മണിപ്പൂര്‍ കലാപത്തിന്റെ കാണാച്ചരടുകള്‍
“കുക്കി ഭൂരിപക്ഷ ജില്ലയായ ചുരാചന്ദ്പൂരില്‍ 38 ഗ്രാമങ്ങളില്‍ സ്ഥിര താമസമാക്കിയവര്‍ ”അനധികൃത കുടിയേറ്റക്കാരും” സംരക്ഷിത വനഭൂമിയിലെ ”കൈയേറ്റക്കാരും” ആണെന്ന് 2022 ഓഗസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ ഈ നികൃഷ്ടമായ അവകാശവാദത്തെ പിന്തുണയ്ക്കുന്ന യാതൊരു തെളിവുകളും ഇല്ലെന്നിരിക്കെ, 2023 ഫെബ്രുവരിയില്‍, സര്‍ക്കാര്‍ ഏകപക്ഷീയമായി കുക്കി വിഭാഗങ്ങളെ സംരക്ഷിത വനഭൂമി എന്ന് വിളിക്കപ്പെടുന്ന സ്ഥലത്തുനിന്ന് ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു…”
മണിപ്പൂര്‍ കലാപത്തിന്റെ കാണാച്ചരടുകള്‍
നോര്‍ത്ത്-ഈസ്റ്റില്‍ ഉടക്കിയ കോർപ്പറേറ്റ് കണ്ണുകള്‍
കെ സഹദേവന്‍
Part 1
കഴിഞ്ഞ രണ്ട് മാസക്കാലത്തിലേറെയായി മണിപ്പൂര്‍ അക്ഷരാര്‍ത്ഥത്തില്‍ കത്തിക്കൊണ്ടിരിക്കുകയാണ്. മണിപ്പൂര്‍ ഗവൺമെന്റ് സുപ്രീംകോടതിയെ അറിയിച്ചതനുസരിച്ച്, മെയ് 3 മുതല്‍ ആരംഭിച്ച സാമൂഹിക സംഘര്‍ഷത്തില്‍ 145 പേര്‍ കൊല്ലപ്പെടുകയുണ്ടായി. 50,000ത്തിലധികം ആളുകള്‍ 300ഓളം അഭയാര്‍ത്ഥി ക്യാമ്പുകളിലായി കഴിയുകയാണ്. മണിപ്പൂരില്‍ നടുകൊണ്ടിരിക്കുന്ന കലാപവുമായി ബന്ധപ്പെട്ട് 5995 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 6745 പേര്‍ കസ്റ്റഡിയിലാണെന്നും ആണ് മണിപ്പൂര്‍ ഭരണകൂടം വ്യക്തമാക്കുന്നത്. സ്വതന്ത്രമായ അന്വേഷണങ്ങള്‍ക്കും വസ്തുതാന്വേഷണങ്ങള്‍ക്കും ഉള്ള സാഹചര്യം ഗവൺമെന്റ് ഒരുക്കിക്കൊടുക്കുന്നില്ല എന്നതുകൊണ്ടുതന്നെ അനൗദ്യോഗിക കണക്കുകള്‍ ലഭ്യമാക്കുന്നതിനും പരിമിതികള്‍ ഏറെയാണ്. എന്തുതന്നെയായാലും കലാപം ഭയന്നു സംസ്ഥാനം വിട്ടു ഓടിപ്പോയവരുടെ സംഖ്യ വളരെക്കൂടുതലാണെന്ന് മാധ്യമ വാര്‍ത്തകള്‍ തെളിവുനല്‍കുന്നു.
ഉറവിടങ്ങള്‍ വ്യക്തമല്ലാത്ത ഊഹാപോഹ പ്രചരണങ്ങള്‍, വ്യാജവാര്‍ത്തകള്‍, തുടർന്നുണ്ടാകുന്ന അക്രമങ്ങള്‍, അസാധാരണമായ തോതിലുള്ള ആയുധ വിനിയോഗങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങി അഭൂതപൂര്‍വ്വമായ തോതിലുള്ള സാമൂഹിക സംഘര്‍ഷാന്തരീക്ഷമാണ് മണിപ്പൂരില്‍ നിലനില്‍ക്കുന്നതെന്നും, ബിരേന്‍സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി ഗവൺമെന്റ് കലാപം നേരിടുന്നതില്‍ പരാജമാണെന്നും മുഖ്യധാരാ മാധ്യമങ്ങള്‍ അടക്കം വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. മണിപ്പൂര്‍ കലാപം നിയന്ത്രണാതീതമായി കഴിഞ്ഞിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രി കഴിഞ്ഞ രണ്ട് മാസക്കാലയളവില്‍ ഒരിക്കല്‍പ്പോലും മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല എന്നതും പൊതുവില്‍ ശ്രദ്ധനേടി കഴിഞ്ഞ സംഗതിയാണ്.
മണിപ്പൂരില്‍ സംഭവിച്ചത് എന്ത്?
