ആദിവാസികളും മാവോയിസ്റ്റുകളും തമ്മിലുള്ള ബന്ധം- നരവംശ ശാസ്ത്രജ്ഞയുടെ പഠനം

ഇന്ത്യൻ വംശജയായ നരവംശ ശാസ്ത്രജ്ഞ അൽപ ഷാ, ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം നീണ്ടു നിൽക്കുന്ന സായുധ പ്രസ്ഥാനമായ ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ച്, അതിന്റെ സ്വാധീന മേഖലകൾ സന്ദർശിച്ചു, വളരെ Objective ആയി നടത്തിയ പഠനത്തിന്റെയും അനുഭവങ്ങളുടെയും കഥാരൂപത്തിലുള്ള വിവരണമാണ് Nightmarch: Among India’s Revolutionary Guerrillas എന്ന പുസ്തകം.

2000-ത്തിന്റെ തുടക്കത്തിൽ അൽപ ഷാ ഝാർഖണ്ഡിലെ ആദിവാസി ഊരുകളിൽ നരവംശശാസ്ത്ര പഠനങ്ങൾക്കുവേണ്ടി സന്ദർശിക്കുകയും അവരോടൊപ്പം ഒരു വർഷത്തിലേറെ കാലം താമസിക്കുകയും ചെയ്തു. അന്ന് ഛത്തീസ്ഗഢ്, ഝാർഖണ്ഡ്‌, ഒഡീഷ തുടങ്ങിയ മേഖലകളിൽ മാവോയിസ്റ്റ് പാർട്ടി സ്വാധീനം നേടിയെടുക്കുന്ന കാലമായിരുന്നു. പൊതുവേ പുറമേയുള്ളവരെ, പ്രത്യേകിച്ച് സർക്കാർ ഉദ്യോഗസ്ഥരെയും പോലീസിനെയും പട്ടാളക്കാരെയും എല്ലാം സംശയത്തോടെ മാത്രം കണ്ടിരുന്ന, അവരുടെ ഉപദ്രവങ്ങളെ ഒരുപാട് സഹിച്ചിരുന്ന, തങ്ങളുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന പുറന്നാട്ടുകാരായ ആളുകളോടുള്ള മനോഭാവത്തിന് പകരം, വ്യത്യസ്തമായ സമീപനമാണ് ആദിവാസികൾ മാവോയിസ്റ്റുകളോട് കാണിച്ചിരുന്നത്, അതും മാവോയിസ്റ്റ് നേതാക്കൾ പലരും ഉയർന്ന ജാതി പശ്ചാത്തലമുള്ളവരും, ആദിവാസികളുടെ ഭാഷ അറിയാത്തവരായിട്ടുപോലും.

അവർ വരുമ്പോൾ ചിരിച്ചുകൊണ്ട് വരവേൽക്കുക, വീട്ടിലെ കുഞ്ഞുകുഞ്ഞു പ്രശ്നങ്ങൾ തൊട്ട് മക്കളുടെ വിദ്യാഭ്യാസവും വിവാഹത്തെ കുറിച്ചും അഭിപ്രയങ്ങൾ ചോദിക്കുക, തങ്ങളെ അടിച്ചമർത്തുന്ന പോലീസിനെതിരെ നടത്തുന്ന ആക്ഷനുകൾ കഴിഞ്ഞെത്തുന്ന മവോയിസ്റ്റ്‌ ഗറില്ലകൾക്കുവേണ്ടി ആട് – കോഴിയിറച്ചി വിഭവങ്ങൾ പാകം ചെയ്തു സത്കരിക്കുക തുടങ്ങിയ ഒരുപാട് അനുഭാവപൂർവ്വമായ സമീപനങ്ങൾ ആദിവാസികളുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാൽ, മറുഭാഗത്ത് ഭരണകൂടത്തോടുള്ള വെറുപ്പും നിലനിന്നു. ഈ വ്യത്യസ്ത സമീപനങ്ങൾ ഗവേഷകയായ അൽപ ഷായിൽ കൗതുകമുണർത്തി, എന്തുകൊണ്ടാണങ്ങനെ?


