സ്ത്രീകൾ ടർക്കിയുടെ തെരുവുകളിലേക്ക്

“നിങ്ങൾക്ക് ദശലക്ഷക്കണക്കിന് സ്ത്രീകളെ വീടുകളിൽ ഒതുക്കാൻ കഴിയില്ല. തെരുവുകളിൽ നിന്നും സ്ക്വയറുകളിൽ നിന്നും നിങ്ങൾക്ക് ദശലക്ഷക്കണക്കിന് സ്ത്രീകളെ മായ്ച്ചു കളയാനും കഴിയില്ല…”

ഹരിതാ സാവിത്രി

സ്ത്രീകൾ നേരിടുന്ന അക്രമങ്ങൾക്കെതിരെയുള്ള ഇസ്താംബുൾ കൺവെൻഷൻ എന്ന സുപ്രധാനമായ യൂറോപ്യൻ ഉടമ്പടിയിൽ നിന്ന് എർദോഗൻ ടർക്കിയെ പിൻവലിച്ചു. മാർച്ച് ഇരുപതാം തീയതിയാണ് ജൻഡർ വയലൻസിനെതിരെ പോരാടുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്ന ഈ ഉടമ്പടിയിൽ നിന്നു പിന്തിരിയുന്നത് സംബന്ധിച്ച പ്രഖ്യാപനം പുറത്തു വന്നത്.

യൂറോപ്പിലുടനീളമുള്ള സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കെതിരെ നിയമ പരിരക്ഷ ഉറപ്പാക്കാൻ ഈ ഉടമ്പടിയ്ക്ക് ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്. 2011ൽ കൺവെൻഷനിൽ ഒപ്പുവച്ച ആദ്യത്തെ രാജ്യമാണ് തുർക്കി. അബ്ദുല്ല ഗുൽ ആയിരുന്നു അന്ന് ടർക്കിഷ് പ്രസിഡന്റ്. എന്നാൽ ഭരണകൂടത്തിന് പിന്തുണ നല്കിയിരുന്ന ചില യാഥാസ്ഥിതിക മുസ്ലീം സംഘടനകൾ തുടക്കം മുതൽ തന്നെ ഇതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ മനുഷ്യാവകാശ ലംഘനമായും വിവേചനമായും ഇസ്താംബുൾ ഉടമ്പടി കണക്കാക്കുന്നു. ഉടമ്പടി അംഗീകരിക്കുന്ന രാജ്യങ്ങൾ മാനസിക പീഡനങ്ങൾ, പിന്തുടരൽ, ശാരീരിക അതിക്രമങ്ങൾ, ബലാൽസംഗം ഉൾപ്പെടെയുള്ള ലൈംഗിക അതിക്രമങ്ങൾ, സമ്മതമില്ലാത്ത എല്ലാത്തരം ലൈംഗിക ഇടപെടലുകൾ, നിർബന്ധിത വിവാഹം, സ്ത്രീ ജനനേന്ദ്രിയം ഛേദിക്കൽ, നിർബന്ധിത അലസിപ്പിക്കൽ, നിർബന്ധിത വന്ധ്യംകരണം, തുടങ്ങിയ അനേകം കുറ്റകൃത്യങ്ങളിൽ നിയമ നടപടി എടുക്കാൻ ബാധ്യസ്ഥരാണ്. പക്ഷേ രാജ്യത്തിന്റെ പരമ്പരാഗത കുടുംബ സങ്കൽപ്പങ്ങളെ വികലമാക്കുന്നതിനും വിവാഹമോചനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു പാശ്ചാത്യ ഗൂഡാലോചനയുടെ ഭാഗമാണ് ഈ കരാർ എന്നാണ് ടർക്കിയിലെ ചില വിഭാഗങ്ങളുടെ വാദം.

