മുറിവേറ്റവരുടെ പാതകൾ | ഹരിത സാവിത്രി

“പതിവ് അലച്ചിലിനിടയിൽ ചാരനിറമുള്ള ഒരു കൂറ്റൻ കാട്ടു മുയലിനെ കണ്ട സന്തോഷത്തിലായിരുന്നു അന്ന് ഞാൻ. ഒട്ടും പാകമാവാത്ത ഒരു വലിയ രോമാക്കുപ്പായവും ധരിച്ച് തന്റെ മുന്നിൽ വന്നു ചാടിയ ജീവിയെ അല്പ നേരം തന്റെ കൂറ്റൻ ചെവികളുയർത്തി നോക്കി നിന്നതിന് ശേഷം അത് ഒരു കുറ്റിക്കാടിനുള്ളിലേക്ക് ഒറ്റച്ചാട്ടത്തിന് അപ്രത്യക്ഷമായി. പരിസരത്ത് അതിന്റെ കുഞ്ഞുങ്ങളുണ്ടാവും എന്ന പ്രതീക്ഷയോടെ കുറച്ചു നേരം പതുങ്ങി നിന്നെങ്കിലും നിരാശയായിരുന്നു ഫലം. തണുപ്പ് വീണു തുടങ്ങിയിരുന്നു. റോസ്മേരികൾ നിറഞ്ഞു നിൽക്കുന്ന ചരിവിലൂടെ പതുക്കെ ഞാൻ വീട്ടിലേക്കു നടന്നു…” ഹരിത സാവിത്രിയുടെ മുറിവേറ്റവരുടെ പാതകൾ എന്ന പുസ്തകത്തിൻ്റെ ആമുഖം.

യൂറോപ്പിലെ എന്റെ ആദ്യ ദിനങ്ങളായിരുന്നു അത്. കൊടും നിശ്ശബ്ദത മൂടിയ ഒരു കുന്നിൻ ചരുവിൽ വിവിധ നിറങ്ങളിലുള്ള കൂണുകൾ പോലെ പറ്റിപ്പിടിച്ചു നിന്നിരുന്ന കുറച്ചു കുഞ്ഞൻ വീടുകൾ മാത്രമുള്ള ഒരു ഗ്രാമത്തിലായിരുന്നു ഞങ്ങളുടെ താമസം. ചെറുപ്രായത്തിൽ റഷ്യന്‍ കഥകളില്‍ വായിച്ച പൈനുകളും ഓക്ക് മരങ്ങളും നിറഞ്ഞ കാടുകളും അതിനിടയിൽ ഗോതമ്പും ഉരുളക്കിഴങ്ങും കൃഷി ചെയ്യുന്ന പാടങ്ങളുമുള്ള നാടായിരുന്നു അത്. ഞങ്ങൾ താമസിച്ചിരുന്ന ചെറിയ വീടിന്റെ അതിര് അവസാനിക്കുന്നയിടത്താണ് കാട് ആരംഭിക്കുന്നത്. പ്രകാശം വീഴും മുൻപ് വീടിനു മുന്നിലെ ചെറിയ ജലധാരയില്‍ നിന്ന് വെള്ളം കുടിക്കാന്‍ പതുങ്ങിയെത്തുന്ന കുറുക്കനെ കണി കണ്ടുണരുന്ന പ്രഭാതങ്ങൾ, മിന്നൽ പോലെ പാഞ്ഞു പോകുന്നതിനിടയിൽ അതിരുകളില്‍ വന്നു ആകാംക്ഷയോടെ എത്തിനോക്കുന്ന മാനുകള്‍, ഓക്കുമരത്തിന്റെ കായകൾ തിന്നാനിറങ്ങുന്ന കാട്ടുപന്നിയും കുഞ്ഞുങ്ങളും.. അത്രയും നാള്‍ ജീവിച്ചതും പരിചയിച്ചതുമായ അന്തരീക്ഷവുമായി യാതൊരു ബന്ധവുമില്ലാത്ത അസാധാരണമായ ഒരിടം.