ഇക്കഴിഞ്ഞ മെയ് 3 ന് മണിപ്പൂരിലെ വിവിധ ജില്ലകളിലായി ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന്‍ മണിപ്പൂര്‍ (ATSUM) ആഹ്വാനം ചെയ്ത പ്രതിഷേധ മാര്‍ച്ചിന്റെ അവസാനത്തില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെയാണ് കുക്കി, മെയ്‌തേയ്(മെയ്തി) സമുദായങ്ങള്‍ തമ്മിലുള്ള തുറന്ന സംഘര്‍ഷം ആരംഭിച്ചത്. മെയ്‌തേയ് സമുദായത്തെ പട്ടികവര്‍ഗ്ഗ (എസ്ടി) വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള മണിപ്പൂര്‍ ഹൈക്കോടതിയുടെ സമീപകാല ഉത്തരവിനെതിരെയാണ് വിദ്യാര്‍ത്ഥി സംഘടന മാര്‍ച്ച് സംഘടിപ്പിച്ചത്.
ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം എന്നതാണ് ഗോത്ര വിഭാഗങ്ങളുടെ പ്രധാന ആരോപണം. മണിപ്പൂരിലെ ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് കുക്കികള്‍ക്കിടയില്‍ ഹൈക്കോടതി ഉത്തരവിനെ കാണുന്നതും ഈ രീതിയിലാണ്. താഴ്വര നിവാസികളായ മെയ്തേയിയും മലയോരവാസികളായ കുക്കിയും നാഗയും തമ്മിലുള്ള ബന്ധം മുൻപേതന്നെ വളരെ സങ്കീര്‍ണ്ണാവസ്ഥയിലാണ് എന്നതും ഈ ഉത്തവിന്റെ പശ്ചാത്തലത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. മെയ്‌തേയ് വിഭാഗത്തിന് ഭൂരിപക്ഷ പ്രാതിനിധ്യമുള്ള, അതേ സമുദായത്തില്‍പ്പെട്ട ഒരു മുഖ്യമന്ത്രി നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍, ആദിവാസി സമൂഹങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് കുക്കി സമുദായത്തിന് എതിരായി മുൻപേ തന്നെ വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നതും ഓര്‍മ്മിക്കേണ്ടതുണ്ട്.
ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്കിടയിലെ എക്കാലത്തെയും സങ്കീര്‍ണ്ണവിഷയം ഭൂമിയുമായി ബന്ധപ്പെട്ടതാണ്. മണിപ്പൂര്‍ ലാന്‍ഡ് റവന്യൂ ആന്‍ഡ് ലാന്‍ഡ് റിഫോം ആക്ട്, 1961 (MLR, LR Act 1961) എന്നിവയില്‍ ഭേദഗതി വരുത്താനും മലയോര മേഖലകളില്‍ ഭൂരിപക്ഷ മെയ്തി വിഭാഗങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിന് അനുവാദം നല്‍കണമെന്നുമുള്ള ആവശ്യം മെയ്തികള്‍ക്കിടയില്‍ പ്രബലമാണ്. മണിപ്പൂരിന്റെ മലയോര മേഖലകളില്‍ ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ നിയമഭേദഗതി വരുത്തിയിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. 1988-ലെ നിയമഭേദഗതിയിലൂടെയാണ് ഇത് സാധ്യമായത്.
അതുകൊണ്ടുതന്നെ മലയോരമേഖലകളിലെ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന വാദം തെറ്റിദ്ധാരണാജനകം മാത്രമാണ്. ഇത്തരത്തിലുള്ള ആദിവാസി ഭൂമിയിലേക്ക് ഇതര വിഭാഗങ്ങള്‍ക്കുള്ള കടന്നുകയറ്റം കൂടുതല്‍ വിശാലമാക്കുന്നതുമായി ബന്ധപ്പെട്ട് MLR, LR Act 1961ല്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്‍ 2015ല്‍ സംസ്ഥാന ഭരണകൂടം അവതരിപ്പിക്കുകയുണ്ടായി. അതുമായി ബന്ധപ്പെട്ട് ഏതാണ്ട് ഒരു വര്‍ഷം നീണ്ടുനിന്ന പ്രക്ഷോഭം ആദിവാസി സമൂഹങ്ങളുടെ നേതൃത്വത്തില്‍ മണിപ്പൂരില്‍ നടിരുന്നു. താഴ്വര പ്രദേശങ്ങളിലെ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്ക് ആദിവാസി മേഖലകളില്‍ ഭൂമി വാങ്ങിക്കാന്‍ അവകാശം നല്‍കുന്ന