കേരളവര്‍മ്മ കോളേജും എസ്.എഫ്.ഐയും എന്നോട് നീതി പുലര്‍ത്തിയില്ല; അഷിത കെ ടി
94 ശതമാനം മാർക്കുണ്ടായിട്ടും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും തൃശൂര്‍ കേരള വര്‍മ കോളേജ് അധികൃതർ അഷിതക്ക് ഹോസ്റ്റൽ നിഷേധിക്കുകയായിരുന്നു. താന്‍ നേരിട്ട കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഗവര്‍ണരെ സമീപിക്കുകയും തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. അഷിതയുടെ പരാതി തുടക്കത്തിലെ അവഗണിച്ച യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം മാധ്യമങ്ങളില്‍ ഈ വിഷയം വാര്‍ത്തയായതോടെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും വിലപ്പെട്ട ഒരു അധ്യയന വര്‍ഷം അഷിതക്ക് നഷ്ടമായിരുന്നു.
തന്റെയും സമാന അനുഭവങ്ങള്‍ ഉള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ മലപ്പുറം തിരൂര്‍ സ്വദേശിയായ അഷിതക്ക് ഒടുവില്‍ പഠനം നിര്‍ത്തി ടിസി വാങ്ങി പടിയിറങ്ങേണ്ടി വന്നു. കേരള വര്‍മ കോളേജില്‍ ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കപ്പെട്ട അഷിത കെ ടി താന്‍ അധികൃതരില്‍ നിന്നും എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയില്‍ നിന്നും നേരിട്ട നീതി നിഷേധത്തെ കുറിച്ച് തുറന്നെഴുതുന്നു…
ഉയര്‍ന്ന മാർക്കും ഒരുപാടു സ്വപ്നങ്ങളും പ്രതീക്ഷകളുമായി തൃശൂര്‍ കേരളവർമ്മയിൽ എത്തിയപ്പോൾ ഞാൻ ആർജ്ജിച്ച മഹത്തായ മാനവിക മൂല്യങ്ങൾ ഒന്നൊന്നായി ചിതറി വീഴുന്നതായി ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു. കേവല സമീകരണവും സാമ്പ്രദായിക യുക്തിയും തുരുമ്പിച്ച യാന്ത്രികവാദങ്ങളുമെല്ലാം ചേർന്ന് നവോത്ഥാന കേരളത്തിന്റെ ശവപ്പറമ്പിൽ എത്തിയ പ്രതീതി. കോളേജില്‍ എനിക്ക് നേരിട്ട വര്‍ഗീയ വിവേചനവും ജനാധിപത്യവിരുദ്ധതയുമാണ് ഇവിടെ വിവരിക്കാൻ ഉദ്ദേശിക്കുന്നത്.
94 ശതമാനം മാർക്കുണ്ടായിട്ടും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും കോളേജ് അധികൃതർ എനിക്ക് ഹോസ്റ്റൽ നിഷേധിക്കുകയാണുണ്ടായത്. സ്ഥിരമായി ദൂരയാത്ര ചെയ്താൽ ശരീരമാസകലം വേദന അനുഭവപ്പെടുന്ന എനിക്ക് ഹോസ്റ്റൽ നിഷേധിക്കുന്നത് വിദ്യാഭ്യാസ -അവകാശ നിഷേധമാണ്. ഇനിയൊരു വിദ്യാർത്ഥിക്കും ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ കൂടിയാണ് സദുദ്ദേശപരമായ വിമർശനങ്ങളുന്നയിക്കുന്നത്.
ഹോസ്റ്റല്‍ വിഷയവുമായി ഞാൻ ആദ്യമായി സമീപിച്ചത് എസ്.എഫ്.ഐ കോളേജ് യൂണിറ്റിനെയാണ്. എന്നാല്‍, കുറ്റകരമായ അനാസ്ഥയാണ് അവര്‍ പ്രകടിപ്പിച്ചത്. ഇതൊന്നും പോരാത്തതിന് മാനേജ്മെന്റിന്റെയും ഹോസ്റ്റൽ ഇൻചാർജിന്റെയും വാക്കുകള്‍ അതേപടി ഏറ്റുപാടുന്ന സഹതാപാര്‍ഹവുമായ സ്ഥിതിയാണുണ്ടായത്. ഇടതു കോളേജ് അധ്യാപക സംഘടനയുടെ സംസ്ഥാന ഭാരവാഹി കൂടിയായ ഹോസ്റ്റൽ ഇൻചാർജിനെ സംരക്ഷിക്കാൻ വേണ്ടിയായിരിക്കാം എന്റെ വിഷയം അവർ നിസ്സാരമായി അവഗണിച്ചത് എന്നെനിക്കു പിന്നീട് മനസ്സിലായി.
