പുനർഗേഹം പദ്ധതിയും ഭരണകൂട അജണ്ടകളും

“വീട് പണി കഴിപ്പിക്കുകയും 10 വർഷം ഗുണഭോക്താവ് അവിടെ താമസിച്ചു എന്ന് ഉറപ്പിക്കുകയും ചെയ്തതിനു ശേഷമേ സ്ഥലത്തിന്റെ അസൽ ആധാരം ഗുണഭോക്താവിന്‌ കൈമാറുകയുള്ളു. അതുകൊണ്ട് തീരുന്നില്ല. യാതൊരു വിധത്തിലും ഗുണഭോക്താവിന്‌ വസ്തു ക്രയവിക്രയം ചെയ്യാൻ അവകാശമില്ല എന്നും പദ്ധതി റിപ്പോർട്ട് പറയുന്നു. നമ്മുടെ നാട്ടിൽ ഭൂമി ഒരു പ്രധാന സാമ്പത്തിക ആസ്തിയായി കണക്കാക്കപ്പെടുമ്പോഴാണ് ക്രയവിക്രയ അവകാശം മാറ്റിത്താമസിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് നിഷേധിക്കപ്പെടുന്നത്.
ഒരു തുണ്ട് ഭൂമിയാണെങ്കിലും സ്വന്തം ആസ്തിയായ വീടും ഭൂമിയും വിട്ടു നൽകിയവരെയാണ് ഇപ്രകാരം പശുക്കളെ തൊഴുത്തിൽ അടയ്ക്കുന്നതിന് തുല്യമായി സാമ്പത്തിക മൂല്യം ചോർത്തി കളയപ്പെട്ട കിടപ്പാടങ്ങളിൽ അടയ്ക്കുന്നത്…”

അഡ്വ. തുഷാർ നിർമ്മൽ സാരഥി

കേരളത്തിന്റെ കടൽത്തീരം സുരക്ഷിതമല്ലെന്നും അതുകൊണ്ട് മത്സ്യത്തൊഴിലാളികൾ കടൽത്തീരത്തു നിന്നും മാറിത്താമസിക്കണം എന്നുമാണ് കേരളം സർക്കാർ പറഞ്ഞു കൊണ്ടിരിക്കുന്നത്. ‘പുനർഗേഹം’ എന്ന പേരിൽ ഒരു പദ്ധതി കഴിഞ്ഞ പിണറായി സർക്കാർ ഇതിനായി ആവിഷ്ക്കരിച്ചു നടപ്പിലാക്കാൻ ശ്രമിച്ചിരുന്നു. വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ പരിധിയിൽ താമസിക്കുന്ന സ്വന്തമായി വീടുള്ള മത്സ്യത്തൊഴിലാളികൾക്ക്, അവർക്കു താല്പര്യമുണ്ടെങ്കിൽ സുരക്ഷിതമായ മറ്റൊരിടത്തേക്ക് വീടുവച്ചു മാറിത്താമസിക്കാൻ 10 ലക്ഷം രൂപ അനുവദിക്കുന്നതാണ് ഈ പദ്ധതി. ആറു ലക്ഷം രൂപ ഭൂമി വാങ്ങിക്കുന്നതിനും (രജിസ്‌ട്രേഷൻ ചെലവുകൾ,സ്റ്റാമ്പ് ഡ്യൂട്ടി, എഴുത്തുകൂലി എല്ലാം ഉൾപ്പടെ) 4 ലക്ഷം രൂപ വീട് നിർമ്മിക്കുന്നതിനും അങ്ങനെ ആകെ 10 ലക്ഷം രൂപയാണ് ഒരു കുടുംബത്തിന് നൽകുന്നത്. മാറിത്താമസിക്കാനുള്ള ഭൂമി
പദ്ധതിയുടെ ഗുണഭോക്താവ് തന്നെ കണ്ടെത്തണം. മുൻസിപ്പൽ/കോർപ്പറേഷൻ പ്രദേശത്ത് മിനിമം 2 സെന്റും, പഞ്ചായത്ത് പരിധിയിൽ മിനിമം 3 സെന്റ് ഭൂമിയും ആണ് കണ്ടെത്തേണ്ടത്. മാത്രമല്ല ഈ ഭൂമി വേലിയേറ്റ രേഖയിൽ നിന്നും 200 മീറ്റർ പരിധിക്കു പുറത്തായിരിക്കുകയും വേണം.

