സജി ചെറിയാൻ പറഞ്ഞതും പറയാത്തതും
“അംബേദ്കർ ആണ് ഭരണഘടനയുടെ ശിൽപി എന്ന കള്ള പ്രചരണം കുറെ കാലമായി നടന്നുവരുന്നു. താൻ ഭരണഘടനയുടെ ശിൽപി ആയിരുന്നില്ല എന്ന് ഡോക്ടർ അംബേദ്കർ തന്നെ വ്യക്തമാക്കിയ സത്യത്തിനു നേരെ കണ്ണടച്ചാണ് ഇത് ചെയ്തുവരുന്നത്. അദ്ദേഹത്തെ മാനിക്കുന്നുവെന്ന നാട്യത്തിൽ തങ്ങളുടെ നിക്ഷിപ്ത താൽപര്യം നടപ്പാക്കിയെടുക്കാനുള്ള വൃത്തികെട്ട തെരഞ്ഞെടുപ്പുകളിയാണിത്. ആ വ്യക്തിയുടെ വാക്കുകൾക്ക് തരിമ്പും വില കൽപിക്കാതെ അദ്ദേഹത്തെ ഭരണവർഗ ചട്ടുകമാക്കി അപമാനിക്കുന്നു…”
കെ മുരളി
മന്ത്രി സജി ചെറിയാന്റെ വിവാദമായ പ്രസംഗത്തെ രണ്ട് തലത്തിലാണ് പരിശോധിക്കേണ്ടത്. ഒന്നാമത്, അതിന്റെ രാഷ്ട്രീയ ഉള്ളടക്കം. പ്രത്യക്ഷത്തിൽ തൊഴിലാളികൾക്ക് അനുകൂലമായ ഒരു നിലപാടാണ് അതിൽ കാണുക. തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതും, അവരെ ചൂഷണം ചെയ്യാൻ അനുവദിക്കുന്നതുമായി സാഹചര്യത്തെയാണ് അത് വിമർശിക്കുന്നത്. സൂക്ഷ്മമായി പരിശോധിക്കുമ്പോൾ മറ്റൊരു ചിത്രം വെളിപ്പെടുന്നു.
നിലവിലുള്ള ഭരണഘടനയുടെ കീഴിലാണ് ഇതെല്ലാം നടക്കുന്നത് എന്നു പറഞ്ഞ് ഇതിന്റെയൊക്കെ ഉത്തരവാദിത്വം ഭരണഘടനയ്ക്കാണ് എന്ന് ധ്വനിപ്പിക്കുന്നു. വിവാദം ഉയർന്നുവന്ന ശേഷം അതിൽനിന്ന് തലയൂരാൻ സജി ചെറിയാൻ നൽകിയ വിശദീകരണവും ഇതേ സ്വഭാവത്തിലുള്ളതാണ്. ഭരണഘടനയെ അല്ല ഞാൻ യഥാർത്ഥത്തിൽ ഉദ്ദേശിച്ചത്, ഭരണകൂടത്തെ ആണ്. നാക്കിന്റെ പിഴവു മൂലം ഭരണഘടന എന്ന് പറഞ്ഞുപോയി — ഇതാണ് വിശദീകരണം. നമ്മൾ പരിശോധിക്കേണ്ട കാര്യം ഇതാണ് — ഭരണകൂടം, ഭരണവർഗ്ഗം, സർക്കാർ, ഭരണഘടന, ഇതൊക്കെ എങ്ങനെയാണ് മാർക്സിസം മനസ്സിലാക്കുന്നത്? ഇവ തമ്മിലുള്ള പരസ്പര ബന്ധം എങ്ങനെയാണ് മനസ്സിലാക്കുന്നത്?
ഭരണവർഗങ്ങളുടെ വർഗ്ഗതാൽപര്യങ്ങൾ സംരക്ഷിച്ച് നടപ്പാക്കാനുള്ള ഉപകരണമാണ് ഭരണകൂടം. ഏതൊരു ഭരണകൂടത്തിനും ഒരു വർഗ്ഗസ്വഭാവം ഉണ്ടായിരിക്കും. അതല്ലാതെ, വർഗ്ഗങ്ങൾക്ക് അതീതമായി നിൽക്കുന്ന, വർഗ്ഗതാൽപര്യമില്ലാത്ത, എല്ലാ ജനങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന ഒരു ഭരണകൂടം അസാധ്യമാണ്. ഭരണവർഗ്ഗങ്ങളും ഭരണകൂടവും ഈ രീതിയിൽ ബന്ധപ്പെട്ടിരിക്കുമ്പോൾ ഭരണഘടന എങ്ങനെയാണ് ഇതുമായി ബന്ധപ്പെട്ടിരിക്കുന്നത്?
