വയനാട് വ്യാജ ഏറ്റുമുട്ടലെന്ന് പ്രതിപക്ഷം-മാധ്യമങ്ങൾക്ക് വിലക്ക്

വയനാട് വ്യാജഏറ്റുമുട്ടലെന്ന് പ്രതിപക്ഷവും വിവിധ സംഘടനകളും. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് തെളിവുകള്‍ നശിപ്പിക്കാനോ?

വയനാട് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് തമിഴ്നാട് തേനി സ്വദേശി വേൽമുരുകൻ എന്ന യുവവാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് പ്രതിപക്ഷവും വിവിധ സംഘടനകളും പറയുന്നു. വയനാട് നടന്നത് വ്യാജഏറ്റുമുട്ടലാണെന്നും ലാത്തികൊണ്ടും തോക്ക് കൊണ്ടുമല്ല മാവോയിസത്തെ നേരിടേണ്ടതെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. യുവാക്കളെ വെടിവെച്ച് കൊല്ലുകയല്ല പരിഹാരമെന്നും പട്ടിണി മാറ്റുകയാണ് ചെയ്യേണ്ടതെന്നും ആദിവാസി ഊരുകളിൽ സാമ്പത്തിക സുരക്ഷിതത്വമില്ലെന്നും അതിനാണ് പരിഹാരം വേണ്ടതെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.

വയനാട്ടിലേത് വ്യാജ ഏറ്റുമുട്ടല്‍ ആണെന്നും സമഗ്രാന്വേഷണം വേണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിൽ പോലും നടക്കാത്ത കൂട്ടക്കൊലയാണ് പിണറായി വിജയൻ നടത്തുന്നതെന്ന് ആർഡിഎഫിൻ്റെ പ്രസ്ഥാവനയിൽ പറയുന്നു. വ്യാജഏറ്റുമുട്ടലെന്ന സംശയമാണ് പോരാട്ടം കണ്‍വീനര്‍ ഷാന്‍റോ ലാലും ഉന്നയിക്കുന്നത്.

തന്‍റെ സഹോദരന്‍റെ കൊലപാതകത്തിന് സമാനമായ ഒരു സംഭവം തന്നെയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നതെന്നു മുന്‍പ് കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി പി ജലീലിന്‍റെ സഹോദരന്‍ സി പി റഷീദ് പറഞ്ഞു. ജലീലിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ജലീല്‍ വെടിയുതിര്‍ത്തിട്ടില്ല എന്നാണ് വ്യക്തമായത്. എഫ്.ഐ.ആറില്‍ മാവോയിസ്റ്റുകള്‍ നേരിട്ട് വെടിയുതിര്‍ത്തെന്നും സുരക്ഷ മുന്‍നിര്‍ത്തി വെടിവെക്കേണ്ടി വന്നുവെന്നുമായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തില്ലെന്നും അവര്‍ തോക്ക് ഉപയോഗിച്ചില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി റഷീദ് പറഞ്ഞു.

ഈ വാദങ്ങള്‍ ബലപ്പെടുത്തുന്നതാണ് സംഭവം നടന്ന സ്ഥലത്ത് മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിക്കാത്ത നടപടി. വിവരങ്ങള്‍ മറച്ചുവെക്കുന്നത് എന്തിനെന്നും ജനങ്ങള്‍ക്ക് അറിയേണ്ടേ എന്നും മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നു.

ഇൻക്വസ്റ്റ് നടപടി പൂർത്തിയായിട്ടും വയനാട് കൊല്ലപ്പെട്ട ആളുടെ മൃതദേഹം മാധ്യമപ്രവർത്തകരെ കാണിക്കാൻ തയ്യാറാകാത്തതെന്തു കൊണ്ടെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്‍റ് അഡ്വ തുഷാര്‍ നിര്‍മ്മല്‍ സാരഥി ചോദിക്കുന്നു. ഇന്നലെ രാത്രി വെടിവെപ്പ് നടന്നു എന്നു മാധ്യമങ്ങൾ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പക്ഷെ FIRൽ സംഭവം നടന്നത് ഇന്ന് കാലത്ത് 9.15നെന്നു പിന്നീട് വന്ന റിപ്പോർട്ടുകൾ. 3. 30 മുതൽ 40 മിനുട്ട് വെടിവെപ്പ് നീണ്ടു നിന്നു എന്നു വയനാട് എസ്പി പറയുന്നു. രണ്ടു മിനുട്ട് മാത്രമാണ് വലിയ മുഴക്കമുള്ള ശബ്ദം കേട്ടതെന്നു സ്ഥലവാസിയെ ഉദ്ധരിച്ചു കൊണ്ട് മാധ്യമ റിപ്പോര്‍ട്ട്, തുഷാര്‍ സംശയമുന്നയിക്കുന്നു.

വയനാട് പടിഞ്ഞാറത്തറ ഏറ്റുമുട്ടൽ അന്വേഷിക്കണമെന്നും, മാധ്യമങ്ങളെ നിരോധിച്ച് തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും ചൂണ്ടിക്കാണിച്ച് ആഭ്യന്തര മന്ത്രിക്കും, ദേശീയ മനുഷ്യാവകാശ കമ്മീഷനും അഡ്വ. ശ്രീജിത്ത് പെരുമന പരാതി നൽകി. വയനാട് പടിഞ്ഞാറത്തറയിൽ ഏറ്റുമുട്ടൽ നടന്ന പ്രദേശങ്ങളിലേക്ക് മാധ്യമങ്ങളെ അനുവദിക്കാതിരിക്കുകയും, കൊല്ലപ്പെട്ട ആളുടെ വിവരങ്ങൾ പുറത്തുവിടാതിരിക്കുകയും, ഗുരുതരമായി പരിക്കേറ്റ മാവോയിസ്റ്റുകൾ എന്നാരോപിക്കുന്നവർക്ക് ചികിത്സ നൽകാതിരിക്കുകയും ചെയ്യുന്നതും ശ്രീജിത്ത് ചോദ്യം ചെയ്യുന്നു.

Like This Page Click Here

Telegram
Twitter