BUY NOW

അത് അവരെ ഒരുപാട് വർഷങ്ങൾക്ക് ശേഷം എത്തിച്ചത് ഒരു മാവോയിസ്റ്റ് പ്ളാറ്റൂണിലാണ്, ആയുധമേന്താതെ അവരുടെ കൂടെ ദിവസങ്ങളോളം രാവും പകലും നീണ്ട മാർച്ചുകളിലും പഠനത്തിലുമായിരുന്നു. ഭരണകൂടത്തിന്റെ മനുഷ്യത്വവിരുദ്ധമായ സമീപനത്തിൽ നിന്ന് വ്യത്യസ്തമായി മാവോയിസ്റ്റുകൾ ആദിവാസികളെ മനുഷ്യരായി പരിഗണിച്ചു. ബഹുമാനത്തോടെയും സൗമ്യമായും സ്നേഹത്തോടെയും പെരുമാറിയും ആദിവാസികളെ അഭിസംബോധന ചെയ്തു. അവരുടെ കുടിലിൽ താമസിച്ചും അവർക്കൊപ്പം ഭക്ഷണം പാകം ചെയ്തു കഴിച്ചും കൂടപ്പിറപ്പുകൾക്ക് തുല്യം മാവോയിസ്റ്റുകൾ ആദിവാസികളുടെ ഭാഗമായി. അവർ അന്യഗ്രഹ ജീവികളല്ലെന്നും തങ്ങളുടെ കൂട്ടത്തിൽ പെട്ടവരാണെന്നും ആദിവാസികൾക്ക് ബോധ്യപെട്ടു. അത്തരം ലാളിത്യം നിറഞ്ഞ പ്രവർത്തന രീതികളെയും ശൈലികളെയും അഡ്രസ്സ് ചെയ്യുമ്പോഴും, മാവോയിസ്റ്റുകളിൽ അപൂർവ്വം ചിലരുടെ ഗർവ്വിനെയും അൽപ ഷാ ചൂണ്ടിക്കാണിക്കുന്നു.

50 വർഷത്തിന് മുകളിലായി മാവോയിസ്റ്റുകൾ നടത്തിവരുന്ന സായുധ സമരത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും ചരിത്രവും കുതിപ്പും കിതപ്പും അത് മുന്നോട്ടുകൊണ്ട് പോകുന്നതിന്റെ ഇന്ത്യയിൽ നിലനിൽക്കുന്ന രാഷ്ട്രിയ സാഹചര്യവും അൽപ ഷാ “Nightmarch”-ന്റെ പശ്ചാത്തലത്തിൽ വിശദീകരിക്കുന്നു. കൂടാതെ മാവോയിസ്റ്റുകൾ നേരിടുന്ന ഒട്ടനവധി പ്രതിസന്ധികളും ആദിവാസികളുടെ ജീവിതത്തിൽ ഇടപെടുന്നതിന്റെ ഗുണകരവും ദോഷകരവുമായ വശങ്ങളും പ്രതിപാദിക്കുന്നു. പാർട്ടിയുടെ സൈദ്ധാന്തിക പ്രായോഗവൽക്കരണത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളും മറ്റു സംഘടനാപരമായ കാര്യങ്ങൾ പോലും വളരെ ആരോഗ്യകരമായ രീതിയിൽ അവർ വിമർശിക്കുന്നു.

അങ്ങനെ വളരെ വസ്തുനിഷ്ഠമായ രീതിയിൽ നടത്തിയ ഒരു പഠനമാണ് ഇത്. ആഖ്യാനവും ഭാഷയും ഭംഗിയുള്ളതുകൊണ്ട് തന്നെ ഒട്ടും വിരസതയില്ലാതെ മനസ്സിലാക്കാനും വായിച്ച് തീർക്കാനും കഴിയും. മാവോയിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപെട്ട് ഒട്ടനവധി കാമ്പുള്ളതും ചിന്തിപ്പിക്കുന്നതുമായ വിമർശനങ്ങളാണ് പുസ്തകത്തിലുള്ളത്. വിമർശനങ്ങളിൽ നിന്നും പഠിക്കുകയും തിരുത്തുകയും ചെയ്യുക എന്നത് ജൈവികമായ ഒരു പ്രസ്ഥാനത്തിന്റെ ലക്ഷണമാണ്. പ്രസ്ഥാനം എങ്ങനെയാണ് ജനങ്ങളുടെ വിശ്വാസം നേടിയതെന്നും അത് കാലക്രമേണ എങ്ങനെ കുറഞ്ഞുവെന്നതും പഠനവിധേയമാക്കേണ്ടതാണ്. കേവലം ഭരണകൂട അടിച്ചമർത്തൽ എന്ന ആലയിൽ മാത്രം കെട്ടാവുന്നതല്ലത്. തീർച്ചയായും അൽപാ ഷാ ഇത്തരമൊരു പ്രസ്ഥാനത്തിന്റെ പ്രധാന്യത്തെ ഊന്നിപിടിച്ച് കൊണ്ട് തന്നെയാണ് ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നത്. എല്ലാവരും വായിക്കുമെന്നും ആരോഗ്യകരമായി ചർച്ച ചെയ്യുമെന്നും പ്രതീക്ഷിച്ച് കൊണ്ടു നിർത്തുന്നു.
_ മുഷ്താഖ്


BUY NOW

Follow us on | Facebook | Instagram Telegram | Twitter | Threads