“ഇന്ത്യയില്‍ ബഹുമുഖ ദാരിദ്ര്യം ആശ്ചര്യകരമായ തോതില്‍ കുറഞ്ഞു” എന്താണ് യാഥാര്‍ത്ഥ്യം?

“2020-21 എന്ന മഹാമാരി വര്‍ഷത്തില്‍, ദരിദ്രരുടെ വരുമാനം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ വലിയ തിരിച്ചടി നേരിട്ടു. ഈ സാഹചര്യത്തില്‍, 2015-2016നെ അപേക്ഷിച്ച് ബഹുമുഖ ദാരിദ്ര്യത്തില്‍ ഇത്രയും വലിയ ഇടിവ് കാണിക്കുന്ന ഡാറ്റയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്…”

“ഇന്ത്യയില്‍ ബഹുമുഖ ദാരിദ്ര്യം ആശ്ചര്യകരമായ തോതില്‍ കുറഞ്ഞു” എന്താണ് യാഥാര്‍ത്ഥ്യം?
ദാരിദ്ര്യ നിർമ്മാർജ്ജനത്തിലെ ഡാറ്റാ സൂത്രം- Part 1
_ പ്രൊഫ. അരുൺ കുമാർ

പ്രൊഫസര്‍ അരുണ്‍കുമാര്‍, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ സാമ്പത്തിക വിഭാഗം അധ്യാപകനാണ്. ഇന്ത്യയിലെ അനൗദ്യോഗിക സാമ്പത്തിക മേഖലയെയും, ബ്ലാക് മണിയെയും സംബന്ധിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിയ വ്യക്തിയാണ് അരുണ്‍ കുമാര്‍. നോട്ട് നിരോധനത്തെ സംബന്ധിച്ച് അദ്ദേഹം എഴുതിയ പുസ്തകം വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 18ന് നീതി ആയോഗ് പുറത്തിറക്കിയ ബഹുമുഖ ദാരിദ്ര്യ സൂചിക: പുരോഗതി വിശകലനം എന്ന റിപ്പോര്‍ട്ടിന്റെ പിഴവുകള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം എഴുതുകയുണ്ടായി. പ്രൊഫ. അരുണ്‍കുമാറിന്റെ വിശകലനത്തിന്റെ സംക്ഷിപ്ത രൂപമാണിത്.


പ്രൊഫ. അരുണ്‍കുമാറിന്റെ ലേഖനത്തിന്റെ സംക്ഷിപ്ത രൂപം രണ്ട് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നു. തയ്യാറാക്കിയത്_ കെ സഹദേവന്‍

2023 ജൂലൈ 18-ന് പുറത്തിറക്കിയ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക സംബന്ധിച്ച അവലോകന റിപ്പോര്‍ട്ടില്‍ 2015-16 നു 2019നും ഇടയില്‍ ഇന്ത്യയിലെ ബഹുമുഖ ദാരിദ്ര്യം കുത്തനെ കുറഞ്ഞതായി നീതി ആയോഗ് അവകാശപ്പെടുന്നുണ്ട്. മേല്‍പ്പറഞ്ഞ കാലയളവില്‍ ബഹുമുഖ ദാരിദ്ര്യം 24.85% നിന്നും 14.96% ആയി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടിന്റെ കാതല്‍. ദരിദ്ര സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ ബഹുമുഖ ദാരിദ്ര്യം ഏറ്റവും കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ ആശ്വാസംകൊള്ളുന്നുണ്ട്.

നീതി ആയോഗിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, 2020-21 പകര്‍ച്ചവ്യാധിയുടെ വര്‍ഷമായിരുന്നെങ്കിലും, ദരിദ്രര്‍ കഠിനമായ ദുരിതങ്ങള്‍ അനുഭവിക്കുകയും മെച്ചപ്പെട്ട ജീവിതവും ഉപജീവനവും തേടി നഗരപ്രദേശങ്ങളിലേക്ക് അവര്‍ മടങ്ങിയെത്തുകയും ചെയ്ത ഗ്രാമങ്ങളിലെ അടക്കം ദാരിദ്ര്യം അതിവേഗം കുറഞ്ഞു.