ഭരണകൂടാധികാരം പ്രാവർത്തികമാക്കുന്ന ഒരു ഉപാധിയാണ് സർക്കാർ. സർക്കാരിന്റെ രൂപം മാറാം. പാർല്യമെന്റെറി ജനാധിപത്യത്തിലധിഷ്ഠിതമായ ഒരു സർക്കാർ ആകാം. അതല്ല സൈനിക സ്വേച്ഛാധിപത്യമാകാം. ഫാസിസ്റ്റ് സർക്കാർ ആകാം. ഇതെല്ലാം സർക്കാരിന്റെ വിവിധ രൂപങ്ങളാണ്. ഇങ്ങനെ രൂപം മാറാമെങ്കിലും, ആ രാജ്യത്ത് ആധിപത്യത്തിലുള്ള ഭരണവർഗങ്ങളുടെ വർഗതാൽപര്യം തന്നെയാണ് ഈ എല്ലാ രൂപങ്ങളിലൂടെയും നടപ്പാകുക. ഭരണകൂടോപകരണങ്ങളായ പട്ടാളം, ഉദ്യോഗസ്ഥമേധാവിത്വം, ജുഡീഷ്യറി മുതലായ സ്ഥിര സംവിധാനങ്ങളിലൂടെയാണ് സർക്കാരുകൾ പ്രവർത്തിക്കുന്നത്. ഭരണകൂടോപകരണങ്ങളുടെ പ്രവർത്തനത്തിനു പൊതുവായ മാർഗദർശനം നൽകുന്ന ചട്ടക്കൂടാണ് ഭരണഘടന. ഇന്ത്യക്ക് ഉള്ളതുപോലെ എഴുതിവെക്കപ്പെട്ട ഭരണഘടനകൾ ഉണ്ട്. എഴുതപ്പെടാത്ത ഭരണഘടനകളുമുണ്ട്, ബ്രിട്ടനിലെപോലെ.
അപ്പോൾ ഒരു രാജ്യത്ത് ചൂഷണം നിലനിൽക്കുന്നുണ്ടെങ്കിൽ, തൊഴിലാളി അടിച്ചമർത്തപ്പെടുന്നുണ്ടെങ്കിൽ, അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ, അതിന് അടിസ്ഥാന കാരണം ഭരണഘടനയല്ല. മറിച്ച് അവിടത്തെ ഭരണവർഗങ്ങളുടെ താൽപര്യമാണ് അതിന് ഉത്തരവാദി. അവരുടെ അധികാരമാണ് അത് സാധ്യമാക്കുന്നത്. നിലവിലുള്ള അധികാരം ആരുടെയാണ്, എന്തുകൊണ്ടാണ് തൊഴിലാളികൾക്ക് മറ്റും ചൂഷിത വർഗ്ഗങ്ങൾക്കും അതു് വിരുദ്ധമാകുന്നത് എന്നീ കാര്യങ്ങളിലേക്ക് കടക്കാതെ, സജി ചെറിയാൻ ഇതെല്ലാം ഭരണഘടനയിൽ കെട്ടിവെച്ചു. അങ്ങനെ, ചൂഷിതർക്ക് അനുകൂലമാണ് എന്ന് ഭാവിച്ചുകൊണ്ട് കാതലായ പ്രശ്നത്തിൽ നിന്ന് അവരുടെ ശ്രദ്ധ തിരിച്ചുവിട്ടു. ചൂഷണവും മർദ്ദനവും മറ്റും അവസാനിപ്പിക്കണമെങ്കിൽ ഇന്നുള്ള ഭരണവർഗങ്ങളുടെ അധികാരം തന്നെയാണ് ഇല്ലാതാക്കേണ്ടത് എന്ന വസ്തുത മറച്ചുവെച്ച് ഭരണഘടനാപരമായ പരിഷ്കാരങ്ങളിലേക്ക്, നിലവിലുള്ള ചട്ടകൂട്ടിനുള്ളിലെ നിയമനിർമ്മാണത്തിലേക്ക്, അത് ചുരുക്കി. അതിനാണ് 1957ലെ സർക്കാരിന്റെ കാര്യം പറഞ്ഞത്. ഇതാണ് സജി ചെറിയാന്റെ പ്രസംഗത്തിന്റെ രാഷ്ട്രീയം.
