നിയമാനുസൃതമായ അന്വേഷണം ഉറപ്പുവരുത്താൻ ജനാധിപത്യപ്രസ്ഥാനങ്ങൾ മുന്നോട്ടുവരണം
വയനാട് വാളാരംകുന്നിൽ നടന്ന ഏറ്റുമുട്ടൽ സംബന്ധിച്ച് നിയമാനുസൃതമായ അന്വേഷണം ഉറപ്പു വരുത്താൻ ജനാധിപത്യ പ്രസ്ഥാനങ്ങൾ മുന്നോട്ടു വരണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആഹ്വാനം ചെയ്യുന്നു.
പിണറായി സർക്കാരിന് കീഴിൽ തണ്ടർബോൾട്ട് സേന നടത്തുന്ന നാലാമത്തെ ഏറ്റുമുട്ടൽ കൊലയാണ് ഇന്ന് വയനാട് നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മുൻപ് ഉണ്ടായ ഏറ്റുമുട്ടൽ സംഭവങ്ങളിൽ ആരോപിക്കപ്പെട്ടതു പോലെ സ്വരക്ഷക്കു വേണ്ടി നടത്തിയ കൊലയെന്ന ന്യായീകരണമാണ് ഇവിടെയും പോലീസിനുള്ളത്. കാലത്തു 9.15നു നടന്നതെന്ന് പോലീസ് അവകാശപ്പെടുന്ന ഏറ്റുമുട്ടൽ കൊല നടന്നിട്ട് ഇത്ര സമയം ആയിട്ടും കൊല്ലപ്പെട്ട ആൾ ആരെന്നു സ്ഥിരീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സംഭവസ്ഥലത്തു നിന്നും ഒരു 303 റൈഫിളും ലഘുലേഖകളും കണ്ടെടുത്തെന്നും പോലീസ് അവകാശപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. മാവോയിസ്റ്റാണ് കൊല്ലപ്പെട്ടതെന്ന് ഉറപ്പിച്ചെടുക്കാൻ തോക്കു മാത്രമായാൽ വിശ്വസനീയമാകില്ല എന്നതിനാൽ ആകണം ലഘുലേഖകൾ കണ്ടെത്തിയതായി ആരോപിക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
സംഭവത്തെ സംബന്ധിച്ച് പുറത്തു വന്ന ആദ്യ റിപ്പോർട്ടുകൾ ഇന്നലെ രാത്രി മുതൽ വെടിവെപ്പ് നടന്നതായിട്ടാണ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഇന്ന് കാലത്ത് 9.15നു ഏകദേശം 30-40 മിനുട്ട് നീണ്ടു നിന്ന ഏറ്റുമുട്ടൽ നടന്നതായി വയനാട് എസ്.പി തന്നെ മാധ്യമങ്ങളെ അറിയിച്ചു. ഇതെല്ലാം വീണ്ടുമൊരു വ്യാജ ഏറ്റുമുട്ടൽ കൊലയാണ് വയനാട് നടന്നെതെന്ന സംശയത്തിലേക്കു വിരൽ ചൂണ്ടുന്നതാണ്. ഇൻക്വസ്റ്റ് നടപടികൾ കഴിഞ്ഞിട്ട് പോലും മാധ്യമ പ്രവർത്തകരെ പോലും സംഭവസ്ഥലത്തേക്ക് കടത്തിവിടാനോ മൃതദേഹം കാണിക്കുന്നതിനോ പോലീസ് തയ്യാറായിട്ടില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥരെയോ, ലോക്കൽ പോലീസിനെയോ പോലും കടത്തിവിടാതെ സംഭവ സ്ഥലം പൂർണ്ണമായും തണ്ടർബോൾട്ടിന്‍റെയും തീവ്രവാദ വിരുദ്ധ സേനയുടെയും എസ്.പി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും അധീനതയിലായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. സംഭവസ്ഥലത്തെ തെളിവുകൾ നശിപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സി.പി ജലീൽ കൊല്ലപ്പെട്ട വ്യാജ ഏറ്റുമുട്ടൽ നടന്ന ഉപവൻ റിസോർട്ടിൽ സംഭവസമയത്തും തുടർന്നു പിറ്റേ ദിവസവും അജ്ഞാതനായ ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ സംശയകരമായ സാന്നിധ്യം മജിസ്റ്റീരിയൽ ഇൻക്വയറിയിൽ പുറത്തു വന്നിരുന്നു. അതുകൊണ്ട് തന്നെ സംഭവസ്ഥലത്തെ തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യത ഉണ്ടെന്നത് അടിസ്ഥാനമില്ലാത്ത ഒരു സംശയമല്ല.
