പ്രഫുൽ; താങ്കളെ ഞങ്ങൾ വളരെയധികം ‘മിസ്സ്’ ചെയ്യുന്നു
ദില്ലിയിലെ പത്രപ്രവർത്തകരുടെ അറസ്റ്റും റെയ്ഡും പ്രമുഖ പത്രപ്രവർത്തകനായിരുന്ന പ്രഫുൽ ബിദ്വായിയുടെ ഓർമ്മകളിലേക്ക് കൊണ്ടുചെന്നെത്തിച്ചു. കാവി രാഷ്ട്രീയത്തിൻ്റെ കടന്നുവരവിനെക്കുറിച്ച് ഇത്രയധികം ജാഗ്രതയോടെ മുന്നറിയിപ്പ് നൽകിയ പത്രപ്രവർത്തകർ വിരളമാണെന്ന് തന്നെ പറയാം. സംഘ് പരിവാർ രാഷട്രീയത്തെ നഖശിഖാന്തം എതിർത്ത പ്രഫുലിന്റെ എഴുത്തുകൾ രാജ്യത്തെ മതേതര പ്രസ്ഥാനങ്ങൾക്ക് വളരെയധികം ഊർജ്ജം പകരുന്ന ഒന്നാണ്. അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ നിർഭയനായ ആ പത്രപ്രവർത്തകൻ പ്രഫുലിനെക്കുറിച്ച് 2015ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ഓർമ്മക്കുറിപ്പ് പങ്കുവെക്കുന്നു.
ആ വരികൾ ഇപ്പോഴും തെരുവിൽ പണിയെടുക്കുന്നു
ഷില്ലോംഗിൽ നിന്നും ഡോമിയാസിയാറ്റിലേക്ക് 3 മണിക്കൂറിലേറെ യാത്രയുണ്ട്. പന്ത്രണ്ട് പേർക്കിരിക്കാവുന്ന വാഹനത്തിൽ പതിനാറോളം പേർ തിങ്ങിഞെരുങ്ങിയിരിക്കുകയാണ്. പ്രമുഖ ആണവ ശാസ്ത്രജ്ഞൻ ഡോ. സുരേന്ദ്ര ഗാഡേക്കർ, പ്രശസ്ത പത്രപ്രവർത്തകൻ പ്രഫുൽ ബിദ്വായ്, ഡോക്യുമെന്ററി സംവിധായകൻ ശ്രീപ്രകാശ്, ഘാസി സ്റ്റുഡന്റ്സ് യൂണിയൻ പ്രവർത്തകർ, കൂട്ടത്തിൽ ഞാനും. യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (യു.സി.ഐ.എൽ) മേഘാലയത്തിലെ ഡോമിയാസിയാറ്റിൽ പുതുതായി യുറേനിയം നിക്ഷേപം കണ്ടെത്തിയെന്നും അവിടെ ഖനന പ്രവർത്തനങ്ങൾക്കുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞെന്നുമുള്ള വാർത്തകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ആണവ വിരുദ്ധ പ്രവർത്തകരെ, കാര്യങ്ങൾ പഠിക്കുന്നതിനും സംവദിക്കുന്നതിനുമായി ക്ഷണിച്ചിരിക്കുകയാണ് ഘാസി സ്റ്റുഡന്റ്സ് യൂണിയൻ.
തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയും ഇടക്കിടെ ആവർത്തിച്ചുകൊണ്ടിരിക്കുന്ന കയറ്റിറക്കങ്ങളും യാത്രയെ പലവിധത്തിൽ ദുഷ്കരമാക്കുന്നുണ്ട്. ഇന്ത്യൻ ആണവ പരിപാടിയെക്കുറിച്ചും യു.സി.ഐ.എൽ ഝാർഘണ്ടിൽ നടത്തിക്കൊണ്ടിരിക്കുന്ന മലിനീകരണത്തെക്കുറിച്ചും ഒക്കെയുള്ള ചർച്ചകൾ കൊണ്ട് യാത്ര സജീവമാണ്.