സജി ചെറിയാൻ അംഗമായിട്ടുള്ള സിപിഎം പോലൊരു തിരുത്തൽവാദി പ്രസ്ഥാനത്തിന്റെ സവിശേഷതയാണത്. തൊഴിലാളിവർഗ പ്രസ്ഥാനത്തിനകത്തുള്ള ബൂർഷ്വാസിയുടെ ഏജന്റുകളാണ് തിരുത്തൽവാദികൾ എന്ന് ലെനിൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണവർഗ ചൂഷണത്തിന്റെയും മർദ്ദനത്തിന്റെയും, അതിൽ നിന്നുള്ള വിമോചനത്തിന്റെയും, കാതലായ പ്രശ്നങ്ങൾ മറച്ചുവെച്ചു തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് ചൂഷകരെ സേവിക്കുന്നതാണ് തിരുത്തൽവാദികൾ നിർവഹിക്കുന്ന ദൗത്യം. അതാണ് സജി ചെറിയാന്റെ പ്രസംഗത്തിൽ കണ്ടത്. വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു കൈയ്യടി വാങ്ങി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഈ വഞ്ചനാപരമായ സമീപനം ആണ് നമ്മൾ ആദ്യമായി തുറന്നുകാട്ടി എതിർക്കേണ്ടത്.
അവസരവാദം തിരുത്തൽവാദത്തിന്റെ മുഖമുദ്രയാണ്. ഇന്നത്തെ വിവാദത്തിലും അത് തെളിഞ്ഞ് കാണാം. വിപ്ലവം എന്നേ ഉപേക്ഷിച്ച വെറുമൊരു പാർലമെന്ററി കക്ഷിയാണ് സിപിഎം. തെരഞ്ഞെടുപ്പിലൂടെ സർക്കാർ രൂപീകരിച്ച് ഭരണവർഗ, സാമ്രാജ്യത്വ ചൂഷണത്തിന്റെ നടത്തിപ്പുകാരാനാവുകയും അതിലൂടെ സ്വാഭിവൃദ്ധി സാധിക്കുകയും ചെയ്യുന്ന ലക്ഷ്യം മാത്രമെ അതിന്റെ നേതൃത്വത്തിനുള്ളു. ഇതൊക്കെ സാധ്യമാക്കാൻ ഭരണഘടനയാണ് ആശ്രയം. അതുകൊണ്ട് ഒരു വശത്ത് അതിനെ വാഴ്ത്തണം. എന്നാൽ മറുവശത്ത്, അദ്ധ്വാനിക്കുന്ന ജനങ്ങളാണ് ഇന്നും അതിന് വോട്ട് ബാങ്ക്. അതുകൊണ്ട് സ്വന്തം സ്വാധീനത്തിൽ നിന്ന് അവർ അകലാതിരിക്കാൻ ഇടയ്ക്കൊക്കെ വിപ്ലവവായാടിത്തവും വേണം. സജി ചെറിയാന്റെ പ്രസംഗത്തിലും തുടർന്നുള്ള വിശദീകരണത്തിലും ഈ അവസരവാദ ഞാണിൻമേൽകളി കാണാം.
രണ്ടാമത്തെ പ്രശ്നം ഭരണഘടനയുടെ വിമർശനത്തെ സംബന്ധിച്ചുള്ളതാണ്. ഇന്ത്യൻ ഭരണഘടനയെ വിമർശിക്കാൻ പാടില്ല, അങ്ങനെ വിമർശിച്ചു കഴിഞ്ഞാൽ അത് ഡോക്ടർ ബി. ആർ. അംബേദ്കറെ അപമാനിക്കലാണ് മുതലായ പ്രശ്നങ്ങൾ ഉയർത്തി കോൺഗ്രസുകാർ ചാടിവീണിരിക്കുന്നു. ചില ദലിത് സംഘടനാനേതൃത്വങ്ങളും ഇത് ഏറ്റുപിടിച്ചിട്ടുണ്ട്. അംബേദ്കർ ആണ് ഭരണഘടനയുടെ ശിൽപി എന്ന കള്ള പ്രചരണം കുറെ കാലമായി നടന്നുവരുന്നു. താൻ ഭരണഘടനയുടെ ശിൽപി ആയിരുന്നില്ല എന്ന് ഡോക്ടർ അംബേദ്കർ തന്നെ വ്യക്തമാക്കിയ സത്യത്തിനു നേരെ കണ്ണടച്ചാണ് ഇത് ചെയ്തുവരുന്നത്. അദ്ദേഹത്തെ മാനിക്കുന്നുവെന്ന നാട്യത്തിൽ തങ്ങളുടെ നിക്ഷിപ്ത താൽപര്യം നടപ്പാക്കിയെടുക്കാനുള്ള വൃത്തികെട്ട തെരഞ്ഞെടുപ്പുകളിയാണിത്. ആ വ്യക്തിയുടെ വാക്കുകൾക്ക് തരിമ്പും വില കൽപിക്കാതെ അദ്ദേഹത്തെ ഭരണവർഗ ചട്ടുകമാക്കി അപമാനിക്കുന്നു.
