ഫ്യൂഡൽ സാമൂഹിക ബോധത്തിനെതിരെയുള്ള തുറന്ന കലാപം
“കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നേരിടുന്ന ജാതീയതക്കെതിരെ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് അഭിവാദ്യങ്ങൾ! കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഭരണകൂട പിന്തുണയോടെ നടത്തുന്ന ജാതി വിവേചനം അവസാനിപ്പിക്കുക. വിദ്യാർത്ഥി സമരത്തെ അടിച്ചമർത്താൻ പോലീസിനെ ഉപയോഗിച്ച നടപടി ജനാധിപത്യ വിരുദ്ധം…”
രാജ്യത്തെ പ്രമുഖ ചലച്ചിത്ര പഠന കേന്ദ്രമായ കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിശ്വൽ സയൻസ് ആൻഡ് ആർട്സിലെ ഡയറക്ടർക്കെതിരെ അനിശ്ചിതകാല സമരത്തിനിറങ്ങിയ വിദ്യാർത്ഥികളോട് ഡി.എസ്.എ. ഐക്യപ്പെടുന്നു. ഡയറക്ടർ പദവി വഹിക്കുന്ന ശങ്കർ മോഹൻ ദലിത് വിവേചനം കാണിക്കുന്നുവെന്നും വിദ്യാർത്ഥിവിരുദ്ധ നടപടികൾ കൈകൊള്ളുന്നുവെന്നും അധികാര ദുർവിനിയോഗം നടത്തുന്നുവെന്നുമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള വിദ്യാർത്ഥികളുടെ അനിശ്ചിതകാലസമരം അവകാശ ബോധമുള്ള പുതിയ തലമുറയുടെ ഉയർത്തെഴുന്നേൽപ്പും ഫ്യൂഡൽ സാമൂഹിക ബോധത്തിനെതിരെയുള്ള തുറന്ന കലാപവുമാണ് എന്ന് ഡി.എസ്.എ. വിലയിരുത്തുന്നു.
‘ഉയർന്ന കുടുംബത്തിൽപ്പെട്ട ശങ്കർ മോഹൻ ജാതീയമായി പെരുമാറില്ലെ’ന്ന ഫ്യൂഡൽ പ്രസ്താവന നടത്തിക്കൊണ്ട് ഡയറക്ടറെ സംരക്ഷിക്കുന്ന ഇൻസ്റ്റിട്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണന്റെ നിലപാട് ജനാധിപത്യ വിരുദ്ധവും ചീഞ്ഞ സവർണ്ണ ബോധവുമാണ്. സമരം രണ്ടാഴ്ച കഴിഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് ക്രിസ്മസ്സ് ദിനം മുതൽ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുകയാണ് വിദ്യാർത്ഥി പോരാളികൾ.
ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതും സമാധാനപരമായി മുന്നേറുന്നതുമായ സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ക്രമസമാധാന ലംഘനം ആരോപിച്ചു ക്യാമ്പസിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കി സമരത്തെ അടിച്ചമർത്താനുള്ള ഭരണകൂട നീക്കം പ്രതിഷേധാർഹവും മൗലികാവകാശ ലംഘനവുമാണ്.
ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളെ കൊണ്ട് ഡയറക്ടർ വർഷങ്ങളോളം വീട്ടുജോലി ചെയ്യിക്കുകയും ശുചിമുറി വരെ കൈകൊണ്ട് വൃത്തിയാക്കാൻ ആവശ്യപ്പെടുകയും, ഇത് ചെയ്യാൻ സമ്മതിക്കാത്തപക്ഷം ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഈ വർഷത്തെ അഡ്മിഷൻ സമയത്ത് എഡിറ്റിംഗ് വിഭാഗത്തിലേക്ക് നാല് തസ്തികകൾ ഒഴിവുണ്ടായിട്ടുപോലും ദളിത് വിദ്യാർത്ഥികൾക്ക് അവസരം നിഷേധിച്ച വിഷയവും ഉയർന്നു വന്നിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലർക്കായി ജോലി ചെയ്യുന്ന വ്യക്തിക്കെതിരെ ജാതീയമായ വിവേചനങ്ങൾ കാണിക്കുകയും അദ്ദേഹം മുഖ്യമന്ത്രിക്ക് വരെ ഈ വിഷയത്തിൽ കത്തെഴുതിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ക്രൂരമായ ജാതിവിവേചനമാണ് ഡയറക്ടർ ശങ്കർ മോഹൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സർക്കാർ പിന്തുണയോട് കൂടി നടത്തുന്നത്.
ദലിത് വിഭാഗത്തിൽനിന്ന് ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി ഉയർന്നുവന്ന ഡോ. കെ.ആർ. നാരായണന്റെ നാമധേയത്തിലുള്ള വിദ്യാഭ്യാസകേന്ദ്രത്തിലാണ് ഇത് സംഭവിക്കുന്നത്. ജാതീയ മനോഭാവം തുടരുകയും തന്റെ അധികാരമുപയോഗിച്ച് ജാതീയമായ അടിച്ചമർത്തൽ പ്രവർത്തികൾ പലതവണ നടത്തുകയും തുടരുകയും ചെയ്ത ഡയറക്ടറെ സ്ഥാനത്ത് നിന്ന് പിരിച്ചു വിടുക മാത്രമല്ല SC/ST അട്രോസിറ്റി ആക്റ്റ് പ്രകാരം സ്വമേധയാ കേസെടുത്ത് ശിക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഡി.എസ്.എ. ആവശ്യപ്പെട്ടുന്നു.