ആരോഗ്യ പ്രശ്നങ്ങളും ദൂരവും മെറിറ്റും തുടങ്ങി സർവ്വതും ചേർത്ത്, Mercy Petition എന്നോണം ജാതിയും മതവും നിറവും മണവും എന്ന് വേണ്ട അപേക്ഷ ഫോറത്തിലെ കോളങ്ങളെല്ലാം പൂരിപ്പിച്ച്, പച്ചക്കറി മെനുവും സമ്മതിച്ച് അപേക്ഷ കൊടുത്തിട്ടും ഹോസ്റ്റൽ അഡ്മിഷൻ സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും ചാർച്ചക്കാർക്കും പിന്നെ തോന്നുന്നവർക്കും കൊടുത്തു തീർത്തിട്ട്, പത്ത് ദിവസത്തിന് ശേഷം ശുദ്ധ വെജിറ്റേറിയൻ സന്ദേശം വന്നു, ഹോസ്റ്റലിൽ സീറ്റില്ല എന്ന് !
പിന്നീട് അതിന്റെ പിറകെ പോയി മുട്ടിയ വാതിലുകളുടെ എണ്ണംപോലും ഓർമ്മയില്ല. പക്ഷെ ഒരൊറ്റ വാതിൽപോലും എന്റെ മുൻപിൽ തുറന്നില്ല. ഒരു കാര്യം ബോധ്യമായി, മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതും അത് തരാതരംപോലെ മാറ്റുന്നതും മാനേജ്മെന്റായിരുന്നു. അവരുടെ സിൽബന്ദികളായ വനിതാ ഹോസ്റ്റൽ ഇൻ ചാർജ് ശ്രീമതി സിന്ധുവിനെ പോലുള്ളവര്‍ Exclusionist മനസ്ഥിതിയുള്ളവരാണ്. അവര്‍ പാർട്ടിയുടെ ഓൾ കേരളാ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയാണ് എന്നതാണ് ഇതിലേറെ സങ്കടം.
കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് ഈയിടെ വിരമിച്ച കുടുംബ സുഹൃത്തുകൂടിയായ ഒരു പ്രൊഫസ്സറോട് ഈ കാര്യം പറഞ്ഞപ്പോൾ 35 വർഷം മുൻപ് ഇതേ കോളേജിൽ നിന്ന് ഉദ്യോഗാര്‍ത്ഥി എന്ന നിലയ്ക്ക് അദ്ദേഹം Communal Discrimination നേരിട്ടു എന്ന് പറയുകയുണ്ടായി. വെയ്റ്റിംഗ് ലിസ്റ്റിൽ ഉണ്ടായിട്ടും വെയ്റ്റിംഗ് ലിസ്റ്റിൽ ഇല്ലാത്തവർക്ക് ഹോസ്റ്റൽ പ്രവേശനം നൽകിയതിൽ നിന്ന് എന്താണ് ഞാൻ മനസ്സിലാക്കേണ്ടത്, എന്റെ മതം അവർക്കൊരു പ്രശ്നമാണോ ?
എസ്.എഫ്.ഐ ബാനർ കെട്ടും, ജാഥ വിളിക്കും, വെയിൽ മാറി മഴ വരുന്നപോലെ വർഷാവർഷം ഇലക്ഷൻ ജയിക്കും. വീണ്ടും അടുത്ത സീസൺ വരെ എല്ലാം യാന്ത്രികമായി തുടരും. അതിനപ്പുറം ഒന്നുമില്ല. ഒരു വിദ്യാര്‍ത്ഥിയുടെ ന്യായമായ വിഷമം പറഞ്ഞാൽ അതിനെ Consistencyയോടെയും ആത്മാര്‍ത്ഥതയോടെയും പരിഹരിക്കാനോ അതിനുവേണ്ടി ശ്രമിക്കാൻ പോലുമോ മിക്കവർക്കും കഴിവില്ല എന്നത് ഗുരുതരമായ ഒരു പ്രശ്നമാണ്.
