സംഭവിച്ചത് അനീതിയാണ്! ദ ഹണ്ട് ഫോർ വീരപ്പൻ

“സംഭവിച്ചത് അനീതിയാണ്, അതിൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. അധികാരത്തിലുള്ളവർക്ക് അവരുടെ നിയമങ്ങളുണ്ട്. എനിക്കുമുണ്ട്…”
_ പ്രശാന്ത് പ്രഭ ശാർങ്ഗധരൻ

തീർത്തും ഹൃദയഭേദകമായ “ദ ഹണ്ട് ഫോർ വീരപ്പൻ (The Hunt for Veerappan)” എന്ന ഡോക്യുമെന്ററി ഇന്നലെയാണ് കണ്ട് കഴിഞ്ഞത്. 80-കളുടെ അവസാനം മുതൽ 2000-ത്തിന്റെ ആരംഭം വരെയുള്ള വീരപ്പന്റെ ഭാര്യയായ മുത്തുലക്ഷ്മിയുടെ വീക്ഷണകോണിൽ നിന്ന് വീരപ്പൻ ഉൾപ്പെട്ട എല്ലാ സംഭവങ്ങളുടെയും കഥയാണിത്. രണ്ട് സംസ്ഥാന സർക്കാരുകളുമായുള്ള തന്റെ പോരാട്ടം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കന്നഡ സൂപ്പർ സ്റ്റാർ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയതും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരവസരത്തിൽ ‘വിടുതലൈ മക്കൾ പടൈ ‘എന്ന വിപ്ലവ ഗ്രൂപ്പിന്റെ സ്വാധീനത്തിൽ തമിഴ് മക്കളുടെ ദുരിതജീവിതങ്ങൾക്കും ഭരണകൂട അനീതിക്കെതിരെയും, തമിഴ് വാഴ്ക എന്ന ദേശീയ വികാരം ഉണർത്തിയും വീരപ്പൻ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നുണ്ട്.

വീരപ്പൻ വേട്ടയുടെ പേരിൽ കർണ്ണാടക പോലീസ് ഓഫീസർ ശങ്കർ‍ മഹാദേവ് ബിദരി ഗ്രാമീണരെ ഭേദ്യം ചെയ്യുന്നതും, കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ ലൈംഗിക പീഡനത്തിനിരയാവുന്നതും, ഒന്നും പുറത്തുപറയാനാവാതെ പലരും ജീവൻ അവസാനിപ്പിച്ചതും, 108 ഓളം പേരെ അന്ന് നിലവിലുണ്ടായിരുന്ന TADA എന്ന ജനവിരുദ്ധ ഭീകരനിയമം ഉപയോഗിച്ച് തടവിലിട്ടതും ഒക്കെ സീരീസിൽ വ്യക്തമായി പ്രതിപാദിക്കുന്നു. മാത്രമല്ല, മുത്തുലക്ഷ്മിയെ കപ്പിയിൽ തലകീഴായ് കെട്ടിതൂക്കി മുലയിലും ഗുഹ്യ ഭാഗത്തും ഷോക്ക് അടുപ്പിച്ച പോലീസ് ഭീകരതകളും നമ്മെ വല്ലാതെ ഹോണ്ട് ചെയ്യിക്കുന്നുണ്ട്.

സീരീസ് കണ്ടപ്പോൾ ഉടക്കിയതിൽ ചിലത്:
മുത്തുലക്ഷ്മി: “ഞങ്ങൾക്ക് തോന്നുന്നത്, എന്റെ ഭർത്താവ് പോലീസിനെ വെല്ലുവിളിക്കുകയും നിർഭയമായി ജീവിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ധീരതയെ ഞങ്ങൾ ബഹുമാനിക്കുന്നു”

അഭിമുഖം നടത്തുന്നയാൾ: “നിങ്ങളുടെ അഭിപ്രായത്തിൽ എന്താണ് ധൈര്യം?”

മുത്തുലക്ഷ്മി: “ധീരത എന്നത് തികച്ചും നിർഭയമാണ്, എത്ര വലിയ പ്രശ്‌നങ്ങൾ വന്നാലും അതിനെ നേരിട്ടു ഈ ഭൂമിയിൽ ജീവിക്കണം, കഠിനാധ്വാനം ചെയ്തു മുന്നോട്ടു പോകണം, ശത്രു വന്നാലും പൊരുതി ജയിക്കണം.

മുത്തുലക്ഷ്മി -വീരപ്പൻ സ്നേഹം വെറും ഭാര്യ ഭർതൃബന്ധത്തിനപ്പുറം നിറഞ്ഞു നിന്നതായി തോന്നി. മുത്തുലക്ഷ്മിയുടെ കണ്ണിൽ നിന്ന് മനസ്സിലാക്കാൻ പറ്റും അവളുടെ പ്രണയവും അവളുടെ ലോകവും. അതുകൊണ്ട് തന്നെയാവും തന്നെക്കാൾ 25 വയസ്സെങ്കിലും മൂത്ത വീരപ്പനൊപ്പം ജീവിക്കാൻ അവൾ തീരുമാനമെടുത്തത്.

പോലീസ് അവസാനം ചതിയിൽപ്പെടുത്തി വീരപ്പനെ വെടിവെച്ച് കൊല്ലുന്നതും, (വിഷം കൊടുത്തിട്ടാണോ?) അദ്ദേഹത്തിന്റെ മൃതദേഹ ദൃശ്യങ്ങൾ മുതുലക്ഷ്മിയുടെ ഉള്ളുലച്ചപോലെ തന്നെ പ്രേക്ഷകരുടെ ഉള്ളും ഉലയയ്ക്കാൻ പാകത്തിൽ തന്നെയാണ് സംവിധായകൻ ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ബാക്ക് ഗ്രൗണ്ട് സ്‌കോറും പെർഫെക്ട് മേക്കിങ്ങും കൊണ്ട് ഡോക്യുമെന്ററിയെ ഒരു ത്രില്ലർ Genre-ൽ എത്തിക്കുന്നതിൽ സംവിധായകൻ കാട്ടിയ കൈയ്യടക്കത്തെ കുറിച്ച് പറയാതെ വയ്യ. വീരപ്പന്റെ വളർച്ചയും പതനവും ഓർമ്മകളിൽ നിറയുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മികച്ച വർക്കാണ് “The Hunt For Veerappan”.

Follow us on | Facebook | Instagram Telegram | Twitter | Threads