കേരളത്തിന്റെ കടൽത്തീരത്ത് വേലിയേറ്റ രേഖയുടെ 50 മീറ്റർ പരിധിയിൽ ആകെ 18685 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്നതായും അതിൽ 8487 കുടുംബങ്ങൾ മാറിത്താമസിക്കാൻ സമ്മതമുള്ളവരാണെന്നും ബാക്കിയുള്ളവർ മാറിത്താമസിക്കാൻ സമ്മതമല്ലാത്തവരും ആണെന്ന് ഇത് സംബന്ധിച്ച് ഫിഷറീസ് വകുപ്പ് നടത്തിയ ഒരു ക്വിക്ക് സർവ്വേ പറയുന്നു. ഇപ്രകാരം കണ്ടെത്തിയ 18685 കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാൻ ആണ് പുനർഗേഹം എന്ന പദ്ധതി 2019 ൽ കേരളം സർക്കാർ ആരംഭിക്കുന്നത്. 2019 ഒക്ടോബറിൽ ഫിഷറീസ് വകുപ്പ് വിശദമായ ഒരു പ്രോജക്ട് റിപ്പോർട്ട് സർക്കാരിന് തയ്യാറാക്കി സമർപ്പിച്ചിരുന്നു. അതുപ്രകാരം ആകെ പദ്ധതി ചെലവ് 2450 കോടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. പദ്ധതി ചെലവിൽ 1398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ (CMDRF) നിന്നും ബാക്കി 1052 കോടി രൂപ 2019-20, 2020-21,2021-22 വര്ഷങ്ങളിലെ ബഡ്ജറ്റ് വകയിരുത്തലിൽ നിന്നും കണ്ടെത്തുമെന്നുമാണ് പറയുന്നത്. 2019-20 വർഷം 8487 കുടുംബങ്ങളെയും അതോടൊപ്പം 92 ഫ്‌ളാറ്റുകളിലായി 772 കുടുംബങ്ങളെയും , 2020-21, 2021-22 വർഷങ്ങളിലായി 5099 കുടുംബങ്ങളെ വീതവും പുനരധിവസിപ്പിക്കാനാണ് കണക്കാക്കിയിട്ടുള്ളത്. സ്വന്തമായി ഭൂമി കണ്ടെത്താൻ കഴിയാത്തവരും
എന്നാൽ മാറണമെന്ന് ആഗ്രഹമുള്ളവരുമായ ഗുണഭോക്താക്കളെ ഫ്ലാറ്റ് നിർമ്മിച്ചു പുനരധിവസിപ്പിക്കുമെന്നും സർക്കാർ പറയുന്നു. ജില്ലാ ഫിഷറീസ് ഓഫീസുകളിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം (എന്താണ് ആ വിവരങ്ങളുടെ അടിസ്ഥാനം എന്ന് വ്യക്തമല്ല) ആകെയുള്ള 18685 കുടുംബങ്ങളിൽ 7515 കുടുംബങ്ങൾ ഒറ്റ വീടുകൾ ആണ് തിരഞ്ഞെടുക്കുകയെന്നും ബാക്കിയുള്ള 11170 കുടുംബങ്ങളും ഫ്ലാറ്റുകൾ ആണ് തെരഞ്ഞെടുക്കാൻ സാധ്യത എന്നും റിപ്പോർട്ടിൽ കണക്കാക്കിയിരുന്നു.

