ജയ് ശ്രീറാം വിളിക്കുന്ന കൊലയാളിക്കൂട്ടം രൂപപ്പെട്ടത് എങ്ങനെ ?
പശുവിന്‍റെയും ഭൂമിയുടെയും ജാതിയുടെയും ഘർവാപ്പസിയുടെയും പേരില്‍ ഇന്ത്യയിലെമ്പാടും ആൾക്കൂട്ടം അതിനിഷ്ഠൂരമായി ജനങ്ങളെ ചിത്രവധം ചെയ്യുന്നത് നിത്യസംഭവമായി മാറികഴിഞ്ഞു. അതിന്‍റെ ഇരകളാവുന്നതോ ദലിത്, ആദിവാസി, മുസ്‌ലിം ജനതയും. ഇവര്‍ക്കെതിരെ പ്രധാനമായും മോഷണകുറ്റമാണ് ആരോപിക്കപ്പെടുന്നത്. സോഷ്യൽ മീഡിയകൾ വഴി തത്സമയം ‘ഹിന്ദു ഉണരുന്നു’ എന്ന അടികുറിപ്പോടെ ഈ ആക്രമണങ്ങള്‍ പ്രചരിപ്പിക്കപെടുകയും ചെയ്യുന്നു.
ഈ ആക്രമണം നടത്തുന്നവരെ പരിശോധിച്ചാൽ അവരില്‍ മഹാഭൂരിപക്ഷവും കുറുവടിയും വാളും ധരിച്ചു കറങ്ങി നടക്കുന്ന തൊഴിലാളികളും അതിന്‍റെ മധ്യവർഗ ഗ്യാംങ്ങ് ലീഡർമാരേയും കാണാം. കഴിഞ്ഞ 50 വർഷം കൊണ്ടാണ് RSS നേരിട്ടല്ലാതെ ഈ സംഘത്തെ വളർത്തി എടുത്തിരിക്കുന്നത്.
സംഘ് പരിവാർ സംഘടനകള്‍, സന്യാസി മഠങ്ങള്‍, മത പാഠശാലകള്‍, ആരാധനാലയങ്ങൾ മുഖേനെയും ഭാരതീയ വിചാരകേന്ദ്രം, സരസ്വതി വിചാർ മന്ദിർ തുടങ്ങിയ സംഘടനകൾ വഴിയും ഗീതാ പ്രഭാക്ഷണത്തിലൂടെയും, രാമായണ പാരായണ യജ്ഞത്തിലൂടെയും, സനാതന ധർമ്മവും ശുദ്ധാശുദ്ധിയും വർണ്ണാശ്രമ ശ്രേഷ്ഠതയും സംരക്ഷിക്കാനും അതിലൂടെ മോക്ഷപ്രാപ്തിയും വാഗ്ദാനം ചെയ്തു കൊണ്ടാണ് എന്തിനും തയ്യാറായ അക്രമി സംഘത്തെ വാര്‍ത്തെടുത്തിരിക്കുന്നത്.
ധർമ്മം (ചാതുർവർണ്ണ്യം) സംരക്ഷിക്കാൻ ആയുധരൂഢനായ ക്ഷത്രിയനെ (രാമനെ) രക്ഷകനായും, ജനപ്രിയ നായകനായി കൃഷ്ണനെ (എന്തുചെയ്യാൻ മടിയില്ലാത്ത വിഷ്ണു)യും ഭഗവത്ഗീതയെ ദർശനമായും അംഗീകരിക്കുകയും, ഇതിന്‍റെ സംരക്ഷകർ നിങ്ങൾ മാത്രമാണ് എന്ന് അവരെ വിശ്വസിപ്പിക്കുകയും ചെയ്തു. രാമന്‍റെ വാനരസേനയോടും യാദവസേനയോടും ഉപമിച്ച് കുറുവടി സംസ്കാരം ഉറപ്പിച്ചെടുക്കുകയായിരുന്നു RSS.
ആദ്യകാലം മുതൽ തന്നെ ഗീതയുടെ കർത്തവ്യം ചോദ്യം ചെയ്യപെട്ടിരുന്നു. കൃഷ്ണൻ തന്നെ വ്യക്തമാക്കിയത് ചാതുർവർണ്ണ്യ സംരക്ഷണമാണ് എല്ലാ അവതാരത്തിന്‍റെയും ലക്ഷ്യം എന്നാണ്. ബ്രാഹ്മണ-വേദാധിപത്യത്തിനായി ഗീതയുടെ ജ്ഞാനസിദ്ധാന്തമാണ് വ്യാഖ്യാനിച്ചതും പ്രചരിപ്പിച്ചതും. ശങ്കരാചാര്യരായിരുന്നു അതിന് നേതൃത്വം നൽകിയിരുന്നത്.
