അനന്തുവിന്റെ കൊലപാതവും കറുത്തവരോടുള്ള പൊലീസിന്റെ അവഹേളനവും

No. 1 കേരളത്തിൽ ഇന്നും പോലിസ് സ്റ്റേഷനുകളിൽ ദലിതരോട് അപമര്യാദയായും അവഹേളനത്തോടുമാണ് ചില പോലീസ് ഉദ്യോഗസ്ഥർ പെരുമാറുന്നതെന്നതാണ് യാഥാർഥ്യം…


അഡ്വ. സജി കെ ചേരമൻ

ഇന്നലെ അയിരൂർ (വർക്കല) പോലീസ് സ്റ്റേഷനിൽ ഉണ്ടായ ഒരു അനുഭവം വിശദീകരിക്കാനാണ് ഈ കുറിപ്പ്.  മോഷണകുറ്റം ആരോപിച്ചു കേവലം 24 വയസ്സ് മാത്രം പ്രായമുള്ള അനന്തു എന്ന ദലിത് യുവാവിനെ അടിച്ചു കൊന്ന സംഭവത്തെ സംബന്ധിച്ച് അന്വേഷിക്കാനാണ് ഞാൻ ഇന്നലെ വൈകുന്നേരം 5 മണിയോടെ അയിരൂർ പോലീസ് സ്റ്റേഷനിൽ എത്തിയത്.

എന്നോടൊപ്പം ബി.എസ്.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ വിപിൻ പള്ളിപ്പുറം. ജില്ലാ ട്രെഷറർ കെ ശിവാനന്ദൻ, ബി.എസ്.പി നേതാക്കളായ അജി എം ചാലക്കേരി, സന്തോഷ് പാലത്തുംപാടൻ, ഷിജുലാൽ നാഗൻ, വിവിധ ദലിത് സംഘടനാ നേതാക്കളായ പന്തളം രാജേന്ദ്രൻ, ഹർഷവർദ്ധനൻ, ദാസ് വർക്കല തുടങ്ങി അൻപതിലധികം പ്രവർത്തകർ അവിടെ സന്നിഹതരായിരുന്നു.

എസ്.ഐയുടെ മുറിയുടെ മുൻപിലേക്ക് ഞാൻ ചെല്ലുമ്പോൾ ഒരു വൃദ്ധയായ ദലിത് സ്ത്രീ എസ്.ഐയെ കാണാനായി ഒരു പരാതിയുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവരോടു തികഞ്ഞ അവഞ്ഞയോടെ, അവഹേളനത്തോടെ അവിടെ ഉണ്ടായിരുന്ന പോലീസുകാർ സംസാരിക്കുന്നത് കേട്ടു കൊണ്ടാണ് ഞാൻ അങ്ങോട്ട്‌ ചെല്ലുന്നത് തന്നെ.

ഞാൻ അദ്ദേഹത്തെ കാണാനായി മുറിയുടെ മുന്നിൽ കാത്തു നിൽക്കുമ്പോൾ ഒരു പോലീസുകാരൻ വന്നിട്ട് “ഇവിടെ ഇങ്ങനെ നിൽക്കാൻ കഴിയില്ല” എന്നറിയിച്ചു. “ഒരു അഭിഭാഷകനാണ്, ബി.എസ്.പിയുടെ മുൻ സംസ്ഥാന പ്രസിഡന്റാണ്, ഒരു പൊതു പ്രവർത്തകനാണ്” എന്നറിയിച്ചപ്പോൾ “ആ ക്യുവിന്റെ ഏറ്റവും പുറകിൽ പോയി നിൽക്കാൻ” ആ പോലീസുകാരൻ എന്നോട്ആവശ്യപ്പെട്ടു.

അവിടെ അപ്പോൾ നാലോ അഞ്ചോ ആളുകൾ കാത്തു നിൽക്കുന്നുണ്ട്. അനന്തുവിന്റെ കൊലപാതക വിവരം അന്വേഷിക്കാനായി ദൂരെ നിന്നും വന്നതാണ് എന്നറിയിച്ചപ്പോൾ നിന്നോട് പുറകിൽ പോയി നിൽക്കാനല്ലേ പറഞ്ഞത് എന്നായി പോലീസുകാരൻ. ഞാൻ തൽക്കാലം ഇവിടെ തന്നെ നിൽക്കുന്നുള്ളു എന്നായിരുന്നു എന്റെ മറുപടി. തുടർന്ന് അവിടെയിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥരും എന്റെ നേരെ തിരിഞ്ഞു, എന്റെ നേരെ തട്ടിക്കയറാൻ തുടങ്ങി. പിന്നീട് എന്നെ തള്ളി പോലീസ് സ്റ്റേഷനിൽ നിന്നും പുറത്തിറക്കാനായി ശ്രമം.