ഇടയ്ക്ക് ചെങ്കുത്തായ കയറ്റം കയറാനാകാതെ വാഹനം നിന്നു. മഴ പെയ്യുന്നതിനാൽ ആരും പുറത്തേക്കിറങ്ങിയില്ല. അപ്പോഴതാ ഹിന്ദുസ്ഥാനിയിൽ ഘനഗാംഭീര്യമാർന്ന സ്വരത്തിൽ ഒരു പാട്ട്! പ്രഫുൽ ബിദ്വായ്! ലോകപ്രശസ്ത പത്രപ്രവർത്തകന്റെ, രാഷ്ട്രീയ നിരീക്ഷകന്റെ അധികമാരുമറിയാത്ത മറ്റൊരു പ്രതിഭ. പാട്ടവസാനിച്ചപ്പോൾ ”വൺസ് മോർ” വിളികളുയർന്നു. പ്രഫുൽ മൂഡിലായിരുന്നു. ഒന്നിനു പിറകെ മറ്റൊന്നായി ഗസലുകളും ഖവ്വാലികളും…
സാങ്കേതിക കാരണങ്ങൾ കൊണ്ട് യാത്ര തുടരാൻ സാധിച്ചില്ല. ഷില്ലോംഗിൽ ചേർന്ന ആണവ വിരുദ്ധ പ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും വിശാല സമ്മേളനത്തിൽ പ്രഫുൽ ആയിരുന്നു താരം. യുവജനങ്ങളെ ആകർഷിക്കുവാനും അവർക്ക് രാഷ്ട്രീയ ദിശാബോധം നൽകാനുമുള്ള പ്രഫുൽ ബിദ്വായിയുടെ കഴിവ് അവിടെ പ്രദർശിപ്പിക്കപ്പെട്ടു. കേവലമൊരു പത്രപ്രവർത്തകന്റെയോ രാഷ്ട്രീയ ബുദ്ധിജീവിയുടെയോ റോളിലൊതുങ്ങാതെ ജനങ്ങൾ വിളിക്കുന്ന എവിടേക്കും എപ്പോഴും എത്തിപ്പെടാൻ പ്രഫുലിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. വിദ്യാർത്ഥികളുടെയും പ്രദേശവാസികളുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് ഡോമിയാസിയാറ്റിൽ യുറേനിയം ഖനനം നടത്തുന്നതിൽ നിന്ന് യു.സി.ഐ.എല്ലിന് പിന്തിരിയേണ്ടിവന്നുവെന്നത് ജനകീയ വിജയത്തോടൊപ്പം പ്രഫുൽ എന്ന ആണവ വിരുദ്ധ പ്രവർത്തകന്റെ കൂടി വിജയമായി കണക്കാക്കാം.
ഇക്കഴിഞ്ഞ (2015) ജൂൺ 23ന് രാത്രി ആംസ്റ്റർഡാമിലെ ട്രാൻസ്നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷിക ഫെല്ലോ മീറ്റിൽ പങ്കെടുക്കാനെത്തിയ പ്രഫുൽ ബിദ്വായി ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശ്വാസതടസ്സം നേരിട്ട് മരണപ്പെടുകയായിരുന്നു. ലോകമറിയുന്ന പത്രപ്രവർത്തകൻ, രാഷ്ട്രീയ നിരീക്ഷകൻ, ഗ്രന്ഥകർത്താവ് എന്നതിനൊക്കെ ഉപരിയായി ഇന്ത്യയിലെ സെക്യുലർ സംഘടനകളുടെ സഹയാത്രികൻ, ആണവ വിരുദ്ധ മുന്നേറ്റങ്ങളുടെ മുൻനിര സംഘാടകൻ, ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ യഥാർത്ഥ സുഹൃത്ത് എന്ന നിലയിൽ തന്റെ രാഷ്ട്രീയ ദൗത്യം യഥാസമയം നിർവ്വഹിച്ചുകൊണ്ടിരുന്ന വ്യക്തിയായിരുന്നു പ്രഫുൽ.
