർശനിക പ്രവണതകൾ

തൊഴിലാളിവർഗ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന് സൈദ്ധന്തിക അടിത്തറ പാകിയ ഇന്ത്യൻ കമ്മ്യുണിസ്റ്റ് വിപ്ലവകാരിയായിരുന്ന അനുരാധ ഘാന്‍ഡി, നിരോധിക്കപ്പെട്ട കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) അംഗമായിരുന്നു. മഹാരാഷ്ട്ര കമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്ന അവർ, മാർക്സിസ്റ്റ് പ്രസ്ഥാനം തയ്യാറാക്കിയ നയപ്രബന്ധങ്ങളിലൂടെ ജാതിയേയും ഫെമിനിസത്തേയും കുറിച്ച് കാര്യമായ സംഭാവനകൾ നല്‍കി. അന്ന് പാർട്ടിയിൽ ആധിപത്യം പുലർത്തിയിരുന്ന, പുരുഷാധിപത്യ ആശയങ്ങൾക്കെതിരെ പോരാടിയ അനുരാധക്ക്, ഇന്ത്യയിലെ വനിതാ പ്രസ്ഥാനങ്ങൾക്ക് കേവലം സിദ്ധാന്തപരമല്ലാത്ത പഠനത്തിലൂടെയും പ്രായോഗിക അനുഭവങ്ങളിലൂടെയും സ്ത്രീ പ്രസ്ഥാനത്തെ കുറിച്ചുള്ള വ്യക്തവും വിപ്ലവകരവുമായ കാഴ്ചപ്പാട് നൽകാൻ കഴിഞ്ഞു. തന്‍റെ എല്ലാ രചനകളിലും, വനിതാ പ്രസ്ഥാനവും സമൂഹത്തിന്‍റെ വിപ്ലവകരമായ പരിവർത്തനത്തിനുള്ള പ്രസ്ഥാനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പ്രധാന ചോദ്യത്തെ അവർ അഭിസംബോധന ചെയ്തു. സ്ത്രീകളെയും സമൂഹത്തെയും ബന്ധിപ്പിക്കുന്ന ഫ്യൂഡലിസത്തിന്‍റെയും സാമ്രാജ്യത്വത്തിന്‍റെയും ചങ്ങലകൾ തകർക്കുന്നതിന്‍റെ പ്രാധാന്യം അവർ ഊന്നിപ്പറയുന്നു.

അനുരാധ ഘാന്‍ഡിയുടെ Philosophical Trends in the Feminist Movement(ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലെ ദാർശനിക പ്രവണതകൾ) എന്ന ലേഖനത്തിന്‍റെ പരിഭാഷ.
വിവര്‍ത്തനം_ നൂര്‍ജഹാന്‍ സി പി

മുതലാളിത്ത കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവവികാസങ്ങളിലൊന്നാണ് അന്താരാഷ്ട്രതലത്തിലുള്ള വനിതാപ്രസ്ഥാനങ്ങളുടെ ആവിർഭാവവും വളർച്ചയും. അതുവഴി മനുഷ്യചരിത്രത്തിൽ ആദ്യമായി സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾ, സൂര്യനു കീഴിലുള്ള തങ്ങളുടെ സ്ഥാനം എന്നിവ ആവശ്യപ്പെട്ട് കൂട്ടായി രംഗത്തെത്തി. നൂറ്റാണ്ടുകളുടെ അടിച്ചമർത്തലിൽ നിന്ന് സ്ത്രീകളുടെ വിമോചനം ഉടനടി പരിഹരിക്കേണ്ട ചോദ്യമായി മാറി. പ്രസ്ഥാനം, സൈദ്ധാന്തിക വിശകലനങ്ങളും സ്ത്രീ പീഡനത്തിന് പരിഹാരങ്ങളും മുന്നോട്ടുവച്ചു. ഇന്നത്തെ പുരുഷാധിപത്യ, ചൂഷണ സമൂഹത്തെ തങ്ങളുടെ പ്രവർത്തനങ്ങളിലൂടെയും സിദ്ധാന്തങ്ങളിലൂടെയും വനിതാ പ്രസ്ഥാനം വെല്ലുവിളിച്ചു.