മുറിവേറ്റവരുടെ പാതകൾ BUY NOW

കൊടും ശൈത്യത്തിന്റെ ആലസ്യം ഭൂമിയെ വിട്ടു മാറാൻ തുടങ്ങുന്ന കാലമായിരുന്നു അത്. പരിചയമില്ലാത്ത, അസ്ഥികളിലേക്ക് തുളച്ച് കയറുന്ന തരം തണുപ്പ് ഭയപ്പെടുത്തിയതിനാൽ വീടിനുള്ളിലെ ഒരു മൂലയിൽ സ്ഥിതി ചെയ്തിരുന്ന, സദാസമയവും മരക്കഷണങ്ങൾ എരിയുന്ന നെരിപ്പോടിന്റെ സമീപത്തു തന്നെ സമയം ചിലവഴിക്കാനാണ് ആദ്യദിനങ്ങളിൽ ശ്രമിച്ചത്. ലോകത്തെ തന്നെ പുറത്താക്കി, തന്റെ മയില്‍‌പ്പീലി വര്‍ണ്ണമുള്ള തോടുകള്‍ അടച്ചു സമാധിയിലാണ്ട ഒരു ചിപ്പി പോലെയിരുന്നു എന്റെ ഭര്‍ത്താവിന് അദ്ദേഹത്തിന്റെ അപ്പുപ്പനും അമ്മുമ്മയും സമ്മാനിച്ച ആ വേനല്‍ക്കാല വസതി. കഷ്ടിച്ചു നൂറു വീടുകള്‍ മാത്രമുള്ള ആ ചെറിയ ഗ്രാമത്തില്‍ ഒരു കട പോലുമുണ്ടായിരുന്നില്ല. വീട്ടുപകരണങ്ങൾ മാറ്റിയും തിരിച്ചും അടുക്കി വയ്ക്കുകയും മാറാല തൂത്തു മാറ്റുകയും മറ്റും ചെയ്ത് സമയം കളയാൻ ശ്രമിച്ചുവെങ്കിലും കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മടുപ്പ് സാവധാനം എന്നെ ബാധിച്ചു തുടങ്ങി.

മരങ്ങളിൽ പൂമ്പൊടി നിറയുന്ന ദിവസങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. സൂര്യൻ ഊഷ്മളമായി പ്രകാശിക്കുന്ന ഉച്ചനേരങ്ങൾ ആരെയും പ്രലോഭിപ്പിക്കാൻ തക്കവണ്ണം സുന്ദരമായിരുന്നു. ജാലകത്തിലൂടെ നോക്കി നിൽക്കുന്ന നേരമെല്ലാം കണ്ണെത്തുന്ന ദൂരമെല്ലാം പരന്നു കിടക്കുന്ന മനം മയക്കുന്ന, ആഴമുള്ള ഇരുണ്ടു പച്ച നിറമുള്ള കാട് നിരന്തരം ഇരുകൈകളും വിരിച്ച് ക്ഷണിക്കുന്നത് പോലെ അനുഭവപ്പെട്ടു. അലമാരയിൽ നിന്നു കിട്ടിയ അമ്മൂമ്മയുടെ പഴയ രോമക്കുപ്പായങ്ങൾ ധരിച്ചു ഞാൻ വീടിന് ഇടയ്ക്കൊക്കെ പുറത്തിറങ്ങാനാരംഭിച്ചു. വസന്തത്തിന്റെ തുടക്കമായതിനാൽ മഞ്ഞ നിറവും മദിപ്പിക്കുന്ന സുഗന്ധവുമുള്ള മൃദുവായ പൂമ്പൊടിയുടെ ഒരു നേർത്ത ആവരണം വീടിന് പുറത്തുള്ള എല്ലാത്തിനെയും പൊതിഞ്ഞു നിന്നു. ഉടുപ്പുകളിലും കവിളുകളിലും മുടിയിലുമൊക്കെ മഞ്ഞനിറം പറ്റിപ്പിടിച്ച്, ശരീരമാകെ ആരോ ചായം കുടഞ്ഞത് പോലെയുള്ള എന്റെ കോലം കാണുമ്പോൾ വൈകുന്നേരം ജോലി കഴിഞ്ഞു വരുന്ന ഇവാൻ വയറുവേദനിക്കുന്നത് വരെ ചിരിച്ചു.