ശാസ്ത്ര വിഷയങ്ങളിൽ തൽപ്പരനായിരുന്ന പ്രഫുൽ മുംബൈ ഐഐടി യിൽ പഠിക്കുന്ന വേളയിൽ ഇടതുപക്ഷ നിലപാടുകളോട് കൂടുതൽ അടുക്കുകയും ‘മഗോവ’ എന്ന സംഘടനയ്ക്ക് രൂപം നൽകുകയും ചെയ്തു. അടിയന്തിരാവസ്ഥയുടെ നാളുകളിൽ അതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പുകൾ സംഘടിപ്പിക്കുന്നതിൽ യുവജനങ്ങളുടെ സംഘടനയായ ‘മഗോവ’യ്ക്ക് കഴിഞ്ഞു. ഡോ.ആനന്ദ് ഫാഡ്കെ, കുമാർ ഷിരാൽകർ എന്നിവരോടൊപ്പം ചേർന്ന് ‘ശ്രമിക് മുക്തി ദൾ’ എന്ന സംഘടന രൂപീകരിക്കുകയും തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്നതിനായി ഐ.ഐ.ടി പഠനം പാതിവഴിക്ക് ഉപേക്ഷിക്കുകയും ചെയ്തു.
തൊഴിലാളി പ്രശ്നവുമായി ബന്ധപ്പെട്ട് പ്രഫുൽ എഴുതിയ പുസ്തകം പക്ഷേ അധികമാരുടെയും ശ്രദ്ധയിൽ പെട്ടില്ല. ’70കളിലെ നക്സൽബാരി പ്രസ്ഥാനം ഇന്ത്യയിലെ യുവജനങ്ങളെ ആകർഷിച്ചതുപോലെ മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ ‘ഷാഹ്ദ മൂവ്മെന്റ്’ മറാഠി യുവതയെ വൻതോതിൽ സ്വാധീനിച്ചിരുന്നു. ധുലെയിൽ നിന്ന് പൂനെയിലെത്തിയ പ്രഫുൽ അവിടെയും തൊഴിലാളി പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. ‘ഡെമോക്രാറ്റിക് വർക്കേർസ് യൂണിയൻ’ എന്ന പ്രസ്ഥാനം രൂപീകരിച്ച് പൂനെയിലും സമീപപ്രദേശത്തുമുള്ള തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം വ്യാപൃതനായി.
80കളുടെ ആരംഭത്തോടെ സംഘടിത രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് അകന്ന് പത്രപ്രവർത്തനത്തിലേക്ക് പ്രഫുൽ ശ്രദ്ധതിരിച്ചു. ഇവിടെയും പാർശ്വവൽക്കരിക്കപ്പെട്ട, അന്യവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കായ് അദ്ദേഹം നിരന്തരം തന്റെ എഴുത്തുകൾ സമർപ്പിക്കുകയായിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തോടെ ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലം കാവിവൽക്കരണത്തിന് വിധേയമായിക്കൊണ്ടിരുന്നപ്പോൾ ഫാസിസത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് നിരന്തരമായി അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. കുനിയാൻ പറഞ്ഞപ്പോൾ സാഷ്ടാംഗം പ്രണമിച്ച പലർക്കുമിടയിൽ നട്ടെല്ലു വളയാതെ നിന്ന അപൂർവ്വം പത്രപ്രവർത്തകരിൽ ഒരാളായിരുന്നു പ്രഫുലെന്ന് അദ്ദേഹത്തിന്റെ ഇടപെടലുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു.