കടൽ തീരത്ത് നിന്നും മത്സ്യത്തൊഴിലാളികളെ മാറ്റി അവർക്കു സുരക്ഷിതമായ താമസസൗകര്യം ഒരുക്കി കൊടുക്കലാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്ന്. അതോടൊപ്പം തീരമേഖലയിൽ ഒരു ബഫർ സോൺ സൃഷ്ടിക്കലും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. മത്സ്യത്തൊഴിലാളികളിൽ നിന്നും ഒഴിപ്പിച്ചെടുക്കുന്ന സ്ഥലത്തെ വീടുകൾ പൊളിച്ചു കളയുകയും സസ്യങ്ങൾ വച്ച് പിടിപ്പിച്ച് ഈ പ്രദേശം ബയോ ഷീൽഡ് ആയി വികസിപ്പിക്കും എന്നും പ്രോജക്ട് റിപ്പോർട് പറയുന്നു. പദ്ധതി ഗുണഭോക്താക്കൾ വേലിയേറ്റ രേഖക്ക് 50 മീറ്റർ പരിധിയിലെ അവരുടെ ഭൂമിക്ക് (വേറെ ഭൂമി ഇല്ലാത്തവർ കൂടി ആകണം ഗുണഭോക്താവ്) മേലുള്ള സകല അവകാശവും ഒഴിഞ്ഞു കൊടുക്കണം. 10 സെന്റിൽ കൂടുതൽ ഭൂമി ഉള്ളവരാണെങ്കിൽ അവർക്കു ഭൂമിയിൻ മേലുള്ള അവകാശം നിലനിറുത്താം. അവിടെ കൃഷി ചെയ്തു വിളവെടുക്കുന്നതിനും തടസ്സമില്ല. പക്ഷെ അവർക്കും ഭൂമിയിൽ നിർമ്മാണം നടത്തുന്നതിനോ ഭൂമി അതിരു തിരിക്കുന്നതിനോ അവകാശമില്ല.

തീരശോഷണം, ചുഴലിക്കാറ്റ്, കാലാവസ്ഥാ വ്യതിയാനം രൂക്ഷമാക്കിയ വെള്ളക്കെട്ട്, സുനാമി, ഉയർന്ന തിരമാലകൾ മുതലായ പ്രകൃത്യാലുള്ള അപകടങ്ങളാണ് കടൽത്തീരം സുരക്ഷിതമല്ലാതാകാൻ കാരണമായി ഈ പ്രോജക്ട് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. തുറമുഖങ്ങൾ, ഹാർബറുകൾ, പുലിമുട്ടുകൾ ഉൾപ്പടെയുള്ള കടലിലെ മനുഷ്യ നിർമ്മിതികളും ഇടപെടലും എങ്ങനെയാണു കടൽക്ഷോഭത്തിനു കാരണമാകുന്നതെന്ന് മത്സ്യത്തൊഴിലാളികൾക്കുള്ള പാരിസ്ഥിതിക അവബോധത്തെ പാടെ അവഗണിച്ചു കൊണ്ടാണ് ഫിഷറീസ് വകുപ്പ് ഇത്തരം ഒരു സംഗതി അവതരിപ്പിക്കുന്നത്. സ്വകാര്യ മൂലധന നിക്ഷേപം സാധ്യമാകുന്ന വൻകിട പദ്ധതികൾക്കായി കടൽത്തീരത്തേയും കടലിനെയും വിട്ടു കൊടുക്കാനുള്ള നീക്കങ്ങൾ ശക്തമായി നടക്കുന്ന സാഹചര്യത്തിൽ മാനുഷിക ഇടപെടലുകളും വൻകിട നിർമ്മാണങ്ങളും തീരശോഷണത്തിനും കടൽകയറ്റത്തിനും കാരണമാകുമെന്ന വസ്തുതയെ മറച്ചു പിടിച്ചുകൊണ്ട്
തീരശോഷണവും കടൽകയറ്റവും പ്രകൃത്യാലുള്ള അപകടമായി ഫിഷറീസ് വകുപ്പ് ചിത്രീകരിക്കുന്നത് അത്ര നിഷ്ക്കളങ്കമായി കാണാൻ കഴിയില്ല. റിപ്പോർട്ടിൽ ഒരിടത്ത് തീരശോഷണത്തിന്റെ പ്രാദേശിക കാരണങ്ങൾ അന്വേഷിക്കണമെന്നു പറയുന്നുണ്ടെങ്കിലും അതിലേക്കു പോകാൻ തയ്യാറാകുന്നില്ല. ഫലമോ, വിഴിഞ്ഞം പോർട്ട് പോലുള്ള പദ്ധതികളുടെ ഭാഗമായുള്ള നിർമ്മാണങ്ങളും അതുകൊണ്ട് ഉണ്ടായിട്ടുള്ള തീരശോഷണവും കടൽകയറ്റവും എല്ലാം പ്രകൃത്യാലുള്ള അപകടമായി ചിത്രീകരിക്കപ്പെടുന്നു എന്നുള്ളതാണ്. പ്രകൃതിക്കു അപരിഹാര്യമായ ക്ഷതമേല്പിച്ചു കൊണ്ട് ജനങ്ങളെ ആകെ അപകടത്തിലാക്കുന്ന ജനവിരുദ്ധമായ മൂലധന താൽപ്പര്യത്തെ അതുവഴി സംരക്ഷിക്കുകയും മത്സ്യത്തൊഴിലാളികളെ പാരിസ്ഥിതിക അഭയാർത്ഥികളാക്കി മാറ്റുകയും ചെയ്യുന്നു. ദുരന്തത്തിൽ നിന്നും സംരക്ഷണം നൽകുന്നു എന്ന പ്രതിഛായ സൃഷ്ടിച്ചു കൊണ്ട് ഭരണവർഗങ്ങൾ രാഷ്ട്രീയവും സാമ്പത്തികവുമായ മുന്നേറ്റം ഉണ്ടാക്കുമ്പോൾ മത്സ്യത്തൊഴിലാളികൾ ജനിച്ച നാട്ടിൽ അഭയാർത്ഥികളായി തീരുന്നു.