മുറിവേറ്റവരുടെ പാതകൾ BUY NOW

കുറെ നാളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന പറമ്പിനെ കാട് മെല്ലെ കീഴ്പ്പെടുത്തി തുടങ്ങിയിരുന്നു. വളർന്നു മുറ്റിയ കുറ്റിച്ചെടികളുടെ ഇടയിൽ പെട്ടു അതിരുകൾ നിർണ്ണയിക്കുന്ന കമ്പിവേലി ഏകദേശം അപ്രത്യക്ഷമായിക്കഴിഞ്ഞു. സൂചിപോലെയുള്ള ഇലകളും തടി കൊണ്ടുള്ള പൂവ് പോലെ തോന്നിക്കുന്ന കായകളും നിറഞ്ഞ കോണിഫർ മരങ്ങളായിരുന്നു എങ്ങും. ഇടയ്ക്കിടെ കാണപ്പെടുന്ന പലതരത്തിലുള്ള ഓക്ക് മരങ്ങളിൽ പുതിയ ഇലകൾ വന്നു തുടങ്ങിയിരുന്നു. നീണ്ട ഉറക്കത്തിന് ശേഷം ഇരുണ്ടുകറുത്ത മണ്ണിനടിയിൽ നിന്ന് ടുലിപ്പുകളും ഡാഫോഡിലുകളും ഉത്സാഹത്തോടെ പുറത്തേയ്ക്ക് പൂമൊട്ടുകളുമായി തലനീട്ടിനോക്കി. അസ്പൃശ്യവും അഭൂതപൂർവ്വവുമായ പ്രകൃതിയുടെ ലഹരി എന്നെ സാവധാനം ബാധിച്ചു.

പതിവ് അലച്ചിലിനിടയിൽ ചാരനിറമുള്ള ഒരു കൂറ്റൻ കാട്ടു മുയലിനെ കണ്ട സന്തോഷത്തിലായിരുന്നു അന്ന് ഞാൻ. ഒട്ടും പാകമാവാത്ത ഒരു വലിയ രോമാക്കുപ്പായവും ധരിച്ച് തന്റെ മുന്നിൽ വന്നു ചാടിയ ജീവിയെ അല്പ നേരം തന്റെ കൂറ്റൻ ചെവികളുയർത്തി നോക്കി നിന്നതിന് ശേഷം അത് ഒരു കുറ്റിക്കാടിനുള്ളിലേക്ക് ഒറ്റച്ചാട്ടത്തിന് അപ്രത്യക്ഷമായി. പരിസരത്ത് അതിന്റെ കുഞ്ഞുങ്ങളുണ്ടാവും എന്ന പ്രതീക്ഷയോടെ കുറച്ചു നേരം പതുങ്ങി നിന്നെങ്കിലും നിരാശയായിരുന്നു ഫലം. തണുപ്പ് വീണു തുടങ്ങിയിരുന്നു. റോസ്മേരികൾ നിറഞ്ഞു നിൽക്കുന്ന ചരിവിലൂടെ പതുക്കെ ഞാൻ വീട്ടിലേക്കു നടന്നു. പെട്ടെന്നാണ് എവിടെ നിന്നെന്നറിയാത്ത ഒരു ശബ്ദം കേട്ടത്. ഏതോ പക്ഷിയുടെ ശബ്ദമാണത് എന്ന് ഞാൻ ഊഹിച്ചു. കൂട് കൂട്ടാൻ പറ്റിയ നാരുകൾ തിരഞ്ഞു കൊണ്ട് ചില്ലകൾ തോടും ചാടി നടക്കുന്ന കുരുവികളുടെ മധുരമൂറുന്ന കലപിലച്ചിലയ്ക്കലുകളിൽ നിന്നു വളരെ വ്യത്യസ്തമായിരുന്നു അത്. അടക്കിപ്പിടിച്ചതെങ്കിലും ആഴമുള്ള പരുക്കൻ ശബ്ദത്തിൽ ആരോ മുറുമുറുക്കുന്നത് പോലെ ഒന്ന്. കഴിഞ്ഞ ജന്മങ്ങളിൽ എവിടെയോ മറന്നു വച്ച പുരാതനവും ജൈവികവുമായ എന്തോ തന്റെ മടിത്തട്ടിലേക്ക് തിരിച്ചു വിളിക്കുന്ന ശബ്ദം കേട്ടത് പോലെ ഞാൻ ഒരു നിമിഷം സ്തബ്ദ്ധയായി നിന്നു.

