മമ്മൂട്ടി എന്തുകൊണ്ട് ഇന്ത്യക്ക് പുറത്ത് കടക്കുന്നില്ല ?

ഫർഹാദിയുടെ എവരിബഡി നോസിൽ അർജന്റീനയിൽ നിന്നും സ്പെയിനിലേക്ക് വരുന്ന റികാർഡോ ഡാറിന് പകരം ഇന്ത്യയിൽ നിന്നും സ്പെയിനിലേക്ക് മമ്മൂട്ടി വരുന്നതായി സങ്കൽപ്പിച്ച് വെറുതേ കൊതിക്കാറുണ്ട്…


റെനിഷ് പി എന്‍

ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിലെ സിനിമകൾ ഞാൻ കാണാൻ തുടങ്ങിയിട്ട് ഏകദേശം പതിമൂന്ന് വർഷങ്ങളായി. നൂറോളം രാജ്യങ്ങളിലെ സിനിമകൾ ഇതിനകം കണ്ടു കഴിഞ്ഞു. വാൾട്ടർ സാലസിൽ നിന്നും തുടങ്ങുന്ന വലിയൊരു നിര ഇഷ്ട സംവിധായകരായുണ്ടെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകർ രണ്ട് പേരാണ്. ഒന്ന് അലജാന്ദ്രോ ഗോൺസാലസ് ഇനാരിറ്റ്യൂ, രണ്ട് അസ്ഗാർ ഫർഹാദി.

ഇനാരിറ്റ്യൂ നാല് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് വീണ്ടുമൊരു കഥ പറയുന്നതായി ഞാൻ ഇടയ്ക്ക് സങ്കൽപ്പിക്കാറുണ്ട്. ഏഷ്യയിലെ പശ്ചാത്തലം ഇന്ത്യയായും ഇന്ത്യയിലെ കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടിയാണെന്നും വെറുതേ സങ്കൽപ്പിക്കും. എന്നിട്ട് ആ സിനിമയ്ക്കായ് വെറുതേ കൊതിക്കും.

അതുപോലെ ഫർഹാദിയുടെ എവരിബഡി നോസിൽ അർജന്റീനയിൽ നിന്നും സ്പെയിനിലേക്ക് വരുന്ന റികാർഡോ ഡാറിന് പകരം ഇന്ത്യയിൽ നിന്നും സ്പെയിനിലേക്ക് മമ്മൂട്ടി വരുന്നതായി സങ്കൽപ്പിച്ച് വെറുതേ കൊതിക്കാറുണ്ട്. അത് പോലെ ഫർഹാദിയുടെ എല്ലാ സിനിമയിലും നായകന് പകരം മമ്മൂട്ടിയെ സങ്കൽപ്പിച്ച് ഞാൻ കൊതിക്കാറുണ്ട്.

ഞാൻ സങ്കൽപ്പിച്ച് നോക്കിയത് മമ്മൂട്ടി എന്ന നടന്റെ പ്രത്യേകതയാണ്. ലോകത്തെ ഏത് രാജ്യത്തെ സിനിമയിലും മമ്മൂട്ടി എന്ന നടനെ മനോഹരമായി ഉപയോഗിക്കാൻ സാധിക്കും. ആ ഒരു കഴിവ് ഇന്ത്യയിലെ മറ്റൊരു നടനിലും ഞാൻ കണ്ടിട്ടില്ല. ജാവിയർ ബാർദെം, റികാർഡോ ഡാറിൻ ഇവരെയൊക്കെ മമ്മൂട്ടി വളരെ സിമ്പിളായി മറി കടന്നു പോകും.

ലോക സിനിമയിൽ ഇപ്പോൾ അതിരുകളൊന്നും ഇല്ല, ഇറാനിലുള്ള അസ്ഗർ ഫർഹാദി അർജന്റീനയിലുള്ള റിക്കാർഡോ ഡാറിനെ വച്ച് സിനിമ ചെയ്യും, സ്പെയിനിലുള്ള ജാവിയർ ബാർദെ മിനെ വച്ച് സിനിമ ചെയ്യും, ഫ്രാൻസിലുള്ള തഹാർ റഹീമിനെ വച്ച് സിനിമ ചെയ്യും, ഫ്രാൻസിലുള്ള ഗൊദാർദ് തന്റെ സിനിമയിലെ കുഞ്ഞു റോളിൽ മെക്സിക്കോയിൽ നിന്നും ഗായേൽ ഗാർഷ്യ ബെർണാലിനെ കൊണ്ടു വരും. ഇറാനിലുള്ള മജീദ് മജീദി ഇന്ത്യയിൽ വന്ന് സിനിമ ചെയ്യും, ഇന്ത്യയിലുള്ള A R റഹ്മാൻ ഇറാനി സിനിമയ്ക്ക് സംഗീതം നൽകും അങ്ങനെയങ്ങനെ.

പിന്നെ എന്തുകൊണ്ട് മമ്മൂട്ടി ഇന്ത്യക്ക് പുറത്ത് കടക്കുന്നില്ല ? അതിന്റെ കാരണം മമ്മൂട്ടി ഇതുവരെ അഭിനയിച്ച് പോരുന്ന കൂറ സിനിമകളാണ്. മമ്മൂട്ടിയെ അന്വേഷിച്ച് ഇങ്ങോട്ട് വരാനുള്ള സാധ്യത മൂപ്പര് തന്നെ അടച്ച് വച്ചിരിക്കുകയാണ്.

മതിലുകളും വിധേയനും ഭൂതകണ്ണാടിയും തനിയാവർത്തനവും പോലുള്ള സിനിമകളിലൂടെ കഴിവു തെളിയിച്ച നടൻ വർഷങ്ങളോളമാണ് പുറകോട്ട് നടന്നത്. കാനിലും വെനീസിലും റോട്ടർഡാമിലും ബെർലിനിലും ടോറന്റോയിലും നിരൂപക പ്രശംസയേൽക്കേണ്ട നടൻ കൂറ ഫാൻസിനെ ആനന്ദിപ്പിക്കുന്ന നിലയിലേക്ക് വർഷങ്ങളോളമാണ് ചുരുങ്ങിപ്പോയത്.

ഇത്രയും മമ്മൂട്ടിയെ കുറിച്ച് പറയാൻ കാരണം ഇന്നലെ അദ്ദേഹത്തിന്‍റെ ഒരു സിനിമ കണ്ടു. പേരൻപ്. പുറത്തു കടന്ന് രക്ഷപ്പെടാനാവാത്ത വിധം ജീവിതത്തിനുള്ളിൽ അകപെട്ടു പോയ, അളവറ്റ സ്നേഹം മാത്രം കൈമുതലായുള്ള ഒരു പാവം മനുഷ്യന്റെ കഥ. മമ്മൂട്ടിയിലെ അന്താരാഷ്ട്ര നടനിലെ ഒരരികു മാത്രം ഉപയോഗപ്പെടുത്തി, അന്താരാഷ്ട്ര പ്രമേയം കൈകാര്യം ചെയ്യുന്ന മനോഹര സിനിമ. കട്രതു തമിഴ്, തങ്കമീൻകൾ എന്നീ സിനിമകളിലൂടെ വരവറിയിച്ച റാമിൻ പേരൻപ്.

Leave a Reply