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മതേതര ഇടത്തെ തിരിച്ചുപിടിക്കാൻ ഒരു പത്രപ്രവർത്തകന്റെ സ്ഥിരംകോളത്തിൽ നിൽക്കാതെ ഇന്ത്യയിലെവിടെയും ഓടിനടന്ന് ജനങ്ങളുമായി സംവദിക്കാൻ പ്രഫുൽ ശ്രമിച്ചുകൊണ്ടിരുന്നു. മോദിയുടെ വർഗ്ഗീയ അജണ്ടകളെക്കുറിച്ച് അതിശക്തമായ രചനകളിലൂടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടിരുന്നു. മരണപ്പെടുന്നതിന് ഏതാനും നാൾ മുമ്പ് മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തെ വിലയിരുത്തിക്കൊണ്ട് അദ്ദേഹം എഴുതുകയുണ്ടായി. “മോദി സർക്കാരിന്റെ ഒരുകൊല്ലത്തെ ബാക്കിപത്രമെന്താണ്? തുറന്നുപറഞ്ഞാൽ, അത് അങ്ങേയറ്റം നിഷേധാത്മകമായിരുന്നു. പലവിധത്തിൽ സാമൂഹികമായ പിൻമടക്കത്തെ നേരിടുകയാണ് ഇന്ത്യ. സാമ്പത്തികമായി അങ്ങേയറ്റം അസമത്വത്തിലൂന്നിയതും, രാഷ്ട്രീയപരമായി കൂടുതൽ അനാരോഗ്യകരമായ രീതിയിൽ ധ്രുവീകരണത്തിന് ഇരയാവുകയായിരുന്നു…”. “വർഗ്ഗീയതയുടെ ഭയാനകമായ വളർച്ച, ജനാധിപത്യ അവകാശങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ, സ്വതന്ത്രാവിഷ്കാരങ്ങൾക്ക് വിലക്കേർപ്പെടുത്തൽ, ഭിന്നാഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത, ഏകാധിപത്യാശയങ്ങളെ വ്യാപരിപ്പിക്കൽ, പുരുഷാധിപത്യ പ്രവണതകളെ പ്രോത്സാഹിപ്പിക്കൽ, സ്ത്രീകൾക്കെതിരായുള്ള ആക്രമണങ്ങൾ, മതന്യൂനപക്ഷങ്ങൾക്കിടയിൽ സുരക്ഷിതത്വമില്ലായ്മ എന്നിവകളിലൂടെ ഇന്ത്യയുടെ സാമൂഹിക പിൻമടക്കം വ്യക്തമായിരുന്നു”വെന്ന് അദ്ദേഹം അക്കമിട്ട് എഴുതി.
സോഷ്യൽ മീഡിയകളിലൂടെയും പബ്ലിക് റിലേഷൻസ് കമ്പനികളെ വിലക്കെടുത്തും തന്റെ പ്രതിച്ഛായ നിലനിർത്താൻ മോദി കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നപ്പോൾ വസ്തുതകളുടെയും സ്ഥിതിവിവരക്കണക്കുകളുടെയും പിൻബലത്തോടെ മോദി വികസനത്തിന്റെ പിന്നാമ്പുറങ്ങളെ തന്റെ അതിശക്തമായ എഴുത്തുകളിലൂടെ പ്രിഫുൽ ജനങ്ങളിലേക്കെത്തിച്ചു. 56 ഇഞ്ച് നെഞ്ചകലത്തിന്റെ അഹങ്കാരഘോഷണങ്ങൾക്ക് പിന്നിൽ പൊള്ളയും വികൃതവുമായ സ്വേച്ഛാധിപതിയെ ചൂണ്ടിക്കാണിച്ചുകൊടുക്കാൻ പ്രഫുലിന് യാതൊരു മറയുടെയും ആവശ്യമുണ്ടായിരുന്നില്ല. ഫാസിസത്തിന്റെ ഈ കുതിച്ചുചാട്ടം ഒരു താൽക്കാലിക പ്രതിഭാസം മാത്രമാണെന്ന് അദ്ദേഹം വിലയിരുത്തി.
ഗാർഡിയൻ അടക്കമുള്ള രണ്ട് ഡസനോളം പത്രമാധ്യമങ്ങൾ പ്രഫുലിന്റെ രാഷ്ട്രീയ നിരീക്ഷണങ്ങളും വിശകലനങ്ങളും പ്രസിദ്ധീകരിച്ചു. ലക്ഷക്കണക്കായ വായനക്കാർ അദ്ദേഹത്തിന്റെ കോളങ്ങൾക്കായി കാത്തിരുന്നു. പ്രഫുലിനെ നേരിട്ട് പരിചയപ്പെടുന്നതിനും എത്രയോ മുമ്പെ തന്നെ അദ്ദേഹത്തിന്റെ എഴുത്തുകളുടെ ആരാധകനായി മാറിയ പതിനായിരങ്ങളിൽ ഒരാളാണ് ഈ ലേഖകനും.