മഞ്ഞു വീണാല്‍ തങ്ങി നില്‍ക്കാത്ത രീതിയില്‍ കുത്തനെ ചരിച്ചു കെട്ടിയ മേല്‍ക്കൂരയുടെ മൂലകളിലും പുകക്കുഴലിന്റെ ദ്വാരത്തിലും വീടിനു ചുറ്റും കൂര്‍ത്ത തലപ്പുകളുമായി ആകാശത്തെ എത്തിപ്പിടിക്കാനെന്ന മട്ടില്‍ നീണ്ടു നിവര്‍ന്നു നില്‍ക്കുന്ന പോപ്ലാറുകളുടെ ഇലത്തഴപ്പിനിടയ്ക്കും തിരഞ്ഞുവെങ്കിലും ആരെയും കണ്ടെത്താനായില്ല. ഉയരമുള്ള ഏതോ ചില്ലയിലിരുന്ന് ആ പക്ഷി ഒരു പടു വൃദ്ധയുടേതെന്ന പോലെ ഇടറിയ തന്റെ മുഷിപ്പൻ ശബ്ദത്തിൽ ഇടയ്ക്കിടെ ചിലച്ചു കൊണ്ടേയിരുന്നു, തണുപ്പേറ്റ് മൂക്കും ചെവികളും മരവിച്ചടര്‍ന്നു വീഴുമെന്ന് തോന്നും വരെ തിരഞ്ഞുവെങ്കിലും ആ ശബ്ദത്തിന്‍റെ ഉടമ പിടി തരാതെ മറഞ്ഞിരുന്നതേയുള്ളൂ. തന്നെ കണ്ടുപിടിക്കാനായി അത് കുസൃതിയോടെ എന്നെ വെല്ലുവിളിക്കുകയാണ് എന്ന് സങ്കല്‍പ്പിക്കാന്‍ രസം തോന്നി.

മുറിവേറ്റവരുടെ പാതകൾ BUY NOW

ആ ദിവസം ആകെ കേട്ട ശബ്ദം അതുമാത്രമായിരുന്നു എന്ന് അപ്പോഴാണ് ഓർത്തത്. എറണാകുളം പോലെയൊരു നഗരത്തിന്റെ തിരക്കില്‍ അനേക വർഷങ്ങൾ ജീവിച്ച ഒരാള്‍ക്ക് താങ്ങാനാവുന്നതിനപ്പുറമായിരുന്നു ആ ഗ്രാമീണ നിശ്ശബ്ദത. ദര്‍ബാര്‍ ഹാളിലെ ചിത്ര പ്രദര്‍ശനങ്ങളും മുറ്റത്തെ കലാസന്ധ്യകളും മറൈന്‍ ഡ്രൈവിലെ വറുത്ത കപ്പലണ്ടിയുടെ മണമുള്ള വൈകുന്നേരങ്ങളും ആഴ്ചയിലൊരിക്കലെ സിനിമകളും സുഹൃത്തുക്കളുമൊത്തു നടത്തുന്ന ചെറിയ പാര്‍ട്ടികളുടെയുമെല്ലാം ശബ്ദകോലാഹലങ്ങള്‍ മനസ്സില് ഇടതടവില്ലാതെ മുഴങ്ങിക്കൊണ്ടേയിരുന്ന ദിവസങ്ങളായിരുന്നു അവ. മനുഷ്യരുടെ സംഭാഷണങ്ങൾ! പൊട്ടിച്ചിരികൾ! ആക്രോശങ്ങൾ! ചൂളം വിളികൾ…! അസ്വസ്ഥതയുണ്ടാക്കിയിരുന്ന ബഹളങ്ങളായിരുന്നില്ല മറിച്ച് സംഗീതശകലങ്ങളായിരുന്നു അവയെന്ന് എനിക്ക് തോന്നിത്തുടങ്ങി.

പുറത്തേക്കിറങ്ങുമ്പോഴൊക്കെ ഞാൻ ആ ചിലയ്ക്കലിനായി ചെവിയോർത്തു. എല്ലാ ദിവസവും എവിടെ നിന്നെങ്കിലുമൊക്കെ അത് മുഴങ്ങാറുണ്ടായിരുന്നു. കാറ്റ് പോലും ചൂളം വിളിക്കാത്ത, ഒരു ചിത്രശലഭത്തിന്റെ ചിറകിളക്കം പോലുമില്ലാത്ത നിശ്ശബ്ദതയ്ക്കും നിശ്ചലതയ്ക്കുമിടയിൽ പൊടുന്നനെ ഉയർന്നു വരുന്ന ഒരു തിര പോലെ മുരളലിനും കൂവലിനും മദ്ധ്യേയുള്ള ആ ശബ്ദം എന്നെ ഉത്സാഹവതിയാക്കി. പക്ഷേ, ഞങ്ങൾ തമ്മിൽ നടന്നു കൊണ്ടിരുന്ന ഒളിച്ചുകളിയിൽ ഒരിക്കൽ പോലും മുന്നിൽ വരാതെ എന്നെ ആ പക്ഷി തോൽപ്പിച്ചു കൊണ്ടേയിരുന്നു.