ബില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളോടൊപ്പം തന്നെ കുന്നിൻ പ്രദേശങ്ങളിലെ കുക്കി-സോമി ഗോത്ര വിഭാഗങ്ങള്‍ അധിവസിക്കുന്ന വലിയൊരുഭാഗം ഭൂപ്രദേശങ്ങള്‍ ജില്ലാ കൗൺസിലുകളുമായോ ഗോത്ര വിഭാഗങ്ങളുമായോ കൂടിയാലോചിക്കാതെ, സംസ്ഥാന സര്‍ക്കാര്‍, റിസര്‍വ്ഡ് ഫോറസ്റ്റ് (Reserved Forest), സംരക്ഷിത വനം (Protected Forest), വന്യജീവി സങ്കേതം (Wilde life Sanctuary), തണ്ണീര്‍ത്തടങ്ങള്‍ എന്നിങ്ങനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കുക്കി ഭൂരിപക്ഷ ജില്ലയായ ചുരാചന്ദ്പൂരില്‍ 38 ഗ്രാമങ്ങളില്‍ സ്ഥിര താമസമാക്കിയവര്‍ ”അനധികൃത കുടിയേറ്റക്കാരും” സംരക്ഷിത വനഭൂമിയിലെ ”കൈയേറ്റക്കാരും” ആണെന്ന് 2022 ഓഗസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ ഈ നികൃഷ്ടമായ അവകാശവാദത്തെ പിന്തുണയ്ക്കുന്ന യാതൊരു തെളിവുകളും ഇല്ലെന്നിരിക്കെ, 2023 ഫെബ്രുവരിയില്‍, സര്‍ക്കാര്‍ ഏകപക്ഷീയമായി കുക്കി വിഭാഗങ്ങളെ സംരക്ഷിത വനഭൂമി എന്ന് വിളിക്കപ്പെടുന്ന സ്ഥലത്തുനിന്ന് ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇത് ആദിവാസി വിഭാഗങ്ങള്‍ക്ക് ഭരണപരമായി സ്വയംഭരണാവകാശം നല്‍കുന്ന ആർട്ടിക്കിൾ 371 സിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. എന്നുമാത്രമല്ല, വനഭൂമിയും വിഭവങ്ങളും ഉപജീവനത്തിനായി ഉപയോഗപ്പെടുത്താനുള്ള ആദിവാസി സമൂഹങ്ങളുടെ അവകാശം വ്യവസ്ഥ ചെയ്യുന്ന 2006-ലെ പട്ടികവര്‍ഗ, മറ്റ് പരമ്പരാഗത വനവാസികള്‍ (വനാവകാശങ്ങള്‍ അംഗീകരിക്കല്‍) നിയമത്തിന്റെ ലംഘനം കൂടിയാണ് ഈ നടപടികള്‍.
തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ നിന്ന് ആദിവാസി ജനതയെ മാറ്റിനിര്‍ത്തിക്കൊണ്ട് നാം തുടർന്നുപോരുന്ന നയരൂപീകരണങ്ങളുടെ ദീര്‍ഘചരിത്രവുമായി ബന്ധപ്പെടുത്തിവേണം ഈ കുടിയൊഴിപ്പിക്കലുകളെ മനസ്സിലാക്കാന്‍. ഇത് തദ്ദേശ ഗോത്ര ജനങ്ങള്‍ക്കിടയിലെ അസ്വസ്ഥതകള്‍ക്ക് കാരണമായി മാറിയിട്ടുണ്ടെന്ന വസ്തുത നാം മനസ്സിലാക്കാതെ പോകുകയാണ്. താഴ്‌വര-മലയോര പ്രദേശങ്ങളിലെ ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ട്, കാലങ്ങളായി നടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക ചൂഷണങ്ങള്‍ പലപ്പോഴും വിവിധ ഗോത്ര വിഭാഗങ്ങളും ഇതര സമുദായങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളിലേക്ക് നയിക്കപ്പെട്ടു. ഗോത്ര വിഭാഗങ്ങള്‍ക്കിയിലെ അരക്ഷിതാവസ്ഥ പ്രത്യേക ഭരണം മുതല്‍ കുകി സംസ്ഥാനം വരെയുള്ള ആവശ്യങ്ങളിലേക്ക് ചെന്നെത്തുകയുണ്ടായി.
തുടരും…
(കടപ്പാട്: ഈ ലേഖനം തയ്യാറാക്കുന്നതില്‍ പ്രധാനമായും ആശ്രയിച്ചത് നോര്‍ത്ത്-ഈസ്റ്റ് ഫോറം ഫോര്‍ ഇന്റര്‍നാഷണല്‍ സോളിഡാരിറ്റിയുടെ പഠനങ്ങളെയാണ്. മണിപ്പൂര്‍ സംസ്ഥാനം നേരിടുന്ന ചരിത്രപരമായ പിന്നോക്കാവസ്ഥകളെ സംബന്ധിച്ച് അവര്‍ നടത്തിയ വിശദമായ പഠനം ഈ ലേഖനത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ട്. അതോടൊപ്പം തന്നെ ഇംഫാല്‍ റിവ്യൂ, കൂടാതെ പ്രൊഫ. ആദിത്യ നിഗം, മഹ്‌ദേനോ, ഗുലാബ് ദാസ് ഗുപ്ത എന്നിവരുമായുള്ള ആശയവിനിമയങ്ങളും ലേഖനം തയ്യാറാക്കുന്നതില്‍ സഹായകമായിട്ടുണ്ട്.)