വാസ്തവത്തിൽ, സ്ത്രീകൾ അവരുടെ അടിച്ചമർത്തലിനെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നില്ല എന്നല്ല. നാടോടി ഗാനങ്ങൾ, ചൊല്ലുകൾ, കവിതകൾ, പെയിന്‍റിംഗുകൾ, മറ്റ് കലാരൂപങ്ങൾ എന്നിവയിലൂടെ അവർ ഈ അടിച്ചമർത്തലിനെ വിവിധ രീതികളിൽ ആവിഷ്കരിച്ചുകൊണ്ട് തങ്ങൾ അനുഭവിക്കേണ്ടിവന്ന അനീതിക്കെതിരെ ആക്രോശിച്ചു. അവരുടെ വീക്ഷണം പ്രകടിപ്പിക്കാനായി ഐതിഹ്യങ്ങളെയും ഇതിഹാസങ്ങളേയും വീണ്ടും വീണ്ടും വ്യാഖ്യാനിച്ചു. ഉദാഹരണത്തിന്, രാമായണത്തിന്‍റെയും മഹാഭാരതത്തിന്‍റെയും വിവിധ പതിപ്പുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ പാട്ടുകളിലൂടെ ഗ്രാമീണ സ്ത്രീകൾക്കിടയിൽ പ്രചാരത്തിലുള്ളത് ഇതിന്‍റെ വ്യക്തമായ സാക്ഷ്യമാണ്.

ഫ്യൂഡൽ കാലഘട്ടത്തിൽ ശ്രദ്ധേയരായ ചില സ്ത്രീകൾ, അക്കാലത്ത് ലഭ്യമായ മാർഗ്ഗങ്ങളിലൂടെ, പുരുഷാധിപത്യ ക്രമത്തിനെതിരായ ചെറുത്തുനിൽപ്പിന്‍റെ പ്രതീകങ്ങളായി. സമൂഹത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്തിയ അത്തരക്കാരിൽ ഒരുദാഹരണം മാത്രമാണ് വിശുദ്ധയായ മീരാബായ്. ലോകത്തിലെ എല്ലാ സമൂഹങ്ങൾക്കും ഇത് ബാധകമാണ്. അടിച്ചമർത്തപ്പെട്ടവരുടെ ബോധത്തെ പ്രതിഫലിപ്പിക്കുന്ന വിപരീത സംസ്കാരമായിരുന്നു ഇത്. എന്നിരുന്നാലും, സാഹചര്യങ്ങൾ ഇതിനെ പരിമിതപ്പെടുത്തി, അടിച്ചമർത്തൽ അവസാനിപ്പിക്കുന്നതിനുള്ള ഒരു വഴി കണ്ടെത്താൻ അതിനായില്ല. മിക്ക അവസരങ്ങളിലും, പരിഹാരം മതത്തിൽ അല്ലെങ്കിൽ ഒരു വ്യക്തിപരമായ ദൈവത്തിൽ അവസാനിച്ചു.

മുതലാളിത്തത്തിന്‍റെ വികാസം സാമൂഹിക അവസ്ഥയിലും ചിന്തയിലും വളരെയധികം മാറ്റം കൊണ്ടു വന്നു. ജനാധിപത്യം എന്ന ആശയത്തിൽ ജനങ്ങൾ പ്രാധാന്യമുള്ളവരായി. ഒരു സാമൂഹിക രാഷ്ട്രീയ തത്ത്വചിന്തയെന്ന നിലയിൽ ഉദാരവാദം (ലിബറലിസം) അതിന്‍റെ പ്രാരംഭ ഘട്ടത്തിൽ ഈ മുന്നേറ്റത്തിന് നേതൃത്വം നൽകി.  പുരോഗമന സാമൂഹിക വർഗ്ഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ കൂട്ടായി മുന്നോട്ട് വന്നു. അങ്ങനെ, ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ പ്രസ്ഥാനം ഉയർന്നുവന്നു. അത് അവരുടെ അവകാശങ്ങളും വിമോചനവും സമൂഹത്തിൽ നിന്ന് ആവശ്യപ്പെട്ടു. ഈ പ്രസ്ഥാനത്തിന് മറ്റെല്ലാ സാമൂഹിക പ്രസ്ഥാനങ്ങളെയും പോലെ തന്നെ ഏറ്റവും ഇറക്കവും ഉണ്ടായിരുന്നു. ഇന്ത്യ പോലുള്ള കോളനികളിൽ മുതലാളിത്തത്തിന്‍റെ സ്വാധീനം ഏറെ സങ്കീർണ്ണവും വികലവുമായിരുന്നെങ്കിലും അത് പുരോഗമന ചിന്തയുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രചോദനമായി. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യഭാഗത്ത് ഇന്ത്യയിൽ ഒരു വനിതാ പ്രസ്ഥാനം ഉയർന്നുവന്നു. സാർവദേശീയ ഇളകിമറിച്ചിലിന്‍റെ ഭാഗമായിരുന്ന അത്. അതേസമയം ഇന്ത്യൻ സാമൂഹ്യ വൈരുദ്ധ്യങ്ങളിൽ വേരൂന്നിയതുമായിരുന്നു. മുതലാളിത്ത രാജ്യങ്ങളിൽ ഉയർന്നുവന്ന സിദ്ധാന്തങ്ങൾ ഇന്ത്യയിലേക്കെത്തി, ഇന്ത്യൻ സാഹചര്യങ്ങളിൽ പ്രയോഗിക്കപ്പെട്ടു.