മത്സ്യത്തൊഴിലാളികൾക്കിടയിൽ ഭൂരാഹിത്യം വർദ്ധിപ്പിക്കുന്നതാണ് ഈ പദ്ധതി. പ്രോജക്ട് റിപ്പോർട്ട് അനുസരിച്ച് വേലിയേറ്റ രേഖയുടെ 50 മീറ്റർ പരിധിക്കു ഉള്ളിൽ താമസിക്കുന്ന 10 സെന്റിൽ താഴെ ഭൂമി ഉള്ളവർക്ക് ആകെ കിട്ടുന്നത് മുനിസിപ്പാലിറ്റിയിൽ രണ്ടും പഞ്ചായത്തിൽ മൂന്നും സെന്റ് ഭൂമി വാങ്ങാൻ 6 ലക്ഷം രൂപയും വീട് വെക്കാൻ മൂന്നു ഗഡുക്കളായി 4 ലക്ഷം രൂപയും ആണ്. ആദ്യ ഗഡു അനുവദിച്ചു കിട്ടിയാൽ അവിടന്ന് 12 മാസത്തിനുള്ളിൽ വീട് പണി പൂർത്തിയാക്കണം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അല്ലാത്ത പക്ഷം അനുവദിക്കപ്പെട്ട തുക പലിശ സഹിതം തിരിച്ചടക്കാൻ ഗുണഭോക്താവ് ബാധ്യസ്ഥനാകും. പദ്ധതി റിപ്പോർട്ട് അനുസരിച്ച് വസ്തു വാങ്ങിച്ച് രജിസ്‌ട്രേഷനും പോക്കുവരവും ചെയ്തതിനു ശേഷം ഗുണഭോക്താവിന്റെ പേരിൽ വസ്തു രജിസ്റ്റർ ചെയ്ത ആധാരവും മറ്റും ഫിഷറീസ് ഓഫിസിൽ ഏൽപ്പിക്കണം. വീട് പണി കഴിപ്പിക്കുകയും 10 വർഷം ഗുണഭോക്താവ് അവിടെ താമസിച്ചു എന്ന് ഉറപ്പിക്കുകയും ചെയ്തതിനു ശേഷമേ സ്ഥലത്തിന്റെ അസൽ ആധാരം ഗുണഭോക്താവിന്‌ കൈമാറുകയുള്ളു. അതുകൊണ്ട് തീരുന്നില്ല. യാതൊരു വിധത്തിലും ഗുണഭോക്താവിന്‌ വസ്തു ക്രയവിക്രയം ചെയ്യാൻ അവകാശമില്ല എന്നും പദ്ധതി റിപ്പോർട്ട് പറയുന്നു. നമ്മുടെ നാട്ടിൽ ഭൂമി ഒരു പ്രധാന സാമ്പത്തിക ആസ്തിയായി കണക്കാക്കപ്പെടുമ്പോഴാണ് ക്രയവിക്രയ അവകാശം മാറ്റിത്താമസിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് നിഷേധിക്കപ്പെടുന്നത്.
ഒരു തുണ്ട് ഭൂമിയാണെങ്കിലും സ്വന്തം ആസ്തിയായ വീടും ഭൂമിയും വിട്ടു നൽകിയവരെയാണ് ഇപ്രകാരം പശുക്കളെ തൊഴുത്തിൽ അടയ്ക്കുന്നതിന് തുല്യമായി സാമ്പത്തിക മൂല്യം ചോർത്തി കളയപ്പെട്ട കിടപ്പാടങ്ങളിൽ അടയ്ക്കുന്നത്. വീടു നൽകുന്ന സുരക്ഷിതത്വത്തിൽ നിന്നുകൊണ്ട് സ്വത്വം, സാമൂഹ്യപദവി, വൈകാരിക സംതൃപ്തി, വരുമാനത്തെ പിന്തുണക്കുന്ന വ്യവസ്ഥകൾ, സമൂഹവുമായുള്ള ബന്ധം മുതലായവയുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ മുകളിലേക്ക് ഉയരാൻ മത്സ്യത്തൊഴിലാളികൾ ആഗ്രഹിക്കും എന്നും അങ്ങനെ വീട് ഒരു ജൈവിക അസ്തിത്വം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ എഴുതി വച്ചിട്ടാണ് തൊഴുത്തിന് സമാനമായ ഒരു വ്യവസ്ഥയെ സുരക്ഷിത ഭവനം എന്ന വിധം അവതരിപ്പിക്കുന്നത്.