എന്നാൽ യഥാർത്ഥ മോക്ഷവും ധർമ്മസംരക്ഷണവും (ചാതുർവർണ്ണ്യം) സാധ്യമാക്കാൻ ഗീതയുടെ കർമ്മകാണ്ഡം ആണ് ജനങ്ങൾക്ക് വ്യാഖ്യാനിച്ച് നൽകേണ്ടതെന്ന വാദം ഉന്നയിച്ചുകൊണ്ട് ബാല ഗംഗാധര തിലക് രംഗത്തുവന്നു. ഹിന്ദുമഹാസഭ, RSS, ആനന്ദ മാർഗ്ഗികൾ, ഹരേകൃഷ്ണ പ്രസ്ഥാനം തുടങ്ങിയ സംഘടനകള്‍ എല്ലാം തന്നെ ബാല ഗംഗാധര തിലകന്‍റെ വാദം അംഗീകരിച്ചു. തുടര്‍ന്നു കഴിഞ്ഞ 100 വർഷത്തെ എല്ലാ ഗീതാ വ്യാഖ്യാതാക്കളും കർമ്മകാണ്ഡത്തിലൂടെ ഗീതയെ വാഖ്യാനിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിലൂടെ ചാതുർവർണ്ണ്യ സംരക്ഷണം ക്ഷത്രിയന്‍റെ (രാമന്‍റെ) ചുമതലയിലായി. സ്വർഗംപൂകി ഇന്ദ്രനോടൊപ്പം കഴിയാൻ ഓരോരുത്തരും കർമ്മം അനുഷ്ഠിക്കുക മാത്രംമതി എന്ന വാദവും അംഗീകരിച്ചു.
കർമ്മകാണ്ഡത്തിന്‍റെ കാതൽ(2:2-28), സ്വാഭാവിക മരണവും കൊല്ലപെടലും തമ്മിൽ വ്യത്യാസമില്ല. ജീവിതം അയഥാർത്ഥമാണ്. ശരിക്കും അത് മായയാണ്. അങ്ങിനെ ഒന്ന് ഇല്ലാതാവുന്നതിൽ പരിതപിക്കാൻ ഒന്നുമില്ല. ഏതായാലും മരണം അനിവാര്യമാണ്. അപ്പോൾ പിന്നെ അത് എങ്ങനെ സംഭവിക്കുന്നു എന്ന് ആശങ്കപ്പെടേണ്ടതില്ല. കൊല്ലുന്നു എന്ന വാദവും കൊല്ലപെടുന്നു എന്ന് ചിന്തിക്കുന്നതും ഭോഷ്ക്കാണ്. നശിക്കുന്നത് ശരീരം മാത്രമാണ്. അതുകൊണ്ടു തന്നെ കൊല്ലുന്നതിന്‍റെ പേരിൽ ആശങ്കയും സമ്മർദ്ദവും ദു:ഖവും അനാവശ്യമാണ്. സംഘ് പരിവാറിന്‍റെ ജീവവായു തന്നെ ഗീതയുടെ ഈ ഭാഗമാണ്. അവരുടെ ശിബിരത്തിൽ വാർത്തെടുക്കുന്ന കുറുവടി സേനക്ക് അറിവില്ല അവര്‍, ഈ ഫാസിസ്റ്റുകളുടെ പടയാളികളാണ് എന്ന്. ഹിന്ദുധർമ്മം അപകടത്തിലാണ്, യുഗാന്തരകഥയിലെ കൽക്കിയുടെ സേനയാണ് ഞങ്ങൾ, ഹിന്ദുധർമ്മത്തെ ഇല്ലാതാക്കുന്നത് വർണ്ണത്തിൽ ഇടമില്ലാത്ത ദലിതരും ആദിവാസികളും വൈദേശികളായ മുസ്‌ലിം ജനതയുമാണ്, ഈ വിഭാഗങ്ങള്‍ക്കെതിരെ ധർമ്മയുദ്ധം നടത്തുകയാണ് എന്നാണ് അവരുടെ വിശ്വാസം.
_ അനാമിക