1960കളുടെ അവസാനം പടിഞ്ഞാറൻ രാജ്യങ്ങളിൽ ഉടലെടുത്ത സമകാലിക വനിതാ പ്രസ്ഥാനത്തിന്‍റെ പശ്ചാത്തലത്തിൽ ഇത് കൂടുതൽ നിശിതമായി, സമകാലിക വനിതാ പ്രസ്ഥാനം സമൂഹത്തിന് മുന്നിൽ നിരവധി വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്. കാരണം അതിന്‍റെ സാമ്രാജ്യത്വ ഘട്ടത്തിൽ മുതലാളിത്തത്തിന്‍റെ പരിധികൾ തീർത്തും വ്യക്തമാണ്.  സമത്വം എന്ന ആവശ്യത്തിന് ഔപചാരിക നിയമസാധുത നേടുന്നതിന് വളരെയധികം പോരാട്ടം നടത്തേണ്ടി വന്നു.  അതിനുശേഷവും, പിന്നോക്ക രാജ്യങ്ങളിൽ മാത്രമല്ല, വികസിത മുതലാളിത്ത രാജ്യങ്ങളായ യുഎസ്എ, ഫ്രാൻസ് എന്നിവിടങ്ങളിൽ പോലും തുല്യത യഥാര്‍ത്ഥ്യമായില്ല. വനിതാ പ്രസ്ഥാനം അപ്പോൾ സമൂഹത്തിന്‍റെ തന്നെ വ്യവസ്ഥയിൽ  അടിച്ചമർത്തലിന്‍റെ വേരുകൾ അന്വേഷിച്ചു. പുരുഷാധിപത്യ വ്യവസ്ഥയെ അവർ വിശകലനം ചെയ്യുകയും ചരിത്രത്തിൽ അതിന്‍റെ ഉത്ഭവം അന്വേഷിക്കുകയും ചെയ്തു. അവർ സാമൂഹ്യശാസ്ത്രങ്ങളെ കൂലംകുഷമായി പരിശോധിക്കുകയും അവയിൽ അന്തർലീനമായ പുരുഷ പക്ഷപാതിത്വം തുറന്നു കാണിക്കുകയും ചെയ്തു. പുരുഷാധിപത്യപരമായ ചിന്താഗതി ചരിത്രത്തിലും സമകാലിക സമൂഹത്തിലും സ്ത്രീകളുടെ പങ്കിനെക്കുറിച്ചുള്ള എല്ലാ വിശകലനങ്ങളെയും എങ്ങനെ സ്വാധീനിച്ചുവെന്ന് അവർ തുറന്നുകാട്ടി. സ്ത്രീകൾക്ക് ഒരു ചരിത്രമുണ്ട്;  സ്ത്രീകൾ ചരിത്രത്തിൽ ഉണ്ട് എന്ന് ഗെർഡ ലെർനർ വെളിപ്പെടുത്തി. ചരിത്രപഠനത്തിൽ നിന്ന് അവർ മനുഷ്യ സമൂഹത്തിന്‍റെ വികാസത്തിനും പ്രധാന പ്രസ്ഥാനങ്ങൾക്കും പോരാട്ടങ്ങൾക്കും സ്ത്രീകൾ നൽകിയ സംഭാവനകൾ വീണ്ടെടുത്തു. മുതലാളിത്തത്തിന് കീഴിൽ ലിംഗാധിഷ്ഠിത തൊഴിൽ വിഭജനം അവർ തുറന്നുകാട്ടി, അത് ഭൂരിപക്ഷം സ്ത്രീകളെയും ഏറ്റവും വൈദഗ്ധ്യം കുറഞ്ഞ, ശമ്പളമുള്ളവരുമായ വിഭാഗങ്ങളിലേക്ക് തരംതാഴ്ത്തി. ഭരണവർഗങ്ങൾ, പ്രത്യേകിച്ച് മുതലാളിത്ത വർഗം പുരുഷാധിപത്യത്തിൽ നിന്ന് സാമ്പത്തികമായി നേടിയ നേട്ടങ്ങൾ അവർ തുറന്നുകാട്ടി. ഭരണകൂടത്തിന്‍റെ പക്ഷപാതം, അതിന്‍റെ നിയമങ്ങളും നിയന്ത്രണങ്ങളും ഒരു നിശ്ചിത സമൂഹത്തിന്‍റെ ചിഹ്നങ്ങളും പാരമ്പര്യങ്ങളും ഫെമിനിസ്റ്റുകൾ വിശകലനം ചെയ്യുകയും പുരുഷാധിപത്യ വ്യവസ്ഥയെ അവ എങ്ങനെ നിലനിർത്തുന്നുവെന്ന് കാണിക്കുകയും ചെയ്തു. ഫെമിനിസ്റ്റുകൾ വാമൊഴി പാരമ്പര്യത്തിന് പ്രാധാന്യം നൽകി. അങ്ങനെ ചരിത്രത്തിലുടനീളം അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ ശബ്‌ദം ഉയർത്തി കൊണ്ടുവരാൻ  അവർക്ക് കഴിഞ്ഞു. പ്രസ്ഥാനം പുരുഷന്മാരെയും സ്ത്രീകളെയും അവരുടെ മനോഭാവങ്ങളെയും ചിന്തകളെയും സ്ത്രീകളോടുള്ള അവരുടെ പ്രവർത്തനങ്ങളെയും വാക്കുകളെയും വിമർശനാത്മകമായി കാണാൻ പ്രേരിപ്പിച്ചു.