ബഹുമുഖ ദാരിദ്ര്യ സൂചിക (Multidimensional Poverty Index)
ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിങ്ങനെ മൂന്ന് വിശാലമായ മാനങ്ങളെ അടിസ്ഥാനമാക്കിയാണ് ബഹുമുഖ ദാരിദ്ര്യ സൂചിക കണക്കാക്കുന്നത്. ദേശീയ കുടുംബാരോഗ്യ സര്‍വ്വേ (National Health & Family Survey-NHFS) ഡാറ്റകള്‍ തമ്മിലുള്ള താരതമ്യ പഠനത്തിലൂടെ ബഹുമുഖ ദാരിദ്ര്യത്തിലെ മാറ്റങ്ങള്‍ കണ്ടെത്തുന്നത്. നീതി ആയോഗ് പുതുതായി പുറത്തിറക്കിയ പുരോഗതി വിശകലന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ ഉപയോഗപ്പെടുത്തിയ ഡാറ്റകള്‍ നാലും അഞ്ചും ദേശീയ കുടുംബാരോഗ്യ സര്‍വേയിലേതാണെന്ന് കാണുന്നു. അതായത് 2015-16 വര്‍ഷത്തെയും (NHFS4) 2019-21 കാലയളവിലെയും (NHFS5) ഡാറ്റകള്‍ തമ്മിലുള്ള താരതമ്യമാണ് നീതി ആയോഗ് നടത്തിയിട്ടുള്ളത്.

ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം അഞ്ചാം ദേശീയ കുടുംബാരോഗ്യ സര്‍വ്വേ രണ്ട് വര്‍ഷത്തിനിടയിലെ രണ്ട് സര്‍വേകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നതാണ്. ഇത് വിചിത്രമായ സംഗതിയാണ്. കാരണം 2020-21 പകര്‍ച്ചവ്യാധി മൂലം അസാധാരണമായ ഒരു വര്‍ഷമായിരുന്നു. നീതി ആയോഗ് റിപ്പോര്‍ട്ടില്‍ 70% ഡാറ്റയും മഹാമാരിക്ക് തൊട്ടുമുമ്പ്, 2019-20 ആദ്യ പാദത്തില്‍ ശേഖരിച്ചതാണെന്ന് പരാമര്‍ശിക്കുന്നുണ്ട്.

അങ്ങനെയാണെങ്കില്‍, 2019-20ലെ ഡാറ്റ 2015-16 മുതലുള്ളതുമായി താരതമ്യം ചെയ്യാമായിരുന്നു. ഡാറ്റാ ശേഖരണത്തിന്റെ ഭൂരിഭാഗവും മഹാമാരി ബാധിച്ച അസാധാരണമായ ഒരു വര്‍ഷവുമായി എന്തുകൊണ്ട് കൂട്ടിക്കുഴയ്ക്കുന്നു എന്നത് സംബന്ധിച്ച യാതൊരു വിശദീകരണവും റിപ്പോര്‍ട്ട് നല്‍കുന്നുമില്ല.

