സിറോ മലബാർസഭക്ക് ഓർമ്മയുണ്ടോ ഹിന്ദുത്വര്‍ ചുട്ടുകൊന്ന ഗ്രഹാം സ്റ്റെയിൻസിനെയും കുഞ്ഞുങ്ങളെയും
സിറോ മലബാർസഭ എന്തിനാണ് ഹിന്ദുത്വ ഫാഷിസത്തോടൊപ്പം ഒട്ടിനിൽക്കാൻ വെമ്പൽ കൊള്ളുന്നത് ? ലൗ ജിഹാദ് കേരളത്തിൽ ഇല്ലായെന്നും സംഘ് പരിവാർ സൃഷ്ടിയാണെന്നും സ്ഫടിക സമാനം തെളിഞ്ഞതല്ലേ ? കേരളത്തിലെ പൊലീസ് മേധാവി തന്നെ പറയുന്നു, അങ്ങിനെ ഒന്നില്ലായെന്ന്. എന്നിട്ടും സിറോ മലബാർ സഭയിലെ ആലഞ്ചേരി വിഭാഗം എന്തിനാണ് ഒരു സമൂഹത്തെ ഡിറ്റൻഷൻ ക്യാമ്പിലേക്കും ഹോളോകാസ്റ്റ് കൊലകളിലേക്കും നയിക്കുന്ന ദേശീയ പൗരത്വ ഭേദഗതിക്കെതിരെ തെരുവായ തെരുവെല്ലാം ജനങ്ങൾ പ്രക്ഷോഭം നടത്തുമ്പോൾ
ഇങ്ങിനെ ഒരു പ്രസ്താവന ?
ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനായിരുന്ന ഗ്രഹാം സ്റ്റെയിൻസിനെ നിങ്ങളോർക്കുന്നുണ്ടോ ? 1992 ജനുവരി 22ന് കോളിളക്കം സൃഷ്ടിച്ച ഒഡീഷയിൽ നടന്ന കൂട്ടക്കൊലയെ കുറിച്ച്. അദ്ദേഹത്തിന്റെ മക്കളായ10 വയസ്സുള്ള ഫിലിപ്പിനെയും, 6 വയസ്സുള്ള തിമോത്തിയേയും ? മൂവരെയും ബജറംഗ്ദൾ പ്രവർത്തകർ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയും അദ്ദേഹത്തിന്റെ വാഹനത്തിൽ വെച്ച് കത്തിച്ചു കളയുകയും ചെയ്തു.
2011 ജനുവരിയിൽ സുപ്രീം കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടതും നമ്മൾ കണ്ടു. കൂടാതെ ഒഡീഷയിലെ കന്ധമാൽ അറിയുമോ ? സ്വാമി ലക്ഷ്മണാനന്ദയുടെ വധവുമായ് ബന്ധപ്പെട്ട് 2008 ആഗസ്റ്റിലാണ് ഹിന്ദുത്വ ഫാഷിസ്റ്റുകൾ ക്രിസ്തുമത വിശ്വാസികൾക്കുനേരെ ആക്രമണം അഴിച്ചുവിട്ടത്. സ്വാമിയുടെ കൊലക്കു പിന്നിൽ ക്രൈസ്തവരാണെന്ന് ആരോപിച്ച് നീണ്ടു നിന്ന കലാപത്തിൽ നൂറോളം ക്രൈസ്തവർ കൊല്ലപ്പെടുകയും അറുപതിനായിരത്തോളം പേർ ഭവനരഹിതരാവുകയും ചെയ്തു. മുന്നൂറോളം പള്ളികളും ആയിരത്തോളം ഭവനങ്ങളും കൊള്ളയടിക്കപ്പെടുകയും തീവെച്ച് നശിപ്പിക്കപ്പെടുകയും ചെയ്തു.
അന്ന്, സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകവുമായ് ബന്ധപ്പെട്ട് നിരപരാധികളായ ഏഴു ക്രൈസ്തവരെ മർദ്ദിച്ച് അവശരാക്കി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയത് സംഘ് പരിവാറുകാരായിരുന്നു. പ്രതികളെന്ന് ആരോപിച്ചവരുടെ ബാഗുകളിൽ ബൈബിളും കത്തികളും കറുത്ത തുണികളും തിരുകി കയറ്റി അവർ തെളിവുകളുണ്ടാക്കി. സ്വാമിയെ കൊന്നത് ക്രിസ്ത്യാനികളാണെന്നും അവരുടെ പേരുകൾ പ്രഖ്യാപിക്കുകയും ചെയ്തത്, പൊലീസിനു പകരം വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയയായിരുന്നു. പൊലീസ് സ്റ്റേഷനിൽ നിന്ന് 37 ദിവസങ്ങൾക്ക് ശേഷം ജാമ്യത്തിൽ വിട്ടവരിൽ നിന്നും “ഭയം മൂലം തങ്ങൾ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയതാണ് ” എന്ന് പൊലീസുകാർ എഴുതി വാങ്ങിയിരുന്നു. പക്ഷെ വീണ്ടും ഇവരെ അറസ്റ്റു ചെയ്ത് വ്യാജ ആരോപണങ്ങൾ ചുമത്തി ജയിലിൽ അടക്കുകയായിരുന്നു.
ഇതൊക്കെ വീണ്ടും വീണ്ടും ഹിന്ദുത്വ ഭീകരർ ആവർത്തിച്ചു കൊണ്ടേയിരിക്കും. കാരണം അൽപായുസ്സാണെങ്കിലും ഉഗ്രരൂപിയാണ് ഫാസിസം. കോർപ്പറേറ്റ് മൂലധനത്തിന്റെ തണലിൽ ആര്യ ബ്രാഹ്മണ അധിനിവേശ ശക്തികളുടെ പ്രത്യയശാസ്ത്രമായ മനുസ്മൃതിയാണ് അവരുടെ നിയമഗ്രന്ഥം. അതിനെ മുച്ചൂടും നശിപ്പിക്കേണ്ടത് അനിവാര്യമാണ്.
ഇന്ന് ഇന്ത്യയിൽ മത ന്യൂനപക്ഷങ്ങൾ ഒന്നിച്ചു നിൽക്കേണ്ട സമയത്താണ് യാതൊരു അടിസ്ഥാനവുമില്ലാത്ത ” ലൗ ജിഹാദ് ” എന്ന ഇസ്‌ലാമോഫോബിയക്ക് വെള്ളവും വളവും നൽകുന്ന പ്രസ്താവനകളിറക്കി പള്ളികളിൽ അത് വായിപ്പിക്കുന്നത് ! മനുവാദി ഫാഷിസത്തോട് ഒട്ടിനിൽക്കാനാണ് സിറോ മലബാർ സഭയിലെ ആലഞ്ചേരി വിഭാഗത്തിന്റെ തീരുമാനമെങ്കിൽ കാലം നിങ്ങൾക്ക് മാപ്പ് തരില്ല !
_ അനില്‍ കുമാര്‍ ടി എസ്