ആണവ വിരുദ്ധ പ്രവർത്തകൻ എന്ന നിലയിലാണ് പ്രഫുലിനെ നേരിട്ട് പരിചയപ്പെടുന്നത്. ഇന്ത്യയുടെ തെക്കെ അറ്റത്ത്, കേരളത്തിൽ നടന്ന ആണവ വിരുദ്ധ പോരാട്ടവും അതിന്റെ ആത്യന്തിക വിജയവും ഇന്ത്യയിലെ ആണവവിരുദ്ധ പ്രസ്ഥാനങ്ങൾക്ക് എന്നും ഊർജ്ജം പകരുന്നതാണെന്ന് അദ്ദേഹം കൂടെക്കൂടെ പറയുമായിരുന്നു. തന്റെ പ്രഭാഷണങ്ങളിലൊക്കെയും പെരിങ്ങോം ആണവ വിരുദ്ധ സമരത്തെക്കുറിച്ച് പരാമർശിക്കുമായിരുന്നു. ജാതുഗുഡയിൽ, കൈഗയിൽ, ജേതാപൂരിൽ, കൂടങ്കുളത്ത് എല്ലാ ആണവ വിരുദ്ധ പ്രക്ഷോഭങ്ങളിലും അദ്ദേഹം മുൻനിരയിൽ കാണുമായിരുന്നു. കൊയിലിഷൻ ഫോർ ന്യൂക്ലിയർ ഡിസാർമമെന്റ് ആന്റ് പീസ് (സി.എൻ.ഡി.പി) എന്ന പ്രസ്ഥാനം രൂപീകരിച്ച് ഇന്ത്യയിലെ ആണവ വിരുദ്ധ പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുവാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ പ്രഫുലിന്റെ നിരന്തര ശ്രമങ്ങളുണ്ടായിരുന്നു.
ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷ പാർട്ടികളുടെ സമ്മർദ്ദ ഫലമോ എന്തോ, സി.എൻ.ഡി.പിയുടെ ആദ്യകാല പ്രവർത്തനങ്ങൾ ആണവ നിരായുധീകരണത്തിൽ മാത്രം ഒതുങ്ങിനിൽക്കുകയും ആണവോർജ്ജത്തിനെതിരായി നിലപാട് സ്വീകരിക്കുന്നതിൽ വിമുഖത കാട്ടുകയും ചെയ്തപ്പോൾ ജയ്പൂരിൽ വെച്ചു നടന്ന സമ്മേളനത്തിൽ വെച്ച് ഇക്കാര്യം ചോദ്യം ചെയ്ത അവസരത്തിൽ അതിനെ സി.എൻ.ഡി.പിയുടെ ഭാഗത്തുനിന്ന് പിന്തുണച്ചതിൽ പ്രഫുൽ ഉണ്ടായിരുന്നു. ജെയ്പൂർ സമ്മേളനത്തിനു ശേഷമായിരുന്നു സി.എൻ.ഡി.പി ആണവോർജ്ജത്തിനെതിരായ വ്യക്തമായ നിലപാട് സ്വീകരിച്ചത്.
ആണവായുധങ്ങൾക്കെതിരായി സന്ധിയില്ലാ സമരം നടത്തിവരുമ്പോഴും ആണവ നിർവ്യാപന കരാറിന്റെ (Nuclear Non-Proliferation Treaty-NPT) ഏകപക്ഷീയതയ്ക്കെതിരായി പ്രതികരിക്കാനും പ്രഫുലിന് യാതൊരു മടിയുമില്ലായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സ്വയംനിർണ്ണയാവകാശത്തിനു നേരെയുള്ള കടന്നാക്രമണമായിട്ടാണ് ആണവ നിർവ്യാപന കരാറിനെ അദ്ദേഹം വിശേഷിപ്പിച്ചത്. സമഗ്ര ആണവ പരീക്ഷണ നിരോധന കരാർ (Comprehensive Test Ban Treaty-CTBT) നടപ്പിലാക്കിക്കൊണ്ട് ലോകത്തെ ആണവായുധ വിമുക്തമാക്കണമെന്ന ആവശ്യമായിരുന്നു അദ്ദേഹം ഉന്നയിച്ചത്. അബോളിഷൻ 2000 (Abolition 2000)എന്ന ആഗോള ആണവായുധ വിരുദ്ധ പ്രസ്ഥാനത്തിന്റെ സഹയാത്രികൻ കൂടിയായിരുന്നു പ്രഫുൽ. 1998ൽ ഇന്ത്യ രണ്ടാമത്തെ ആണവായുധ പരീക്ഷണം നടത്തിയപ്പോൾ അതിനെതിരായി അതിശക്തമായ വാദമുഖങ്ങളുമായി പ്രഫുൽ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. കൊയിലിഷൻ ഫോർ ന്യൂക്ലിയർ ഡിസാർമമെന്റ് ആന്റ് പീസ് എന്ന പ്രസ്ഥാനത്തിന് രൂപം നൽകുന്നതും ഇതോടെയായിരുന്നു.