വിദ്യാർത്ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ക്ലോസുകൾ ഉൾപ്പെടുന്ന ഇൻഡെമിനിറ്റി ബോണ്ടുകൾ വിദ്യാർത്ഥികളിൽ നിന്ന് അഡ്മിഷൻ സമയത്ത് ഒപ്പിട്ടു വാങ്ങുന്ന വിദ്യാർത്ഥിവിരുദ്ധ നീക്കങ്ങളും ഡയറക്ടറിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഇ-ഗ്രാന്റിന്റെ ലഭ്യതയ്ക്കുവേണ്ടി സമരം ചെയ്ത വിദ്യാർത്ഥിയെ അവസാനവർഷ ഡിപ്ലോമ പ്രോജെക്ടിൽ നിന്നും അന്യയമായി ഒഴിവാക്കിയിരുന്നു.
ഓ.ബി.സി. വിഭാഗത്തിനുള്ള നിയമപരമായ ഫീസിളവുകൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നടപ്പിലാക്കാത്തതിനെ തുടർന്ന് ഒരു വിദ്യാർത്ഥിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തിൽ വിദ്യാർത്ഥികളുടെ അവസരങ്ങൾ നിഷേധിക്കുകയും അവരുടെ സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കാൻ സഹായിക്കേണ്ട വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്ന് തുടർച്ചയായ ദുരനുഭവങ്ങളും അവകാശലംഘനങ്ങളും ഉണ്ടാക്കാനുള്ള നിലം ഉറപ്പിച്ചു കൊടുക്കുകയും ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തുടർന്ന് അദ്ധ്യാപനം നടത്താൻ അയോഗ്യനാണ്.
പൊതുഭരണ സ്ഥാപനങ്ങളിലെ ഡയറക്ടർമാരുടെ ഉയർന്ന പ്രായപരിധി 65 വയസ്സായി പുതുക്കിയിട്ടും 68 വയസ്സ് കഴിഞ്ഞു ഇപ്പോഴും ഡയറക്ടർ ആയി തുടരുന്നു; ഒരു അറിയിപ്പും ഇല്ലാതെ ഡീൻ, പ്രോഡക്ഷൻ കൺട്രോളർ, ആർട്ട് ഡയറക്ടർ എന്നീ സുപ്രധാന തസ്തികകളിലേക്കും സ്വന്തം ഇഷ്ടപ്രകാരം നിയമനം നടത്തി; പഠനങ്ങളോ അന്വേഷണങ്ങളോ ഇല്ലാതെ ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്ന്-വർഷ കോഴ്സുകൾ വെട്ടിച്ചുരുക്കി രണ്ട്-വർഷ കോഴ്‌സുകളാക്കി; നാല് വിദ്യാർത്ഥികളെ മതിയായ അറ്റന്റൻസ് ഇല്ലെന്ന് കാണിച്ചു കഴിഞ്ഞ വർഷം പുറത്താക്കി തുടങ്ങിയ ഗുരുതരമായ അധികാരദുർവിനിയോഗ പ്രവർത്തനങ്ങളാണ് ശങ്കർ മോഹൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായ അടൂർ ഗോപാലകൃഷ്ണന്റെ ഒത്താശയോട് കൂടി നടത്തിയിരിക്കുന്നത്.
ജനാധിപത്യ-വികേന്ദ്രീകൃത സംവിധാനങ്ങളെ കാറ്റിൽ പറത്തികൊണ്ടുള്ള ഡയറക്ടറുടെ സ്വേച്ഛാധിപത്യ നിലപാട് വിദ്യാഭ്യാസവ്യവസ്ഥയെ അപകടത്തിലാക്കുന്നതും തടയപ്പെടേണ്ടതുമാണ്. ഈ വിധത്തിൽ ജാതീയമായ മനോഭാവവും ഫ്യൂഡൽ പെരുമാറ്റങ്ങളും സ്വേച്ഛാധിപത്യവും നടപ്പാക്കുന്ന ഡയറക്ടർക്കും ചെയർമാനും എതിരെയുള്ള കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ സമരത്തോട് മുഴുവൻ വിദ്യാർത്ഥിസമൂഹവും ഐക്യപ്പെടണമെന്ന് ഡി.എസ്.എ. ആവശ്യപ്പെടുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹനെ പിരിച്ചുവിടുന്നതിന്റെ ഒപ്പംതന്നെ അനീതിക്ക് ഇരയാക്കേണ്ടിവന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും നീതി ലഭിക്കുന്ന തരത്തിലുള്ള തുടർനടപടികൾ കൈക്കൊള്ളാൻ ഇൻസ്റ്റിറ്റ്യൂട്ട് ഭാരവാഹികളും വിദ്യാഭ്യാസ വകുപ്പും സാമൂഹ്യനീതി വകുപ്പും തയ്യാറാകണം.
_ ഡെമോക്രറ്റിക്ക് സ്റ്റുഡന്റ്‌സ് അസോസിയേഷൻ
കേരള പുനഃസംഘടന കമ്മിറ്റി