ഇതു കണ്ടു കൊണ്ടു പുറത്തു നിന്ന നമ്മുടെ സഹോദരങ്ങൾ അപ്പോൾ ഓടി വന്നു. പെട്ടെന്ന് തന്നെ അവിടെയുണ്ടായിരുന്ന ദലിത് പ്രവർത്തകരുടെ കനത്ത പ്രതിഷേധത്തിന്റെ കരുത്ത് പോലീസുകാർ വേഗം തിരിച്ചറിഞ്ഞു തിരിച്ചറിഞ്ഞു. പലരും പോലീസുകാർക്ക് നേരെ ആക്രോശിക്കുണ്ടായിരുന്നു. “ഒരു പട്ടികജാതിക്കാരനെ തല്ലികൊന്ന സംഭവത്തെ പറ്റി അന്വേഷിക്കാൻ വന്നത് നിനക്കൊന്നും ഇഷ്ടപ്പെട്ടില്ലെടാ”, “എന്താടാ കറുത്തവൻ വന്നത് കൊണ്ടാണോ നിനക്കൊക്കെ ഇത്ര പുച്ഛം” എന്നൊക്കെ ചിലർ പോലീസുകാരോട് ചോദിക്കുന്നുണ്ടായിരുന്നു.

കൂട്ടത്തിൽ ഒരു എ.എസ്.ഐയായിരുന്നു വളരെ മോശമായി പെരുമാറിയത്. കൂട്ടത്തിൽ ഒരു ദലിത് പോലീസുകാരൻ വന്നു നമ്മുടെ പ്രവർത്തകരെ ശാന്തരാക്കുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പിന്നാലെ ഞാൻ ഇറങ്ങി വന്നാണ് നമ്മുടെ പ്രവർത്തകരെ ശാന്തരാക്കിയത്.

പിന്നെയും കുറെ കഴിഞ്ഞാണ് എസ്.ഐ ഞങ്ങളെ അകത്തേക്ക് വിളിപ്പിച്ചത്. വളരെ മാന്യമായിട്ടാണ് അദ്ദേഹം ഞങ്ങളോട് പെരുമാറിയത്. കേസിൽ ഇതു വരെ നടന്ന അന്വേഷണവും മറ്റും വിശദമായി തന്നെ അദ്ദേഹം ഞങ്ങളെ ധരിപ്പിച്ചു. അയിരൂർ പോലീസ് ക്രൈം 128/2019 ആയി FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്. S. 302, പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത് എന്നദ്ദേഹം അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം ആത്മാർത്ഥമായി നടക്കുന്നതായും, പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാത്ത പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് അറിയിച്ചിട്ടാണ് ഞങ്ങൾ തിരിച്ചിറങ്ങിയത്.

No. 1 കേരളത്തിൽ ഇന്നും പോലിസ് സ്റ്റേഷനുകളിൽ ദലിതരോട് അപമര്യാദയായും അവഹേളനത്തോടുമാണ് ചില പോലീസ് ഉദ്യോഗസ്ഥർ പെരുമാറുന്നതെന്നതാണ് യാഥാർഥ്യം. ഏതു തരത്തിലുള്ള അവഹേളനത്തോട് ശക്തമായി പ്രതികരിക്കുവാൻ നാം തയ്യാറാവണം. ഇന്നലെ അയിരൂർ പോലിസ് സ്റ്റേഷനിൽ കണ്ടതും അതു തന്നെയാണ്. ഒരു പക്ഷെ അയിരൂർ പോലീസുകാർ ആദ്യമായിട്ടാവാം ഇത്തരത്തിൽ അവഹേളനത്തിനെതിരെയുള്ള ശക്തമായ ദലിത് പ്രതിഷേധം കാണുന്നത്.
Photo, Graphics Courtesy_ Various Media

Leave a Reply