2019-20 മുതലുള്ള ഡാറ്റ 2020-21 എന്ന പകര്‍ച്ചവ്യാധിയും ലോക്ക്ഡൗണും മൂലം കുഴമറിച്ചിലിലായ വര്‍ഷത്തെ പ്രതിനിധീകരിക്കാന്‍ പര്യാപ്തമല്ല. അതുകൊണ്ടുതന്നെ ഈ രണ്ട് വ്യത്യസ്ത വര്‍ഷങ്ങളിലെ ശരാശരികള്‍ കണക്കാക്കുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. മഹാമാരി സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ ആഘാതം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍, തുടര്‍ന്നുള്ള വര്‍ഷങ്ങളെ, പ്രത്യേകിച്ച് 2021-22 വര്‍ഷത്തെ പ്രതിനിധീകരിക്കാന്‍ പോലും ഇതിന് കഴിയില്ല എന്നതാണ് വസ്തുത. ഔദ്യോഗികമായി, രാജ്യത്തിന്റെ ആഭ്യന്തര മൊത്തോല്‍പ്പാദനം 2022-23ല്‍ മാത്രമാണ് (4.8%) മഹാമാരിക്ക് മുമ്പുള്ള നിലയിലേക്ക് (2019-20) വീണ്ടെടുത്തത്. അങ്ങനെ, മൂന്ന് വര്‍ഷത്തെ വളര്‍ച്ച നഷ്ടപ്പെട്ടു.

സാമ്പത്തിക വളര്‍ച്ച മഹാമാരിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തുകയുണ്ടായി എന്ന് പറയുമ്പോള്‍ ഒരു കാര്യം മനസ്സിലാക്കേണ്ടത് പ്രധാനമാണ്. വ്യാവസായിക ഉത്പാദന മേഖലയിലെ സംഘടിത മേഖല (Organised Sector) മാത്രമാണ് വീണ്ടെടുക്കപ്പെട്ടത്. ദരിദ്ര വിഭാഗങ്ങള്‍ കൂടുതലായി ജോലി ചെയ്യുന്ന അസംഘടിത മേഖല ഇപ്പോഴും തകര്‍ച്ചയുടെ പാതയില്‍ തന്നെയാണ്. എന്നാല്‍ നീതി ആയോഗ് റിപ്പോര്‍ട്ടില്‍ ഉപയോഗിക്കപ്പെട്ട ഡാറ്റകള്‍ ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നതില്‍ പരാജയപ്പെടുന്നു.

2020-21 ലെ മഹാമാരിയുടെ കാലത്ത് ദരിദ്രരുടെ അവസ്ഥ
2020-21 വര്‍ഷത്തേക്കുള്ള ഡാറ്റ 2020 ജനുവരി മുതല്‍ 2021 ഏപ്രില്‍ വരെ ശേഖരിക്കപ്പെട്ടവയാണ്. ഇത് മഹാമാരിക്കാലത്ത് ജോലി നഷ്ടപ്പെട്ട് വരുമാനമില്ലാത്തതിനാല്‍ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കുള്ള ദരിദ്രരുടെ കൂട്ട കുടിയേറ്റത്തിന്റെ കാലയളവാണിത്. വാടക കൊടുക്കാനോ ഭക്ഷണം വാങ്ങാനോ ഈ വിഭാഗങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. പലരും രോഗബാധിതരായി, ചികിത്സയ്ക്കായി ഭാരിച്ച ചെലവുകള്‍ വഹിക്കേണ്ടിവന്നു, അതിനായി അവര്‍ ഉയര്‍ന്ന പലിശ നിരക്കില്‍ വായ്പയെടുത്തു. ആശുപത്രികള്‍ക്ക് പുറത്ത്, ആംബുലന്‍സുകളില്‍ മരിക്കുന്നവരുടെയും നദികളില്‍ ഒഴുകുന്ന മൃതദേഹങ്ങളുടെയും ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് പോലെ വലിയതോതില്‍ മരണങ്ങളുണ്ടായി. ഈ മരണങ്ങളില്‍ പലതും രേഖപ്പെടുത്താതെ പോയി. ആഗോളതലത്തില്‍ തന്നെ കോവിഡ് മൂലമുള്ള മരണങ്ങളുടെ എണ്ണം കണക്കാക്കുന്നത് ഒരു വെല്ലുവിളിയായിരുന്നു. ഇന്ത്യയില്‍, ജനന-മരണ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ദുര്‍ബലമായ സംവിധാനം, വളരെ ദുര്‍ബലമായ ഗ്രാമീണ, അര്‍ദ്ധ-ഗ്രാമീണ ആരോഗ്യ പശ്ചാത്തല സൗകര്യങ്ങൾ കാരണം പ്രശ്നഭരിതമായിരുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് നിരവധി ചെറുകിട – സൂക്ഷ്മ ബിസിനസുകള്‍ അടച്ചുപൂട്ടി, അവയില്‍ പലതും എല്ലാക്കാലത്തേക്കുമായി അടച്ചിടപ്പെട്ടു. പിന്നീട് സ്വയം പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞവ അനൗപചാരിക പണ വിപണികളില്‍ നിന്ന് ഉയർന്ന പലിശനിരക്കില്‍ വായ്പകള്‍ സ്വീകരിക്കേണ്ടി വന്നതു കാരണം വലിയ കടക്കാരായി. അത്തരം യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നത് തൊഴിലാളികള്‍ക്ക് മാത്രമല്ല, ഉടമസ്ഥര്‍ക്കും സ്ഥിരമായ ജോലിയും വരുമാനവും നഷ്ടപ്പെടുത്തുന്നു.