ഭരണഘടന പരിശോധിച്ചാൽ തന്നെ അതിലെ വലിയൊരു ഭാഗം 1935ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിൽ നിന്ന് അതേപടി കടമെടുത്തിരിക്കുന്നത് കാണാം. അങ്ങനെയല്ലാതെ വരാൻ വഴിയില്ല. കാരണം 1947ൽ അധികാര കൈമാറ്റം ആണ് നടക്കുന്നത്. അല്ലാതെ ഇന്ത്യയ്ക്ക് പൂർണമായ സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല. 1950 വരെ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഡൊമീനിയൻ രാജ്യമായിരുന്നു ഇന്ത്യ. റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നതോടുകൂടി മാത്രമാണ് ആ പദവിപോലും അവസാനിക്കുന്നത്. അതിനുശേഷവും ഔപചാരികമായ സ്വാതന്ത്ര്യത്തിന് അപ്പുറം യഥാർത്ഥ സ്വാതന്ത്ര്യം ഉണ്ടായിട്ടില്ല. ഒരു സാമ്രാജ്യത്വത്തിനു പകരം എല്ലാ സാമ്രാജ്യത്വ രാജ്യങ്ങളുടെയും ആധിപത്യവും ചൂഷണവും തുടർന്നുകൊണ്ടിരിക്കുകയാണ്. ഈ വസ്തുതകളെ നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. അത് ഉന്നയിക്കുമ്പോൾ ലോകം ഇടിഞ്ഞുവീഴുന്ന മട്ടിൽ പ്രതികരിക്കുന്നവർ വാസ്തവത്തിൽ അംബേദ്കർ എന്തിനുവേണ്ടിയാണോ നിലകൊണ്ടത്, എന്തടിസ്ഥാനത്തിലാണോ പ്രവർത്തിച്ചത്, അതിനെയൊക്കെ നിഷേധിക്കുകയാണ്. ഭരണഘടനാ ശിൽപിയായ അംബേദ്കർ എന്ന ഭരണവർഗതട്ടിപ്പിൽ പങ്കാളിയായി അത് തുടരാനും നിലനിർത്താനും അവരെ സഹായിക്കുക മാത്രമാണ് ഇത്തരം വാദഗതികൾ ഉന്നയിക്കുന്ന ദലിത് സംഘടനാ നേതൃത്വങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്.
ഭരണഘടനയിലെ പൗരാവകാശങ്ങളെ സംബന്ധിച്ചുള്ള ഭാഗങ്ങളുണ്ടല്ലോ, അതിനെ എങ്ങനെയാണ് നമ്മൾ മനസ്സിലാക്കേണ്ടത് എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നുവരാറുണ്ട്. ഇവിടെ ഏറെക്കാലമായി നടന്നുവന്ന ഒട്ടേറെ ശക്തമായ പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും ഫലമായി രൂപംകൊണ്ട സാമൂഹ്യ അന്തരീക്ഷമാണ് അത്തരം വകുപ്പുകൾ ഭരണഘടനയിലെ ഉൾക്കൊള്ളിക്കാൻ ഭരണവർഗങ്ങളെ നിർബന്ധിച്ചത്. 1947ലെ വിഭജനത്തിന്റെ സമയത്ത് ഇളക്കിവിട്ട വർഗീയലഹളകൾ മാത്രമല്ല, അതിശക്തമായ പണിമുടക്ക് സമരങ്ങളും അന്ന് നടക്കുന്നുണ്ടായിരുന്നു. ഡോക്ടർ അംബേദ്കറെ ഭരണഘടനാ നിർമാണസഭയിലേക്ക് കൊണ്ടുവന്ന് ഭരണഘടനയുടെ കരട് തയ്യാറാക്കുന്ന സമിതിയുടെ തലപ്പത്ത് സ്ഥാപിച്ചതും ആ സാമൂഹ്യസമ്മർദ്ദം മൂലമായിരുന്നു.