പുരോഗമനപരവും വിപ്ലവകരവുമായ പ്രസ്ഥാനങ്ങളെപ്പോലും കളങ്കപ്പെടുത്തുകയും അവയിൽ സ്ത്രീകളുടെ പങ്കാളിത്തത്തെ ബാധിക്കുകയും ചെയ്ത വിവിധ പുരുഷാധിപത്യ, സ്ത്രീവിരുദ്ധ മനോഭാവങ്ങളെ പ്രസ്ഥാനം വെല്ലുവിളിച്ചു. സൈദ്ധാന്തിക ആശയക്കുഴപ്പങ്ങളും ബലഹീനതകളും ഉണ്ടായിരുന്നിട്ടും, ഇന്നത്തെ ലോകത്തിലെ സ്ത്രീ പ്രശ്നത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിന് ഫെമിനിസ്റ്റ് പ്രസ്ഥാനം വലിയ സംഭാവന നൽകിയിട്ടുണ്ട്. ജനാധിപത്യത്തിനും സോഷ്യലിസത്തിനുമായുള്ള ലോകവ്യാപക പ്രസ്ഥാനത്തെ വനിതാ പ്രസ്ഥാനം സമ്പന്നമാക്കി.

സമകാലിക വനിതാ പ്രസ്ഥാനത്തിന്‍റെ ഒരു പ്രധാന സവിശേഷത ഫെമിനിസ്റ്റുകൾ നടത്തിയ ശ്രമമാണ്, സ്ത്രീകളുടെ അവസ്ഥയെ സൈദ്ധാന്തീകരിക്കാൻ തങ്ങളുടെ വിശകലനത്തിനും സമീപനത്തിനും ഒരു ദാർശനിക അടിത്തറ നൽകുന്നതിന് അവർ തത്ത്വചിന്തയിലേക്ക് പ്രവേശിച്ചു എന്നത്. സ്ത്രീകൾ വിമോചനത്തിന്‍റെ തത്ത്വചിന്തകൾ തേടി, വിവിധ ദാർശനിക പ്രവണതകളുമായി മല്ലിട്ടു. അവരുടെ പോരാട്ടത്തിന് ഒരു ദർശനം നൽകണമെന്ന് അവർക്ക് തോന്നി. അസ്തിത്വവാദം, മാർക്സിസം, അരാജകത്വം, ഉദാരവാതം തുടങ്ങിയ വിവിധ ദാർശനിക പ്രവണതകളെ കുറിച്ച്  യുഎസിലെയും തുടർന്ന് ഇംഗ്ലണ്ടിലെയും പ്രസ്ഥാനങ്ങളിൽ സജീവമായ സ്ത്രീകൾ എല്ലാം പഠിക്കുകയും ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെ, ഫെമിനിസ്റ്റുകൾ അവർ സ്വീകരിക്കുന്ന ദാർശനിക പ്രവണതയെ ആശ്രയിച്ച് വൈവിധ്യമാർന്ന സമീപനങ്ങളും കാഴ്ചപ്പാടുകളും ചട്ടക്കൂടുകളും ഉൾക്കൊള്ളുന്ന ഒരു അവിയൽ ഗ്രൂപ്പായി മാറി. എങ്കിലും സ്ത്രീകളുടെ അനുഭവങ്ങൾക്ക് ഊർജ്ജം പകരുന്നതിനും അവരുടെ കീഴ്പെടൽ അവസാനിപ്പിക്കുന്നതിനുമുള്ള  പ്രതിബദ്ധത അവർ പങ്കുവെക്കുന്നു. പാശ്ചാത്യരുടെ ആധിപത്യം