പാവപ്പെട്ടവരായാലും പണക്കാരായാലും കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെട്ടു. സ്‌കൂളുകള്‍ അടച്ചു. സാധ്യമായ ഇടങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തി. അതിന് സ്മാര്‍ട്ട്ഫോണുകളിലേക്കും ലാപ്ടോപ്പുകളിലേക്കും പ്രവേശനം ആവശ്യമായിരുന്നു, അതായത് ദരിദ്രരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം താങ്ങാന്‍ കഴിയാത്ത അവസ്ഥ വന്നു.

പകര്‍ച്ചവ്യാധിയുടെ കാലത്ത് ഗ്രാമപ്രദേശങ്ങളിലേക്ക് കുടിയേറിയവരുടെ കുട്ടികളാണ് സ്‌കൂളുകളില്‍ പ്രവേശനം ലഭ്യമാകാഞ്ഞതിനാൽ കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. കൂടാതെ, ഓൺലൈൻ വിദ്യാഭ്യാസം കാരണം ചെറിയ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ തുടര്‍ച്ചയായി മണിക്കൂറുകളോളം ഇരിക്കുന്നത് കുട്ടികള്‍ക്ക് ബുദ്ധിമുട്ടാണ്. ഇന്ത്യയില്‍ മാത്രമല്ല, യു.എസ് പോലുള്ള വികസിത രാജ്യങ്ങളില്‍ പോലും കുട്ടികളുടെ വൈജ്ഞാനിക കഴിവുകള്‍ക്ക് സ്ഥിരമായ തിരിച്ചടികള്‍ ഉണ്ടായതായി മതിയായ റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ചുരുക്കത്തില്‍, 2020-21 എന്ന മഹാമാരി വര്‍ഷത്തില്‍, ദരിദ്രരുടെ വരുമാനം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ വലിയ തിരിച്ചടി നേരിട്ടു. ഈ സാഹചര്യത്തില്‍, 2015-2016നെ അപേക്ഷിച്ച് ബഹുമുഖ ദാരിദ്ര്യത്തില്‍ ഇത്രയും വലിയ ഇടിവ് കാണിക്കുന്ന ഡാറ്റയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്.

2016-17 കാലഘട്ടത്തില്‍, നോട്ട് നിരോധനം നമ്മുടെ മേല്‍ നിര്‍ബന്ധിതമാക്കിയ ദശകത്തിലെ, ഏറ്റവും ഉയര്‍ന്ന ജിഡിപി വളര്‍ച്ചാ നിരക്ക് കാണിക്കുന്ന അവിശ്വസനീയമായ ഔദ്യോഗിക ഡാറ്റയെ സംബന്ധിച്ചും ഏതാണ്ട് സമാനമാണ് സ്ഥിതി.

തുടരും…

Follow us on | Facebook | Instagram Telegram | Twitter | Threads