സുപ്രീം കോടതിയുടെ പിയുസിഎൽ കേസിലെ മാർഗ്ഗ നിർദ്ദേശങ്ങളെ അട്ടിമറിക്കുന്ന തരത്തിലുള്ള അന്വേഷണ പ്രഹസനമാണ് കഴിഞ്ഞ മൂന്നു വ്യാജ ഏറ്റുമുട്ടൽ സംഭവങ്ങളിലും ഉണ്ടായത്. വയനാട് വൈത്തിരിയിൽ കഴിഞ്ഞ വർഷം പോലീസ് കൊലപ്പെടുത്തിയ സി.പി ജലീൽ പോലീസിനെതിരെ വെടിയുതിർത്തില്ലെന്നും മണിക്കൂറുകൾ നീണ്ടു നിന്ന വെടിവെപ്പ് നടന്നു എന്നു പോലീസ് അവകാശപ്പെടുന്ന സംഭവ സ്ഥലത്തു നിന്നും മാവോയിസ്റ്റുകൾ ഉതിർത്തതായി പറയുന്ന ഒരു വെടിയുണ്ട പോലും കണ്ടെടുത്തില്ല എന്നതും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന വിവരങ്ങളാണ്. കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകൻ സി.പി ജലീലിലിന്‍റെ സഹോദരൻ കോടതിയിൽ നിയമനടപടികൾ സ്വീകരിച്ചതിനെ തുടർന്നാണ് ഈ വിവരങ്ങൾ പുറത്തു വന്നത് തന്നെ. എന്നാൽ ഇത്രയുമായിട്ടും ജലീലിന്‍റെ കൊല സ്വരക്ഷക്കു വേണ്ടിയുള്ളതായിരുന്നു എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് പോലീസ്. ഈ കാര്യത്തിൽ ഇപ്പോഴും കാര്യക്ഷമമായ ഒരന്വേഷണത്തിനു സർക്കാർ തയാറായിട്ടില്ല.
മഞ്ചികണ്ടിയിൽ നടന്ന ഏറ്റുമുട്ടൽ സംബന്ധിച്ചു അന്വേഷണം നടത്താൻ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒരു വർഷമായിട്ടും ഈ കേസിന്‍റെ അന്വേഷണവും എവിടെയും എത്തിയിട്ടില്ല. ഇന്ത്യൻ നിയമവ്യവസ്ഥ അനുസരിച്ച് സ്വരക്ഷക്കു വേണ്ടി വധിച്ചു എന്നത് കേസ്സെടുക്കാതിരിക്കാനുള്ള ഒരു ന്യായമല്ല. അതുകൊണ്ടാണ് എല്ലാ ഏറ്റുമുട്ടൽ കൊലകളിലും അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ ആ വിധിയുടെ അന്തസത്ത ചോർത്തി കളയും വിധം കാര്യക്ഷമമായ ഒരന്വേഷണവും നടത്താതെ പൊലീസിന് ക്ളീൻ ചിറ്റ് നൽകുന്ന രീതിയാണ് സർക്കാർ തുടർന്ന് വരുന്നത്. വാസ്തവത്തിൽ സ്വരക്ഷക്കു വേണ്ടിയാണോ കൊല നടത്തിയതെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. എന്നാൽ ഇവിടെ പോലീസ് തന്നെ അത്തരം ഒരു വാദം ഉന്നയിക്കുകയും അത് പോലീസ് തന്നെ അന്വേഷിക്കുകയും പിന്നീട് പോലീസ് തന്നെ അതംഗീകരിച്ചു കൊണ്ട് അന്വേഷണം അവസാനിപ്പിക്കുകയും ആണ് ചെയ്യുന്നത്. ഫലത്തിൽ വാദിയും അന്വേഷണം നടത്തുന്നവരും വിധി പ്രഖ്യാപിക്കുന്നതും പോലീസ് തന്നെയാകുന്ന അപകടകരമായ ഒരു സാഹചര്യമാണ് ഇത്. കമ്മ്യുണിസ്റ്റ് എന്നവകാശപ്പെടുന്ന പിണറായി വിജയൻ സർക്കാർ ഈ ജനാധിപത്യ വിരുദ്ധ നടപടിക്ക് എല്ലാവിധ പിന്തുണയും നൽകുന്നു എന്നത് തീർത്തും അപലപനീയമാണ്.
സുപ്രീം കോടതി വിധി പ്രകാരമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നിരന്തരം ലംഘിക്കുന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ വാളാരംകുന്ന് വെടിവെപ്പ് സംബന്ധിച്ചു നിയമാനുസൃതമായ അന്വേഷണം ഉറപ്പുവരുത്താൻ മുഴുവൻ ജനാധിപത്യ-പൗരാവകാശ പ്രസ്ഥാനങ്ങളും മുന്നോട്ടു വരണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആഹ്വാനം ചെയ്യുന്നു.