കണക്കിലെടുക്കുമ്പോൾ, ഈ പ്രവണതകൾ ഇന്ത്യയ്ക്കുള്ളിലെ വനിതാ പ്രസ്ഥാനത്തിലും ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതിനാൽ, വനിതാ പ്രസ്ഥാനത്തെക്കുറിച്ചുള്ള ഗൗരവമായ പഠനത്തിൽ പ്രസ്ഥാനത്തിലെ വിവിധ സൈദ്ധാന്തിക പ്രവണതകളെക്കുറിച്ചുള്ള ഒരു ധാരണ ഉൾപ്പെടുത്തണം.

ലോക്ക്, കാന്‍റ്, ഹെഗൽ, മാർക്സ്, ഡെറിഡ, നീഷെ എന്നിങ്ങനെ വൈവിധ്യമാർന്ന തത്ത്വചിന്തകർ ഫെമിനിസ്റ്റ് തത്ത്വചിന്തകരെ സ്വാധീനിച്ചിട്ടുണ്ട്. പരമ്പരാഗത തത്ത്വചിന്ത പുരുഷ പക്ഷപാതപരമാണെന്നും അതിന്‍റെ പ്രധാന ആശയങ്ങളും സിദ്ധാന്തങ്ങളും സ്വയം തിരിച്ചറിവും ലോകത്തെ സമീപിക്കാനുള്ള സവിശേഷമായ പുലിംഗ മാർഗമാണെന്നും അലിസൺ ജാഗർ വെളിപ്പെടുത്തുന്നു. അതിനാൽ, പരമ്പരാഗത തത്ത്വചിന്തയെ പരിവർത്തനം ചെയ്യാനുള്ള ശ്രമങ്ങൾ അവർ നടത്തി. ഈ പശ്ചാത്തലം  മനസ്സിൽ വച്ചുകൊണ്ട് ഞങ്ങൾ ഫെമിനിസ്റ്റുകൾക്കിടയിലെ ചില പ്രധാന ദാർശനിക പ്രവണതകൾ അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.  ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഈ വിവിധ പ്രവണതകൾ സ്ഥിരവും വേറിട്ടതുമല്ല.  ചില ഫെമിനിസ്റ്റുകൾ ഈ വിഭാഗങ്ങളെ എതിർത്തു. ചിലർ കാലക്രമേണ അവരുടെ സമീപനം മാറ്റി  ചിലതിൽ രണ്ടോ അതിലധികമോ പ്രവണതകൾ ഇടകലർന്നതായി കാണാം. എന്നിരുന്നാലും, ഒരു ധാരണ വികസിപ്പിക്കുന്നതിന്, ഈ വിശാലമായ പ്രവണതകൾ ഉപയോഗപ്രദമാകും.  എന്നാൽ സിദ്ധാന്തങ്ങൾ ചർച്ച ചെയ്യുന്നതിനു മുമ്പ്, പടിഞ്ഞാറ്, പ്രത്യേകിച്ച് യുഎസിലെ വനിതാ പ്രസ്ഥാനത്തിന്‍റെ വികാസത്തെക്കുറിച്ചുള്ള ഒരു ഹ്രസ്വ വിവരണത്തോടെ ഞങ്ങൾ ആരംഭിക്കും. ഫെമിനിസ്റ്റുകൾക്കിടയിലെ സൈദ്ധാന്തിക സംഭവവികാസങ്ങൾ മനസിലാക്കാൻ ഇത് ആവശ്യമാണ്.

Follow us on | Facebook | Instagram Telegram | Twitter