ഭൂവുടമസ്ഥത നമ്മുടെ സമൂഹത്തിന്റെ ജനാധിപത്യവൽക്കാരണത്തിനുള്ള അടിസ്ഥാനങ്ങളിൽ ഒന്നായി നിൽക്കുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളിൽ ആണ് ഇത്തരത്തിൽ ഭൂവുടമസ്ഥത നിഷേധിക്കപ്പെടുന്നത്. സാമ്പത്തിക മൂല്യമില്ലാത്ത കിടപ്പാടം അതിന്റെ ഉടമസ്ഥ/ൻ സാമൂഹ്യ പദവിയിൽ വാസ്തവത്തിൽ ഇടിവാണ് വരുത്തുന്നത്. സർക്കാർ നിർമ്മിത ഫ്‌ളാറ്റുകളിൽ ഈ സാമൂഹ്യപദവിയിലെ ഇടിവ് ഒന്നുകൂടി തീവ്രമാകുകയും ചെയ്യും.
വീടും ഭൂമിയും സാമ്പത്തിക ആസ്തി എന്ന നിലക്ക് ഉടമസ്ഥ/ൻ ന്റെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾക്കുള്ള ഈട് എന്ന ധർമ്മം കൂടി നിർവ്വഹിക്കുന്നുണ്ട്. എന്നാൽ ആ ഉറപ്പ് പുനർഗേഹം ഉൾപ്പടെയുള്ള സർക്കാർ ഭവനപദ്ധതികളിൽ ഉണ്ടാകുന്നില്ല. സ്വാഭാവികമായും ഇത് അടിയന്തിര ആവശ്യങ്ങൾക്ക് സ്വകാര്യ പണമിടപാടുകാരെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് നയിക്കും. സാമ്പത്തികവും സാമൂഹ്യവുമായ ഉയർച്ചയല്ല തരം താഴ്ത്തലാണ് ഇവിടെ നടക്കുന്നത്. അവസാനം കിട്ടിയ കാശിന് കിടപ്പാടത്തിലെ താമസം ഉപേക്ഷിച്ചു പോകേണ്ട ഗതികേടിലേക്ക് ഗുണഭോക്താവ് എത്തിപ്പെടും. വിവിധ സർക്കാർ ഭവനപദ്ധതികളിലെ ഗുണഭോക്താക്കളുടെ അനുഭവങ്ങൾ ഇത് വന്യമായ ഭാവനയോ അശുഭാപ്തിയോ അല്ലെന്ന് സാക്ഷ്യപ്പെടുത്തും.