സാമൂഹിക മാധ്യമങ്ങളിലെ ഒട്ടുമിക്ക Celebrityകൾക്കും ഇരട്ട മുഖങ്ങളാണുള്ളതെന്നു വൈകാതെ തിരിച്ചറിയാൻ സാധിച്ചു. ദീപാ നിഷാന്ത്, യുവജന കമ്മീഷൻ ചെയർപേഴ്സണ്‍ ചിന്താ ജെറോം തുടങ്ങി എത്രയോ പേർക്ക് ഇമെയിൽ അയക്കുകയുണ്ടായി. ഒരാളും തിരിഞ്ഞു നോക്കിയില്ല. ചിന്താ ജെറോമിന് നിരവധി തവണ ഇമെയിൽ അയക്കുകയുണ്ടായി. എന്നാല്‍, ഒരു മറുപടി അയക്കാനുള്ള മിനിമം മാന്യതപോലും ഇവരാരും അന്ന് കാണിച്ചില്ല.
സ്റ്റാഫ് റൂമിലേക്ക് ചെരുപ്പഴിച്ച് കയറി എന്നവകാശപ്പെടുന്ന സഖാവും ട്രംപിനെ അമേരിക്കക്കാർ തിരഞ്ഞെടുത്തതിനുവരെ ഞങ്ങളുടെ കോളേജിൽ സമരം നടത്തി എന്ന് പറയുന്ന സഖാവും സ്വന്തം കോളേജിൽ നിന്ന് ഒരു പെൺകുട്ടി തനിക്കു അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടപ്പോൾ, അവഗണനകൾ സഹിക്കവയ്യാതെ ടി സി വാങ്ങി ഇറങ്ങിയപ്പോൾ ഇവരാരും അറിഞ്ഞതേയില്ല.
ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച ഈ വിഷയം സംബന്ധിച്ച എന്റെ കുറിപ്പ് 2018 ഡിസംബർ 3ന് ഒരു പോർട്ടലിൽ പ്രസിദ്ധീകരിക്കുകയും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തതിനെ തുടർന്ന് ചിന്താ ജെറോം എന്നെയും ആ പോർട്ടലിന്റെ എഡിറ്ററേയും വിളിച്ചിരുന്നു. അപ്പോഴും ഒരു വിദ്യാർത്ഥിനിയുടെ പ്രശ്നം പരിഹരിക്കാനല്ല, മറിച്ചു വാർത്ത പിൻവലിപ്പിക്കാനും സ്വയം ന്യായീകരിക്കാനുമാണ് ഒരു മുൻ വിദ്യാർത്ഥി നേതാവ് കൂടിയായിരുന്ന അവർ ശ്രമിച്ചത്.
എവിടെയും നിന്നും നീതി കിട്ടാതായപ്പോൾ ചാൻസലർ കൂടിയായ കേരള ഗവർണ്ണർക്ക് പരാതി നൽകി. അദ്ദേഹം ഈ വിഷയം പരിഗണിക്കണമെന്ന് കാണിച്ചു യൂണിവേഴ്സിറ്റിക്ക് കത്തയച്ചു. ആഗസ്ത് 7ന് അയച്ച പ്രസ്തുത കത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാകുന്നത് നവംബർ മാസത്തിലാണ്.