ഇത്തരം ചെറിയ സന്തോഷങ്ങൾ ആദ്യ കാലത്ത് താങ്ങി നിറുത്തിയെങ്കിലും വിരസത എന്നെ മെല്ലെ കീഴടക്കിത്തുടങ്ങിയിരുന്നു. സമീപത്തുള്ള മിക്ക വീടുകളും അടഞ്ഞു കിടക്കുന്നു. വാര്‍ധക്യകാലം ചിലവഴിക്കാനെത്തിയ ചില ദമ്പതികളല്ലാതെ ഗ്രാമത്തിൽ താമസക്കാര്‍ ആരുമില്ല. മടുപ്പകറ്റാന്‍ ഇടയ്‌ക്കൊക്കെ നടക്കാന്‍ പോയിരുന്നെങ്കിലും വിജനമായ വഴികളും വല്ലപ്പോഴും കണ്ടുമുട്ടുന്ന മുഖങ്ങളിലെ അപരിചിതത്വം തുളുമ്പുന്ന നോട്ടവും എന്നെ വീട്ടിലേക്കു തന്നെ ചുരുട്ടിക്കൂട്ടി.

പരിചിതമല്ലാത്ത ഭാഷ, ദേശം. അപരിചിതമായ ശരീരഭാഷകളുള്ള മനുഷ്യരുടെ കണ്ണിലെ നിഗൂഢത. എങ്ങനെ ഈ വിഷമവൃത്തത്തില്‍ നിന്ന് രക്ഷപ്പെടാം എന്ന ആലോചനയില്‍ നിന്നാണ് പണ്ടെന്നോ ഉപേക്ഷിച്ച ചായങ്ങളുടെ ലോകം തേടിപ്പോയത്. പുതിയ നാട്ടിലെ എന്റെ അപരിചിതത്വത്തിന്റെ ആഴമറിഞ്ഞ് കുഴങ്ങിയിരുന്ന ഇവാന്‍ സന്തോഷത്തോടെ മുറികള്‍ കാന്‍വാസുകള്‍ കൊണ്ട് നിറയ്ക്കുകയും കാണുന്നവരോടൊക്കെ ഭാര്യയുടെ കഴിവുകളെ പറ്റി പ്രകീര്‍ത്തിക്കുകയും ചെയ്തു. ചിത്രങ്ങള്‍ പതിയെ പിറവിയെടുത്തു തുടങ്ങി. പക്ഷെ, ആരും കാണാനോ സംവേദനം ചെയ്യപ്പെടാനോ സാധ്യത ഇല്ലാത്ത ചിത്രങ്ങൾ എത്ര നേരം സന്തോഷം തരാനാണ്?

മുറിവേറ്റവരുടെ പാതകൾ BUY NOW

പതിയെ ഞാൻ ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളുമായി പങ്കു വയ്ക്കാന്‍ തുടങ്ങി. അവരുടെ പ്രതികരണങ്ങളും പുതിയ സുഹൃദ്ബന്ധങ്ങളും ഒക്കെക്കൂടി ദിവസങ്ങള്‍ക്ക് വീണ്ടും ജീവന്‍ വച്ചു. സാവധാനം, ചില മലയാളം മാഗസിനുകളിലും പുസ്തകങ്ങളിലും രേഖാചിത്രങ്ങള്‍ വരയ്ക്കാനുള്ള അവസരങ്ങള്‍ തേടിയെത്തി. അങ്ങനെയൊരു ദിവസമാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ ‘ദേശാന്തരം’ എന്ന കോളത്തിലേക്ക് ചിത്രങ്ങള്‍ വരക്കാമോ എന്ന ചോദ്യവുമായി ഒരു സുഹൃത്ത് എന്നെ സമീപിച്ചത്. ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രം വര നടന്നില്ലെങ്കിലും കാലങ്ങള്‍ക്കു മുമ്പ് അടച്ചുവെച്ച എഴുത്തിന്റെ ജാലകം തുറക്കാനുള്ള വഴിയായി ആ ക്ഷണം.‌ അങ്ങനെ ‘സാന്‍ഗ്രിയ’ എന്ന കോളം ജനിച്ചു.

