നിഗമനങ്ങളുടെ യുക്തിക്ക് അതീതമാവുന്ന സംഗീതം
ലതാ മങ്കേഷ്ക്കർ സംഘ് പരിവാർ സഹയാത്രികയായിരുന്നു എന്ന പേരിൽ സോഷ്യൽമീഡിയയിൽ ചർച്ച നടക്കുകയാണ്. ലതാ മങ്കേഷ്ക്കർ സംഘ് പരിവാർ ആണെന്ന് അവർ ബിജെപി രാജ്യസഭാഗം ആയതുതൊട്ട് പൊതുവെ അറിയുന്ന കാര്യമാണ് . അതിന്റെ പേരിൽ അവരെ മഹത്വവൽക്കരിക്കാൻ സംഘ് വിരുദ്ധനായ എനിക്ക് ഒരിക്കലും കഴിയുകയും ഇല്ല. വ്യക്തി എന്ന നിലക്ക് അവരുടെ എല്ലാ രാഷ്ട്രീയ നിലപാടുകളും തെറ്റിന്റെ പക്ഷത്ത് ആയിരുന്നു എന്നതിലും ഒരു സംശയവും എനിക്ക് ഇല്ല. കലാകാരന്മാർ എനിക്ക് അത്, വിശുദ്ധരോ മഹത് വ്യക്തികളോ സത്യസന്ധരോ ധർമ്മത്തിന്റെ വക്താക്കളോ അല്ല. ഈ ഗുണങ്ങൾ ഒന്നും ഇല്ലാത്തവർ, എന്നാൽ പല കുഴപ്പങ്ങൾ ഉള്ളവരും, കലാകരന്മാർ ആയി വരും. അവിടെയും അവരുടെ കലയെ തള്ളുവാൻ കഴിയുന്നില്ല എന്ന ഇടത്ത് ആണല്ലോ കല എല്ലാത്തിനും അതീതമായി മനുഷ്യയുക്തിക്ക് അപ്പുറം നിലനിൽക്കുന്നുത്. അങ്ങിനെ ഒരു വൈരുദ്ധ്യമാണ് ഇവിടെ പറയാൻ പോവുന്നതും.
ലതാ മങ്കേഷ്ക്കർ ശക്തമായി പിന്തുണച്ച സംഘ് പരിവാറിന്റെ സാംസ്‌കാരിക ഫാസിസത്തിന്റെ ഇരയാണ് പാകിസ്ഥാൻ ഇതിഹാസ ഖവ്വാലി ഗായകൻ ഉസ്‌താദ് നുസ്രത്ത് ഫത്തഹ് അലിഖാൻ. ഇന്ത്യയിൽ അദ്ദേഹം പാടാൻ വന്ന പല പ്രോഗ്രാമുകളും സംഘ് പരിവാർ ഭീഷണികൊണ്ട് നടത്താൻ കഴിയാതെ പോയിട്ടുണ്ട്. എന്നാൽ ഇതേ സംഘികൾ തന്നെ അദ്ദേഹത്തിന്റെ “റഷകെ കമർ” എന്ന 100 കണക്കിന് പാട്ടുകൾ ബോളിവുഡിലേക്ക് കോപ്പി അടിച്ചത് ഇന്നും പാടി നടക്കുന്നുമുണ്ട്. ജീവിച്ചിരിക്കുന്ന നുസ്രത്ത് ഫത്തഹ് അലിഖാനെ തടഞ്ഞിട്ടും അദ്ദേഹം ഈ ലോകം വിട്ട് പോയിട്ടും അദ്ദേഹം ഇന്ത്യ ഒട്ടുക്കും പാടുന്നു, തന്റെ ഭൗതീക സാന്നിധ്യം ഇല്ലാതെ തന്നെ. എന്തേ ആർക്കും തടയാൻ കഴിയുന്നില്ല? ടീ സീരീസ് അവസാനമായി ഉസ്‌താദ് നുസ്രത്ത് ഫത്തഫ് അലി ഖാന്റെ “ആഖ് ഉഡി മുഹബ്ബത്ത് മെ” എന്ന പാട്ടാണ് കോപ്പി അടിച്ചു ഇറക്കിയത്. 100 കോടിക്ക് മുകളിൽ ആളുകൾ ആണ് ഒരു വർഷം കൊണ്ട് ആ പാട്ട് കേട്ടത്. ഉസ്‌താദ് അങ്ങിനെ പാടുകയാണ്, അണമുറിയാതെ…
ഇതേ ഉസ്‌താദ് നുസ്രത്ത് ഫത്തഹ് അലി ഖാന്റെ പാട്ടുകൾ ലതാ മങ്കേഷ്ക്കറും പാടിയിട്ടുണ്ട്. കച്ചേ ദാഗേ എന്ന സിനിമയിൽ ഉസ്താദിന്റെ സംഗീതത്തിൽ ലതാ മങ്കേഷ്ക്കർ പാടിയ “ദിൽ പർദേസി ഹോഗയാ” എന്ന ഗാനം കേട്ടത് 110 മില്യൺ ആളുകളാണ്. ഈ 110 മില്യൺ ആളുകൾ കേട്ടത് ആരെയാവും? സംഘ് പരിവാറിന് ഒപ്പം സഞ്ചരിച്ച ലതാ മങ്കേഷ്‌ക്കറിനെയോ, അതോ സംഘ് പരിവാറിന്റെ സാംസ്കാരിക ഫാസിസത്തിന് ഇരയായ ഇതിഹാസ ഗായകൻ നുസ്രത്ത് ഫത്തഹ് അലി ഖാനെയോ? തികച്ചും സങ്കീർണമായ ചോദ്യം ആണ്. എന്നാൽ ഇതൊന്നും അറിയാത്തവർ ആവും പാട്ട് കേട്ടവരിൽ 99 ശതമാനവും എന്നതാണ് സത്യം. കല എന്നത് നിഗമനങ്ങളുടെ യുക്തിക്ക് അതീതം ആവുന്നതും അവിടെയാണ്. പലരും അത് കേട്ടത് അവരുടെ ഗൃഹാതുരുതയിലൂടെയാവും, അവരുടെ പ്രണയത്തിലൂടെയാവും, വിരഹത്തിലൂടെയാവും. “ദൈവത്തിന്റെ ഉലയിലെ അഗ്നി മോഷ്ടിക്കലാണ് കല” എന്നാണ് വിശ്രുത സൂഫി ശൈഖ് മൻസൂർ ഹല്ലാജ് പറഞ്ഞത്. അവിടെ സൃഷ്ടികൾ തന്നെ അപ്രസക്തമാണ് എന്നർത്ഥം. ദൈവത്തിന്റെ ഉലയിലെ അഗ്നിയെ ദൈവത്തിന്റേത് മാത്രമായി കാണുക എന്നതാണ് എനിക്ക് അതിന്റെ സൗന്ദര്യവും 💚🌹
_ നാസർ മാലിക്