അടുത്ത കാലത്തായി, എർദോഗനും അദ്ദേഹത്തിന്റെ ഭരണകക്ഷിയിലെ മറ്റ് അംഗങ്ങളും കരാറിനെതിരെയുള്ള മൂവ്മെന്റിന് അനുകൂലമായി ശബ്ദമുയർത്തി തുടങ്ങിയിരുന്നു. “ഈ ചർച്ചയെ രാജ്യത്തിന്റെ മൂല്യങ്ങളോടുള്ള എതിർപ്പ് പ്രകടിപ്പിക്കാനുള്ള ഒരു ഉപകരണമാക്കി മാറ്റാൻ ഒരു സംഘം താന്തോന്നികൾ ശ്രമിക്കുകയാണ്. ഞങ്ങൾ അവരെ അതിനു അനുവദിക്കുകയില്ല,” എർദോഗൻ ഓഗസ്റ്റിൽ അങ്കാറയിൽ നടത്തിയ പ്രസംഗത്തിൽ തന്റെ പാർട്ടി അംഗങ്ങളോട് പറഞ്ഞു.

അർദ്ധരാത്രിയിൽ പുറത്തു വന്ന എർദോഗന്റെ ഉത്തരവ് വനിതാ സംഘടനകളെ പ്രകോപിപ്പിച്ചു. ശനിയാഴ്ച ഇസ്താംബൂളും മറ്റ് നഗരങ്ങളും വമ്പൻ പ്രകടനങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ടർക്കിയുടെ എൽ‌ജിബിടിക്യു വിരുദ്ധ അഭിപ്രായങ്ങൾ മൂലം ഇതിന് മുൻപ് തന്നെ അസ്വസ്ഥരായിരുന്ന അമേരിക്കയുൾപ്പെടെയുള്ള പാശ്ചാത്യ സഖ്യകക്ഷികളിൽ നിന്ന് രാജ്യത്തെ കൂടുതൽ അകറ്റാൻ ഈ തീരുമാനം വഴി വയ്ക്കുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ ആഴ്ച രാജ്യത്തെ മൂന്നാമത്തെ വലിയ പ്രതിപക്ഷ പാർട്ടിയെ ജനാധിപത്യവിരുദ്ധമെന്ന് പ്രഖ്യാപിച്ചു പിരിച്ചുവിടാൻ ലക്ഷ്യമിട്ട ടർക്കിയുടെ നടപടികളെയും മറ്റു രാജ്യങ്ങൾ അപലപിച്ചിരുന്നു.

കൺവെൻഷനിൽ നിന്ന് പിന്മാറാനുള്ള ടർക്കിയുടെ തീരുമാനം “വിനാശകരമാണ്” യൂറോപ്യൻ കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. “34 യൂറോപ്യൻ രാജ്യങ്ങൾ ഒപ്പ് വച്ചിരിക്കുന്ന ഇസ്താംബുൾ കൺവെൻഷൻ, സ്ത്രീകൾക്കും പെൺകുട്ടികൾക്കും എല്ലാ ദിവസവും സമൂഹത്തിൽ നേരിടേണ്ടി വരുന്ന അക്രമങ്ങളിൽ നിന്ന് രക്ഷ നൽകാനായുള്ള അന്താരാഷ്ട്ര ശ്രമങ്ങളിൽ ഏറ്റവും മികച്ചവയിൽപ്പെടുന്നു. ഈ നീക്കം ടർക്കിയിലും യൂറോപ്പിലും പുറത്തും സ്ത്രീകളുടെ സംരക്ഷണത്തിനായുള്ള ഇത്തരം ശ്രമങ്ങൾക്ക് കിട്ടിയ കനത്ത തിരിച്ചടിയാണ്,” കൗൺസിൽ പറഞ്ഞു.