അമ്മമാർ വിശേഷ ദിവസങ്ങൾ ആഘോഷിക്കാനായി തയ്യാറാക്കുന്ന സാൻഗ്രിയ എന്ന കോക്ടെയിലിന്റെ പേര് ഈ കോളത്തിനായി തിരഞ്ഞെടുത്തത് വെറുതെയായിരുന്നില്ല. ചുവന്ന വീഞ്ഞും പഴങ്ങളും ഓറഞ്ച് നീരും ബ്രാണ്ടിയും ചേർന്ന രുചിയുടെ മേളമാണ് ഈ പാനീയം. പല വിഷയങ്ങൾ ചേർത്ത് നിർമ്മിച്ച വിചിത്രമായ ഒരു കോക് ടെയിൽ പോലെയായിരുന്നു ആ കോളവും. ഗ്രാമത്തിലെ നാടന്‍ ബാറില്‍ കണ്ടുമുട്ടുകയും സുഹൃത്തായിത്തീരുകയും ചെയ്ത മനോലോ എന്ന വയസ്സനെക്കുറിച്ചായിരുന്നു ‘സാന്‍ഗ്രിയ’യിലെ ആദ്യ കുറിപ്പ്. അതിനു ലഭിച്ച പ്രതികരണം വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു.

പരസ്പരം യാതൊരു ബന്ധമില്ലാത്ത മനുഷ്യരുടെ പല തരത്തിലുള്ള അനുഭവങ്ങളാണ് പങ്കുവെയ്ക്കാന്‍ ശ്രമിച്ചതെങ്കിലും വേരുകളില്ലാത്തവരുടെയും അസ്തിത്വത്തിനായി പോരാടുന്നവരുടെയും കണ്ണുനീരും വേദനയും ആ കുറിപ്പുകളിലെ പൊതുഘടകങ്ങളായിരുന്നു. എവിടെയെങ്കിലുമൊക്കെ കണ്ടുമുട്ടിയ ചില മുഖങ്ങളും അവരുടെ പറഞ്ഞതും പറയാത്തതുമായ കഥകളുമായിരുന്നു സാൻഗ്രിയയിൽ പ്രസിദ്ധീകരിച്ച പതിനേഴു കുറിപ്പുകളുടെയും ആധാരശ്രുതി.

ഒരിക്കല്‍ ഭയവും നിരാശയും ഉണര്‍ത്തിയിരുന്ന ആ വന്യവും വിജനവുമായ കൊച്ചു ഗ്രാമത്തോട് ഇന്നെനിക്ക് കടപ്പാടുണ്ട്. എവിടെയോ ഒളിഞ്ഞിരിക്കുന്ന ആ പക്ഷിയുടെ കുറുകല്‍ അവിടെ ചിലവഴിക്കുന്ന ദിനങ്ങളിൽ ഇപ്പോഴും ഇടയ്‌ക്കൊക്കെ തേടി വരാറുണ്ട്. പക്ഷെ, ആ ദിവസങ്ങളിൽ വേട്ടയാടിയിരുന്ന കൊടിയ ഏകാന്തതയെയും നിശ്ശബ്ദതയെയുമല്ല അതെന്നെ ഓര്‍മ്മിപ്പിക്കുന്നത്, മറിച്ച് മരണം പോലെ തണുത്ത ആ നിമിഷങ്ങളിൽ നിന്ന് ഞാൻ നടന്നെത്തിയ ദൂരത്തെയാണ്. മനുഷ്യരുടെ കണ്ണുകളിലൂടെ അവരുടെ ഹൃദയത്തിലേക്ക് നോക്കാന്‍ എന്നെ ശക്തയാക്കിയത് അന്തമില്ലാത്ത ആ നിശ്ശബ്ദത തന്നെയായിരുന്നുവെന്ന്, ഈ കുറിപ്പുകൾക്ക് മുന്നിൽ നിൽക്കുമ്പോൾ അറിയുന്നു.
_ ഹരിത സാവിത്രി

മുറിവേറ്റവരുടെ പാതകൾ BUY NOW

Follow us on | Facebook | Instagram Telegram | Twitter | Threads