അതിന്റെ ഭാഗമായി സെനറ്റ് സമിതി ഹിയറിങ്ങിന് വിളിപ്പിച്ചു. അവിടെ ചെന്നപ്പോൾ കണ്ടതും കേട്ടതും ഏറെ വേദനിപ്പിക്കുന്നതായിരുന്നു. മൂന്ന് അംഗങ്ങളാണ് സമിതിയിൽ ഉണ്ടായിരുന്നത്. സമിതിയുടെ അധ്യക്ഷ ഒഴികെ മറ്റു രണ്ട് അംഗങ്ങളും വാദിയെ പ്രതിയാക്കുകയും ഹിയറിങ്ങിനു ചെന്നവരെ വിചാരണ ചെയ്യുകയുമായിരുന്നു. അവർ പരാതി ഒരിക്കൽപോലും വായിച്ചതായി തോന്നിയില്ല. വിവേചനം നേരിട്ട ഒരു വിദ്യാർത്ഥിനിക്ക് നേരെ നടന്ന മനുഷ്യാവകാശ ലംഘനത്തിനും വിദ്യാഭ്യാസവകാശ നിഷേധത്തിനും എതിരെ ശബ്ദിക്കാൻ ആരും തയ്യാറായില്ല.
“ബേട്ടി പഠാവോ” എന്ന് കേന്ദ്രം പറയുന്നു. പൊതു വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുമെന്നും ശക്തിപ്പെടുത്തുമെന്നും സംസ്ഥാനവും. പക്ഷെ അപ്പോഴും മെറിറ്റ് സീറ്റിൽ ഡിപ്പാർട്മെന്റിൽ മൂന്നാം നമ്പർ Registrant ആയി പ്രവേശനം നേടി എല്ലാ മാനദണ്ഡങ്ങളും പാലിച്ചു ഹോസ്റ്റലിന് അപേക്ഷിച്ച എന്നോട് പുറത്തു പോയിക്കൊള്ളാൻ പറയുന്നു.
ഇനി എസ്.എഫ്.ഐയും കോളേജ് അധികൃതരും പറയുന്നപോലെ ക്രമക്കേടുകളോ, വിവേചനമോ ഉണ്ടായിട്ടില്ലെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാൽ പോലും, 94 ശതമാനം മാർക്കുള്ള, ഹെൽത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാം എന്ന് പറഞ്ഞ വിദ്യാർത്ഥിക്ക് ഹോസ്റ്റൽ നിഷേധിക്കുകയും അതിനുശേഷം എന്നോട് പറഞ്ഞ സാങ്കേതികത്വങ്ങൾ നിലനിൽക്കെ തന്നെ എനിക്ക് ശേഷം അഡ്മിഷൻ നേടിയ, ഹോസ്റ്റൽ അപേക്ഷ നൽകിയ, എന്നേക്കാൾ മെറിറ്റിൽ താഴെയുള്ള, വെയ്റ്റിംഗ് ലിസ്റ്റിൽ ഇല്ലാത്ത നിരവധി വിദ്യാർത്ഥികൾക്ക് വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ള എന്നെ മാറ്റി നിർത്തി ഹോസ്റ്റൽ പ്രവേശനം നൽകിയത് ഏതു മാനദണ്ഡം വെച്ചാണ് എന്ന് അധികൃതർ അന്വേഷിക്കേണ്ടതല്ലേ.
വ്യക്തിപരമായ നേരിട്ട ഒരു വിവേചനം എന്നതിനപ്പുറം മറ്റനേകം മാനങ്ങൾ ഉള്ള ഒരു വിഷയമെന്ന നിലയിലാണ് ഞാനിതിനെ കാണുന്നത്. ഞാൻ പക്ഷെ തോറ്റിട്ടില്ല. കാരണം അനുഭവമൂല്യവും ഹൃദയാനുഭവവും മറ്റേത് പരീക്ഷണങ്ങളേക്കാൾ വലുതാണല്ലോ. ദുഖം കടിച്ചമർത്തിയിട്ടാണെങ്കിലും തിരിച്ചറിവുകളോടെയാണ് ഞാന്‍ ഇവിടെ നിന്നും പടിയിറങ്ങിയത്. മാനേജ്മെന്റിൽ പിടിപാടും അവരുടെ ചാർച്ചക്കാരാവുക എന്നതുമാണ് കേരളവർമ്മാ കോളേജിലെ ഹോസ്റ്റൽ പ്രവേശനത്തിന് വേണ്ട ബേസിക് യോഗ്യതാ. അതെ, കേരളവര്‍മ്മ കേരളത്തിലെ പ്രശസ്ത കലാലയമാണ്, അവിടെ ഇങ്ങനെയൊക്കെയാണ് !
_ അഷിത കെ ടി