തീരത്ത് വൻതോതിലുള്ള സാമ്പത്തിക നടപടികൾക്ക് വഴിവെക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിധം തീര സംരക്ഷണ നിയമം പുതുക്കി പണിയുന്ന സമയത്ത് മാറിത്താമസിച്ച തീരവാസികൾ വീണ്ടും കുടിയൊഴിപ്പിക്കപ്പെടാനും പുനരധിവസിപ്പിക്കപ്പെടാനും ഉള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. ഭൂവുടമസ്ഥരായ മത്സ്യത്തൊഴിലാളികളെ ഭൂരഹിതരാക്കുമ്പോൾ തന്നെ പുത്തൻ സാമ്പത്തിക നയങ്ങളുടെ ഭാഗമായുള്ള പ്രത്യേക സാമ്പത്തിക മേഖലകൾ തീരത്ത് സ്ഥാപിക്കുന്നതിന് യാതൊരു തടസ്സവുമില്ല. 2016ൽ ഇന്ത്യയിൽ സ്വകാര്യ സർക്കാർ പങ്കാളിത്തത്തോടെ 21 മൾട്ടി മോഡലാർ ലോജിസ്റ്റിക്ക് പാർക്കുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. അതിൽ ഒന്ന് കേരളത്തിലെ കൊച്ചിയാണ് 264 ഏക്കർ ഭൂമിയാണ് അതിനായി കണക്കാക്കിയിരുന്നത്. സാഗർമാല പദ്ധതിയുടെ ഭാഗമായി പോർട്ടുകളോട് അനുബന്ധിതമായ വികസന പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നു. തീരദേശത്തെ വ്യവസായ വാണിജ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാത നിർമ്മാണവും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം വൻകിട നിർമാണങ്ങൾക്കും പദ്ധതികൾക്കും യാതൊരു തടസ്സവുമില്ല.

ചുരുക്കത്തിൽ, മനുഷ്യ ഇടപെടലുകളുടെ ഭാഗമായി തീരത്തുണ്ടാകുന്ന മുഴുവൻ പ്രശ്നങ്ങളുടെയും പരിഹാരത്തിനായി മത്സ്യത്തൊഴിലാളികളെ പാരിസ്ഥിതിക അഭയാർത്ഥികളാക്കി മാറ്റുന്ന പ്രക്രിയയാണ് പുനർഗേഹത്തിലൂടെ നടപ്പിലാക്കുന്നത്. അതേസമയം തന്നെ മത്സ്യത്തൊഴിലാളികളെ ഒഴിപ്പിക്കാനായി സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ച അതേ തീരത്ത് സ്വകാര്യ മൂലധന നിക്ഷേപം ക്ഷണിച്ചു വരുത്താനുള്ള നടപടികളും സജീവമാക്കുകയും ചെയ്യുന്നു. പരിസ്ഥിതിയെയും തദ്ദേശീയ ജനതയുടെ ഉപജീവനമാർഗ്ഗങ്ങളെയും നശിപ്പിച്ചുകൊണ്ട് വമ്പൻ കോർപ്പറേറ്റുകൾ തീരത്ത് നടത്തുന്ന വൻകിട നിർമ്മാണങ്ങളും, അശാസ്ത്രീയമായ തീരസംരക്ഷണ-വികസന പ്രവർത്തനങ്ങളും തീരത്തെ സുരക്ഷിതമല്ലാതാക്കുമ്പോൾ തീരജനത നേരിടുന്ന ദുരന്തഭീതിയെ മൂലധന നിക്ഷേപത്തിനുള്ള സാധ്യതയാക്കി മാറ്റിയെടുക്കലാണ് പുനർഗേഹം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Related Article
തീരദേശത്ത് ഭരണകൂടം നടപ്പിലാക്കുന്ന നിശബ്ദ വംശഹത്യ

Follow | Facebook | Instagram Telegram | Twitter