തുർക്കിയിലെ ഭൂരിപക്ഷം ജനങ്ങളും ഇസ്താംബുൾ കൺവെൻഷനിൽ നിന്ന് പിന്മാറുന്നതിനെ എതിർത്തുവെന്ന് അടുത്തിടെ നടന്ന രണ്ട് വോട്ടെടുപ്പുകളെങ്കിലും തെളിയിച്ചിട്ടുണ്ട്. എന്നാൽ അടുത്തിടെ ജനപ്രീതി കുറഞ്ഞുവന്ന എർദോഗൻ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ ആഗ്രഹിക്കുന്നതിനാൽ വോട്ടർമാരുടെ ചെറു വിഭാഗങ്ങളേയും പ്രീതിപ്പെടുത്തുന്നതിൽ കൂടുതൽ തൽപ്പരനാണ് എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
“നിങ്ങൾക്ക് ദശലക്ഷക്കണക്കിന് സ്ത്രീകളെ അവഗണിക്കാൻ കഴിയില്ല,” വി വിൽ സ്റ്റോപ്പ് ഫെമിസൈഡ് പ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറൽ, ഫിദാൻ അറ്റാസെലിം പറഞ്ഞു. “നിങ്ങൾക്ക് ദശലക്ഷക്കണക്കിന് സ്ത്രീകളെ വീടുകളിൽ ഒതുക്കാൻ കഴിയില്ല. തെരുവുകളിൽ നിന്നും സ്ക്വയറുകളിൽ നിന്നും നിങ്ങൾക്ക് ദശലക്ഷക്കണക്കിന് സ്ത്രീകളെ മായ്ച്ചു കളയാനും കഴിയില്ല.”

ഇസ്താംബുൾ കൺവെൻഷന്റെ വ്യവസ്ഥകൾ പൂർണ്ണമായി നടപ്പാക്കുന്നതിൽ ടർക്കി പരാജയപ്പെട്ടുവെന്ന് വനിതാ സംഘടനകൾ പണ്ടേ പരാതിപ്പെട്ടിരുന്നു. പുരുഷന്മാരെ ശിക്ഷിക്കാൻ വിമുഖത കാണിക്കുന്ന ഒരു ജുഡീഷ്യറിയും സ്ത്രീകളെ പരമ്പരാഗത സാമൂഹിക റോളുകളിലേക്ക് തരംതാഴ്ത്താൻ ശ്രമിക്കുന്ന എർദോഗന്റെ ഇസ്ലാമിക സർക്കാരും ചേർന്ന് ഈ ഉടമ്പടിയെ കുറെ നാളുകളായി ദുർബലപ്പെടുത്തിയിരിക്കുകയാണ് എന്ന് അവർ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ടർക്കിയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുക മാത്രമല്ല, ക്രൂരമായ കൊലപാതകങ്ങളും ലൈംഗിക അതിക്രമങ്ങളും മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന പ്രവണതയും വ്യാപകമായിട്ടുണ്ട്.

2016 ലെ അട്ടിമറി ശ്രമം പരാജയപ്പെട്ടതുമുതൽ, ജനാധിപത്യത്തിനെതിരായ എർദോഗന്റെ ആക്രമണം പൂർവ്വാധികം ശക്തി പ്രാപിച്ചിരിക്കുകയാണ്. അദ്ധ്യാപകർ, പത്രപ്രവർത്തകർ, സൈനികർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള ആയിരക്കണക്കിന് മനുഷ്യരെ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ തുറുങ്കിലടച്ചിരിക്കുകയാണ്. തെക്കുകിഴക്കൻ ടർക്കിയിലും സിറിയയിലെ അതിർത്തിക്കപ്പുറത്ത് റൊജാവയിലും കുർദുകൾക്കെതിരായി നടത്തുന്ന ആക്രമണത്തിലും അധിനിവേശത്തിലും സ്ത്രീകളെയാണ് കൂടുതലായി ലക്ഷ്യമാക്കിയിരിക്കുന്നത്.

*വാഷിങ്ടൺ പോസ്റ്റ്, സിഎൻഎൻ, റോയിട്ടേഴ്സ്, യൂറോന്യൂസ് എന്നീ ന്യൂസ് പോർട്ടലുകളിൽ വന്ന വാർത്തകളെ അടിസ്ഥാനമാക്കി എഴുതിയ കുറിപ്പ്.

Like This Page Click Here

Telegram
Twitter