തങ്ങളുടെ യഥാർത്ഥ ചൂഷക, സവർണ്ണാധിപത്യ താൽപര്യങ്ങളെ മറച്ചുവയ്ക്കാൻവേണ്ടി തന്നെയാണ് തന്നെ ആനയിച്ചുകൊണ്ടുവന്നത് എന്ന് ഡോക്ടർ അംബേദ്കർ പിന്നീട് തുറന്നുപറയുന്നുണ്ട്. ആ സ്ഥാനം ഉപയോഗപ്പെടുത്തി പ്രക്ഷോഭങ്ങളിലൂടെ ഉയർന്നുവന്ന ചില ആശയങ്ങളും അവകാശങ്ങളും ഭരണഘടനയിൽ ഉൾക്കൊള്ളിക്കാൻ അംബേദ്കറും മറ്റു ചിലരും ശ്രമിച്ചു. അതിൽ കുറച്ചൊക്കെ വിജയിച്ചിട്ടുമുണ്ട്. എന്നാൽ ഭരണവർഗങ്ങളെ സേവിക്കുന്ന ഭരണഘടനയുടെ മൗലിക സ്വഭാവത്തെ മാറ്റാൻ കഴിയുമായിരുന്നില്ല. കഴിഞ്ഞിട്ടുമില്ല.
ഇന്ന് ഇത്തരം അവകാശങ്ങളെ തന്നെ വെട്ടിക്കുറയ്ക്കാൻ, അല്ലെങ്കിൽ റദ്ദാക്കാൻ, ഇന്ന് ആധിപത്യത്തിലുള്ള ബ്രാഹ്മണ്യ ഹിന്ദുവാദ ഫാസിസ്റ്റ് ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ ഭരണഘടനയെ സംരക്ഷിക്കുയാണോ ജനാധിപത്യ ശക്തികളുടെ കടമ? അല്ല. ഈ അവകാശങ്ങൾ സംരക്ഷിക്കാൻ തീർച്ചയായിട്ടും തെരുവിൽ ഇറങ്ങേണ്ടതുണ്ട്. മർദ്ദിതരും ചൂഷിതരുമായ ജനങ്ങൾ ഇറങ്ങിയിട്ടുമുണ്ട്. പക്ഷേ നിലവിലുള്ള ഭരണഘടനയെ സംരക്ഷിക്കുക എന്നത് ആകരുത് ഇത്തരം പ്രക്ഷോഭങ്ങളുടെ മുദ്രാവാക്യം. കാരണം അത് ഭരണവർഗങ്ങളുടെ കളിയിൽ ജനങ്ങളെ അകപ്പെടുത്തുക മാത്രമെ ചെയ്യു.
നേരെമറിച്ച് ജനകീയമായ താൽപര്യങ്ങളെ മുൻനിർത്തി മുദ്രാവാക്യങ്ങൾ ആവിഷ്കരിക്കാനും, അത് നേടിയെടുക്കാനും, യഥാർത്ഥ ജനാധിപത്യ സമൂഹത്തിന്റെ സൃഷ്ടിക്കാവശ്യമായ ഉപാധികൾ സ്ഥാപിച്ചെടുക്കാനുമായിരിക്കണം പോരാടേണ്ടത്. എങ്കിൽ മാത്രമാണ്, ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന ഈ സാഹചര്യത്തിൽ, ഭരണവർഗ്ഗ രാഷ്ട്രീയത്തിലെ ചേരിപ്പോരിൽ ചട്ടുകമാകാതെ, ആ വൈരുദ്ധ്യത്തെ ജനകീയ താൽപര്യങ്ങളെ സേവിക്കും വിധം ഉപയോഗിച്ച്, ജനങ്ങളുടെ ദീർഘകാല താൽപര്യങ്ങൾ കാത്തുസൂക്ഷിക്കാനും യാഥാർത്ഥ്യമാക്കാനും കഴിയുകയുള്ളൂ.
_ മാവോയിസ്റ്റ് ചിന്തകൻ കെ മുരളി(അജിത്)