ആണവോർജ്ജം, പരിസ്ഥിതി, മതേതരത്വം, ബദൽ പ്രസ്ഥാനങ്ങൾ തുടങ്ങി പുത്തൻ ആശയങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ഗഹനമായ ലേഖനങ്ങളും ഗ്രന്ഥങ്ങളും പ്രഫുൽ എഴുതി. പുതുപ്രസ്ഥാനങ്ങൾക്കും യുവജനങ്ങൾക്കും പ്രഫുലിന്റെ എഴുത്തുകൾ മാർഗ്ഗ ദർശനം നൽകി. പൊളിറ്റിക്സ് ഓഫ് കൈ്ലമറ്റ് ചെയ്ഞ്ച് ആന്റ് ദ ഗ്ലോബൽ കൈ്രസിസ്, ആൻ ഇന്ത്യ ദാറ്റ് കാൻ സേ എസ് , സൗത്ത് ഏഷ്യ ഓൺ ഷോർട്ട് ഫ്യൂസ്, ന്യൂ ന്യൂക്സ്: ഇന്ത്യ, പാകിസ്താൻ ആന്റ് ഗ്ലോബൽ ന്യൂക്ലിയർ ഡിസാർമമെന്റ് റിലിജിയൻ, റിലിജിയോസിറ്റി ആന്റ് കമ്യൂണലിസം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയായിരുന്നു പ്രഫുൽ. ജവാഹർലാൽ മെമ്മോറിയൽ ലൈബ്രറിയിൽ പ്രൊഫസോറിയൽ ഫെല്ലോ, ട്രാൻസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഫെല്ലോല തുടങ്ങിയ പദവികളും അദ്ദേഹം വഹിക്കുന്നുണ്ട്. ഇന്ത്യയിലെ വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ പോക്കിൽ ഖിന്നനായിരുന്ന പ്രഫുൽ ഇന്ത്യൻ ലെഫ്റ്റിനെക്കുറിച്ചുള്ള ഒരു ഗ്രന്ഥം തയ്യാറാക്കുന്നതിനിടയിലാണ് മരണപ്പെടുന്നത്.
നല്ല ഭക്ഷണവും രുചിഭേദങ്ങളും ശരിയായി ആസ്വദിക്കുന്ന, തന്റെ ഇഷ്ട ബ്രാന്റ് വിസ്കി ആസ്വദിച്ച് കഴിക്കുന്ന, പാറ്റയെ പേടിയുള്ള പ്രഫുൽ. “ഹലോ കോമ്രേഡ്” എന്ന് ഗാംഭീര്യമുള്ള സ്വരത്തിൽ വിളിച്ചുകൊണ്ട് അഭിസംബോധന ചെയ്യാൻ ഇന്ന് അദ്ദേഹമില്ല.
പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി പ്രൊഫസറും ന്യൂക്ലിയർ ഫിസിസിസ്റ്റും ഞങ്ങളുടെ പൊതു സുഹൃത്തുമായ ഡോ. എം.വി. രമണ പറഞ്ഞതുപോലെ, “ആണവ ബാദ്ധ്യതാ ബില്ലിന്റെ (Nuclear Liability Bill) സങ്കീർണ്ണതകളെക്കുറിച്ചും മഹാരാജപുരം സന്താനത്തിന്റെയും ജിഎൻ സുബ്രഹ്മണ്യത്തിന്റെയും സംഗീതത്തിലെ വൈജാത്യത്തെക്കുറിച്ചും ഒരേ ഗൗരവത്തിൽ സംസാരിക്കാൻ കഴിയുന്ന വ്യക്തിയായിരുന്നു പ്രഫുൽ”.
Follow us on | Facebook | Instagram | Telegram | Twitter | Threads